Wednesday, November 09, 2022

എൻ്റെ അപ്പൻ, സിപി വർക്കി ഒരു മഹാനായ കർഷകൻ

 എൻ്റെ അപ്പൻ, സിപി വർക്കി ഒരു മഹാനായ കർഷകൻ 


കഴിഞ്ഞ ദിവസം കൃഷി ഭവനിൽ മൂന്നാല് പ്രാവശ്യം കയറിയിറങ്ങേണ്ടി വന്നു. കാരണം അപ്പച്ചന് കഴിഞ്ഞ മാസം കിട്ടേണ്ട പിഎം കിസാൻ സമ്മാനം കിട്ടിയില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഓരോ നാലു മാസം കൂടുമ്പോഴും 2000 രൂപ സിപി വർക്കി എന്ന കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ കൃത്യമായി വന്നു ചേരുന്നു. കേന്ദ്ര സർക്കാരിന്റെ പുതിയ നയം കുറെയൊക്കെ അനർഹരിലേക്ക് പോകുമെങ്കിലും (കൃഷി ചെയ്യാതെ വെറുതെ കിടക്കുന്ന ഭൂമി ആണെങ്കിലും പണം കിട്ടും) അർഹരായ കർഷകർക്ക് ഇതൊരു വലിയ സമ്മാനമാണ്. പ്രത്യേകിച്ചും ചെറുകിട കർഷകർക്ക്. അർഹരായ കർഷകർക്ക് ഇത് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പ്രാദേശിക ജനപ്രതിനിധികളുടെ കടമയാണ്. 

ഏതായാലും കഴിഞ്ഞ മാസം കിട്ടേണ്ട ഗഡു കിട്ടിയില്ല, ഇതേക്കുറിച്ച്  അന്വേഷിക്കാനായി കൃഷിഭവൻ കയറിയിറങ്ങുന്നു. എന്നെ കണ്ടിട്ട് ആയിരിക്കും വീട്ടിൽ കൃഷി ഒന്നും നടക്കുന്നതായി കൃഷിഭവൻ ജീവനക്കാർക്ക് തോന്നിയില്ല എന്നു തോന്നുന്നു. ഉണ്ണിയെ കണ്ടാൽ അറിയാം .... എന്നൊരു ചൊല്ലുണ്ടല്ലോ!! സത്യമായിട്ടും ഞാനൊരു കർഷകനല്ല, കമ്പ്യൂട്ടറും തൊണ്ടിയിരിക്കുന്ന ഒരു വൈറ്റ് കോളർ, കരിയർ എക്സ്പെർട്ട് ??!! പക്ഷെ എന്റെ അപ്പച്ചൻ അങ്ങിനെയല്ല, എന്ന് ഓഫീസറുടെ മുൻപിൽ വിവരിക്കേണ്ടി വന്നു. അവിടെ വിളമ്പിയ വിവരങ്ങൾ (വിവരങ്ങൾ) ആണ് താഴെ കൊടുക്കുന്നത്.


എൻ്റെ അപ്പച്ചന് 84 വയസ്സ് കഴിഞ്ഞു. 84 വയസ്സ് തികഞ്ഞ ഒരു വ്യക്തി, ശതാഭിഷിക്തനായി എന്നാണല്ലോ പറയാറുള്ളത്. ആ പ്രായമാവുമ്പോഴേക്കും ഒരു വ്യക്തി ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കണ്ടിരിക്കും എന്നാണ് കണക്ക്. 

പേര് സിപി വർക്കി (ചാത്തങ്കേരിൽ വീട്, പെരുമ്പിള്ളി പിഒ) കാർഷിക അനുബന്ധ തൊഴിലുകൾ ചെയ്തിരുന്ന ഒരു കർഷക തൊഴിലാളി പെൻഷൻ ഗുണഭോകതാവാണ്‌. തേങ്ങ, അടയ്ക്ക, കുരുമുളക് മുതലായവ വീടുകളിൽ നിന്നും വാങ്ങി പ്രോസസ്സിംഗ് ചെയ്ത് വാണിജ്യ വിപണികളിൽ കൊണ്ടുപോയി കൊടുത്ത് ലാഭം എടുക്കുന്ന ഒരു മലഞ്ചരക്ക് വ്യാപാരി എന്നും പറയാം. തേങ്ങാ ആണെങ്കിൽ ചുമട്, തേങ്ങാ പൊതിക്കൽ, തേങ്ങാവെട്ട്‌, കൊപ്രയാക്കൽ, വെയിലത്ത്  ഉണക്കൽ, പുകപ്പുരയിൽ ഉണക്കൽ തുടങ്ങിയ എല്ലാ പണികളും സ്വയം (വീട്ടുകാരുടെ സഹായം കൂടി) ചെയ്തിരുന്ന ഒരു തൊഴിലാളി യായിരുന്നു, എൻ്റെ അപ്പച്ചൻ. കഴിഞ്ഞ പത്തുപതിനഞ്ചു വർഷങ്ങളായി കൊപ്ര കച്ചവടം നിർത്തിയിട്ട്. ഇപ്പോൾ വയസ്സ് 84 ആയി!! 


വിശ്രമജീവിതം അല്ല, ഞങ്ങളുടെ പുരയിടം 18 സെന്റ് ഭൂമിയാണ് ഉള്ളത്, അവിടെ എന്തും കൃഷിചെയ്യും. പ്രധാനമായും വാഴയാണ് താരം. പാളയം കോടൻ വാഴകൾ ഏകദേശം നൂറിൽ അധികമുണ്ട്. പുരയിടത്തിലെ കൃഷി വർഗ്ഗങ്ങളുടെ കൃത്യമായ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നുണ്ട്. 18 സെന്ററിൽ വീട്, കിണർ കഴിഞ്ഞുള്ള സ്ഥലത്താണ് കൃഷി,അപ്പോ ഏകദേശം 10 സെന്റ് മുഴുവൻ കൃഷി കാണും.  ഈ പ്രായത്തിലും ദിവസവും ഒരു മണിക്കൂർ എങ്കിലും മണ്ണിൽ പണിയെടുക്കുന്ന യഥാർത്ഥ കർഷകനാണ് ശ്രീ സിപി വർക്കി ചാത്തങ്കേരിൽ. അദ്ദേഹത്തിന്റെ കൃഷിയുടെ സമാനതകളില്ലാത്ത പ്രത്യേകതകൾ പറയാം 

1) കുറച്ചു ഭൂമിയിൽ കൂടുതൽ ഫലസസ്യാദികൾ വളർത്തി കൂടുതൽ വിളവെടുപ്പ്. 18 സെന്ററിൽ നിലവിൽ ഉള്ള മരങ്ങളുടെ ചെടികളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. ഇത് യാദൃശ്ചികമായി ശ്രദ്ധയിൽ പെട്ടതാണ്. എന്റെ മോന് നാലാം ക്‌ളാസ്സിൽ ഇ.വി.എസ് വിഷയത്തിന്റെ പ്രൊജക്റ്റ് ചെയ്യാൻ വീട്ടിലെ വിളകളുടെ ചാർട്ട് ചെയ്യാറാക്കി കൊണ്ടുപോകുമ്പോൾ ആണ് ഇത്രയധികം ഫലവൃക്ഷങ്ങൾ നമ്മുടെ പറമ്പിൽ ഉണ്ടെന്ന ബോധം /ബോധ്യത്തിൽ വന്നത് 

2) ഒരു പക്ഷെ ഞങ്ങളുടെ പഞ്ചായത്തിലെ ഏറ്റവും പ്രായം കൂടിയ കർഷകൻ അപ്പച്ചൻ ആയിരിക്കും. 84 വയസ്സുള്ള മറ്റാരെങ്കിലും ഇതുപോലെ മണ്ണിൽ പണിയെടുക്കുന്നുണ്ടോ എന്ന് സംശയമാണ്. എല്ലാ മാസവും വാഴപ്പഴം, വാഴ പിണ്ടി ,വാഴ കുടപ്പൻ തുടങ്ങിയ വിവിധ പച്ചക്കറികൾ വിളവെടുക്കുന്നു. എല്ലാ വർഷവും തേങ്ങാ, അടയ്ക്ക, കുരുമുളക്, കുടംപുളി മുതലായ നാണ്യവിളകൾ വിളവെടുക്കുന്ന 100 മേനി വിളയിക്കുന്ന കർഷകൻ! 

3) ഈ പ്രായത്തിലും പരസഹായം ഇല്ലാതെ സ്വയം കൃഷികാര്യങ്ങൾ നിത്യേന ചെയ്യുന്ന വ്യക്തിയാണ് അപ്പച്ചൻ. കഠിനാധ്വാനം അല്ല സ്മാർട്ട് വർക്ക് ആണ് അദ്ദേഹത്തിന്റെ ശൈലി. അതുകൊണ്ട് അത്തരം വിളകൾ ആണ് ചെയ്യുന്നത്. തന്നെക്കൊണ്ട് സ്വയം ചെയ്യാൻ പറ്റുന്ന പണികൾ മാത്രം, അതുകൊണ്ട് വിളയിക്കാവുന്ന വിളകൾ മാത്രം.

4) ദിവസവും സ്വന്തം പറമ്പിൽ നിന്നും എന്തെങ്കിലും വിളവെടുത്ത് ഭക്ഷണത്തിന് ഉപയോഗിക്കുന്ന മാതൃക കർഷകനാണ് അപ്പച്ചൻ. വാഴപ്പിണ്ടി, വാഴ കുടപ്പൻ അല്ലെങ്കിൽ എന്തെങ്കിലും ഒരു വിഭവം ഉണ്ടാകും ദിനവും ഞങ്ങളുടെ മേശപ്പുറത്ത്. വാഴപ്പിണ്ടി, കുടപ്പൻ തോരൻ പാചകം ചെയ്യുന്നതിലും വിദഗ്ധനാണ് അദ്ദേഹം.

5) ഉപായങ്ങളുടെ തമ്പുരാൻ എന്ന് വിളിക്കാം, കാരണം കൃഷി ലളിതവും ആയാസരഹിതവും ആക്കാനുള്ള ഉപായങ്ങൾ അദ്ദേഹത്തിന് നല്ല വശമുണ്ട്. 30 കിലോയോക്കെ വരുന്ന വാഴക്കുല ഒറ്റക്ക് കുറച്ച് കയറുകളുടെ, വടികളുടെ താങ്ങ് കൊടുത്ത് ഓടിയാതെ ചതയാതെ വെട്ടി താഴെയിറക്കുന്നത് കാണേണ്ട കാഴ്ച തന്നെയാണ്. അതുപോലെ ഒരു വാഴ പിരിച്ച് അടുത്ത കുഞ്ഞ് (വാഴക്കന്ന്) വയ്ക്കുന്ന രീതിയും. 

6)വീട്ടിൽ തന്നെയുള്ള ചാരം, കോഴിക്കാഷ്ടം, ആട്ടിൻ കാട്ടം ഇവയൊക്കെയാണ് പ്രധാന വളങ്ങൾ എങ്കിലും വല്ലപ്പോഴും സഹകരണ സംഘത്തിൽ നിന്നും യൂറിയ, പൊട്ടാസ്യം ഒക്കെ ചെറിയ തോതിൽ വാങ്ങി ഉപയോഗിക്കുന്നത് കാണാം. ജൈവകൃഷിയിൽ ഒന്നും പ്രത്യേക മമതയില്ല. 

ഇങ്ങനെയുള്ള  ഒരു കർഷകനെ ആദരിക്കേണ്ടത് നാടിന്റെ കടമയാണ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇത്തരം കർഷകരെ കണ്ടെത്തി അങ്ങോട്ട് ചെന്ന് ആദരിക്കണം. കൃഷിഭവൻ വഴി ഇവർക്ക് പ്രത്യേക പാരിതോഷികങ്ങളും സമ്മാനങ്ങളും എത്ര നല്കിയാലും അധികമാകില്ല.


കർഷകൻ ആണ് ഒരു രാജ്യത്തിന്റെ അഭിമാനം 

കർഷകൻ ആണ് ഒരു രാജ്യത്തിന്റെ കാവൽ 

കർഷകൻ ഇല്ലെങ്കിൽ രാജ്യം ഇല്ല, മനുഷ്യൻ ഇല്ല!! 

കൃഷിയെ ആദരിക്കുമ്പോൾ 

കർഷകനെ ആദരിക്കുമ്പോൾ 

ആണ് 

ഇന്ത്യ ഒരു വൻശക്തിയായി മാറുക 

   

   

No comments: