Tuesday, November 08, 2022

മാനസീക ആരോഗ്യം കുട്ടികളിൽ:

 മാനസീക ആരോഗ്യം കുട്ടികളിൽ: 

സ്‌കൂൾ തലം മുതൽ തന്നെ കുട്ടികളിൽ മാനസീക ആരോഗ്യത്തിന്റെ പ്രാധാന്യം മനസിലാക്കുന്ന ബോധവത്കരണം ആവശ്യമാണ്. ശാരീരിക ആരോഗ്യം പോലെ തുല്യമായി മാനസീക ആരോഗ്യ പരിപാലനവും പ്രധാനമാണ്. ശാരീരിക വളർച്ചയ്ക്ക് ഉതകുന്ന കായിക പരിശീലനം, ഭക്ഷണ രീതികൾ, പോഷകാഹാരം ഇവയെക്കുറിച്ച് നമ്മൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതുപോലെ മനസിന്റെ പോഷണം, ആരോഗ്യം, പരിശീലനം എന്നിവയുടെ പ്രാധാന്യവും ശരീരത്തിന് പനി, ജലദോഷം തുടങ്ങിയ രോഗങ്ങൾ ഉണ്ടാവുന്നതുപോലെ നമ്മുടെ മനസ്സിനും പലവിധ അസുഖങ്ങൾ അല്ലെങ്കിൽ അസ്വാസ്ഥ്യങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അവയെ ഗൗരവമായി കണക്കിലെടുത്ത് വേണ്ട പരിഗണയും വിശ്രമവും വേണമെങ്കിൽ ചികിത്സയും ലഭ്യമാക്കാൻ മടിക്കേണ്ടതില്ല എന്ന ബോധം മനുഷ്യരിൽ വളർത്തി കൊണ്ടുവരണം.

ശരീരത്തിന് വിശപ്പ്, ദാഹം അനുഭവപ്പെടുന്നതുപോലെ മനസ്സിന് ദേഷ്യം, സങ്കടം ഒക്കെയുണ്ടാവുമ്പോൾ അവ കെട്ടിമൂടി വയ്ക്കാതെ (മറ്റു സഹജീവികൾക്ക് ഹാനികരമല്ലാത്ത വിധം) ആരോഗ്യപരമായി എങ്ങിനെ പുറത്തേയ്ക്ക് പ്രവഹിപ്പിക്കാമെന്ന പരിശീലനം ആവശ്യമാണ്. 

ശരീരത്തിന്റെ ആവശ്യങ്ങളായ മലമൂത്രാദി വേഗങ്ങൾ തടയുന്നതുപോലെ മനസിന്റെ ആവശ്യങ്ങളായ ദേഷ്യം, സങ്കടം, സന്തോഷം, ഭയം ഇവയൊക്കെ അടിച്ചമർത്തി വയ്ക്കുന്നത് പിന്നീട് രോഗങ്ങൾക്ക് (സ്വഭാവ വൈകല്യങ്ങൾക്ക്) കാരണമാകാം

മദ്യം, മയക്കുമരുന്ന്, അന്ധവിശ്വാസങ്ങൾ, മൊബൈൽ ഗെയിം ഇവയൊക്കെ നിയമം മൂലം നിരോധിച്ച് ഭാവിതലമുറയെ രക്ഷെപ്പടുത്താം എന്ന് ചിന്തിക്കുന്നവരുണ്ട്. സ്ത്രീധനം മൂലമുള്ള പ്രണയ നൈരാശ്യം മൂലമുള്ള ആത്മഹത്യകൾ നാം പലപ്പോഴും പത്രവാർത്തകളിൽ കാണുന്നു. ഇവിടെയൊക്കെ ഇത്തരം സാമൂഹ്യ വിപത്തുകളെ തരണം ചെയ്യുന്നതിന് കരുത്തുള്ള മനോബലമുള്ള വൈകാരിക പക്വതയുള്ള മനുഷ്യനെ വാർത്തെടുക്കുവാൻ സ്‌കൂൾ തലത്തിൽ മാനസീക ആരോഗ്യ പരിപാലന പരിശീലനം വഴി സാധിക്കും. 

മാനസീക -വൈകാരിക കരുത്ത് ശോഷിക്കുമ്പോൾ ആണ് ആളുകൾ മുൻ പറഞ്ഞ സാമൂഹ്യ തിന്മകൾക്ക് പുറകെ പോകുന്നത്, അതിന്റെ അടിമത്തത്തിലേക്ക് വലിച്ചടുപ്പിക്കപ്പെടുന്നത്. 

സ്‌കൂൾ കൗൺസലിംഗ്: 


സംസ്ഥാന തലത്തിൽ യോഗ്യതയും പ്രവർത്തി പരിചയവും ഉള്ള കൗൺസിലർ മാരുടെ പാനൽ തയ്യാറാക്കണം, ഇവർക്ക് മണിക്കൂർ അടിസ്ഥാനത്തിൽ വേതനം നിശ്ചയിക്കാവുന്നതാണ് 
കുറഞ്ഞത് 3 ദിവസം എങ്കിലും പരിശീലനം നൽകി, കൗൺസിലിംഗ് രീതികളിൽ ഒരു ഏകതാരൂപം കൊണ്ടുവരണം 
പാനലിൽ ഉൾപ്പെട്ട കൗൺസിലർ മാർക്ക് ഒരു മാർഗ്ഗരേഖ നൽകേണ്ടതുണ്ട് (അച്ചടിച്ചത്)
മനഃശാസ്ത്രം, സോഷ്യൽ വർക്ക് മേഖലകളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരെ ഉൾപ്പെടുത്താം. കൂടാതെ കൗൺസിലിംഗ്, തെറാപ്പി, ട്രാന്സാക്ഷണൽ അനാലിസിസ്, എൻ.എൽ.പി പോലുള്ള  മനഃശാസ്ത്ര സങ്കേതങ്ങളിലെ അറിവ് കൗൺസലിംഗ് രംഗത്ത് ഉപകരിക്കും 
സ്‌കൂൾ കൗൺസലിംഗ് വിദ്യാർത്ഥികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ട് പ്രയോജനം ഇല്ല, ഭൂരിഭാഗവും മാതാപിതാക്കൾക്കും ചിലപ്പോൾ ഗ്രാൻഡ് പരന്റ്സിനും കൗൺസലിംഗ് ആവശ്യമായി വരും (കുട്ടികളിൽ മാറ്റം ഉണ്ടാവണമെങ്കിൽ)
സ്‌കൂളിലെ സ്ഥിരം കൗൺസിലർ, പരിചയമുള്ള കൗൺസിലർ മാരെ ഒഴിവാക്കുക. പലപ്പോഴും കുട്ടികൾക്ക് തുറന്നു പറയാൻ അത് തടസമാകും [വിമുഖത കാണിക്കും ]

ഫ്രീലാൻസ് കൗൺസിലർ മാരെ ഉൾപ്പെടുത്തി ഒരു പാനൽ ഉണ്ടാക്കുക 
അവർക്ക് മതിയായ യോഗ്യത + പ്രവർത്തി പരിചയം ഉണ്ടെന്ന് ഉറപ്പുവരുത്തുക . കുറഞ്ഞത് 3 ദിവസത്തെ പരിശീലനം കൊടുത്ത് സ്‌കൂൾ കൗൺസലിംഗ് ഒരു ഏകതാ രൂപം വരുത്തുക 

ക്‌നോളഡ്ജ് മിഷൻ, സന്നദ്ധം പോർട്ടൽ വഴിയായി കേരളത്തിലെ അഭ്യസ്തവിദ്യരായ സൈക്കോളജി,, സോഷ്യൽ വർക്ക് കൗൺസിലർ മാരുടെ ശക്തമായ ഒരു ഡാറ്റാബേസ് ഉണ്ടാക്കാൻ സാധിക്കും 


കൗൺസിലിംഗ് കുട്ടിക്കളിയല്ല!

കൗൺസലിങ് വളരെ ശ്രമകരമായ ഒരു ജോലിയാണ്, കാരണം കുട്ടിയുടെയും മാതാപിതാക്കളുടെയും അവരുടെ കുടുംബത്തിലെയും വിഴുപ്പുകളുടെ ഭാണ്ഡകെട്ട് കൗൺസിലർ മുൻപാകെ തുറന്നിട്ടും. വളരെ നെഗറ്റീവ് ആയ അനുഭവങ്ങൾ മാത്രം കേൾക്കാൻ വിധിക്കപ്പെട്ടവരാണ് കൗൺസിലർമാർ. അതുകൊണ്ട് തന്നെ അത് അവരുടെ ആരോഗ്യത്തെ പോലും ബാധിക്കും. മാന്യമായ വേതനം കൗണ്സിലമാർക്ക് ഉറപ്പു വരുത്തണം, എങ്കിൽ മാത്രമേ കഴിവുള്ള കൗൺസിലർമാർ ഈ മേഖലയിലേക്ക് കടന്നു വരൂ 

സ്‌കൂൾ കൗൺസിലിംഗ് സംബന്ധിച്ച ഗവേഷണത്തിന് കോളേജുകൾ യൂണിവേഴ്സിറ്റികൾ ഉള്ള മനഃശാസ്ത്ര വിഭാഗത്തിന്റെ സഹായം തേടാവുന്നതാണ്. കൗൺസിലർമാരുടെ പരിശീലനം, മോണിറ്ററിങ്, പഠനം മുതലായ കാര്യങ്ങളിൽ കേരളത്തിലെ യൂണിവേഴ്സിറ്റികൾക്ക് കാര്യമായ പങ്കു വഹിക്കാൻ കഴിയും 

കൂടാതെ മെഡിക്കൽ കോളേജ്, സർവ്വകലാശാല തലത്തിൽ മനോരോഗ ചികിത്സാ വിഭാഗവും സൈക്കിയാട്രിസ്റ്റ് മാരുടെ സേവനവും സ്‌കൂൾ കൗൺസിലിംഗ് നെ ഗൈഡ് ചെയ്യാം [മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാം]

കുട്ടികൾക്ക് ഹൈസ്‌കൂൾ തലം മുതൽ [പ്രായത്തിന് അനുസരിച്ച ]ലൈംഗീക വിദ്യാഭ്യസസം നൽകേണ്ടത് അത്യാവശ്യമാണ്. വ്യക്തി ബന്ധങ്ങൾ, വൈകാരിക ശേഷികൾ, ബുദ്ധികൾ ശരിയായ വിധം ഉപയോഗപ്പെടുത്താൻ സംഗീതം, നാടകം മുതലായ കലകൾ ഉൾപ്പെടുത്തി മനഃശാസ്ത്ര പരിശീലനം ചിട്ടപ്പെടുത്തുവാൻ കഴിയും 

അധ്യാപർക്ക് അത്യാവശ്യമായി വളർച്ച ഘട്ടങ്ങൾ, വൈകാരിക വളർച്ച, ബഹുമുഖ ബുദ്ധി പ്രഭാവം ഈ വിഷയങ്ങളിൽ ആഴത്തിലുള്ള പരിശീലനം നൽകണം. ഓരോ കുട്ടിയും വ്യത്യസ്തരാണ്, തുല്യ ബഹുമാനത്തോടെ ഇടപെടേണ്ട വ്യക്തികൾ ആണ് കുട്ടികൾ, ജനാധിപത്യം ക്‌ളാസ് മുറികളിൽ ... ഈ വിഷയങ്ങൾ ഗൗരവമായി എടുക്കണം 

അഭിരുചി നിർണ്ണയം വിവിധ ടെസ്റ്റുകൾ വഴി ഇന്ന് സാധ്യമാണ്, കൂടാതെ ഉപരിപഠനത്തിന് വിശാല സാദ്ധ്യതകൾ ഉള്ളത് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കണം. 

പിന്തുണ, പരിശീലനം ഇക്കാര്യങ്ങളിൽ കേരളത്തിൽ അസാപ്പ് [സ്കിൽ ഡെവലൊപ്മെൻറ്] നടത്തുന്ന ഇടപെടലുകൾ, രീതികൾ മാതൃകയാക്കാവുന്നതാണ്
------------------------------
ജോസി വർക്കി 
കൗൺസിലിംഗ് സൈക്കോളജിസ്റ്റ് 
എറണാകുളം 

No comments: