Friday, August 29, 2008
റേഡിയോ തേങ്ങ - എന്റെ സ്വന്തം എഫ്.എം. സ്റ്റേഷന്‍
റേഡിയോ മാങ്കോ - തുടങ്ങിയപ്പോള്‍ മുതല്‍ എന്റെ ഉള്ളിലുള്ള ആഗ്രഹമാണ് ‘റേഡിയോ തേങ്ങ’ തുടങ്ങണമെന്ന്. റേഡിയോയുമായുള്ളാ എന്റെ ചങ്ങാത്തം വളരെ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. വീട്ടില്‍ ആകെയുണ്ടായിരുന്ന ഒരു ആഡംഭര വസ്തു ‘നാലു വാല്‍വുള്ള പെട്ടി റേഡിയോ’ മാത്രമായിരുന്നു. അതിലൂടെ ലോകത്തിലെ ഏതോ കോണില്‍ നിന്നൊക്കെ പ്രക്ഷേപണം ചെയ്തിരുന്ന തരംഗങ്ങളെ പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമങ്ങളും അതില്‍ നിന്നു കിട്ടിയിരുന്ന സുഖാനുഭൂതിയും ഒരിക്കലും പറഞ്ഞോ എഴുതിയോ അറിയിക്കാന്‍ സാധികാത്തത്രയാണ്. ബി.ബി.സി [ഇംഗ്ലീഷ് മനസ്സിലാവില്ലെങ്കിലും] റേഡിയോ വത്തിക്കാന്‍, സിലോണ്‍ റേഡിയോ, തിരുച്ചിറാപ്പിള്ളി വാനൊലിനിലയം ഇത്യാദി കേന്ദ്രങ്ങളില്‍ നിന്നുള്ള തരംഗങ്ങള്‍ കടലുകള്‍ താണ്ടി എന്റെ പെട്ടിയില്‍ വന്ന് എന്നെ സന്തോഷിപ്പിച്ചിരുന്നു. പിന്നെ നമ്മുടെ തിരുവനന്തപുരം -ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട് നിലയങ്ങളും. ഇന്നത്തെ പുലിയായ എഫ്.എം. സ്റ്റേഷനുകള്‍ അന്ന് ഉണ്ടായിരുന്നില്ല. (25 വര്‍ഷങ്ങള്‍ക്കു മുന്‍പ്)
രഞിനി (ശ്രോതാക്കളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങള്‍) ഗാന്ധിമാര്‍ഗ്ഗം, പ്രഭാതഭേരി, വയലും വീടും, പ്രാദേശിക വാര്‍ത്തകള്‍ (വായിക്കുന്നത് രാമചന്ദ്രന്‍) കാവ്യാഞ്ജലി, സുഭഷിതം, നാടകവാരം, കര്‍ണടക സംഗീതപാഠം ഇവയൊക്കെയായിരുന്നു അന്നത്തെ ഞങ്ങളുടെ പ്രിയപ്പെട്ടവ.
ഈ ‘വാല്‍വ് റേഡിയോ’ അപ്പച്ചന്‍ ഞങ്ങള്‍ പിള്ളേര്‍ക്ക് കയ്യെത്താത്ത വിധത്തില്‍ ഒരു തട്ടുണ്ടാക്കി ആ തട്ടിന്‍ മുകളില്‍ ആയിരുന്നു വച്ചിരുന്നത്. തട്ട് ഒരു ജനലിന്റെ മുകളിലത്തെ പടിയിലായിരുന്നു ഫിറ്റു ചെയ്തിരുന്നത്. അതില്‍ കയറി തിരിക്കാന്‍ ഞങ്ങള്‍ക്ക് (അനുജത്തിയും) അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ഈ റേഡിയോയിടെ ഏരിയലും ഒരു സവിശേഷത തന്നെയായിരുന്നു. ചെറിയ നാരുകമ്പി (ചെമ്പാണെന്നു തോന്നുന്നു) കൊണ്ടുള്ള ഒരു റിബ്ബണ്‍ പോലത്തെ ഒരു നെറ്റ്.
ഈ റേഡിയോവില്‍ തോടാന്‍ ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടാവുന്നത്, ആ ജനലിനു താഴെ ചിലപ്പോള്‍ ഉണക്കിയ കൊപ്ര, അടക്ക, കുരുമുളക് എന്നിവ കൂമ്പാരം കൂട്ടിയിടുമ്പോഴായിരുന്നു. കൊപ്രാക്കൂനയ്ക്കു മുകളില്‍ കയറി നിന്നു ഞാന്‍ പലപ്പോഴും റേഡിയോ സിലോണ്‍ ‘ട്യൂണ്‍’ ചെയ്തെടുത്തിട്ടുണ്ട്. അക്കാലത്ത് മലയാളം പാട്ടുകള്‍ കേട്ട് കേട്ട് മടുക്കുമ്പോള്‍ തമിഴും ഹിന്ദിയും ആയിരുന്നു ആശ്രയം. അതിനു സഹായിച്ചിരുന്നത് റേഡിയോ സിലോണും തിരുച്ചി വാനോലിനിലയവും വിവിധ് ഭാരതിയും ആയിരുന്നു. അടുത്തുള്ള ഒരു വീട്ടിലേ അന്ന് ‘ടേപ്പ് റെക്കര്‍ഡര്‍‘ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണു ഞങ്ങള്‍ക്ക് ഈ ‘വാല്‍വ് റേഡിയോ’ ഇത്ര പ്രീയങ്കരിയായി തീര്‍ന്നത്. അന്ന് ‘കല്‍നായക്, ആഷികി, മേ നെ പ്യാര്‍ കിയ, ... അപൂര്‍വ്വ സഹോദരങ്ങള്‍, അഞലി ... തുടങ്ങിയ അന്യഭാഷാഗാനങ്ങള്‍ കേള്‍ക്കുമ്പോഴും അതു സ്കൂളില്‍ പോയി വിവരിക്കുമ്പോഴും ഉണ്ടയിരുന്ന ആനന്ദം പിന്നീട് ഐ-പോട്, എം.പി-3 പ്ലേയര്‍, എഫ്.എം റേഡിയോ, . . . ഇത്യാദി വഴി അത്യാധുനീക സ്റ്റീരിയോ ശബ്ദസംവിധാനത്തിലൂടെ സംഗീതമാസ്വദിക്കുമ്പോള്‍ പോലും കിട്ടിയിട്ടില്ല!! AM -ഇല്‍ ശബ്ദം മോണോ ആയിരുന്നു, SW -ഇല്‍ വളരെയധികം കര..കര.. ശബ്ദശല്യങ്ങള്‍ ഉണ്ടായിരുന്നു, FM -ഇല്‍ ഇപ്പോള്‍ നല്ല സ്റ്റീരിയൊഫോണിക് ശബ്ദമാണു കിട്ടുന്നത്.
എഫ്.എം റേഡിയോയുടെ വരവിനുശേഷമായിരിക്കണം റേഡിയോ ജനങ്ങളുമായി കൂടുതല്‍ ഇടപഴകാന്‍ തുടങ്ങിയത്. ഫോണ്‍-ഇന്‍ പ്രോഗ്രാമുകളാണല്ലോ ഇന്നത്തെ പ്രധാന പരിപാടികള്‍. ഞാന്‍ ചെന്നൈയില്‍ ആയിരിക്കുമ്പോഴാണു അവിടെ ആദ്യത്തെ സ്വകാര്യ എഫ്.എം പ്രവര്‍ത്തനമാരംഭിക്കുന്നത്. പലനാള്‍ ശ്രമിച്ച് ഒരുനാള്‍ എനിക്കും സൂര്യന്‍ എഫ്.എം ഫോണ്‍-ഇന്‍ പരിപാടിയില്‍ കിട്ടി. ഓണത്തിനു തൊട്ടടുത്ത ഒരു ദിവസമായിരുന്നു. അങ്ങിനെ റേഡിയോവിലൂടെ ചെന്നൈ നഗരത്തിലെ എല്ലാ മലയാളികള്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ അറിയിക്കാന്‍ കഴിഞ്ഞു. പിന്നീട് കൊച്ചി നിലയത്തിലെ ‘ജനശബ്ദം’ പരിപാടിയില്‍ വിളിക്കുകയും സംസാരിക്കുകയും പ്രതികരണം പരിപാടിയിലേയ്ക്ക് സ്ഥിരമായി കത്തയക്കുകയും അതു വായിച്ച് (എന്റെ പേരു) കേള്‍ക്കുമ്പോള്‍ ഞാന്‍ കോള്‍മയിര്‍കൊള്ളുകയും ചെയ്തുകൊണ്ടിരുന്നു.
ഇതൊക്കെ വായിച്ചുകഴിഞ്ഞപ്പോള്‍ ഞാനും റേഡിയോയും തമ്മില്‍ അഭേദ്യമായൊരു ആത്മബന്ധം ഉണ്ടെന്ന് എന്റെ ശ്രോതാക്കള്‍ ... . ക്ഷമിക്കണം വായനക്കാര്‍ക്കെല്ലാം മനസ്സിലായിരിക്കുമല്ലോ. അതുകൊണ്ടാണ് രാവിലെ ഓഫീസ്സിലേക്ക് ഇറങ്ങുമ്പോള്‍ എന്റെ ചെവിയില്‍ മൊബൈല്‍ റേഡിയോയുടെ ഇയര്‍ഫോണ്‍ കൊളുത്തിയിടുന്നത്. ഓഫീലേയ്ക്കുള്ള യാത്രയില്‍ ഒരു മണിക്കൂറെങ്കിലും റേഡിയോ കേള്‍ക്കാമല്ലോ. പിന്നെ രാവിലത്തെ എന്റെ സമയക്രമീകരണം കൊച്ചി എഫ്.എം.-ന്റെ വകയാണ്.
സുഭാഷിതം കേട്ടുണരും
പ്രഭാതഗീതം കേട്ട് പ്രഭാതസവാരി
പ്രാദേശിക വാര്‍ത്തകള്‍കേട്ടുകൊണ്ട് ചായകുടി...
എഫ്.എം. ഡയറി കേട്ടുകൊണ്ട്,
പല്ലുതേയ്ക്കല്‍, ക്ഷവരം, കുളി .....
(ദേശീയ) വാര്‍ത്തകള്‍ കേട്ടുകൊണ്ട് പ്രഭാതഭക്ഷണം.
പരാതികള്‍ക്കു മറുപടി -പ്രതികരണം/ ആരോഗ്യവേദി/ഗാന്ധിദര്‍ശനം/നിയമവേദി (ഏതെങ്കിലുമൊന്ന്) കഴിയുമ്പോള്‍ എനിക്കുപേരേണ്ട സമയമാകും.
പിന്നെ ആകാശദൂത്/ഹലോ ജോയ് ............... എന്നിവ മൊബൈലിലൂടെ കേള്‍ക്കും. ആശാലത, വി.എം.ഗിരിജ, തെന്നല്‍ (AIR), പൂജ (ക്ലബ്ബ് എഫ്.എം) എന്നിവരൊക്കെയാണ് കൊച്ചിയുടെ താരങ്ങള്‍. ആശാലതയുടെ വാചക കസര്‍ത്തും ഗിരിജേച്ചിയുടെ ശബ്ദഗാംഭീര്യവും എടുത്തുപറയാതെ വയ്യ.
Friday, August 22, 2008
കുട്ടികളെ കരയിക്കരുത്.
കുട്ടികളെ ശിക്ഷിച്ചു വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കഴിഞ്ഞദിവസം മാതൃഭൂമിയിലെ ഒരു ലേഖനത്തില്‍ വായിച്ചു. വായനയ്ക്കു ശേഷം അല്പം നേരം ചിന്തിക്കേണ്ടിവന്നു. കാരണം കുട്ടികളേ അടിച്ചും ശാസിച്ചും ശിക്ഷിച്ചും നല്ലവരായി വളര്‍ത്താനാവില്ല എന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണു ഞാന്‍.
എന്റെ അനിയത്തിയുടെ കുട്ടി - ആര്‍ഷാ, എല്ലാദിവസവും ഏതെങ്കിലും സമയത്ത് അകാരണമായി കരയും. നല്ല ഉച്ചത്തില്‍, വാശി പിടിച്ചാണ് കരയുന്നത്. ഇതു കാണുമ്പോള്‍ എനിക്കു ദേഷ്യം വരും. കുട്ടികളെ കരയിക്കരുത് എന്നാണ് എന്റെ പ്രമാണം. അനിയത്തിയും അമ്മച്ചിയും പറയും: ‘അവള്‍ വാശിപിടിച്ചു കരയുന്നതെല്ലേ, കരയട്ടെ. കുറച്ചു കഴിയുമ്പോള്‍ തന്നെ നിര്‍ത്തിക്കൊള്ളും’ എന്ന്. കുട്ടികള്‍ കരയുമ്പോള്‍ ‘നാശം, ശവം, ജന്മം .... #$%@@ എന്നൊക്കെ പറഞ്ഞ് വഴക്കുപറയുന്ന ചില അമ്മമാരെ കണ്ടിട്ടുണ്ട്. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അവരുടെ ഡിമാന്റ്സ് അറിയിക്കാന്‍ എളുപ്പവഴിയാണ് കരയുക എന്നത്. അതുമനസ്സിലാക്കി പെരുമാറാന്‍ മുതിര്‍ന്നവര്‍ക്കു കഴിയണം. ശ്രദ്ധ തിരിച്ചുവിട്ടുക എന്നതാണ് ഏറ്റവും എളുപ്പവഴി. അതുപോലെ തന്നെ കരച്ചില്‍ തുടങ്ങുമ്പോഴേ എന്തെങ്കിലും തന്ത്രം വഴി പിന്തിരിപ്പിക്കാന്‍ കഴിഞ്ഞാല്‍ നന്ന്. കുട്ടികളുടെ വാശിക്കു മുന്‍പില്‍ അമ്മമാരും വാശിപിടിക്കുന്നതാണ് മിക്കാവാറും രംഗം വഷളാക്കുന്നത്.
ചെന്നെയില്‍ വച്ച് ഒരിക്കല്‍ ഒരു പ്രഭാഷണത്തില്‍ കുട്ടികളെ വളര്‍ത്തുന്നതിനെക്കുറിച്ച് ഏതോ തമിഴ് മഹദ് ഗ്രന്ഥത്തില്‍ നിന്നെടുത്ത ഒരു ശ്ലോകം വ്യഖ്യാനിച്ച് നല്ല ഒരാശയം വിവരിച്ചത് കേള്‍ക്കുകയുണ്ടായി. അത്തിനു വേണ്ടി ഇന്റര്‍നെറ്റില്‍ തിരഞ്ഞപ്പോള്‍ ഉമേഷിന്റെ പോസ്റ്റില്‍ നിന്നും ഈ സംസ്കൃതശ്ലോകം (കുട്ടികളെ വളര്‍ത്തേണ്ട വിധത്തേപറ്റി) ആണുകിട്ടിയത്. (തമിഴില്‍ പറഞ്ഞ അതേ വക്യവും ആശയവും):
“രാജവത് പഞ്ചവര്‍ഷാണി
ദശവര്‍ഷാണി ദാസവത്
പ്രാപ്തേ ഷോഡശവര്‍ഷേ
തുപുത്രം മിത്രവദാചരേത്”
അര്‍ത്ഥം: പുത്രനെ അഞ്ചു വര്‍ഷം രാജാവിനെപ്പോലെയും (പിന്നീടു) പത്തു വര്‍ഷം വേലക്കാരനെപ്പോലെയും പതിനാറു വയസ്സായാല്‍ കൂട്ടുകാരനെപ്പോലെയും കരുതണം. അഞ്ചു വയസ്സു വരെ കുഞ്ഞിനു വേണ്ടതെല്ലാം കൊടുത്തു രാജാവിനെപ്പോലെ വളര്‍ത്തണം. ആറു മുതല്‍ പതിനഞ്ചു വരെ അനുസരണ, അച്ചടക്കം, മര്യാദ തുടങ്ങിയവ പഠിപ്പിച്ചു് ലോകത്തില്‍ ഒരു നല്ല മനുഷ്യനായി വളരാന്‍ പര്യാപ്തനാക്കണം. പതിനാറു വയസ്സായാല്‍ തനിക്കൊപ്പം കരുതണം. വളരെ അന്വര്‍ത്ഥമായ ഉപദേശം!
ആറുവയസ്സു വരെ കുട്ടികളെ രാജാക്കന്മാരെ പോലെ വളര്‍ത്തണം എന്നു പറയുന്നതില്‍ വളരെ ശരിയുണ്ടെന്നു തോന്നുന്നു. കാരണം, മനഃശാസ്ത്രത്തിന്റെ വളര്‍ന്നുവരുന്ന ശാഖയായ ‘ട്രാന്‍സക്ഷണല്‍ അനാലിസ്സിസില്‍’ പറയുന്നു ശൈശവത്തില്‍ ഒരു വ്യക്തിയുടെ മനസ്സിന്റെ തിരശ്ശീലയില്‍ പതിക്കുന്ന ചിത്രങ്ങളാണ് (സ്ട്രോക്ക്സ്) പിന്നീട് അവന്റെ സ്വഭാവത്തെ രൂപപ്പെടുത്തുന്നത് എന്ന്. ആ പ്രായത്തില്‍ തന്റെ മാതാപിതാക്കളില്‍ നിന്നും ഉറ്റവരില്‍ നിന്നും മാധ്യമങ്ങളില്‍ (ഉദാഃ ടെലിവിഷന്‍-ഷം) നിന്നും ഒക്കെ നിരവധി ‘സ്റ്റ്രോക്കുകള്‍’ ആ കുഞ്ഞു തിരശ്ശീലയില്‍ പതിക്കുന്നു. അതാണു പിന്നീട് കൌമാരത്തിലെ റിബലുകളെയും, തെമ്മാടികളെയും, നല്ലപിള്ളമാരെയും ഒക്കെ സൃഷ്ടിക്കുന്നത് എന്ന്. അതുകൊണ്ടാണ് സ്കൂളില്‍ പടിക്കുന്ന കുട്ടികളെ തിരുത്തുവാന്‍ അധ്യാപകരും മാതപിതാക്കളും കിണഞ്ഞ് പരിശ്രമിച്ചിട്ടും നടക്കാതെ വരുന്നത്?!
കുമാരനാശാന്റെ ‘വീണപൂവിലെ’ ഈ വരികളാണ് കുഞ്ഞുങ്ങളേക്കാണുമ്പോള്‍ എനിക്കോര്‍മ്മവരാറുള്ളത്:
‘ലാളിച്ചു പെറ്റ ലത അന്പോട് ശൈശവത്തില്‍ പാലിച്ചു പല്ലവ പുടങ്ങളില്‍ വച്ചു നിന്നെആലോല വായു ചെറു തോട്ടിലുമാട്ടിതാരാട്ടാലാപമാര്‍ന്നു മലരേ ദല മര്‍മരങ്ങള്‍‘
ഭാരതത്തിലെ ഗുരുക്കന്മാര്‍ നിര്‍ദ്ദേശിച്ച ഈ ശ്ലോകം തീര്‍ച്ചയായും പ്രസക്തമായിട്ടാണു എനിക്കു തോന്നിയിട്ടുള്ളത്. നിങ്ങളും പരീക്ഷിച്ചു നോക്കൂ...
Monday, August 18, 2008
വീണ്ടുണ്ടുമൊരു ചിങ്ങപ്പുലരിയില്‍
മഴക്കാലം എന്നു പറയുമ്പോള്‍ ഓര്‍മ്മവരുന്നത് പണ്ട് വീട്ടിലും വീടിനടുത്ത പറമ്പുകളിലും തെങ്ങിനുതടമെടുത്തിരുന്നതാണ്. ഈ തെങ്ങിന്‍ തടങ്ങളില്‍ ഞങ്ങള്‍ കൊച്ചുകുട്ടികള്‍ കടലാസുകൊണ്ട് വഞ്ചിയുണ്ടാക്കി ഒഴുക്കിവിടുമായിരുന്നു. ഞാനീയടുത്തകാലത്ത് ഒരിടത്തും തെങ്ങിന്‍ തടമോ അതില്‍ വെള്ളം നിറഞ്ഞുനില്‍ക്കുന്നതോ കുട്ടികള്‍ കളിവഞ്ചിയുണ്ടാക്കി കളിക്കുന്നതോ കണ്ടിട്ടില്ല!
ചിങ്ങമാസം പിറന്നാല്‍ പിന്നെ ഓണത്തിന്റെ ഒരു നിറവും മണവുമൊക്കെ മനസ്സില്‍ നിറയുകയായി. പണ്ട് ഓണപ്പൂവിടുന്നതിനു എന്റെ പ്രായത്തിലെല്ലാവരും (സ്കൂളില്‍ പടിക്കുന്ന കുട്ടികള്‍) പലദിക്കിലും നടന്ന് പൂപറിക്കാന്‍ പോകുമായിരുന്നു. എന്നാല്‍ ഞങ്ങളുടെ (ഞാനും ജൈസിയും) അപ്പച്ചന്‍ അവരുടെ കൂടെ പോയി ദൂരെനിന്നും പൂപറിക്കാന്‍ ഞങ്ങളെ വിടില്ലായിരുന്നു. വളരെ ദുഃഖകരമായ ഒരു നിരോധനം ആയിരുന്നു അത്. കൂട്ടുകാരെല്ലാം ദൂരെയെങ്ങോ മലയില്‍ പോയി ചെങ്കദളി, മഞ്ഞക്കോളാമ്പി . . .ഇത്യാദി ‘അത്യപൂര്‍വ്വ’ പൂക്കള്‍ ശേഖരിച്ച് കൊണ്ടുവരുമായിരുന്നു. ഞങ്ങള്‍ക്ക് അതിന്റെ പങ്കുലഭിക്കാന്‍ അവരുടെ മുന്‍പില്‍ താണ് കേണു നില്‍ക്കുകയല്ലാതെ വേറേവഴിയില്ലായിരുന്നു.
ഇതേതു മലയില്‍ നിന്നാണുപറിച്ച് കൊണ്ടുവരുന്നതെന്നാലോചിച്ച് തലപുകക്കാറുണ്ടയിരുന്നു. ഏതോ ഹിമാലയം പോലത്തെ മലയായിരുന്നു മനസ്സിലെ ചിത്രത്തില്‍. വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തമായി സൈക്കിള്‍ (അപ്പച്ചന്റെ ഹെര്‍ക്കുലീസ്) ചവുട്ടി സഞ്ചരിക്കാന്‍ തുടങ്ങിയപ്പോള്‍ (7 -ആം ക്ലാസ്സിലെത്തി) ഞാന്‍ ഈ മല കണ്ടുപിടിക്കാന്‍ ഒരു ശ്രമം നടത്തിനോക്കി. പക്ഷെ അങ്ങിനെ ഒരു മലയും കാടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്നും അവര്‍ പറയാറുണ്ടായിരുന്ന കഥകളും വിവരണവും വച്ച് ‘കദളിപ്പൂ’ കിട്ടിരിയുന്ന ആ മലയെവിടെയാണെന്ന് ഞാന്‍ തേടാറുണ്ട്.
ഒരു ഓണവധിക്കാലത്താണ് ഞാന്‍ റെയില്‍ വേ സ്റ്റേഷനില്‍ പ്രതിയാക്കപ്പെട്ടത്. അക്കഥയിങ്ങനെ:
ഞാനും സന്തോഷ് ബലകൃഷ്ണനും കൂടി, മുളന്തുരുത്തി കരവട്ടെകുരിശിനു എന്തോവാങ്ങിക്കാന്‍ പോയതാണ്. ഒരിടവഴി സൈക്കിള്‍ ചവുട്ടി, റെയില്‍ വേ സ്റ്റേഷന്‍ വഴി പോയാല്‍ എളുപ്പമാണ്. റെയില്‍ വേ പ്ലാറ്റ്ഫോമിന്റെ ഒരറ്റത്തുചെന്നുകയറി, സൈക്കിള്‍ പ്ലാറ്റ്ഫോമില്‍ക്കൂടി ‘ചവുട്ടി’ ഞാനും സന്തോഷും നീങ്ങുമ്പോള്‍ അതാ സ്റ്റേഷന്‍ മസ്റ്ററേമാന്‍ ചാടിവീണു മുന്‍പില്‍...
പ്ലാറ്റ്ഫോമില്‍ ക്കൂടി സൈക്കിള്‍ ചവുട്ടിയ ധിക്കാരികളെ കയ്യോടെ പിടികൂടി!! “ഇതൊരു സര്‍ക്കാര്‍ സ്ഥലമാണ്. അനധികൃതമായി സൈക്കിള്‍ ചവുട്ടുന്നത് ശിക്ഷാര്‍ഹമാണ്” ഉടനെ എന്റെ തിരുവായില്‍ നിന്നും വന്നത്: ‘ഈ സര്‍ക്കാര്‍ എന്നുപറഞ്ഞാല്‍ ആരുടെയാ സാറെ, ജനങ്ങളുടെയല്ലെ?’ മാസ്റ്റര്‍ക്ക് ചൊറിഞ്ഞ് വരാന്‍ വേറെന്തുവേണം. സൈക്കില്‍ വാങ്ങിപൂട്ടിവച്ചിട്ട് ‘മക്കള്‍ വീട്ടില്‍ പോയ്ക്കോ‘യെന്നു പറഞ്ഞപ്പോളാണ് സംഗതിയുടെ ഗൌരവം മനസ്സിലായത്. രണ്ട് നിക്കറുപിള്ളേരും കൂടി കരഞ്ഞുനോക്കിയെങ്കിലും കാര്യമുണ്ടയില്ല. (ഹെര്‍ക്കുലീസ് ഇല്ലാതെ എങ്ങിനെ വീട്ടില്‍ ചെല്ലും?)
മുളന്തുരുത്തി പള്ളിത്താഴത്ത് മെഡിക്കല്‍ ഷോപ്പ് നടത്തുന്ന സുധിയായിരുന്നു പിന്നെ ആശ്രയം. സുധിയുടെ അച്ഛന്‍ കടയിലുണ്ടായിരുന്നു. ഒന്നാലോചിച്ചശേഷം ഒരു നമ്പറില്‍ വിളിച്ചു. ഏതോ മുതിര്‍ന്ന റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ (മുളന്തുരുത്തിയില്‍ താമസിക്കുന്ന) ആയിരുന്നു. കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിനീ വീരന്മാരെ ഒന്നു കാണാണം!! ഞങ്ങള്‍ ചെന്നു. ഈ ചെറുപ്രായത്തില്‍ ഇത്തരം വികൃതികാണിച്ചതു ശരിയായില്ല എന്നദ്ദെഹം പറഞ്ഞു. ഞങ്ങള്‍ക്കും അതുശരിയാണെന്നു തോന്നി. പിന്നീട് ഫോണ്‍ എടുത്ത് സ്റ്റേഷന്‍ മാസ്റ്ററെ വിളിച്ച് പറഞ്ഞു. ‘ചെന്ന് ക്ഷമപറഞ്ഞിട്ട്‘ സൈക്കിള്‍ വാങ്ങിക്കോളാന്‍ പറഞ്ഞു.
സൈക്കിളിന്റെ താക്കോല്‍ വാങ്ങി സൈക്കില്‍ ഉരുട്ടി സ്റ്റേഷനുവെളിയില്‍ വന്നപ്പോഴാണ് ..... ഒരു മണിക്കൂറിലേറെയായി വികടഗതിയിലായിരുന്ന ഞങ്ങളുടെ ശ്വാസം നേരെ വീണത്.
(25 കൊല്ലങ്ങള്‍ക്കു മുന്‍പു നടന്നത്)