Friday, April 25, 2014

മാമ്പഴ പുളിശ്ശേരി

കഴിഞ്ഞ ദിവസം രാവിലെ വീട്ടിലെ ഫോണിൽ ഒരു കാൾ വന്നു. മനു ആണ് ഫോണ്‍ എടുത്തത്‌, അവൻ ഉടനെ അടുക്കളയിലേക്ക് ഓടിപ്പോയി ഒരു സഞ്ചിയും എടുത്ത്, ഞാറ്റിയത്തേക്ക് ഓടി.അവിടെ ബിന്ദൂന്റെ അമ്മ മാമ്പഴം പെറുക്കി വച്ചിട്ടുണ്ടായിരുന്നു!!

ഒരു സഞ്ചി നിറയേ മാമ്പഴവും ആയി അവൻ വന്നു, മനുവും ഏഞ്ചൽ മോളും മതിവരെ കഴിച്ചു. ചെറിയവൻ (ക്രിസ്) മാമ്പഴം കഴിക്കാറായിട്ടില്ല. അവൻ നോക്കി നിന്ന് വെള്ളമിറക്കുന്നത് കണ്ടിട്ട് ഞാൻ ഒരു മാമ്പഴം എടുത്ത് പിഴിഞ്ഞ് അവനും കൊടുത്തു. പണ്ടത്തെ കാലം ഓർമ്മവന്നു. മഴപെയ്തു കഴിയുമ്പോൾ 'ഞാറ്റിയത്ത്' പറമ്പിലേക്ക് ഓടും. 10 -20 മാമ്പഴം എങ്കിലും കിട്ടും            

അമ്മച്ചി നല്ല മാമ്പഴ പുളിശ്ശേരി ഉണ്ടാക്കും. കയ്യിലൂടെ ഒലിച്ചിറങ്ങുന്ന വെന്ത മാമ്പഴത്തിന്റെ മധുരം എത്ര പ്രായമായാലും മറക്കില്ല!! അന്നൊക്കെ രണ്ടോ മൂന്നോ മാമ്പഴം മാത്രമേ കറിയിൽ ഇടൂ. ആ മാമ്പഴത്തിന്റെ അണ്ടിക്കു വേണ്ടി കൊതികുത്തുന്നതും തല്ലു പിടിക്കുന്നതും ഒരു സ്ഥിരം കാഴ്ചയാണ്.

മീനം -മേട മാസങ്ങളിൽ കത്തുന്ന ചൂടാണല്ലോ, അപ്പോൾ വെള്ളരിക്കയും മാങ്ങയും, മാമ്പഴ പുളിശ്ശേരി, കുമ്പളങ്ങ മൊരു കാച്ചിയത്, അച്ചിങ്ങ മെഴുക്കുപുരട്ടി, പടവലങ്ങ തോരൻ, ചക്കകുരുവും മാങ്ങയും ... ഇങ്ങനെ നാടൻ കറികൾ ആണ് പ്രധാനം. ഒക്കെ നാട്ടിൻ പുറത്തെ പാടത്തും പറമ്പിലും കൃഷിചെയ്ത് ഉണ്ടാക്കുന്നവ. അല്പം പോലും രാസവളം ഉപയോഗിക്കാതെ, ചാണകവും ചപ്പിലയും ഇട്ട് വളർത്തിയ പച്ചക്കറികൾ കഴിച്ച കാലം മറന്നു.               

ഇത്തവണ വിഷു സമയത്ത് 'തിരുവാണിയൂരിൽ' (അജിതയുടെ വീട്ടിൽ) പോയപ്പോൾ അവിടങ്ങളിൽ പാടത്ത് നല്ലപോലെ പച്ചക്കറി കൃഷി ചെയ്തിരിക്കുന്നത് കണ്ടു. വെള്ളരിക്ക ,പടവലങ്ങ, കുമ്പളങ്ങ, അച്ചിങ്ങാ പയർ ... ഒക്കെയുണ്ട്. രാവിലെ ചില പടവരമ്പുകളിൽ പച്ചക്കറി പറിച്ചു കൂട്ടിയിട്ടിരിക്കുന്നത് കാണുമ്പോൾ കൊതിവരും. തിരുവാണിയൂർ, മണീട്, രാമമംഗലം പഞ്ചായത്തുകളിൽ ഇപ്പോഴും നല്ല രീതിയിൽ കൃഷി നടക്കുന്നുണ്ട്. അതുകാണുമ്പോൾ സന്തോഷം!        

എന്റെ മക്കളെ മണ്ണിൽ കളിക്കാൻ വിടും, അവർ ചെളിവാരികളിക്കട്ടെ. മണ്ണിന്റെ മണം അറിയാതെ പ്ലാസ്റ്റിക്‌ മണം മാത്രം അറിഞ്ഞു ജീവിച്ചിട്ടെന്തു കാര്യം? പാടത്തും തോട്ടിലും കുളത്തിലും കളിച്ചും കുളിച്ചും വളർന്ന ഞാൻ, "മക്കളേ,, മണ്ണിലേക്കിറങ്ങല്ലേ" എന്ന് പറയുന്നത് അവരോടു ചെയ്യുന്ന അപരധമല്ലേ.     

അവർക്ക് കളിക്കാൻ തെങ്ങിൻ തൊടികളില്ല
അവർക്ക് നീന്താൻ പുഴകളില്ല
അവർക്ക് മാമ്പഴകാലമില്ല 
അവർക്ക് തോർത്തിട്ടു പിടിക്കാൻ
തോട്ടിൽ പരൽ മീനുകളില്ല
ഉപ്പുമാവ് തിന്നാൻ വട്ടയിലയില്ല
......................

(എല്ലാം ഞാൻ ലാപ്ടോപ്പിലെ യൂട്യൂബിൽ കൂടി കാണിച്ചു കൊടുക്കും!)

1 comment:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ലതെല്ലാം നഷ്ടപ്പെട്ട ഒരു ലോകത്ത് ജീവിക്കേണ്ടി വരുന്ന ഒരു മനസ്സിന്‍റെ നിസ്സഹായവസ്ഥയാണ് ഈ വരികളില്‍ വിങ്ങുന്നത്..നന്നായി എഴുതി.ആശംസകള്‍