Wednesday, November 02, 2022

ലഹരിക്കെതിരെ മനുഷ്യ ചെങ്ങല?!

 ലഹരിക്കെതിരെ മനുഷ്യ ചെങ്ങല?!

സാമൂഹ്യ ബോധവത്കരണ യജ്ഞത്തിൽ മനുഷ്യ മതിലും മനുഷ്യ ചെങ്ങലയും ദീപം തെളിക്കലും പാട്ട കൊട്ടലും ഒക്കെ നല്ലതാണ്. ഇന്ന് കേരളത്തിൽ വ്യപകമായിക്കൊണ്ടിരിക്കുന്ന ലഹരി മരുന്ന് വ്യാപനം, അന്ധവിശ്വാസങ്ങൾ, ആഭിചാരക്രിയകൾ ഇവയൊക്കെ തുടച്ചു മാറ്റാൻ കുറേകൂടി ക്രിയാത്മകമായ ഫലപ്രദമായ ശാസ്ത്രീയമായ നടപടികൾ ആവശ്യമാണ്. സർക്കാർ നിയമപ്രകാരം വിൽക്കുന്ന മദ്യഷാപ്പുകളിൽ തിരക്കു നിയന്ത്രിക്കാൻ അടിയന്തിര നടപടികൾ ആവശ്യമാണ് 200 % മുകളിൽ നികുതി ഈടാക്കി വിൽക്കുന്ന മദ്യം വാങ്ങാൻ ഉപഭോകതാക്കൾ പട്ടികളെ പോലെ തെരുവുകളിൽ ക്യു നിൽക്കുന്ന കാഴ്ച മലയാളികൾക്ക് അപമാനമാണ്. ഈ അപമാനഭാരം ചുമന്നു ചുമന്ന് മദ്യപാനികൾ കൂടുതൽ ലഹരി അടിമത്തങ്ങളിലേക്ക് വീണുപോകുന്നു. ഡിമാൻഡ് കൂട്ടി വില്പന കൂട്ടുന്ന തന്ത്രമാണ് കേരളത്തിലെ ബീവറേജസ് വകുപ്പ് പയറ്റുന്നത്.

കേരളത്തിൽ ഇപ്പോൾ എല്ലാദിവസവും ലഹരിമരുന്ന് വേട്ട ഒരു പ്രധാന വാർത്തയാണ്. ഇതിൽ നിയമപ്രകാരം നിരോധിച്ചിരിക്കുന്നു കെമിക്കൽ ഡ്രഗ്‌സ് ആണല്ലോ ഇപ്പോൾ വ്യാപകമായി കൗമാരക്കാരിലും യൂവാക്കളിലും പടരുന്നത്. ഈ കെമിക്കൽ ഡ്രഗ്‌സ് കേരളത്തിൽ നിർമ്മിക്കുന്നവ അല്ല, കേരളത്തിലേക്ക് കൊണ്ടുവരുന്നതാണ്. ഈ മാരക മയക്കുമരുന്നുകൾ മനുഷ്യനെ നീരാളി പോലെ പിടി മുറുക്കുകയും അതിൽ നിന്നും രക്ഷപെടാൻ ആവാത്തവിധം നാഡീവ്യൂഹങ്ങളിൽ പ്രവർത്തിച്ച് നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് കൊറോണ വൈറസിനേക്കാൾ ഭയാനകവും ഭീകരവുമാണ്.

അപ്പോൾ എന്തുകൊണ്ട് നമ്മുടെ സർക്കാരുകൾ ലോക്ക് ഡൗൺ കാലത്ത് കാണിച്ച ജാഗ്രത ഈ മയക്കുമരുന്ന് വ്യാപനം തടയാൻ കാണിക്കുന്നില്ല. ലോക്കഡൗൺ കാലത്ത് ആരോഗ്യ, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പുകൾ വളരെ ഉണർന്ന് പ്രവർത്തിച്ചത് നമ്മൾ കണ്ടതാണ്. ഇടവഴിയും ഊടുവഴികളും മാർക്ക് ചെയ്‌ത്‌ ബ്ലോക്കു ചെയ്യുകയും അണുവിട പഴുതില്ലാത്ത നിയന്ത്രണങ്ങളും സുരക്ഷാ മാർഗ്ഗങ്ങളും നടപ്പിലാക്കി. അതുപോലെ ശക്തമായ, നിയമ-നീതിന്യായ -പോലീസ്  നടപടികൾ ഉണ്ടായാൽ മാത്രമേ കെമിക്കൽ ഡ്രഗ്‌സ് കേരളത്തിൽ വ്യാപകമായി വിപണനം ചെയ്യുന്നത് നിയന്തിക്കാൻ സാധിക്കൂ. കർശന നടപടികൾ സാധ്യമാണെന്ന് കൊറോണ കാലം നമ്മെ കാണിച്ചു തന്നതാണ്.

സർക്കാരുകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ഉറച്ച തീരുമാനവും ഇച്ഛാശക്തിയോടെയുള്ള നടപടികളും കൊണ്ടു മാത്രമേ ഈ വൻ വിപത്തിൽ നിന്നും കേരളത്തെ യുവതലമുറയെ രക്ഷിക്കാൻ സാധിക്കൂ. ബോധവൽക്കരണം ഒരു ചെറിയ അംശം മാത്രം!!
നമ്മുടെ രാജ്യത്തെ വലിയ അരാജകത്വത്തിലേക്ക് നയിക്കുന്ന മയക്കുമരുന്ന് എന്ന മഹാവിപത്ത് അന്തരാഷ്ട്ര മയക്കുമരുന്ന് മാഫിയകളിൽ നിന്നും നമ്മുടെ സമൂഹത്തിലേക്ക് ഒഴുകുന്നത് തടയാൻ, വേണമെങ്കിൽ സൈന്യവും പോലീസും കൈകോർത്ത് കാവലാവണം

ജോസി വർക്കി
മുളന്തുരുത്തി
 
 

No comments: