Tuesday, April 29, 2008

മരണത്തിന്റെ വലുപ്പം

ഈ ആഴ്ച ഓറ്ക്കാപ്പുറത്ത്, ഒരു മരണം ഓടിയെത്തി.
ഒരു കുഞ്ഞു മരണം എന്നോ
ഒരു കുഞ്ഞിന്റെ മരണം എന്നോ
എന്താണു പറയേണ്ടതെന്നറിയില്ല.
ഷോളിയുടെ [അജിതയുടെ അനിയത്തി] രണ്ടു മാസം പ്രായമായ കുഞ്ഞ് പെട്ടെന്നുണ്ടായ ശ്വാസം മുട്ടല്‍ മൂലം നിതാന്ത നിദ്രയിലേയ്ക്കു പോയി. ഇന്നലെ [27-04-08] ഞായറാഴ്ച കൃത്യം രണ്ടുമാസം തികയുന്ന ദിവസം ആണു ആ ദുഃരന്തം സംഭവിച്ചത്.
മാസം തികയാതെ പ്രസവിച്ചകുട്ടി, അതിന്റെ ദുഃര്‍ഖടങ്ങള്‍ അതിജീവിച്ച് വരികയായിരുന്നു. ആ അമ്മയുടെ ദുഃഖം ഉരുകിത്തീരാന്‍ ഇനി എത്രനാള്‍!!
60 ദിവസം പ്രായമായ കുഞ്ഞും 60 വര്‍ഷം പ്രായമായ മനുഷ്യനും മരിക്കുമ്പോള്‍ അവരുടെ ആത്മാവിനെന്തു പ്രായം എന്ന് ഞാനാലോചിക്കാറുണ്ട്.
ആ കുഞ്ഞാത്മാവിനു മുന്‍പില്‍ ഒരു പിടി റോസാപുഷ്പങ്ങള്‍ ... ഷോളി-ബിനോബി ദമ്പതികള്‍ക്ക് ഈശ്വരന്‍ ശാന്തിനല്‍കട്ടെ!
------------------------------------------------------------------------------
‘ദൈവം ഒരിക്കല്‍ എന്റെ പൂന്തോട്ടത്തില്‍ എത്തി. ഒരു റോസാച്ചെടി നട്ടു, എന്നോട് വെള്ളവും വളവും നല്‍കി സംരക്ഷിക്കാന്‍ പറഞ്ഞു. ഞാന്‍ അതു ഭംഗിയായി ചെയ്തുപോന്നു. റോസാച്ചെടി ഒരുനാള്‍ പൂവിട്ടു. ദൈവം വന്ന് ആ പൂവ് ഇറുത്തുകൊണ്ടുപോയാല്‍ ചോദ്യം ചെയ്യാന്‍ ഞാനാര്?? ദൈവം തന്നു - ദൈവം എടുത്തു. ഞാന്‍ വെറും തോട്ടം സൂക്ഷിപ്പുകാരന്‍ മാത്രം.’
----------------------------------------------------------------------
ഈ സംഭവം വിജുവുമായി സംസാരിച്ചപ്പോള്‍ കുറെ ചിന്തകള്‍ ഇടയില്‍ വന്നു. ഗര്‍ഭം/പ്രസവം എന്നിവ വലിയ ഒരു രോഗം എന്നപോലെയാണ് ഇന്നത്തെ വൈദ്യശാസ്ത്രവും ജനങ്ങളും കൈകാര്യം ചെയ്യുന്നത്. ഇങ്ങിനെയായിത്തീരാന്‍ കാരണമെന്താണ്? കൂണുപോലെ മുളച്ചുപൊന്തുന്ന അത്യന്താധുനീക ആശുപതികള്‍ മാത്രമാണോ. കോടികള്‍ മുടക്കി ആശുപത്രികള്‍ നിര്‍മ്മിക്കുന്നവര്‍ ലാഭമല്ലാതെ മറ്റെന്താണു ലക്ഷ്യമിടുന്നത്. രോഗികള്‍ മുടങ്ങാതെ വന്നില്ലെങ്കില്‍ ആശുപത്രിയ്ക്ക് നിലനില്‍പ്പില്ല. അതുമാത്രമല്ല ഇവിടെ പ്രശ്നം, ആധുനീക മനുഷ്യന്റെ ആകുലതകള്‍, ഭയചിന്തകള്‍ എന്നിവയും ഗര്‍ഭധാരണത്തെ ഒരു വലിയ വ്യാധിപോലെ കൈകാര്യം ചെയ്യാന്‍ കാരണമായി എന്നു പറയാം.
ധത്തെടുക്കലിനെക്കുറിച്ചും വിജുവിനു വ്യക്തമായ ചില കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നതായി സംസാരിച്ചപ്പോല്‍ മനസ്സിലായി. വന്ധ്യത/ഗര്‍ഭധാരണത്തിനു തടസ്സം തുടങ്ങിയവയുള്ള ദമ്പതിമാര്‍ ഈ വഴിയില്‍ ചിന്തിക്കാന്‍ മടിക്കുന്നതെന്തുകൊണ്ടാണ്. മാനസീകമായ ഒരു ‘Acceptance' -ന്റെ പ്രശ്നം മാത്രമാണോ ഇത്, അല്ലെങ്കില്‍ തങ്ങളുടെ സ്വത്തു-സമ്പാദ്യങ്ങള്‍ പങ്കിടേണ്ടി വരുന്നതിലുള്ള വൈഷമ്യതയാണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു വയസ്സില്‍ താഴെയുള്ള ഒരു കുട്ടിയെ ദത്തെടുത്ത് വളര്‍ത്തുമ്പോള്‍ ആ കുഞ്ഞിനു തങ്ങളില്‍ നിന്നന്യമല്ലാത്ത ഒരു ആത്മബന്ധം രൂപപ്പെടുത്താന്‍ കഴിയും, കഴിയണം. എങ്കിലും മനുഷ്യന്‍ വന്ധ്യതാ ചികിത്സക്ക് ലക്ഷങ്ങള്‍ ചെലവൊഴിക്കുന്നു. അതിനു തയ്യാറാണ് എന്നുള്ളതാണ് വാസ്തവം. ‘നവജാതശിശുപരിപാലനം -Neo natal care’ ഇന്ന് പല ആശുപത്രികള്‍ക്കും ലക്ഷങ്ങളുടെ ബിസിനസ്സാണ്. ഇതിനു പിന്നിലുള്ള രഹസ്യ അജണ്ട മനസ്സിലാക്കാന്‍ ഞാനടക്കമുള്ള അഭ്യസ്തവിദ്യരായ പൊതുജനങ്ങള്‍ക്കു സാധിക്കുന്നില്ല എന്നതാണ് സത്യം.
‘കുറച്ച് കാശു പോയാലെന്താ .. എന്തിനാ റിസ്ക് എടുക്കുന്നത്’ എന്ന് ചിന്തിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരുന്നു. ഈ ഞാനും ഇപ്പറഞ്ഞതില്‍പ്പെടും. ഇതു ചൂഷണം ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ് ഡോക്ടര്‍ മാരും ആശുപത്രിക്കാരും. വേറിട്ട് ചിന്തിക്കുവാന്‍ കെല്‍പ്പുള്ളവര്‍ ആരുണ്ടിവിടെ?

Wednesday, April 16, 2008

വിഷു, ഉത്സവം, ചക്ക, മാങ്ങ, ..... കോവക്ക.

കഴിഞ്ഞ ആഴ്ച വീട്ടില്‍ പോയി. പെരുമ്പിള്ളി പാടത്തുകാവ് ഭഗവതിയുടെ അമ്പലത്തില്‍ താലപ്പൊലിയായിരുന്നു. സന്ധ്യവൈകിയാണ് നാട്ടിലെത്തിയത്. 7 മണി കഴിഞ്ഞിരിക്കും. കണയത്ത് ഗോപിചേട്ടന്റെ വീട്ടില്‍ നിന്നും താലം ഇറങ്ങുന്നു. എന്റെ വീടിനു രണ്ടുവീടു മുന്‍പാണ് ‘കണയത്തെ’ വീട്. ഞാന്‍ വീട്ടിലെത്തി കുളിയും ജപവും കഴിഞ്ഞ് അമ്പലത്തിലേയ്ക്കിറങ്ങി. 100 മീറ്ററ് കഷ്ടിദൂരം കാണും. പണ്ടത്തെപ്പോലെ അധികം ആള്‍ക്കൂട്ടം കണ്ടില്ല! ഒന്നു-രണ്ട് കളിപ്പാട്ട കച്ചവടക്കാരുണ്ട്. താലങ്ങള്‍ ഒന്നൊന്നായി ക്ഷേത്രത്തിനു വലം വച്ചുകൊണ്ടിരിക്കുന്നു. രണ്ടു താലങ്ങള്‍ തങ്ങളുടെ അവസരവും കാത്ത് പുറത്ത് കാത്തുനില്‍ക്കുന്നു. ചെണ്ടമേളം മുറുകുന്നു ... നല്ല ദീപകാഴ്ച തന്നെ. മോന്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ അവനു നല്ലൊരനുഭവം ആയിരുന്നേനെ എന്നു തോന്നി. ഉണ്ണികള്‍ക്ക് പുറം ലോകകാഴ്ചകള്‍ നല്ലോരനുഭവമാണെന്ന് എവിടെയോ വായിച്ചതോര്‍ത്തു. 10.30 മണിവരെ അമ്പലപരിസരത്ത് താലപ്പോലിമ കണ്ടുനിന്നു.. 7-8 താലങ്ങള്‍ വന്നുകാണും. താലം എടിത്തിരുന്ന എല്ലാവരും ഉടനെ തന്നെ തിരികെ വീടുകളിലേയ്ക്ക് മടങ്ങിയതിനാല്‍ അമ്പലപറമ്പില്‍ ശുഷ്കത അനുഭവപ്പെട്ടു. താലത്തോടൊപ്പം വന്ന ചെറുപ്പക്കാര്‍ ആര്‍പ്പുവിളികളുടെ ക്ഷീണത്താലും, കെട്ടിറങ്ങിയതിനാലും അവിടിവിടങ്ങളില്‍ ചായുന്നുണ്ടായിരുന്നു. പൊതുവേ ആള്‍ക്കൂട്ടം കുറവായിരുന്നു എന്നു തോന്നി. പക്ഷെ ഉത്സവ പൊലിമ കൂടിയിട്ടുണ്ടായിരുന്നു. (ഇന്നത്തെ കാലത്ത് സാമ്പത്തീകം ഒരു പ്രശ്നമല്ലല്ലോ?!!)



താലപ്പൊലിയുടെ മുന്‍പില്‍ നീങ്ങുന്ന ചെണ്ടക്കാരാണ്, പുരുഷകേസരികളുടെ ആകര്‍ഷണം. ശിങ്കാരി മേളത്തോടൊപ്പം വളഞ്ഞുകുത്തിയാടുന്നത് കേസരിമാരാണോ അതൊ ഉള്ളില്‍ കിടക്കുന്ന കള്ളാണോ എന്നൊരു സംശയം??!! ബ്രൂസ് ലിയുടെമാതിരി മുടിയും വളര്‍ത്തി ഒരുത്തന്‍ ചുവടുവയ്ക്കുന്നുണ്ടായിരുന്നു. എത്രയാലോചിച്ചിട്ടും ആളെ പിടികിട്ടിയില്ല. എന്നാല്‍ എവിടെയോ കണ്ട മുഖപരിചയം! പിന്നീട് ആലോചിച്ചെടുത്തൂ. കഴിഞ്ഞമാസം വീട്ടില്‍ അടയ്ക്ക പറിക്കാന്‍ വന്ന സുഹൃത്ത്.. മുക്കാല്‍ മണിക്കൂര്‍ കൊണ്ട് 15 അടയ്ക്കാമരത്തില്‍ കയറി 100 രൂപയും വാങ്ങിപോയ ചുള്ളന്‍!! ആള്‍ അടിപൊളിയാണല്ലോയെന്നു അന്നു ഞാന്‍ ചിന്തിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ ഈ കോലത്തില്‍ ... തലകുത്തിനില്‍ക്കുന്നതു കണ്ടപ്പോള്‍ കഷ്ടം തോന്നി. കിട്ടുന്ന കാശു കള്ള് കുടിച്ചുനശിപ്പിക്കുന്നതെന്തിനിവര്‍?? ചിലപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം വരുന്ന താലപ്പൊലി മാത്രമാവുമോ ഇവരുടെയൊക്കെ ആഘോഷം?!



തിരികെ പോരുമ്പോള്‍ വിജുവിന്റെ അമ്മയുണ്ടായിരുന്നു. അവരുടെ വീട്ടില്‍ കയറി കുറച്ചുനേരം സംസാരിച്ചിരുന്നു. വിജുവും ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ വിശേഷവും മറ്റും. കിടന്നപ്പോള്‍ 12 മണി ആയിട്ടുണ്ടാവും.



രാവിലെ വൈകി ആണ് എഴുന്നേറ്റത്. പറമ്പില്‍ ചെറുതായി ഒന്നു കണ്ണോടിച്ചു. മരങ്ങളും ചെടികളും അവരുടെ ദുഃഖം പറയാനാവാതെ വിതുമ്പുന്നുണ്ടയിരുന്നു. വീട്ടുകാരെല്ലാം അവറ്റകളെ ഉപേക്ഷിച്ച് തിരുവനന്തപുരത്തിനു കടന്നുകളഞ്ഞില്ലേ? അതിന്റെ ദുഃഖം!! എങ്കിലും ഇത്തവണ പ്ലാവില്‍ ചക്കയുടെ എണ്ണം വളരെ കൂടുതലായിരുന്നു. മാവും മോശമല്ല, നിറയെ മാങ്ങകള്‍!! പക്ഷെ എന്നെ ഏറെ അത്ഭുതപ്പെടുത്തിയത് ടെറസ്സിന്റെ മുകളില്‍ ഉണ്ടായിരുന്ന ‘കോവല്‍ ചെടി’യാണ്. അപ്പച്ചന്‍ തിരുവനന്തപുരത്തേയ്ക്ക് പോകുമ്പോള്‍ അതിന്റെ കടയോടെ വെട്ടിക്കളഞ്ഞതാണ്. കാരണം കാടുപിടിച്ചു കിടന്നാല്‍ പാമ്പോ മറ്റിഴജന്തുക്കളോ വാസമുറപ്പിക്കുമെന്നു ഭയന്ന്.. ആ കോവല്‍ വള്ളിയില്‍ ഒരു കിലോയോളം കോവയ്ക്ക വിളഞ്ഞു കിടക്കുന്നു!!! മുഴുവന്‍ പറിച്ചെടുത്ത്, പോരാന്‍ നേരത്ത് അടുത്ത വീട്ടിലെ ലീലചേച്ചിക്ക് കൊടുത്തു.

ഇങ്ങിനെ ഓരോ പ്രാവശ്യം വരുമ്പോഴും അടയ്ക്ക, വാഴക്കുല, തേങ്ങ ... തന്നുകൊണ്ടിരിക്കുന്ന 18 സെന്റ് ഭൂമിയോട് വളരെ ബഹുമാനവും സ്നേഹവും തോന്നാതിരുന്നില്ല.

Tuesday, April 15, 2008

കൂടുതല്‍ അടുക്കുന്തോറും ....

എവിടെയോ വായിച്ചതോര്‍ക്കുന്നു:

‘കൂടുതല്‍ അടുക്കുന്തോറും
നിങ്ങളെന്നെ കൂടുതല്‍ വെറുത്തേക്കാം
എങ്കിലും ഞാന്‍ അടുക്കാനാഗ്രഹിക്കുന്നു.

കൂടുതല്‍ അറിയുന്തോറും
നിങ്ങളെന്നെ കൂടുതല്‍ വെറുത്തേക്കാം
എങ്കിലും ഞാന്‍ സുതാര്യനാവാനാഗ്രഹിക്കുന്നു.’

(ഇതൊരു വെറുക്കപ്പെട്ടവന്റെ സുവിശേഷമാവാം) അകലെ നിന്നു കാണുമ്പോള്‍ എല്ലാം സുന്ദരമാണല്ലോ, ബന്ധങ്ങള്‍ പോലും!! കൂടുതല്‍ അടുക്കുമ്പോഴാണല്ലോ, നമുക്ക് കൂടുതല്‍ അറിയാന്‍ അവസരം ലഭിക്കുന്നത്. പ്രണയത്തിലും, സൌഹൃദത്തിലും എന്തിനു ദാമ്പത്യജീവിതത്തില്‍ പോലും ഈ നിയമം ബാധകമാണ്. അല്ലെങ്കില്‍ ആ ബന്ധം വെറും ഉപരിപ്ലവമാണെന്നേ ഞാന്‍ പറയൂ.

കൂടുതല്‍ അടുക്കുമ്പോളാണ് നാം അപരന്റെ ബലഹീനതകള്‍, കന്നത്തരങ്ങള്‍, പോഴത്തരങ്ങള്‍, കുശുമ്പു-കുന്നായ്മകള്‍ മനസ്സിലാക്കുന്നത്. നമ്മുടെ ആദ്യത്തെ സ്വാഭാവിക പ്രതികരണം ‘വെറുപ്പ്’ ആയിരിക്കും.

അയ്യേ, ഇങ്ങേരെ/ ഇവളെ ആണോ ഞാന്‍ ഇത്ര നാളും എന്റെ ഹൃദത്തിന്റെ ശ്രീകോവിലില്‍ വച്ചാരാധിച്ചിരുന്നത്?

അയ്യേ, ഇവന്‍/ ഇവള്‍ ഇത്രയ്ക്കേ ഉള്ളോ?? കഷ്ടം! ഞാന്‍ വിചാരിച്ചത് ........... അല്ലെങ്കില്‍ തന്നെ ഞാന്‍ എന്തു മഠയനാ?!

പക്ഷെ ഇതൊരു സുപ്രധാന വഴിത്തിരിവാണ്. സിനിമയിലെ ‘Turning point' പോലെ. നിങ്ങള്‍ കൂടുതല്‍ അടുക്കാന്‍ തുടങ്ങിയിരിക്കുന്നു. നിങ്ങള്‍ കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നത് എന്തുകൊണ്ടാണ്? കൂടുതല്‍ അടുക്കാന്‍ ആഗ്രഹമില്ലെങ്കില്‍ നാമാരും ഒരാളെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കുകയില്ല, കൂടുതല്‍ അറിയാന്‍ ആകാംഷ കാണിക്കുകയില്ല.

കേവലം ഒരു ‘ഹയ് - ബൈ’ യില്‍ നമുക്കു ബന്ധങ്ങള്‍ എത്രനാള്‍ വേണമെങ്കിലും തുടര്‍ന്നുപോകാം. പക്ഷെ ആത്മബന്ധങ്ങള്‍ ഉടലെടുക്കുന്നത് കൂടുതല്‍ അറിയുന്നതിലൂടെയാണ്. വെറുക്കുക എന്നത് അടുക്കുക എന്നതിന്റെ വിപരീതം അല്ല. മറിച്ച്, കോംപ്ലിമെന്ററി ആണ്. മാനസീകമായ ഒരല്പം അകല്‍ച്ചയ്ക്കു ശേഷം തിരിച്ചെത്തുമ്പോള്‍ രണ്ടുപേരും പരസ്പരം ലയിച്ച് ഒന്നായി മാറിയിട്ടുണ്ടാവും. കാരണം ഇനി അവറ്ക്കിടയില്‍ മറയൊന്നുമില്ലല്ലോ.

Saturday, April 05, 2008

ഇന്നലെ ഞാന്‍ കൃഷ്ണനെ കണ്ടൂ ...

ഒരു ഗാനം ഓര്‍മ്മ വരുന്നു,

ആശ്രിതവത്സലനേ കൃഷ്ണാ.. കൃഷ്ണാ..
ആലംബം നീയല്ലോ ...

(ബാക്കിയറിയില്ല, ആരെങ്കിലും സഹായിക്കൂ..)

കൃഷ്ണാ നീ, മാത്രമാണ് ഏക ആശ്രയം. കൃഷ്ണാ നീ വേഗം വരൂ.... ഈ ആശ്രിതനെ സഹായിക്കാന്‍.

എന്റെ വിജയം

എന്റെ മനസ്സ് ആര്‍ക്കും കാണുവാന്‍ സാധിക്കുന്നില്ല,
അതാണല്ലോ എന്റെ വിജയം ...
---------------
എന്റെ മുറിവുകള്‍ ആര്‍ക്കും ഉണക്കുവാന്‍ സാധിക്കുന്നില്ല,
അതാണല്ലോ എന്റെ ദുഃഖം ...
---------------
എന്റെ വേദനകള്‍ ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല,
അതാണല്ലോ എന്റെ ജീവിതം ...