യേശു ക്രിസ്തു ഒരു വിപ്ലവകാരിയായിരുന്നു। കവിയായിരുന്നു, പ്രവാചകന്‍ ആയിരുന്നു, മനുഷ്യസ്നേഹിയായിരുന്നു. അക്കാലത്തു ബഹുഭൂരിപക്ഷം ജനങ്ങളെയും ആകര്‍ഷിക്കാന്‍ ഈ തച്ചന്റെ മകന് സാധിച്ചു എന്നത് അത്ഭുതമാണ്. ജനലക്ഷങ്ങള്‍ അദ്ദേഹത്തിന്റെ പിന്നാലെ ഉണ്ടായിരുന്നു. വേണമെങ്കില്‍ കുരിശു മരണത്തില്‍ നിന്നും അനായാസമായി രക്ഷപെടാമായിരുന്നു. പക്ഷെ ആ പീഡനം സ്വയം ഏറ്റുവാങ്ങി, മരണം തനിക്കു നിസ്സാരമാണെന്നു കാണിച്ചു കൊടുത്തുകൊണ്ട് നിത്യജീവനിലേക്ക് പലായനം ചെയ്തു. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്ന് എല്ലാ ക്രിസ്ത്യാനികളും ഞാനും വിശ്വസിക്കുന്നു. എന്നാല്‍ എനിക്ക് ചിലപ്പോള്‍ സംശയം വരാറുണ്ട്. തോല്‍വി ഇഷ്ടമില്ലാത്ത മനുഷ്യമനസല്ലേ ഈ 'ഉയിര്‍ത്തെഴുന്നെല്‍പ്പ്' വിഭാവനം ചെയ്തത് എന്ന്. (ഇങ്ങിനെ ചിന്തിച്ചാല്‍ ദൈവകോപം ആവുമോ എന്തോ?)
സ്വയം ശൂന്യനാക്കിയ ഒരു പ്രശസ്ത തത്ത്വജ്ഞാനിയുംചിന്തകനും ആയിരുന്നു എന്റെ യേശു। കഴുതപ്പുറത്ത് സഞ്ചരിക്കുക, ശിഷ്യരുടെ കാലു കഴുകുക, ചാട്ടവാറടി ഏല്‍ക്കുക ഇങ്ങിനെ സ്വയം ഇല്ലാതായി കൊണ്ട് സഹനം മനുഷ്യര്‍ക്ക് സാധ്യമാണെന്ന് ക്രിസ്തു പഠിപ്പിച്ചു. തോല്‍വി സമ്മതിക്കുക, പരാജയം ഏറ്റുവാങ്ങുക, മരണം സ്വീകരിക്കുക ഇവയെല്ലാം സാധാരണ മനുഷ്യര്‍ക്ക് അചിന്തനീയമാണ്. തോല്‍വിയെക്കാള്‍ നല്ലത് ആത്മഹത്യ ആണെന്ന് കരുതി ജീവനോടുക്കുന്നവരുമുണ്ട്. വിജയം ഇല്ലാതെ എന്ത് ജീവിതം? എന്നാല്‍ യേശു ക്രിസ്തു സ്വയം അന്നാട്ടിലെ അധികാരികള്‍ക്ക് കീഴടങ്ങുകയായിരുന്നു. കുരിശു ഏറ്റുവാങ്ങുകയായിരുന്നു. ചാട്ടവാറടി, മുള്‍ക്കിരീടം ഏറ്റുവാങ്ങുകയായിരുന്നു. അതുകൊണ്ടാണ് എനിക്ക് യേശുവിനെ ഇത്ര ഇഷ്ടം.
ക്രിസ്തുവിന്റെ പേരില്‍ ആയിരക്കണക്കിന് സഭകളും പ്രസ്ഥാനങ്ങളും ഇന്നുണ്ട്। എല്ലാം പണത്തില്‍ അധിഷ്ടിതം. പരസ്പരം സ്നേഹിക്കാന്‍ ആണ് ക്രിസ്തു പറഞ്ഞിരിക്കുന്നതെന്കിലും അന്വേന്യം കടിപിടി കൂടുന്നവര്‍. സഭകള്‍ തമ്മില്‍ തര്‍ക്കങ്ങളും വിദ്വേഷവും നിലനില്‍ക്കുന്നു. സ്ഥാപനങ്ങള്‍ ആയി വളരുമ്പോള്‍ എല്ലാവരുടെയും ലക്ഷ്യം വളര്‍ച്ചയും, പണവും, പ്രശസ്തിയും മാത്രം. അതിനു വേണ്ടി എന്ത് അധര്‍മ്മവും ചെയ്യാന്‍ മടിക്കുന്നില്ല ഇവര്‍. ക്രിസ്തുവിനെ വിറ്റ് ഉപജീവനം കഴിയുന്നവര്‍!! ക്രിസ്തുവിന്റെ നാമത്തില്‍ കോടികള്‍ സമ്പാദിക്കുന്നവര്‍!! ക്രിസ്തുവിനെ ക്രൂശിച്ച പുരോഹിത പ്രമാണിമാരെക്കാള്‍ ക്രൂരന്മാര്‍? വേദനകളും, ക്ലേശങ്ങളും, തോല്‍വികളും സ്വയം ഉള്‍ക്കൊള്ലുക എന്നതാണ് ക്രിസ്തു നമ്മെ പഠിപ്പിക്കുന്ന പാഠം. എനിക്ക് വേദനകളിലും പരാജയങ്ങളിലും ദുഃഖങ്ങളിലും ആശ്വാസം കണ്ടെത്താന്‍ എന്റെ സ്വന്തം യേശുവുണ്ട്. ആയിരിക്കുന്ന അവസ്ഥകളില്‍ അവ സഹിക്കാന്‍ ആ മുഖം എനിക്ക് ശക്തി നല്‍കുന്നു.
യേശു ക്രിസ്തുവിന്റെ അന്ത്യ മൊഴികള്‍:
ലൂക്കാ: 23:34 -പിതാവേ ഇവരോട് ക്ഷമിക്കേണമേ। എന്തുകൊണ്ടെന്നാല്‍ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല. (ഓരോ പ്രവൃത്തി ചെയ്യുമ്പോഴും എന്താണ് ചെയ്യുന്നത്, എന്തിനാണ് ചെയ്യുന്നത് എന്നാ ബോധ്യം ഉണ്ടായിരിക്കണം)
മത്തായി:27:46 - എന്റെ ദൈവമേ എന്റെ ദൈവമേ എന്തുകൊണ്ട് അങ്ങ് എന്നെ കൈവെടിഞ്ഞു। (എല്ലാ മനുഷ്യരും ബലഹീനര്‍ ആണ്. മനസ്സ് പലതും ചിന്തിച്ചു പോകും. വിശ്വാസം കൈവെടിയരുത്.)
യോഹ: 19:26 -മാതാവിനോട്: സ്ത്രീയെ ഇതാ നിന്റെ മകന്‍। യോഹന്നനോട്: ഇതാ നിന്റെ അമ്മ. (ആരാണ് നിന്റെ മാതാവ്, ആരാണ് നിന്റെ പുത്രന്‍? ഭജഗോവിന്ദത്തില്‍ [എട്ടാം ശ്ലോകം] ഇത് കൃത്യമായി പറയുന്നുണ്ട്.)
ലൂക്കാ: 23:42 -മാനസന്തരപെട്ട കള്ളനോട്: നീ ഇന്ന് എന്നോടുകൂടെ പറുദീസായിലായിരിക്കും। (ആരും കള്ളനായി ജനിക്കുന്നില്ല. കള്ളനായി മരിക്കുന്നുമില്ല. സാഹചര്യങ്ങള്‍ ആണ് ഒരുവനെ തെറ്റ് ചെയ്യിക്കുന്നത്. മാനസാന്തരപെട്ടാല്‍ ആര്‍ക്കും പറുദീസാ=മനസ്സമാധാനം ലഭിക്കും.)
യോഹ:19:28 - എനിക്ക് ദാഹിക്കുന്നു। (ക്രിസ്തു ഒരു സാധാരണ മനുഷ്യന്‍ ആയിരുന്നു। മജ്ജയും മാംസവും ഉള്ള ഒരു പച്ച മനുഷ്യന്‍. ദാഹം എന്നതിന് ആത്മദാഹം എന്നും വിവക്ഷിക്കാം. മനുഷ്യന് ഇപ്പോഴും ഒരു ആത്മീയ ദാഹം ഉണ്ടാവണം.)
യോഹ: 19:30 -എല്ലാം പൂര്‍ത്തിയായി। (ജീവിതം പൂര്‍ണ്ണം ആയിരിക്കണം। പൂര്‍ണതയ്ക്ക് വേണ്ടി നാം നിരന്തരം യജ്ഞിക്കണം. സ്വര്‍ഗ്ഗസ്ഥനായ പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്നത് പോലെ നിങ്ങളും പൂര്‍ണതയുള്ളവര്‍ ആയിരിക്കുവിന്‍ എന്ന് ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്. പൂര്‍ണ്ണതയില്‍ ജീവിച്ച ഒരു വ്യക്തിക്ക് മാത്രമേ എല്ലാം പൂര്‍ത്തിയായി എന്ന് പറയുവാന്‍ സാധിക്കൂ.)
ലൂക്കാ 23:46 - പിതാവേ അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. (ആത്മാവാണ് ഈ ജീവിതത്തില്‍ മുഖ്യം. അത് ദൈവത്തില്‍ നിന്നും വരുന്നു. അങ്ങോട്ട് തിരിച്ചേല്‍പ്പിക്കുക നമ്മുടെ കടമയാണ്. അങ്ങിനെ വരുമ്പോള്‍ മരണം ഒരു ദുരന്തം അല്ലാതാവുന്നു. അത് ആത്മാവും പരമാത്മാവും തമ്മിലുള്ള കൂടിച്ചേരല്‍ മാത്രം. മരണത്തില്‍ നാമാരും ദുഖിക്കേണ്ടതില്ല. അത് പ്രകൃതിയുടെ സ്വാഭാവിക നിയമം മാത്രം.)