Sunday, September 25, 2011

വെറുതെ ഒരു ഞായര്‍ - ലക്ഷ്യമില്ലാത്ത അലച്ചിലുകള്‍

ഇന്നലെ 'സാള്‍ട്ട് & പെപ്പെര്‍' കണ്ടു, പ്രതീക്ഷിച്ചതിലും കൊള്ളാം. മാറ്റിനി പദ്മയില്‍, അഞ്ചുമണിക്ക് പടം കഴിഞ്ഞു. പിന്നെ കുറച്ചു നേരം ചവറ ലൈബ്രറിയില്‍ പോയിരുന്നു കുറച്ചു ആഴ്ചപതിപ്പുകള്‍ (മാതൃഭൂമി, മാധ്യമം, കലാകൌമുദി) മറിച്ചു നോക്കി. മടങ്ങവേ കവിതയെ കണ്ടു, അവരുടെ ഓഫീസ് ചവറ ലൈബ്രറിയ്ക്കടുത്താണ്.

ഇന്ന്‍ ‍രാവിലെ എഴുന്നേറ്റപ്പോള്‍ തന്നെ ചെയ്യേണ്ട കാര്യങ്ങള്‍ ഒരു കഷണം കടലാസ്സില്‍ കുറിച്ചിട്ടു. ഇന്നലത്തെ 'മാജിക് വോഡ്ക' യാതൊരു ഹാങ്ങ്‌ ഓവറും തരാതെ വെറുതെ മൂത്രമൊഴിച്ചു പോയി.
വാഴക്കുല വെട്ടണം
(തലമുടിയും)
നിഹസിന്റെ കല്യാണം
സുജയന്റെ വക്കീലിനെ കാണണം
തുണി കഴുകല്‍
(കാറും കഴുകണം)
മുമ്പ് പോയിട്ടില്ലാത്ത ഏതെങ്കിലും പള്ളിയില്‍ പോയി കുര്‍ബാന കാണണം
ദന്തിസ്റ്റ് -നെ കാണണം
ഒരു പുസ്തകം വാങ്ങണം (അഞ്ജലി ജോസഫ്‌ എഴുതിയ സരസ്വതി പാര്‍ക്ക്‌.)
വല്യമ്മച്ചിയെ കാണണം

ഏകാന്തമായുള്ള ഞായര്‍ അറുബോറാണ്. തിരുവനന്തപുരം പോയിരുന്നെങ്കില്‍ മനുകുട്ടനുമായി കറങ്ങാന്‍ പോകാമായിരുന്നു. അല്ലെങ്കില്‍ അജിതയുമായി വൈകിട്ട് മുട്ടട പള്ളിയില്‍. വീട്ടിലിരുന്നാലും ബോറടിക്കില്ല, ഏഞ്ചല്‍/മനു വികൃതികള്‍ കണ്ടിരുന്നാല്‍ മതി. തല്ലിന്റെ വക്കത്തെത്തുമ്പോള്‍ പിടിച്ചു മാറ്റണമെന്ന് മാത്രം! കഴിഞ്ഞ ആഴ്ച മനുവിന് ഒരു 'പാമ്പും-കോണിയും' കളിക്കാന്‍ വാങ്ങി കൊടുത്തിരുന്നു. അവന്‍ അപ്പാപ്പന്റെ കൂടെ കളിച്ചതും അപ്പാപ്പനെ തോല്‍പിച്ചതും ഫോണ്‍ വിളിക്കുമ്പോള്‍ വീമ്പോടെ പറയും. (അപ്പാപ്പന്‍ എപ്പോഴും അവന്‍ ജയിച്ചു എന്ന് പറയുന്നതാവും.)

രാവിലെ വാഷിംഗ് മെഷീനില്‍ തുണികള്‍ അലക്കാന്‍ ഇട്ടിട്ടു കാറ് കഴുകാന്‍ തുടങ്ങിയപ്പോള്‍, വടക്കേ വീട്ടിലെ തെങ്ങ് കയറാന്‍ ആരോ വന്നിരിക്കുന്നു. നോക്കുമ്പോള്‍ നമ്മുടെ പഴയ പരവന്‍ മുരളി! പ്രായമായതിനാല്‍ അങ്ങേരു തെങ്ങേല്‍ കയറുന്നില്ല, പകരം കൂടെയുള്ള തമിഴന്‍ ആണ് കയറുന്നത്. മുരളി ചേട്ടന്‍ താഴെ നിന്ന് വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കുന്നു. അതിനനുസരിച്ച് തമിഴന്‍ തേങ്ങ വെട്ടിയിടുന്നു. മുരളിയുടെ 'ഐഡിയ' കൊള്ളാം, തന്‍റെ തൊഴില്‍ ഒരു തമിഴനെ വച്ച് 'ഔട്ട്‌സോഴ്സ്' ചെയ്യിക്കുന്നു!! തമിഴന് അറിയില്ല ഏതു തേങ്ങയാണ് വെട്ടിയിടെണ്ടതെന്നു. അത് മുരളി പറഞ്ഞു കൊടുക്കും. വീട്ടിലെ മൂന്നു തെങ്ങ് കയറാന്‍ ഉണ്ടായിരുന്നു, കയ്യോടെ പിടിച്ചു. മൂന്നിലും കൂടി 25 തേങ്ങ കിട്ടി, കൂലി 75 രൂപ കൊടുത്ത് അവരെ പറഞ്ഞയച്ചു.

അതോടെ എന്‍റെ രാവിലത്തെ കുറിപ്പിലെ പരിപാടികളുടെ താളം തെറ്റി. മൂപ്പെത്തിയ ഒരു വാഴക്കുലയും വെട്ടി, തേങ്ങയും കയറ്റി നേരെ ജെയ്സിയുടെ വീട്ടില്‍ കൊണ്ടിറക്കി. ചായകുടി കഴിച്ചു, ബാര്‍ബര്‍ ഷോപ്പില്‍ പോയി നോക്കുമ്പോള്‍ നാലു പേര്‍ നിരന്നിരിക്കുന്നു. അതുകഴിയണമെങ്കില്‍ ഒരു ഒന്നര മണിക്കൂറെങ്കിലും കഴിയും. സമയം 10 മണി, കാത്തിരിക്കാന്‍ സമയമില്ല. പതിനൊന്നരയ്ക്ക് ഒരു കല്യാണമുണ്ട്. വൈകിട്ട് വരാമെന്ന് പറഞ്ഞു അവിടെന്നൂരി.

വീട്ടില്‍ ചെന്ന് ബാക്കി തുണികളും കഴുകി, വെയിലത്തിട്ടു. ഒരു സിമ്പ്ലന്‍ കുളി പാസാക്കി, നേരേ ഓഫീസിലേക്ക് വച്ചു പിടിച്ചു. അവിടെ നിന്നും എല്ലാവരും കൂടി നിഹസിന്റെ നിക്കാഹിനു പോയി. വരണ വഴിയില്‍ അഡ്വ: ശശീന്ദ്രന്‍ സാറിനെ കണ്ട് സുജയന്‍ (തൃശൂര്‍) പറഞ്ഞയച്ച കേസിന്റെ ഫയലുകള്‍ വാങ്ങി. തിരികെ ഓഫീസില്‍ വന്നു, കുറച്ചു സമയം അവിടെയിരിന്നു. പിന്നെ എന്ത് ചെയ്യും? നേരേ 'ഒബറോണ്‍ മാളിലേക്ക്' പോയി. ഒരു സിനിമ കാണുകയായിരുന്നു ലക്‌ഷ്യം, എന്നാല്‍ മനസ്സിഷ്ടം തോന്നിയ സിനിമയൊന്നും ഇല്ല. കുറച്ചു നേരം റിലയന്‍സ് ബുക്ക്‌ ഷോപ്പില്‍ കയറി പുസ്തകങ്ങള്‍ മറിച്ചു നോക്കി നടന്നു. (സരസ്വതി പാര്‍ക്ക്‌ കിട്ടിയില്ല.)പിന്നെ കുറെ നേരം പുറത്തു കൂടി നടന്നു, വായിനോക്കി, തിരിച്ചു പോന്നു. മനസ്സില്‍ ശൂന്യതയാണെങ്കില്‍ എവിടെ പോയാലും കാര്യമില്ല!

തിരികെ വൈറ്റിലയില്‍ വന്നു, ഡോണ്‍ ബോസ്കോയില്‍ കയറി, പൊന്നുരുന്നി കപ്പൂച്ച്യന്‍ ആശ്രമത്തില്‍ കയറി, രണ്ടിടത്തും വൈകിട്ട് കുര്‍ബാന ഉണ്ടായിരുന്നില്ല. തൃപ്പൂണിത്തുറയില്‍ വന്നപ്പോള്‍ 6 മണി. അവിടെ 5 മണിയ്ക്കായിരുന്നു കുര്‍ബാന. അന്നപൂര്‍ണ്ണയില്‍ കയറി ഒരു ദോശയും ചായയും കഴിച്ചു.

അപ്പോഴാണ്‌ സുധി സ്വാമിയെ ഓര്‍മ്മ വന്നത്. നേരേ ചെത്തിക്കോട് നിത്യനികേതനത്തിലേക്ക് വിട്ടു. അവിടെയെത്തിയപ്പോള്‍ ആരും ഇല്ല. (ഇന്നത്തെ പ്ലാനുകള്‍ എടുത്തു നോക്കി, പോക്കറ്റില്‍ തന്നെ മടക്കി ഇട്ടു.) തിരിച്ചു ആമ്പല്ലൂര്‍ എത്തി, കൃഷ്ണന്‍കുട്ടിയുടെ കടയില്‍ തന്നെ തലമുടി വെട്ടി. തിരികെ വീട്ടില്‍ എത്തി, ഉണങ്ങിയ തുണികള്‍ എടുത്തു മടക്കി വച്ചു.

വീണ്ടും പോക്കറ്റിലെ കുറിപ്പടി എടുത്തു നോക്കി. എന്തൊക്കെയോ ചെയ്യാനുണ്ടായിരുന്നു, കുറച്ചൊക്കെ ചെയ്തു. ഒരു ഞായറാഴ്ച്ചയുടെ ഫലം പൂര്‍ണമായി കിട്ടിയില്ല എന്ന് തോന്നി. കുറച്ചു നേരം 'മദര്‍ തെരേസ' വായിച്ചിട്ട് കിടന്നുറങ്ങി.

ആമേന്‍!!

P.S: ഭാരത്‌ മാതാ കോളേജില്‍ സൈക്കോളജി പഠിപ്പിച്ചു കൊണ്ടിരുന്ന പ്രിന്സച്ചന്‍ എന്തിനായിരിക്കും ളോഹായൂരി, രണ്ടു കുട്ടികളുടെ മാതാവായ ഒരു മുസ്ലിം സ്ത്രീയുടെ കൂടെ പോയത്? ഒരെത്തും പിടിയും കിട്ടുന്നില്ല. ആവോ, ഞാനെന്തിനു വെറുതെ തല പുകയ്ക്കണം?

Thursday, September 08, 2011

പ്രണയം - ഒരനുഭവം


ഇന്ന് രാവിലെ തന്നെ എന്റെ 'ബോസ്സി'ല്‍ നിന്നും നല്ല ചീത്ത കേട്ടു. ഓഫീസിലെ ഒരു സ്റ്റാഫ്‌ ചെയ്ത പിഴവിന്, അങ്ങിനെയുള്ള സ്റ്റാഫിനെ വച്ചോണ്ടിരിക്കുന്നതിന്ന്‍!! അത് കഴിഞ്ഞു പല്ലുതേച്ചു കുളികഴിഞ്ഞു, ഒഫീസിലേക്കിറങ്ങാന്‍ റെഡിയാവുമ്പോള്‍ അജിതയ്ക്ക് ഒരു ഫോണ്‍ വന്നു, അവരുടെ ഓഫീസിലെ ഒരു സാറിന്റെ അമ്മ മരിച്ചു. ഞങ്ങള്‍ ഓണാവധി പ്രമാണിച്ച് അജിതയുടെ വീട്ടില്‍ ആയിരുന്നു. അവിടെ നിന്നും 4 കി.മി. മാത്രം ദൂരെയാണ് അദ്ദേഹത്തിന്റെ വീട്. എനിക്കും നേരിട്ടറിയാം. എങ്കില്‍ അങ്ങോട്ടൊന്നു പോയിട്ട് ഓഫീസില്‍ പോകാം എന്ന് വച്ച്, ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ കുഞ്ഞാവയുടെ ഹോമിയോ മരുന്ന് അടുത്ത വീട്ടിലെ മാലതി ഡോക്ടറുടെ കയ്യില്‍ നിന്നും വാങ്ങിയിട്ടില്ല. ഇന്നലെ പറഞ്ഞതാണ്, വാവയ്ക്ക് ജലദോഷത്തിനുള്ള മരുന്ന് വാങ്ങിക്കാന്‍. മറന്നു പോയീ,,എനിക്ക് നല്ല ദേഷ്യം വന്നു. അത് മനസ്സിലായ അജിത പെട്ടെന്ന് പോയി മരുന്ന് വാങ്ങി വന്നു. (ഡോക്ടര്‍ എടുത്തു വച്ചിട്ടുണ്ടായിരുന്നതിനാല്‍ അധികസമയം പോയില്ല.) കുട്ടികളെ അമ്മച്ചിയെ ഏല്പിച്ചു ഞങ്ങള്‍ ഏലിയാസ് സാറിന്റെ വീട്ടിലേക്കു തിരിച്ചു. പോണവഴിയില്‍ ഞാന്‍ എന്റെ 'കലി' (അരിശം) ശരിക്ക് തീര്‍ത്തു. മരുന്ന് വങ്ങാത്തതിനും പിന്നെ വേറെ കുറെയും ചേര്‍ത്തു പെരുക്കി!! കാറില്‍ ഞങ്ങള്‍ മുട്ടനടി നടത്തി, പക്ഷെ പെട്ടെന്ന് മരണവീടെത്തിയതിനാല്‍ അജിത രക്ഷപെട്ടു. ഏലിയാസ് സാറിനെ കണ്ടു, മരിച്ച അമ്മച്ചിക്ക് വേണ്ടി അല്പം പ്രാര്‍ത്ഥിച്ച ശേഷം പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍ സാറിനെ അപ്പന്‍ കിടപ്പിലാണല്ലോ, ഒന്ന് കാണണ്ടേ എന്ന് അജിത ചോദിച്ചത്. ഓഫീസില്‍ പോകാന്‍ വൈകിയതിന്റെ 'കലി' തികട്ടി വന്നെങ്കിലും ആ വേണമല്ലോ എന്ന് പറഞ്ഞു കൊണ്ട് ഏലിയാസ് സര്‍ കാണിച്ചു തന്ന മുറിയിലേക്ക് പോയി.

വളരെ അവശനിലയില്‍ ആയിരുന്നു അപ്പന്‍. കുറെ നാളുകളായി വയ്യാതെ കിടപ്പിലായിരുന്നു. ഇന്നു മരിച്ച അമ്മച്ചി അദ്ദേഹത്തെ കാര്യമായി നോക്കുന്നുണ്ടായിരുന്നു. അപ്പാപ്പന് വയസ്സ് 100 അടുത്തുകാണും. അമ്മാമ്മക്ക് 95-ഉം. അപ്പാപ്പന് കണ്ണിനു കാഴ്ച തീരെയില്ല, കിടപ്പിലാണുതാനും. ഞങ്ങള്‍ മുറിയിലേക്ക് കയറി ചെന്നപ്പോള്‍, അപ്പാപ്പന്‍ കരയുകയാണ്: (ഞങ്ങളുടെ ശബ്ദം കേട്ടിട്ട്) "എലിയാസാണോടാ,,, എന്നാലും അവള് പോകുവാന്നു പറഞ്ഞില്ലല്ലോടാ, എന്നോടൊന്നു പറഞ്ഞിട്ട് പോകാമയിരുന്നല്ലോ അവള്‍ക്ക്? (ഇന്നലെ വരെ ആ അമ്മച്ചിയാണ് അദ്ദേഹത്തെ ശുശ്രൂഷിച്ചത്. രാത്രിയില്‍ ശ്വാസംമുട്ടുണ്ടായി, രാവിലെ മണിക്ക് മരിച്ചു.) എവിടെയാടാ, അവളെ കിടത്തിയെക്കണേ? നന്നായിട്ട് ഒരുക്കിയിട്ടുണ്ടോ, . . . . എനിക്കൊന്നു, ഒരു നോക്ക് കാണാനാവില്ലല്ലോ മോനേ,, . . . . . . ."

ഏലിയാസ് സര്‍ എന്തോ പറഞ്ഞു സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ മൂകരായി അവിടെ നിന്നും ഇറങ്ങി, കാറില്‍ കയറി തിരികെ അജിതയെ വീട്ടില്‍ വിട്ടു. ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല, പരസ്പരം നോക്കുമ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. ഞാന്‍ പിന്നെയും ഒരു മണിക്കൂര്‍ വണ്ടി ഓടിച്ചു ഓഫീസില്‍ എത്തി, മനസ്സില്‍ എന്തോ കിടന്നു തിളയ്ക്കുന്നു. തിരമാലകള്‍ ഒടുങ്ങാത്ത കടല്‍ പോലെ, അല്പം ആശ്വാസത്തിന് വേണ്ടി, നിങ്ങളോടിതു പങ്കുവച്ചില്ലെങ്കില്‍??

അവരുടെ കല്യാണം കഴിഞ്ഞിട്ട് എത്ര വര്‍ഷം ആയിട്ടുണ്ടാവും? ഏറണാകുളം ജില്ലയിലെ പിറവത്തിനടുത്താണ് അവരുടെ വീട്. കൃഷി തന്നെയായിരുന്നു മുഖ്യജീവിതമാര്‍ഗ്ഗം. അവര്‍ പ്രണയിച്ചിട്ടുണ്ടാകുമോ? എത്ര തവണ വഴക്കടിച്ചു കാണും?
--------
ഇനിയെന്ന് കാണും സഖീ... ഇനിയെന്ന് കാണും നമ്മള്‍...
ഇനിയൊന്നു പിണങ്ങാന്‍... ഇനിയൊന്നു ഇണങ്ങാന്‍...

Monday, September 05, 2011

ഒരു സൂപ്പര്‍ വിമാന യാത്ര!!


കഴിഞ്ഞ ഓണത്തിന്, കര്‍ഷകതൊഴിലാളി പെന്‍ഷന്‍ കിട്ടിയപ്പോള്‍ അപ്പച്ചന്‍ പറഞ്ഞു, എടാ ഇത് കൂട്ടിവച്ച് അടുത്ത ഓണത്തിന് മുന്‍പ് എനിക്ക് ഒന്ന് വിമാനത്തില്‍ കയറണം. 250 രൂപയാണ് വര്‍ഷത്തില്‍ നാല് തവണ പെന്‍ഷന്‍ കിട്ടുന്നത്. ആകെ കൂടി 1000 രൂപ ഒരു വര്‍ഷത്തില്‍ കിട്ടും. തേങ്ങവെട്ടും, കൊപ്രയുണക്കും, ചിരട്ട/മടല്‍ വില്പനയും ഒക്കെ കൊണ്ടാണ് അപ്പച്ചന്‍ ഞങ്ങളുടെ കുടുംബം പുലര്‍ത്തിയിരുന്നത്. കഠിനാദ്ധ്വാനത്തില്‍ ഞങ്ങള്‍ക്ക് വേറൊരു മാതൃക ആവശ്യമുണ്ടായിരുന്നില്ല. തേങ്ങ പൊതിക്കലും, തേങ്ങ വെട്ടലും, കൊപ്ര കഴുത്തലും ചുമടെടുക്കലും.... ഒക്കെയായി വളരെ കഠിനമായ പണികളായിരുന്നു അപ്പച്ചന്റെത്. ഞങ്ങള്‍ കുട്ടിക്കാലത്ത് അപ്പച്ചന്റെ രൂപം ഓര്‍മ്മിക്കുന്നത് വിയര്‍ത്തുകുളിച്ചു നില്‍ക്കുന്ന ചിത്രമാണ്.

കഴിഞ്ഞ മാസം ഞാന്‍ വെറുതേ, തിരുവനന്തപുരം - കൊച്ചി വിമാനനിരക്ക് നോക്കിയപ്പോള്‍ 'എയര്‍ ഇന്ത്യ' 500 രൂപയ്ക്ക് ടിക്കറ്റ്‌ ലഭ്യമാണ്!! കൊള്ളാമല്ലോ സംഗതി, ഉടനെ അപ്പച്ചനെയും അമ്മച്ചിയും വിളിച്ചു ചോദിച്ചു. അമ്മച്ചിക്ക് ഒരു താല്‍പര്യവും ഇല്ല, അപ്പച്ചനെ തനിച്ചു വിടാനും ഒക്കത്തില്ല. പിന്നെ അജിതയെ കൊണ്ട് അമ്മച്ചിയെ പറഞ്ഞു, പറഞ്ഞു സോപ്പിട്ട്‌ സമ്മതിപ്പിച്ചു. അങ്ങിനെ അവര്‍ എല്ലാവരും ഇത്തവണ ഓണത്തിന് നാട്ടില്‍ വന്നത് വിമാനത്തില്‍ ആണ്! അപ്പച്ചന്റെ ആ ആഗ്രഹം അങ്ങിനെ പൂര്‍ത്തിയായി.

മനുകുട്ടനും ഏന്ച്ചമ്മയും ആദ്യ യാത്രയുടെ ത്രില്ലില്‍ ആയിരുന്നു. കഴിഞ്ഞ ശനിയാഴ്ച കാലത്ത് 9 മണിക്ക് ആയിരുന്നു ഫ്ലൈറ്റ്. ഈ വിമാനം 'ദോഹ'യില്‍ നിന്നും തിരുവനന്തപുരത്ത് വന്നു കൊച്ചിയിലേക്ക് പോകുന്നതാണ്. തലേ ദിവസം രാത്രി തന്നെ 'എയര്‍ ഇന്ത്യ' ഓഫീസ്സില്‍ നിന്നും വിളിച്ചു പറഞ്ഞു ഫ്ലൈറ്റ് വളരെ വൈകും എന്ന്. അത് കൊണ്ട് അജിത ശനിയാഴ്ചയും ഓഫീസില്‍ പോയി, അവരുടെ ഓണാഘോഷം കൂടി. സദ്യയും കഴിച്ചു പിന്നെ വീട്ടില്‍ പോയി എല്ലാവരും കൂടി പട്ടത്ത് നിന്നും ഒരു 'ലോ ഫ്ലോര്‍ വോള്‍വോ' യില്‍ കയറി കിഴക്കേ കോട്ടയില്‍ ഇറങ്ങി, അവിടന്ന് വീണ്ടും ഒരു 'ലോ ഫ്ലോര്‍' പിടിച്ചു വമാനത്താവളത്തില്‍ 4.30-നു എത്തി. കുറെ സമയം ബാക്കിയുണ്ടായിരുന്നു, കുഞ്ഞുങ്ങള്‍ അവിടെയൊക്കെ നന്നായി ഓടിക്കളിച്ചു.

രാവിലെ 9 മണിയുടെ ഫ്ലൈറ്റ് രാത്രി 7 മണിക്കാണ് തിരുവനന്തപുരത്തു നിന്നും എടുത്തത്‌. 7.45-ഓടെ കൊച്ചിയില്‍ എത്തി, ഞാന്‍ പോയി അവരെ കൂട്ടി വീട്ടിലേക്കു പോന്നു. മനു വലിയ ഗമയില്‍ ആയിരുന്നു.വല്ല്യൊരു സംഭവം തന്നെ, . . . . .അല്ലെ?


(#)മൊബൈലില്‍ ക്ലിക്കിയ ചിത്രങ്ങള്‍,, അജിതയുടെ സംഭാവന!!

Saturday, September 03, 2011

മകനേ ഇതിന്ത്യയുടെ ഭൂപടം


ഒരു ദീര്‍ഘയാത്ര കഴിഞ്ഞതിന്റെ വിശേഷങ്ങള്‍ എഴുതാന്‍ സമയം ഇനിയും കിട്ടിയില്ല. അഗസ്റ്റ് 17 തീയതി മുതല്‍ 27 തീയതി വരെ ഞാന്‍ ഒരു ചെറിയ ഭാരതപര്യടനത്തില്‍ ആയിരുന്നു. തിവനന്തപുരത്ത് നിന്നും ആരംഭിച്ചു, ബംഗ്ലാദേശ് അതിര്‍ത്തിയായ വെസ്റ്റ്‌ ബംഗാളിലെ ഹന്സബാദ് ഗ്രാമം വരെയെത്തി ദില്ലി വഴി മടക്കയാത്ര. തിരുനെല്‍വേലി, മദുരൈ, ചെന്നൈ, ഗോരക്പുര്‍, കുഷിനഗര്‍, സിവാന്‍, ഗോപാല്‍ ഗന്ജ്, പട്ന, കൊല്‍ക്കത്ത, ദില്ലി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. പത്തു നാളുകള്‍, ഭാരതത്തിന്റെ ഹൃദയത്തെ തൊട്ടറിയാന്‍ കിട്ടിയ അപൂര്‍വ ഭാഗ്യം. ഞാന്‍ ജനിച്ചു, ജീവിക്കുന്ന എന്റെ രാജ്യത്തിന്റെ പൂര്‍ണമായ അവസ്ഥ, മനസ്സിലാക്കാന്‍ ഈ യാത്രകൊണ്ട് കഴിഞ്ഞു. കേരളത്തില്‍ നിന്ന് തുടങ്ങി തമിഴ് നാട്, ഉത്തര്‍ പ്രദേശ്‌, ബീഹാര്‍, ബംഗാള്‍ മുതലായ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലൂടെ ആയിരുന്നു യാത്ര. ഇന്ത്യ ജീവിക്കുന്നത് അവളുടെ ഗ്രാമങ്ങളില്‍ ആണെന്ന് പണ്ട് മഹാത്മജി പറഞ്ഞത് എത്രയോ ശരിയാണ്?

എന്റെ യാത്ര തികച്ചും ഔദ്യോഗികം ആയിരുന്നു. ഒമാനിലെ 'ഡോള്‍ഫിന്‍' എന്ന നിര്‍മാണകമ്പനിക്കുവേണ്ടി കുറച്ചധികം തൊഴിലാളികളെ 'റിക്രൂട്ട്' ചെയ്യുന്നതിനാണ് ഈ യാത്ര വേണ്ടി വന്നത്. ഒമാനിലെ ശമ്പളം 80 Riyal അത്രകണ്ട് ആകര്‍ഷണീയമല്ല, അതുകൊണ്ട് കേരളത്തിലെ പണിക്കാര്‍ ഒമാനില്‍ പോകാന്‍ വലിയ താല്പര്യം കാണിക്കുന്നില്ല. കൊച്ചിയില്‍ ഇന്ന് ഒരു മേസന് 500 രൂപ ദിവസകൂലി കിട്ടും. ഒമാനിലെ ശമ്പളം ചിലവെല്ലാം കഴിഞ്ഞു മാസം വീട്ടിലേക്കു പതിനായിരം രൂപ അയക്കാം. ഇത് മലയാളിക്ക് വലിയ കാര്യം അല്ല. മാത്രവുമല്ല, ഗള്‍ഫില്‍ നല്ലപോലെ പണിയും ചെയ്യണം, അനങ്ങാന്‍ ഒക്കത്തില്ല, കള്ളുകുടി നടക്കില്ല,.... എന്നാല്‍ ബീഹാറിലും ബംഗാളിലും സ്ഥിതി അതല്ല, ദിവസക്കൂലി 100 രൂപയും 150 രൂപയും ആണ്. ജീവിത സാഹചര്യം വളരെ മോശം. പല ഗ്രാമങ്ങളിലും വൈദ്യുതി എത്തിയിട്ടില്ല. പലര്‍ക്കും കയറിക്കിടക്കാന്‍ വീടില്ല, ഒരു നേരം ആഹാരം കിട്ടാനില്ല. അവരെ സംബന്ധിച്ചിടത്തോളം ഗള്‍ഫില്‍ പോകുന്നത് സ്വര്‍ഗ്ഗം തന്നെയാണ്. നല്ല താമസം, ഭക്ഷണം, ദിവസവും ജോലി, പിന്നെ എങ്ങിനെ പോയാലും എല്ലാ ചെലവും കഴിഞ്ഞു പതിനായിരം രൂപ കുറഞ്ഞത്‌ നാട്ടിലേക്ക് അയക്കാം. അത് കൊണ്ട് അവിടെ നിന്നും 'റിക്രൂട്ട്' ചെയ്യാന്‍ ഞങ്ങള്‍ക്കും താല്പര്യം ആണ്. കുറെ ആളുകള്‍ എങ്കിലും രക്ഷപെടുമല്ലോ?

ബീഹാറില്‍ സിവാന്‍ എന്ന പട്ടണത്തില്‍ രണ്ടു ദിവസം താമസിച്ചു. അവിടെ സ്ഥിരമായി വൈദ്യിതി ഇല്ല, ദിവസം രണ്ടു മണിക്കൂര്‍ മാത്രമാണ് വരുന്നത്. ഞങ്ങള്‍ താമസിച്ച ഹോട്ടല്‍ പൂര്‍ണ്ണമായും ജെനരേറ്റൊര്‍ കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. എ.സി. രാത്രിയില്‍ മാത്രം മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കും. അവിടത്തെ ഗോപാല്‍ഗന്ജ് ഗ്രാമത്തില്‍ പലയിടത്തും വൈദ്യുതിയേ എത്തിയിട്ടില്ല!! നാട്ടുകാര്‍ക്ക് വൈദ്യുതി എന്താണെന്നുപോലും അറിയില്ല. ടി.വി./ കമ്പ്യൂട്ടെര്‍ തുടങ്ങിയവ അവരുടെ സ്വപ്നത്തിലെ ഇല്ല. ചെറിയ ചെറിയ പുല്കുടിലുകളില്‍ അവര്‍ അന്തിയുറങ്ങുന്നു, കൂടെ കുറച്ചു കന്നുകാലികളും. പലരുടെയും കോളം കണ്ടാല്‍ അറിയാം ആഹാരം കഴിക്കുന്നത്‌ വളരെ വിരളമാണെന്നു. ഞങ്ങള്‍ കണ്ട പല തൊഴിലാളികളും അവരുടെ പ്രായം പറയുമ്പോള്‍ ഞെട്ടും. കാരണം, മുപ്പതു വയസ്സുള്ള ഒരാള്‍ക്ക്, കുറഞ്ഞത്‌ അറുപതു വയസ്സ് പ്രായം തോന്നിക്കും. അകാലവാര്‍ധക്യം ശരിക്കും കാണ്ടത് ഇവിടെയാണ്‌. പോഷകാഹാരം പോയിട്ട് ആഹാരം തന്നെ ശരിയായി കഴിക്കാറില്ല ഈ പാവങ്ങള്‍. കുഞ്ഞുകുട്ടികള്‍ തുണിയൊന്നും ഇല്ലാതെ മണ്ണിലും മരച്ചുവട്ടിലും കിടക്കുന്നു. പലരും കിടക്കുന്നത് മുറ്റത്തെ കയര്‍ കട്ടിലില്‍ ആണ്, അടുത്തു തന്നെ കൂട്ടിനു അവരുടെ പശുവും ഉണ്ടാവും. സിവാനില്‍ എ.ടി.എം തുറക്കാന്‍ രാവിലെ ആളുകള്‍ ക്യൂ നില്‍ക്കുന്നത് കണ്ടു. ഒരു ജീപ്പില്‍ 20-25 പേര്‍ തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്നു, ജീപ്പിനു മുകളിലും ഉണ്ട് കുറെ ആളുകള്‍, കൂടെ രണ്ടും മൂന്നും വയസ്സുള്ള കുട്ടികളും ജീപ്പിനു മുകളില്‍ അള്ളിപ്പിടിച്ചു ഇരിക്കുന്നു. നാം ഭയന്ന് പോകും.

കേരളം ദൈവത്തിന്റെ സ്വന്തം നാടെന്നു പറയുന്നത് എത്രയോ ശരി!!

ബീഹാറും ഉത്തര്‍ പ്രദേശും അവിടുത്തെ ഗ്രാമങ്ങളും വികസിക്കാന്‍ ഇനി എത്ര നാളെടുക്കും? ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് ഇവിടുത്തെ ഗ്രാമക്കാര്‍ അറിഞ്ഞിട്ടുണ്ടാവുമോ? ഇവിടെ നിന്നും തിരഞ്ഞെടുക്കപെട്ട ജനപ്രതിനിധികള്‍ എവിടെ? അവര്‍ മാത്രം വിചാരിച്ചാല്‍ ഈ ഗ്രാമങ്ങളുടെ വികസനം സാധ്യമാകുമോ? ഇവിടുത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം കിട്ടാന്‍ മാര്‍ഗ്ഗമുണ്ടോ?

"മകനേ ഇതിന്ത്യയുടെ ഭൂപടം, വിന്ദ്യയുടെ വയര്‍ പിളര്‍ന്നൊഴുകും വിലാപവേഗം പോലെ .." (കവി: മധുസൂദനന്‍ നായര്‍)