Tuesday, September 16, 2014

ഫോണിൽ സംസാരിക്കുമ്പോൾ

ഗൾഫിൽ ജോലിയുള്ള ഭർത്താവ്‌ 'ഫോണിൽ വിളിക്കാറില്ല, വിളിച്ചാൽ വളരെ കുറച്ചേ സംസാരിക്കൂ', ഈ പ്രശ്നവുമായാണ്    പ്രിയ എന്ന വീട്ടമ്മ കൌണ്‍സെലിംഗ് കേന്ദ്രത്തിൽ വരുന്നത്. അയാൾക്ക് വേറെ ആരെങ്കിലുമായി അടുപ്പമുണ്ടോ എന്നാണവളുടെ സംശയം. ഭർത്താവ് ലീവിന് വരുമ്പോൾ രണ്ടാളും കൂടി വരാൻ പറഞ്ഞു വിട്ടു.

രണ്ടു മാസം കഴിഞ്ഞപ്പോൾ അവൾ ഭർത്താവും കൂടി എന്നെ കാണാൻ വന്നു. ഭാര്യയെ പുറത്തിരുത്തി അദ്ദേഹത്തോട് തനിയെ സംസാരിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി. വിവാഹം കഴിഞ്ഞിട്ട് 12 വർഷം ആയി, രണ്ടു കുഞ്ഞുങ്ങൾ ഉണ്ട്. ഗൾഫിൽ ജോലി ആണെങ്കിലും മനസ്സെപ്പോഴും നാട്ടിലെ കുടുംബത്തോടോപ്പമാണ്. പിന്നെന്താണ് ഭാര്യയുമായി ഇത്ര അകൽച്ച? അത് പറയാൻ തുടങ്ങിയപ്പോൾ തന്നെ അയാളുടെ കണ്ണുകൾ നിറഞ്ഞു. വിവാഹം കഴിഞ്ഞ ഇടയ്ക്ക് നിത്യവും വീട്ടിലേക്ക്ഫോണ്‍ വിളിക്കുമായിരുന്നു. ഭാര്യയോ അമ്മയോ എടുക്കും കുറച്ചു നേരം സംസാരിക്കും പിന്നെ കട്ടു ചെയ്യും. ഭാര്യയുടെ ശബ്ദം കേൾക്കുന്നതു തന്നെ ഒരു തേങ്ങൽ പോലെയാണ്. വളരെ ശബ്ദം കുറച്ചു, വാക്കുകൾ തേടിപ്പിടിച്ചു സംസാരിക്കുന്നതു പോലെ. ഗൾഫിലെ ജോലിയും മറ്റു ബുദ്ധിമുട്ടുകളും മറക്കാൻ വീട്ടിലേക്ക് സ്വന്തം ഭാര്യയെ വിളിക്കുമ്പോൾ മറുഭാഗത്തെ സംസാരം 'അവാർഡ് സിനിമ' പോലെ അയാൽ എങ്ങിനെയിരിക്കും? അങ്ങിനെ അയാൾക്ക് ഫോണ്‍ വിളി തന്നെ അരോചകമായി തീർന്നു!!

ഭർത്താവിനോട് കുറച്ചു നേരം പുറത്തിരിക്കാൻ പറഞ്ഞിട്ട്,  ഭാര്യയെ വിളിച്ചു. സംസാരിച്ചപ്പോൾ മനസ്സിലായി അവർ മനപ്പൂർവമോ അയാളെ ഒഴിവാക്കാനോ അല്ല, മറിച്ചു അമ്മായി അമ്മയെ ഭയന്നിട്ടാണ് ഇതുപോലെ പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു തുടങ്ങിയത്. പിന്നെ എപ്പോഴോ അതൊരു ശീലമായി മാറി. മാത്രവുമല്ല സന്തോഷത്തോടെ ചിരിച്ചുല്ലസിച്ച് സംസാരിച്ചാൽ ഭർത്താവ്‌ എന്തു കരുതും, ഞാൻ ഗൾഫിൽ കിടന്ന് പാടുപെടുമ്പോൾ നീ അവിടെ സന്തോഷിച്ച് ജീവിതം ആഘോഷിക്കുകയാണല്ലേ, എന്നെങ്ങാനും കരുതിയാലോ. സ്വന്തമായി ഒരു ജോലിയും വരുമാനവും ഇല്ലാത്തതിന്റെ കുറ്റബോധവും അവർക്കുണ്ടായിരുന്നു. കുടുംബം നോക്കി നടത്തുന്നതിന്റെയും  കുട്ടികളെ വളർത്തുന്നതിന്റെയും  ഭർത്താവിന്റെ മാതാപിതാക്കളെ പൊന്നുപോലെ സംരക്ഷിക്കുന്നതിന്റെയും വിലയെക്കുറിച്ച്    പറഞ്ഞു ബോധ്യപ്പെടുത്തി അവരുടെ ആത്മ വിശ്വാസം  വർദ്ധിപ്പിക്കാൻ ഏകദേശം ഒരു മണിക്കൂർ ചെലവോഴിക്കേണ്ടി വന്നു.

പിന്നീടു് ലീവിന് വന്നപ്പോൾ ഭർത്താവു തന്നെ മുൻകൈ യെടുത്ത് വന്നപ്പോൾ അവരുടെ മുഖത്ത് സന്തോഷം തെളിഞ്ഞു കാണാമായിരുന്നു.  

നിങ്ങൾ ഇവിടെ പുഞ്ചിരിച്ചാൽ അനേകം കാതമകലെ ഗൾഫിലോ അമേരിക്കയിലോ ഇരിക്കുന്ന ആൾക്കും നിങ്ങളുടെ പ്രസന്ന ഭാവം മനസ്സിലാകും. ഫോണ്‍ ചെയ്യുമ്പോൾ അതിൽ ശ്രദ്ധിക്കണമെന്നു മാത്രം. എപ്പോഴും ദുഃഖഭാവം മാത്രം കൊണ്ടു നടക്കുന്ന ഒരാളുമായി അധികം ഇടപഴകാൻ, ഫോണിലൂടെ ആയാലും നേരിട്ടായാലും നമ്മിൽ ഭൂരിഭാഗം ആളുകളും ഇഷ്ടപ്പെടുന്നില്ല.   

ഫോണിൽ സംസാരിക്കുമ്പോൾ എല്ലാവരും പാലിക്കേണ്ട ചില സാമാന്യ മര്യാദകൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനമായി എനിക്കു തോന്നിയിട്ടുള്ളത് 'സന്തോഷ' മായി സംസാരിക്കുക എന്നതാണ്. (എന്തെങ്കിലും മരണ വിവരം പറയുമ്പോഴോഴികെ). ഫോണിലൂടെ നിങ്ങളെ കേൾക്കുന്ന വ്യക്തിക്ക് നിങ്ങളുടെ ഹൃദയം കാണുവാനാകും. അതുപോലെ തന്നെ ഫോണിലൂടെ നിങ്ങൾക്ക് 'പോസിറ്റീവ് ഊർജം' മറ്റൊരിടത്തേക്ക്, മറ്റൊരാളിലേക്ക് പകരുവാനാകും. അത് ലോകത്തിന്റെ ഏതു കോണിലാണെങ്കിലും.

നമ്മുക്ക് ഇവിടെ കുറച്ചു ഫോണ്‍ മര്യാദകൾ മനസിലാക്കാം:
1) വിളിക്കുന്ന ആളും സ്വീകർത്താവും ആദ്യം തന്നെ സ്വമേധയാ പരിചയപ്പെടുത്തണം. എന്നെ മനസിലായില്ലേ, ആരാണെന്നു മനസ്സിലായോ തുടങ്ങിയ കളിതമാശകൾ പരമാവധി ഒഴിവാക്കുക. അത് ടി.വി. യിൽ കാണുന്ന ചില പറ്റിക്കൽ മത്സരത്തിനു മാത്രം യോജിക്കുന്നതാണ്.
2) നമ്മുടെ ഫോണ്‍ ബെല്ലടിച്ചാൽ 3 ബെല്ലിനകം തന്നെ എടുക്കാൻ ശ്രമിക്കുക, തിരക്കിലാണെങ്കിൽ പിന്നീട് വിളിക്കുവാ നോ തിരികെ വിളിക്കാമെന്നൊ പറയുക. നോട്ട് ചെയ്തു വച്ചിട്ട് പിന്നീട് വിളിക്കുക
3) ടി.വി. / റേഡിയോ തുടങ്ങിയവയുടെ അടുത്താണ് നിങ്ങളുടെ ഫോണ്‍ ഇരിക്കുന്നതെങ്കിൽ അവ ഒഫാക്കുകയോ ശബ്ദം കുറയ്ക്കുകയോ ചെയ്ത ശേഷം സംസാരിക്കുക
4) മൊബൈലിൽ സംസാരിക്കുമ്പോൾ നിങ്ങൾ വീടിനു വെളിയിൽ പൊതുസ്ഥലത്താണെങ്കിൽ ശബ്ദം താഴ്ത്തി സംസാരിക്കണം. അതുപോലെ തികച്ചും വ്യക്തി പരമായ, സ്വകാര്യങ്ങൾ പൊതു സ്ഥലത്ത് വച്ച് (ബസ്‌ ,ട്രെയിൻ) മറ്റുള്ളവർ കേൾക്കെ സംസരിക്കാതിരി ക്കുന്നതാണ് ഉത്തമം                                      
5) രാത്രി 10 മണിക്ക് ശേഷവും രാവിലെ 7 മണിക്ക് മുൻപും പരമാവധി ഫോണ്‍ വിളികൾ ഒഴിവാക്കുക. എന്തെങ്കിലും അപകട / മരണ വാർത്തകൾക്കൊഴികെ.
6) നിങ്ങൾ തെറ്റായി ഒരു നമ്പർ ഡയൽ ചെയ്തു വിളിച്ചാൽ എടുത്ത ആളോട് മാപ്പു പറയാൻ മടിക്കരുത്
7) നിങ്ങൾക്ക് ലഭിച്ച കോൾ മറ്റൊരു കുടുംബാംഗത്തിനുള്ളതാണെങ്കിൽ 'ദയവായി ഹോൾഡ്‌ ചെയ്യാൻ' പറഞ്ഞ ശേഷം മാത്രം വേണ്ടപ്പെട്ട ആളെ വിളിച്ചു വരുത്തുക.
8) ഫോണിൽ ചോദിച്ച വ്യക്തി സ്ഥലത്തില്ലെങ്കിൽ, വിളിക്കുന്ന ആളുടെ നമ്പർ വാങ്ങി കുറിച്ചിടുക, ബന്ധപ്പെട്ട വ്യക്തി വരുമ്പോൾ വിവരം അറിയിക്കണം.
 9) ഹോസ്റ്റൽ / ഹോസ്പിറ്റൽ പോലുള്ള സ്ഥാപനങ്ങളിലെ  പൊതു ഫോണ്‍ ഉപയോഗിക്കുമ്പോൾ ദീർഘനേരം സംസാരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മറ്റുള്ളവർ കോളിനു വേണ്ടി കാത്തിരിക്കുന്നുണ്ടാവാം.   
10) പുഞ്ചിരിയോടു കൂടി സംസാരിക്കുക, ഫോണിൽ ആണെങ്കിലും നിങ്ങളെ മറുഭാഗത്തുള്ളയാൾ കാണുന്നുണ്ടെന്ന് സങ്കൽപ്പിച്ചുകൊണ്ട് വേണം സംസാരിക്കാൻ. നമ്മുടെ സംസാരത്തിലെ ഭാവം / സംസാരിക്കുന്ന രീതി ഫോണിലൂടെ കേൾക്കുന്നവർക്ക് വളരെ വേഗത്തിൽ ഊഹിച്ചെടുക്കാൻ സാധിക്കും. ദുഃഖ / സങ്കടഭാവത്തിൽ സംസാരിക്കുന്നത് ഫോണിലൂടെ കേൾക്കാൻ ആരും ആഗ്രഹിക്കുന്നില്ല.
11) വളരെ അടുപ്പമുള്ളവരുമായി  അല്ലെങ്കിൽ,  എന്തെങ്കിലും ചവക്കുകയോ തിന്നുകയോ ചെയ്തു കൊണ്ട് ഫോണിൽ സംസാരിക്കരുത്  
12) ആരാധനലയങ്ങളിലോ പോതുയോഗങ്ങളിലോ ആയിരിക്കുമ്പോൾ മൊബൈൽ ഫോണ്‍ അറ്റൻഡ് ചെയ്യരുത്. അത്യാവശ്യം ആണെങ്കിൽ പുറത്തിറങ്ങി വന്നു സംസാരിക്കുക.
13) റോഡ്‌ / റയിൽ മുറിച്ചു കടക്കുമ്പോൾ, ബാങ്കിലോ കടയിലോ കാശ് കൈകാര്യം ചെയ്യുമ്പോൾ ദയവായി ഫോണ്‍മൊബൈൽ ഉപയോഗിക്കാതിരിക്കുക
14) ഇന്റർവ്യൂ, അല്ലെങ്കിൽ ഏതെങ്കിലും പ്രധാന മീറ്റിംഗ്, ഡോക്ടർ സന്ദർശനം തുടങ്ങിയ അവസരങ്ങളിൽ മൊബൈൽ ഫോണ്‍ ഓഫ്‌ ചെയ്യുന്നതാണ്‌ നല്ലത്. 

ഫോണ്‍ മര്യാദകൾ നിയമങ്ങൾ അല്ല; നിയമങ്ങൾ ആയി അടിച്ചേൽപ്പിക്കാനും ആവില്ല. പക്ഷെ അവ നിങ്ങളുടെ വ്യക്തി ബന്ധങ്ങളെ ദൃഡപ്പെടുത്തും, തീർച്ച.

നമ്മുടെ കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ, അയൽക്കാർ, സഹപാഠികൾ, സുഹൃത്തുക്കൾ, ക്ലൈന്റ്സ് ... ഒക്കെയായി  നല്ല ബന്ധം സ്ഥാപിക്കാൻ, വളർത്താൻ ഈ ചെറിയ പൊടിക്കൈകൾ തീർച്ചയായും ഉപകരിക്കും.                       

No comments: