Thursday, July 24, 2014

ഒമാനിലേക്ക് ഒരു യാത്ര

വളരെ നാളുകളായി പാലിച്ചു പോന്ന ഒരു വ്രതം കഴിഞ്ഞ മാസം തെറ്റി! ഇന്ത്യ വിട്ട് ഇങ്ങോട്ടും യാത്ര ചെയ്യില്ല എന്നൊരു വാശി എന്നാണ് തുടങ്ങിയത് എന്നറിയില്ല. വിദേശ റിക്രൂട്ട്മെന്റ് ജോലി തുടങ്ങിയ ശേഷം ആണെന്ന് തോന്നുന്നു.

വെറുതെ ഒരു വാശി, ഭാരതം കൂടുതലായി കാണണമെന്ന് മോഹം ഉണ്ടായിരുന്നു. അത് കൂടി കൂടി വന്നു. കഴിഞ്ഞ മൂന്നു കമ്പനിയിൽ വർക്ക് ചെയ്യുമ്പോഴും അതിനുള്ള ഭാഗ്യം നല്ലപോലെ ഉണ്ടായി. കശ്മീർ, മിസോറം തുടങ്ങിയ ഭാഗങ്ങൾ മാത്രമേ ഇനി ബാക്കിയുള്ളൂ.  

ജൂണ്‍ 22 -ന് ആണ് മസ്കറ്റിലെക്കു ഫ്ലൈറ്റ് കയറിയത്, രാവിലെ 7.30 നു നെടുമ്പാശ്ശേരി യിൽനിന്നും ഒമാൻ എയർ 9W 355 എത്രയോ ആളുകളെ ജോലിക്ക് വേണ്ടി പറഞ്ഞു വിട്ട ആ ഫ്ലൈറ്റിൽ  അവസാനം ഞാനും കയറി. രാവിലെ 3 മണിക്ക് എഴുന്നേറ്റു, കുളിച്ച് റെഡി ആയപ്പോൾ സുനി വണ്ടിയുമായി വന്നു. പനമ്പിള്ളി നഗർ  വഴിപോയി മജീദ്‌ സാറിനെയും കൂട്ടിയാണ് വിമാനത്താവളത്തിലേക്ക് പോയത്. ചെറിയ മഴച്ചാറ്റൽ ഉണ്ടായിരുന്നു. ഏതാനും മിനുട്ടുകൾ മാത്രം വൈകി വിമാനം കൊച്ചിയോടും കേരളത്തോടും 'ഗുഡ് ബൈ' പറഞ്ഞു.

മസ്കറ്റ് സമയം 10.30 ന്  ഒമാനിൽ വിമാനമിറങ്ങിയെങ്കിലും ഏകദേശം രണ്ടു മണിക്കൂർ എമിഗ്രേഷൻ ക്യൂവിൽ നിൽക്കേണ്ടി വന്നു. വളരെ സാ ... മട്ടിൽ ചിരിച്ചും വർത്തമാനം പറഞ്ഞും കൌണ്ടറിൽ ഇരിക്കുന്ന ഒമാനി പയ്യന്മാരെ കണ്ടപ്പോൾ കഷ്ടം തോന്നി. ഇവരെ വച്ചാണല്ലോ  ഒമാൻ സർക്കാർ 'സ്വദേശി വൽക്കരണം' തയ്യാറാക്കി മുമ്പോട്ട്‌ പോകുന്നത്?   

12.30 ആയി എയർപോർട്ടിനു വെളിയിൽ വരുമ്പോൾ, 'ഡോൾഫിൻ കമ്പനി'യുടെ ഡ്രൈവർ മജീദ്‌ കത്തു നിൽപ്പുണ്ടായിരുന്നു. വെളിയിലേക്ക് നോക്കിയത് തീ കത്തുന്നത് പോലെ തോന്നി, 53 ഡിഗ്രി ആണെന്ന് മജീദ്‌ പറഞ്ഞു. കണ്ണൊക്കെ 'ബുൾസ്‌ ഐ' ആകുന്ന പോലെ തോന്നി, മുഖത്തേക്ക് തീക്കനൽ കോരിയിട്ട പോലെ, ഹാവൂ. ഇതാണോ മസ്കറ്റ്? കൈകൊണ്ടു മുഖം പൊത്തി, പാർക്കിംഗ് സ്ഥലത്ത് പോയി കാറിൽ കയറിക്കൂടി, കുറച്ചു നേരം കണ്ണടച്ച് ഇരുന്നപ്പോഴാണ് ശ്വാസം നേരെയായത്‌. കഷ്ടകാലത്തിനു 'സണ്‍ഗ്ലാസ്‌' ഒന്നും കരുതിയിട്ടുമില്ല.

സഹിക്കുക തന്നെ. പണ്ട് പറഞ്ഞുവിട്ട ആയിരക്കണക്കിന് നിർമാണ തൊഴിലാളികളോട് ഐക്യപ്പെട്ടുകൊണ്ട് ഇനിയുള്ള ദിവസം ഇവിടെ ഈ ചൂടത്ത് 'കൂളിംഗ് ഗ്ലാസ്‌' ഇല്ലാതെ ആസ്വദിക്കാൻ തീരുമാനിച്ചു. വേറെ മർഗ്ഗമില്ലല്ലൊ!!  മിഥുനമാസ മഴയിൽ നിന്നും മസ്കറ്റിലെ വേനലിലേക്ക് ..

 
രാവിലെ ഒമാൻ എയർ എന്തോ ഒരു ബ്രേക്ക്‌ ഫാസ്റ്റ് തന്നതുകൊണ്ട്‌ ഇത്ര നേരം പിടിച്ചു നിന്നു. ഡോൾഫിനിൽ എത്തിയപ്പോൾ കുടിക്കാൻ നല്ല തണുത്ത ജ്യൂസ്‌ തന്നു (റാണി ജ്യൂസ്‌?) മനസ്സും ശരീരവും തണുത്തു. പിന്നെ കുറച്ചു നേരം ജോർജ് സാറിന്റെ കാബിനിൽ ഒരു ചെറിയ മീറ്റിംഗ്, H.R. ടീമുമായിട്ട്, അര മണിക്കൂർ. റീന / ടീന തുടങ്ങിയവരെ പരിചയപ്പെട്ടു. അതു കഴിഞ്ഞപ്പോൾ ലഞ്ച് റെഡി, അവിടെ തന്നെ ഉണ്ടാക്കിയ കേരള സ്റ്റൈൽ ഊണ്, സാമ്പാറും പായസവും പിന്നെ ഒരു സ്പെഷ്യൽ ഓംലെറ്റ്‌. വീട്ടിൽ ചോറുണ്ടപോലെ, നല്ല ഭക്ഷണം. രാവിലെ ഒമാൻ എയർ തന്ന ബ്രേക്ക്‌ ഫാസ്റ്റിന്റെ ക്ഷീണം മാറി.

ഉച്ചകഴിഞ്ഞ് അഹമ്മദ് ഷാജു വന്നു, അവൻ ബെർജർ പെയിന്റ്സ് ഒമാനിൽ ആണ് ജോലി ചെയ്യുന്നത്, എന്റെ കൂടെ മണ്ണുത്തിയിൽ ഡിഗ്രിയ്ക്ക് പഠിച്ചതാണ്. കുറച്ചു നേരം സംസാരിച്ചിരുന്ന ശേഷം പിന്നീടു കാണാമെന്നു പറഞ്ഞു പിരിഞ്ഞു.

ജൂണ്‍ 22, ഞായറാഴ്ച ഞങ്ങൾ (ഞാനും മജീദ്‌ സാറും) ഡോൾഫിൻ / ടീജാൻ / ടീജാൻ ഫർണിഷിങ്ങ് തുടങ്ങിയ കമ്പനികൾ സന്ദർശിച്ചു, ഔദ്യോഗിക മീറ്റിങ്ങുകൾ നടത്തി.                  
               
താമസം ഒരുക്കിയിരുന്നത് ഡോൾഫിൻ കമ്പനിയുടെ ഔദ്യോഗിക ഫ്ലാറ്റിൽ ആയിരുന്നു. അൽ ഖൈർ എന്ന സ്ഥലത്തായിരുന്നു താമസം, ഇത് മസ്കറ്റിന്റെ ഒരു മർമ്മ പ്രധാന സ്ഥലം ആണ്. സാവാവി മോസ്കിന് തൊട്ടു പുറകു വശത്ത്, ആയിരുന്നു ഈ ഫ്ലാറ്റ്.    മസ്കറ്റ് ' ഐസ് സ്കേറ്റിങ്ങ് സെന്ററി'നു  തൊട്ടു പുറകുവശം. നല്ല സൗകര്യം ഉള്ള സ്ഥലം, അടുത്ത് 'ഫുഡ്‌ ലാൻഡ്‌' ഭോജനശാല, കെ .എം .ട്രേഡിംഗ് - സൂപ്പർ മാർക്കറ്റ്‌, മസ്കറ്റ് ബേക്കറി മുതലായവ ഉണ്ട്.      

നാലു ദിവസവും യാത്ര ചെയ്യാൻ 'ഡോൾഫിൻ' കമ്പനിയുടെ കാർ ഉണ്ടായിരുന്നത് ഭാഗ്യമായി. പഴയ സുഹൃത്തുക്കളായ അഹമെദ് ഷാജു (കാർഷിക സർവകലാശാല) ഇപ്പോൾ ഒമാനിലെ ഏഷ്യൻ പെയിന്റ് കമ്പനിയിൽ ജോലി ചെയ്യുന്നു, ശ്രീ. സജി ചാക്കോ (പെരുമ്പിള്ളി) ഇപ്പോൾ സുഹൈൽ ബഹ്‌വാൻ ഗ്രൂപ്പിൽ ഇന്റേണൽ ആഡിറ്റർ ആയി ജോലി ചെയ്യന്നു. രണ്ടു പേരെയും വളരെ വർഷങ്ങളായി പരിചയമുണ്ട്, അടുത്ത സുഹൃത്തുക്കളുമാണ്. സജിയെ ഓഫീസിൽ വച്ചാണ് കണ്ടത്, അധികം സമയം ചെലവോഴിക്കാനായില്ല.  അവന്റെ വീട്ടിലേക്കു ചെല്ലാൻ വളരെ നിർബന്ധിച്ചെങ്കിലും  തിരക്കുമൂലം, അതിനു സാധിച്ചില്ല. ഭാര്യയും മക്കളുമൊന്നിച്ച് പിന്നീടൊരിക്കൽ സന്ധിക്കാമെന്നു വാക്കുകൊടുത്തു പിരിഞ്ഞു.

പല കമ്പനികളിലും പോയിരുന്നെങ്കിലും 'അർജുവാൻ ഷാട്ടി മസ്കറ്റ്' എന്ന കമ്പനിയിൽ പോയി, ഷാജി തോമസ്‌, അദ്ദേഹത്തിന്റെ ഭാര്യ മെഴ്സമ്മ, മകൻ വിവേക് എന്നിവരുമായി ചിലവിട്ട 2 മണിക്കൂർ ഹൃദ്യമായി. ഒരു കുടുംബം ഒത്തൊരുമയോടെ നടത്തുന്ന പ്രസ്ഥാനമാണ്‌ അവരുടെ കമ്പനി. മികച്ച 'ഇലക്ട്രിക്കൽ കോണ്ട്രാക്ടിംഗ്' കമ്പനിക്കുള്ള ദേശീയ അവർഡ് കരസ്ഥമാക്കുകയുണ്ടായി ഇവർ. സ്നേഹസമ്പന്നരായ ഒരു അച്ഛനും അമ്മയും തെളിച്ച വഴിയിലൂടെ ശ്രീ. വിവേക് കമ്പനിയുടെ ചുക്കാൻ പിടിക്കാൻ ഒരുങ്ങുന്നു. ആശംസകൾ!!

ഒരു ദിവസം ഷാജുവുമൊത്ത് രാത്രിയിൽ  കുറച്ചു കറങ്ങാൻ പോയി. രാത്രി 10 മണിക്ക് ശേഷം ഓരോട്ടപ്രദിക്ഷിണം പോലെ, അവന്റെ കാറിൽ മസ്കറ്റ് മൊത്തത്തിൽ ഓടിച്ച് കണ്ടു. പഴയ മസ്കറ്റ്, കോട്ടകൾ, പോർട്ട്‌, ബിസിനസ്‌ ഏരിയ, പ്രധാന മോസ്കുകൾ, പഴയ കൊട്ടാരങ്ങൾ .... പാതിരാ 12 മണി കഴിഞ്ഞ് അവൻ എന്നെ റൂമിൽ കൊണ്ടാന്നാക്കി.

ഒമാനിലെ പ്രധാന FMCG കമ്പനിയായ 'നാഷണൽ ഡിറ്റെർജന്റ് കമ്പനി' സന്ദർശിച്ചത് നല്ലൊരു അനുഭവം ആയി. വൈകിട്ട് അവിടുത്തെ മാർക്കറ്റിംഗ് തലവൻ ശ്രീ. ഷാജി സർ നല്ലൊരു ഡിന്നർ ഞങ്ങൾക്ക് 'ടർക്കിഷ് ഹൗസ്' എന്ന തദ്ദേശീയ ഭോജന ശാലയിൽ വച്ച് ഒരുക്കുകയുണ്ടായി. പേർഷ്യൻ രീതിയിൽ തയ്യാറാക്കിയ മീൻ വിഭവങ്ങൾ കൊതിയൂറുന്നവയായിരുന്നു.     

മജീദ്‌ സാറിന്റെ നെഫ്യു ശ്രീ. താരിഖ് എല്ലാ ദിവസവും റൂമിൽ വരികയും ഞങ്ങളോടൊത്തു, പുറത്ത് കറങ്ങാൻ സഹായിക്കുകയും ചെയ്തു. തരിഖ് 'കർലിയൊണ്‍ അലവി' എന്ന പ്രശസ്ത നിർമ്മാണ കമ്പനിയിൽ 'പ്രൊജക്റ്റ്‌ എഞ്ചിനീയർ' ആയി ജോലി ചെയ്യുന്നു. വൈകുന്നേരം ഞങ്ങളെ നല്ല 'ഷവർമ്മ' കിട്ടുന്ന ഇസ്തംബൂൾ / ഇസ്തംബുളി കടകളിൽ കൊണ്ടുപോയി. അവിടുത്തെ 'ഷവർമ്മ' കഴിച്ചതിനു ശേഷം, നാട്ടിൽ നിന്നും ഇനി മേലാൽ ഷവർമ്മ കഴിക്കില്ല എന്ന് പ്രതിജ്ഞ എടുക്കേണ്ടി വന്നു!! അത്രയ്ക്ക് രുചികരം ആണ്, ഇസ്തംബുളി ഷവർമ്മ.           

ഒമാനിൽ പല കമ്പനികളും നേരിടുന്ന പ്രശ്നം 'ഒമാൻ സ്വദേശിവൽക്കരണം' ആണ്. റിസെപ്ഷൻ, അഡ്മിൻ, അക്കൌണ്ട്സ്, എച്ച്. ആർ .... തുടങ്ങിയ വിഭാഗങ്ങളിൽ ഒമാനികളെ പ്രതിഷ്ടിച്ചു തുടങ്ങിയിട്ട് കുറേ നാളുകളായി.    എല്ലായിടത്തും ഒമാനികൾ ചുമ്മാ ഫോണിൽ കളിച്ചും സൊറ പറഞ്ഞും കണ്ണാടി നോക്കിയും [ യുവതികൾ ] മുഖം മിനുക്കിയും ഇരിക്കുന്നു. വിദേശികൾക്ക് കൊടുക്കുന്നതിന്റെ മൂന്നിരട്ടി ശമ്പളം ഒമാനികൾക്ക് കൊടുക്കണം എന്നാണ് നിയമം. അതായത് ഒരു ഇന്ത്യൻ റിസപ്ഷനിസ്റ്റ് 200 ഒമാൻ റിയാലിനാണ് ജോലി ചെയ്തിരുന്നതെങ്കിൽ, പകരം വന്ന ഒമാനി യുവതിയ്ക്ക് 600 റിയാൽ ശമ്പളം കൊടുക്കണം. പണിയൊന്നും അറിയുകയുമില്ല, ചെയ്യുകയുമില്ല!! ഒമാനികളെ കോർപ്പറേറ്റ് ജോലികളിലേക്ക് ആകർഷിക്കുന്നതിനാണ്  സർക്കാർ ഈ പണി ചെയ്തിരിക്കുന്നത്.      

എന്റെ ആദ്യത്തെ വിദേശ യാത്രയായിരുന്നു ഇത്. ഇത്രയും നാൾ കന്യകാത്ത്വം  കത്തു സൂക്ഷിച്ച പാസ്പോർട്ടിൽ എല്ലാവരും കൂടി ഒരുപാടു സീൽ വച്ച് നശിപ്പിച്ചു !!

ഒമാനിൽ എന്ത് കണ്ടു എന്നു ചോദിച്ചാൽ, കുറേ സുന്ദരമായ റോഡുകൾ, ചീറിപ്പായുന്ന കാറുകൾ, ബഹുനില കെട്ടിടങ്ങൾ ....
  
മനുഷ്യർ, പക്ഷികൾ, മൃഗങ്ങൾ ...................????????? ഞാൻ ശ്രദ്ധിച്ചില്ല.   


1 comment:

ശ്രീ said...

വിവരണം നന്നായി, ചിത്രങ്ങള്‍ വല്ലതുമുണ്ടായിരുന്നെങ്കില്‍ ഗംഭീരമായേനെ