Friday, September 19, 2014

ഇന്റർവ്യൂ വിൽ പങ്കെടുക്കാം - പേടിയില്ലാതെ

ഒരു ജോലിക്കു വേണ്ടിയുള്ള  ആദ്യത്തെ ഇന്റർവ്യൂ ആരും മറക്കാനിടയില്ല. ആ ജോലി കിട്ടിയില്ലെങ്കിൽ ഞാൻ മരിച്ചു പോകും എന്ന മനസീകാവസ്ഥയിൽ ആണ് ഞാനും നിങ്ങളിൽ പലരും ആദ്യത്തെ ഇന്റർവ്യൂ അഭിമുഖീകരിച്ചിട്ടുണ്ടാവുക! പിന്നീട് എന്റെ ജോലി എച്ച്. ആർ (മനുഷ്യ വിഭവശേഷി) വിഭാഗത്തിലേക്ക് മാറിയപ്പോൾ നിരവധി പേരെ ഇന്റർവ്യൂ ചെയ്യാനുള്ള ഭാഗ്യമുണ്ടായി. പുതുമുഖങ്ങളെ സംബദ്ധിച്ച് ഇന്റർവ്യൂ എപ്പോഴും കൊലമരത്തിലേയ്ക്കുള്ള യാത്ര പോലെയാണ്. ഭാഷ ഒരു പ്രധാന തടസം ആണു പലർക്കും, പ്രത്യേകിച്ചും 'മലയാളം ' മീഡിയത്തിൽ പഠിച്ച് വരുന്നവർക്ക്. എന്നാൽ ആത്മവിശ്വാസം കൊണ്ടും വിഷയ വിവരം കൊണ്ടും പൊതു വിജ്ഞാനം കൊണ്ടും ഇതിനെ തരണം ചെയുന്ന മിടുക്കന്മാരെ ധാരാളം കണ്ടിട്ടുണ്ട്.

ബൈബിളിൽ യേശു പറഞ്ഞ  'താലന്തു'കളുടെ ഉപമ വായിക്കുമ്പോൾ പലപ്പോഴും വ്യക്തികളുടെ   കഴിവുകളുമായി താരതമ്യപ്പെടുത്തി ചിന്തിച്ചു പോകാറുണ്ട്. ദൈവം നമുക്ക് തലന്തുകൾ (Talents = കഴിവുകൾ) നല്കിയിരിക്കുന്നത് അത് മണ്ണിൽ മൂടി വയ്ക്കാനല്ല ; മറിച്ച് ഇരട്ടിപ്പിക്കാനും അതുകൊണ്ട് മറ്റുള്ളവർക്ക് നന്മ ചെയ്യാനും വേണ്ടിയാണ്. ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നതും അതാണ്. ഈ ഭൂമിയിലേക്ക്‌ നമ്മെ ഓരോരുത്തരെയും അയച്ചിരിക്കുന്നത് പലതരം താലന്തുകളുമായാണ്. എല്ലാ മനുഷ്യരിലും അത് വ്യത്യസ്ഥമാണെന്നു മാത്രം. നമ്മുടെ കഴിവുകളെ മറ്റുള്ളവരുടെ കഴിവുകളുമായി താരതമ്യം ചെയ്തു പരിഭാവിക്കുന്നതിനു പകരം, നമ്മിലെ ചെറുതും വലുതുമായ കഴിവുകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആവണം നമ്മുടെ ശ്രദ്ധ.    

ഏതൊരു ഇന്റർവ്യൂവിന് പോകുമ്പോഴും നാം മനസ്സിൽ ഓർമ്മിക്കെണ്ടതു നമ്മിൽ ദൈവം നലികിയ ഒത്തിരി കഴിവുകൾ ഉണ്ട് എന്നുള്ള കാര്യം ആണ്. ദൈവം നല്കിയ ഈ താലന്തുകളുമായാണ് ഞാൻ ഇന്ന് ഇന്റർവ്യൂ അഭിമുഖീകരിക്കുവാൻ പോകുന്നത്, അതിനാൽ ഭയക്കേണ്ടതില്ല. ചില അവസരത്തിൽ കമ്പനിയുടെ ആവശ്യവും എന്റെ കഴിവുകളും ഒത്തു വരും, ഇല്ലെങ്കിൽ നമ്മെ ആ ജോലിയിലേക്ക് തിരഞ്ഞെടുക്കില്ല. എന്നുവച്ച് നിങ്ങൾ മോശക്കാരനനാണെന്ന് ഒരിക്കലും കരുതേണ്ടതില്ല. അടുത്ത അവസരത്തിൽ ആത്മവിശ്വാസം കൈവിടാതെ  വീണ്ടും ശ്രമിക്കുക.         

പക്ഷെ ഏതൊരു ഇന്റർവ്യൂവിന് പോകുമ്പോഴും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. ആദ്യമേ പറഞ്ഞല്ലോ നിങ്ങൾക്ക് കിട്ടിയിരിക്കുന്ന കഴിവുകൾ (തലന്തുകൾ) നിങ്ങൾ അധ്വാനിച്ചു ഇരട്ടിപ്പിക്കണമെന്നു അതു നല്കിയ യജമാനൻ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് ആരും തന്നെ മുന്നൊരുക്കം ഇല്ലാതെ ഇന്റർവ്യൂ അഭിമുഖീകരിക്കാൻ പോകരുത്.   

എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
1) ആദ്യമായി ഈ ഇന്റർവ്യൂവിൽ ഞാൻ വിജയിക്കും, എനിക്കീ ജോലി ലഭിക്കും എന്ന ശുഭാപ്തി വിശ്വാസത്തോട് കൂടി വേണം ഇന്റർവ്യൂ മുറിയിലേക്ക് പ്രവേശിക്കാൻ. ഒട്ടും പരിചയമില്ലാത്ത ആളെ / ആളുകളെ ആദ്യമായി അഭിമുഖത്തിലൂടെ നേരിടാൻ പോവുകയാണ്. നിങ്ങൾ നിങ്ങളുടെ തൊഴിൽ നൈപുണ്യത്തെ വിൽക്കാൻ വേണ്ടിയാണു ഇന്റർവ്യൂ ബോർഡിന്റെ മുന്നിൽ ഇരിക്കുന്നത്. മനസ്സിൽ നല്ലെരു സെയിൽസ്മാൻ / ഗേളിനെ  ഓർക്കുക.

2) ഇന്റർവ്യൂ വിന് തലേന്ന് ചെറിയ പരിശീലനം നല്ലതാണ്. വരാൻ സാധ്യതയുള്ള ചോദ്യങ്ങളും അവയുടെ ഉത്തരവും ഒന്ന് ഓടിച്ച് വായിച്ചും പറഞ്ഞും പഠിക്കുക. വേണ്ട കാര്യങ്ങൾ പുസ്തകത്തിലോ ഇന്റെർനെറ്റിലൊ അന്വേഷിച്ച് ആവശ്യമുള്ള അറിവു സംഭരിക്കുന്നത് ഏത് ഇന്റർവ്യൂ നേരിടാനും സഹായകമാണ്. ഇന്ന് ഇന്റർനെറ്റ്‌ യുഗത്തിൽ ഇതു വളരെ എളുപ്പവുമാണ്.   

3) കൃത്യസമയത്തിന് മുൻപേ എത്തിച്ചേരുക. ട്രാഫിക് ബ്ലോക്ക്‌, തുടങ്ങിയ മറ്റു തടസങ്ങൾ ഉണ്ടാകുമെന്ന് കണക്കുകൂട്ടി വീട്ടിൽ നിന്നും ഇറങ്ങുക. ദൂരദേശത്താണ് പോകുന്നതെങ്കിൽ, അറിയാൻ പാടില്ലാത്ത നഗരം ആണെങ്കിൽ ഇന്റർവ്യൂ നടക്കുന്ന വിലാസം വാങ്ങി, ആരോടെങ്കിലും മുൻകൂട്ടി ചോദിച്ച് കൃത്യമായ ലൊക്കേഷൻ മനസിലാക്കുക. ബസ്‌ സ്റ്റാന്റ്, റെയിൽ വെ സ്റ്റെഷൻ,ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നും    അവിടെയത്താനുള്ള    സമയം മനസിലാക്കുക.

4) ബയോ-ഡാറ്റ, ഫോട്ടോ, സർട്ടിഫിക്കറ്റ് (ഒറിജിനൽ/ കോപ്പി), തുടങ്ങിയ ആധികാരിക രേഖകൾ ഒരു ഫയലിൽ വൃത്തിയായി അടുക്കി കൈയിൽ സൂക്ഷിക്കണം. വസ്ത്രശാലയുടെയോ ചെരുപ്പുകടയുടെയോ കവർ അല്ല, മറിച്ച് നല്ലൊരു ഓഫീസ് ഫയൽ ഫോൾഡർ വാങ്ങി അതിൽ വേണം ഈ രേഖകൾ സൂക്ഷിക്കാൻ.

5) അവരോചിതമായ വസ്ത്രധാരണം വളരെ അത്യന്താപേഷിതമാണ്‌. അലക്കി തേച്ച വസ്ത്രം നിങ്ങളുടെ വ്യക്തിത്വത്തിനു പകിട്ടേകും. സാദാ വള്ളി ചെരുപ്പ് ഒഴിവാക്കണം. തലമുടി വെട്ടിയിരിക്കുന്ന അല്ലെങ്കിൽ കെട്ടിവച്ചിരിക്കുന്ന ശൈലി, വസ്ത്രധാരണം ഇതൊക്കെ കണ്ടാൽ മനസ്സികകും ആളുടെ അടുക്കും ചിട്ടയും (Discipline). ഒരിക്കലും കാഷ്വൽ ആയി വസ്ത്രധാരണം നടത്തി, ഒരു ഔപചാരിക കൂടിക്കാഴ്ചയ്ക്ക് പോകരുത്. 

6) ചെല്ലുന്ന കമ്പനിയെക്കുറിച്ചും നിങ്ങൾ അപേക്ഷിച്ചിരിക്കുന്ന ജോലിയുടെ തരത്തെക്കുറിച്ചും മുൻകൂട്ടി മനസ്സിലാക്കുന്നത്‌ നല്ലതാണ്. അതിനു ധാരാളം മാർഗ്ഗങ്ങൾ ഇന്നുണ്ട്. കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിക്കുന്നതു വഴി ഒരുപാടു വിവരങ്ങൾ ലഭിക്കും. ജോലിക്ക് ചേരാൻ ആഗ്രഹിക്കുന്ന കമ്പനിയുടെ പ്രവർത്തന മേഘല യെക്കുറിച്ച് മനസ്സിലാക്കി, നിങ്ങൾ കിട്ടാൻ ആഗ്രഹിക്കുന്ന ജോലിയുടെ പ്രവർത്തന മേഖല കളെക്കുറിച്ച് മനസ്സിലാക്കി സംസാരിക്കുമ്പോൾ അത് തീർച്ചയായും ഇന്റർവ്യൂ പാനലിനെ സന്തുഷ്ടരാക്കും.    

7) വളരെ മിതത്വം പാലിക്കുക. ശാന്തമായി ഇരിക്കുക, ചോദ്യങ്ങൾ വ്യക്തമായി കേൾക്കുക. ചോദ്യം തീരുന്നതിനു മുൻപേ ചാടിക്കയറി പറയാൻ നിൽക്കരുത്, അറിയാവുന്ന കാര്യം ആണെങ്കിൽ പോലും. അതുപോലെ തന്നെ കാടുകയറി പറയാനും തുനിയരുത്. വിഷയം മാറി വേറെ വഴിക്ക് പോകുകയുമരുത്‌. ഇന്റർവ്യൂ ചെയ്യുന്ന ആളുടെ മുഖത്ത് നോക്കിക്കൊണ്ടു മാത്രം സംസാരിക്കുക. എല്ലാവർക്കും കേൾക്കാവുന്ന ഉച്ചത്തിലും വ്യക്തമായും ആയിരിക്കണം നിങ്ങളുടെ സംഭാഷണം.  

8) ഇന്റർവ്യൂ വിന് പോകുമ്പോൾ ആരെയും കൂട്ടിന് കൊണ്ടുപോകേണ്ട; പ്രത്യേകിച്ചും മാതാപിതാക്കളെ. കാരണം അതു നിങ്ങളുടെ ആത്മവിശ്വാസക്കുറവാണ് സൂചിപ്പിക്കുന്നത്. കൂടെ ആരെങ്കിലും ഉണ്ടെങ്കിൽ പുറത്തു നിർത്തുക.  ഓഫീസിനു പുറത്തായാൽ നന്ന്.    

9) നന്ദി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുക. തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ നിങ്ങൾക്ക് ആ ജോലിയിൽ ചേരാനുള്ള  നിങ്ങളുടെ താൽപര്യം  ഒരിക്കൽ കൂടി ഉറപ്പിച്ചു പറയുന്നതിൽ തെറ്റില്ല. എന്നാണ് ഇന്റർവ്യൂ ഫലം അറിയുക എന്നു ചോദിക്കുന്നതും നന്ന്.

സാധാരണ ഏതു ഇന്റർവ്യൂ വിലും ചോദിക്കുന്ന ചില ചോദ്യങ്ങൾ ഇതാണ്:

  • നിങ്ങളെക്കുറിച്ച് പറയുക - നിങ്ങൾ എവിടെ നിന്നും വരുന്നു, എന്താണ് പഠിച്ചിരിക്കുന്നത്, മുൻ ജോലി പരിചയം, വീട്ടിൽ ആരോക്കെയുണ്ട് എന്നീ കാര്യങ്ങൾ വളരെ ചുരുക്കി പറയാം
  • മുൻപ് ജോലി ചെയ്ത സ്ഥാപനം, അവിടെ നിങ്ങളുടെ ജോലിയെന്തയിരുന്നു, നിങ്ങളുടെ മേലധികാരി ആരായിരുന്നു എന്നീ കാര്യങ്ങൾ
  • കഴിഞ്ഞ ജോലിയിൽ നിന്നും രാജി വയ്ക്കാനുള്ള കാരണങ്ങൾ, ഏറ്റവും അവസാനം ലഭിച്ചുകൊണ്ടിരുന്ന ശമ്പളം, പ്രതീക്ഷിക്കുന്ന ശമ്പളം.
  • നിങ്ങളുടെ കഴിവുകൾ, പോരായ്മകൾ, സാദ്ധ്യതകൾ
  • നിങ്ങളിൽ നിന്നും പുതിയ ജോലിദാതാവിന്  എന്തു പ്രതീക്ഷിക്കാം     
ഒരു ഇന്റർവ്യൂവഴി ജോലി കിട്ടിയില്ലെങ്കിൽ നിരാശപ്പെടരുത്, കാരണം നിങ്ങളെ കാത്ത് മറ്റനേകം പേർ ഇരുപ്പുണ്ട്‌. ഒരു വാതിൽ അടയുമ്പോൾ നമുക്കായി ഒമ്പതു വാതിലുകൾ തുറക്കുന്നു എന്നു പറയുന്നത് ജോലിതേടലിന്റെ കാര്യത്തിൽ 100 ശതമാനം ശരിയാണ്.      

ഓർക്കുക, നിങ്ങളുടെ ബയോ -ഡാറ്റയും നിങ്ങൾ ഇന്റർവ്യൂ വിൽ പറയുന്ന കാര്യങ്ങളും 100 ശതമാനം സത്യസന്ധമായിരിക്കട്ടെ. അറിയാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച്   അബദ്ധങ്ങൾ തട്ടി വിടാതിരിക്കുക. അറിയില്ലെങ്കിൽ അറിയില്ല എന്ന് സത്യസന്ധമായി മറുപടി പറയുന്നത് നിങ്ങളുടെ മാർക്ക് കൂട്ടും.

വളരെ കുറച്ചു സമയം മാത്രമേ നമുക്ക് ഇന്റർവ്യൂ പാനലിനോടൊത്തു ചിലവാക്കാൻ കിട്ടൂ. അര മണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ, ആ സമയം നന്നായി,ബോധപൂർവ്വം , ബുദ്ധിപൂർവ്വം വിനിയോഗിക്കാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്തുക. ഈശ്വാരനുഗ്രഹത്തിനായി പ്രാർത്ഥിക്കുക.       
--------------------------

Jossy Varkey (Mob: 98 477 320 42)
M.Sc. (Psychology), PGDPM&IR
Counselling Psychologist
(Workplace Counselling)      

      
 
              

   



              

1 comment:

farnalraborn said...

The Ultimate Guide to Slots | Dr.D.C.
The Ultimate Guide 양산 출장샵 to Slots. 안성 출장샵 Dr.D.C. Casino. You're probably 동해 출장안마 not familiar with casino table games as this page shows, but the most popular 천안 출장샵 slots machines 영천 출장샵 and