Thursday, January 14, 2010

കുട്ടികളെ വളര്‍ത്തുന്നത്?

കഴിഞ്ഞ ദിവസം ഒമാനില്‍നിന്നും കൃഷ്ണകുമാര്‍ ഓഫീസില്‍ വന്നിരുന്നു. കൃഷ്ണകുമാര്‍ ഞങ്ങളുടെ ഒരു പഴയ സ്റ്റാഫ്‌ ആണ്. ഒമാനില്‍ പോയിട്ട് ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞു. ഏകദേശം 55 വയസ്സുണ്ട്, തിരുവനന്തപുരംകാരന്‍. പല പല ബുസ്സിനെസ്സ് നടത്തി പരാജയപെട്ടിട്ടാണ് ഇവിടെയെത്തിയത്. ഇവിടെയും ഒരു സമ്പൂര്‍ണ പരാജയംആയിരുന്നു. അങ്ങിനെയിരിക്കുമ്പോഴാണ് അയാളെ എം.ഡി. തന്നെ മുന്‍കൈ എടുത്തു ഞങ്ങളുടെ ഒരു ക്ളൈന്റിനെ കാണിച്ചു. Tawoos Agriculture Systems LLC, ഒമാനില്‍ വന്‍ അഗ്രികള്‍ച്ചര്‍ ഫാം ആണ്. അവിടെയ്ക്ക് 'ക്യാമ്പ് ബോസ്സ്' ആയി വന്ന സായിപ്പിന് ഇഷ്ടപ്പെട്ടു. മുന്‍പ് ഹോട്ടല്‍ നടത്തി പരിചയം ഉണ്ടായിരുന്നത് കൊണ്ട് ഒമാനില്‍ പോയി 'ക്യാമ്പ് ബോസ്സ്' ആയിശോഭിച്ചു. മെസ്സ് നടത്തുന്നതില്‍ നന്നായി പ്രശോഭിച്ചു. പിന്നെ കൃഷ്ണകുമാറിന്റെ ശുക്രന്‍ തെളിഞ്ഞു എന്ന് തന്നെ പറയാം. സായിപ്പ് ഒരു പുതിയ ഫാം തുടങ്ങുന്നു, അതിന്റെ ചാര്‍ജ് കൊടുത്ത് ഇന്ത്യയിലും നേപാളിലും പോയി ആളെ (കൃഷിപ്പണിക്കാര്‍) റിക്രൂട്ട് ചെയ്തു വരാന്‍ പറഞ്ഞതനുസരിച്ച് വന്നതാണ്. ആളെന്തായാലും വളരെ ഹാപ്പി ആണ്.
കൃഷ്ണകുമാറുമായി നടത്തിയ ചെറിയ സംഭാഷണം ആണ് ഇവിടെ പരമാര്‍ശം. ഹൈ-ടെക്ക് അഗ്രികള്‍ച്ചര്‍ രീതികളെപ്പറ്റി ഞങ്ങള്‍ സംസാരിച്ചു. (ഞാന്‍ ഒരു പഴയ കാര്‍ഷീകസര്‍വ്വകലാശാല വിദ്യാര്‍ഥി ആണേ!) മുഴുവനായും കൃത്രിമ ജലസേചനം, കൃത്രിമ വലം/കീടനാശിനി പ്രയോഗം നടത്തിയാണ് അവര്‍ ഫ്രഞ്ച് ബീന്‍സ്, തക്കാളി, ക്യരറ്റ് മുതലായ വിളകള്‍ കൃഷി ചെയ്യുന്നത്. നന്നായി ഫലം ഉണ്ടാവുന്നുണ്ട്, അതിനിന്നും വളരെ തര0 തിരിച്ചു ഏറ്റവും മുന്തിയ പച്ചക്കറികള്‍ മാത്രം യൂറോപ്പിലേക്ക് കയറ്റി അയക്കുന്നു. വന്‍ ലാഭം കൊയ്യുന്ന പരിപാടിയാണിത്. എന്റെ സംശയം മരുഭൂമിയായ ഒമാനില്‍ എങ്ങിനെയാണ് ഈ കൃഷി നടത്തുന്നത്? ചെടികള്‍ക്ക് വെള്ളവും വളവും കൃത്രിമമായി, കൃത്യമായി നല്‍കികൊണ്ടാണ് ഈ വിള ഉത്പാദനം സാധിക്കുന്നത്. ഓരോ ആഴ്ചയിലും ചെടികളുടെ ഇല സാമ്പിള്‍ എടുത്തു യൂറോപ്പിലേക്ക് കൊറിയര്‍ വഴി അയച്ചു കൊടുക്കും.
അവിടെ ലാബില്‍ ഈ ഇലകള്‍ പരിശോദിച്ചു ഒമാനിലെ ഫാമിലേക്ക് റിപ്പോര്‍ട്ട്‌ അയച്ചു കൊടുക്കും. 'നൈട്രോജെന്‍ അല്ലെങ്കില്‍ ഫോസ്ഫെറസ് അല്ലെങ്കില്‍ കാത്സിയം അല്ലെങ്കില്‍ മഗ്നീഷിയം' കുറവാണ്/കൂടുതലാണ്. ഇതനുസരിച്ച് ചെടിയിലേക്ക് ഡ്രിപ് ഇറിഗേഷന്‍ വഴി വേണ്ട പോഷണം കയറ്റി കൊടുക്കും. അവസാനം വിളവെടുപ്പ് സമയമാകുമ്പോള്‍ നല്ല സുന്ദരന്‍ തക്കാളി അല്ലെങ്കില്‍ സുന്ദരി ബീന്‍സ് വിളയും. നല്ല എക്സ്പോര്‍ട്ട്‌ ക്വാളിറ്റി കുഞ്ഞുങ്ങള്‍!! സായിപ്പിന് പെരുത്ത സന്തോഷം, നല്ല ലാഭം.
* * * * * * * * * *
കഴിഞ്ഞ ദിവസം ശ്രീ.മഹേഷ്‌ തമ്പിയുമായി സംസാരിക്കുമ്പോഴാണ് ഈ കാര്യം വീണ്ടും ഓര്‍മ വന്നത്. മഹേഷ്‌ തിരുവനന്തപുരത്തെ ഒരു പുലിയാണ്. സ്വന്തം ബിസിനസ്‌, ജോലി ഒക്കെയായി തെറ്റില്ലാതെ പോകുന്നു. കോളേജില്‍ എന്‍റെ സീനിയര്‍ ആയിരുന്നു. യൂണിവേര്സിറ്റി ബാറ്റ്മിന്‍റെന്‍ താരം. അദ്ദേഹത്തിന്‍റെ മകന്‍ ഭാവന്‍സില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നു. മഹേഷ്‌ കുട്ടിയെ ബാറ്റ്മിന്‍റെന്‍ കളിക്കാന്‍ വിടുന്നുണ്ട്. അത് സ്കൂള്‍ അധികൃതര്‍ നിരുത്സാഹപ്പെടുത്തുന്നു? കുട്ടി പഠിത്തത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്ന നിലപാടാണവര്‍ക്ക്, അത്രമാത്രം 'വര്‍ക്ക് ലോഡ്' ഉണ്ട്. പഠനം മാത്രം മതി, മറ്റൊന്നിലും ശ്രദ്ധിക്കാന്‍ സമയം കിട്ടില്ല. ഒന്നാം ക്ലാസ്സിലെ ഇങ്ങനെ പരിശീലിപ്പിച്ചാലെ കുട്ടി വളരുമ്പോള്‍ വലിയ 'അസൈന്‍മെന്റ്സ്' എടുക്കാന്‍ പ്രപ്തനാകൂ എന്നാണു പ്രിന്‍സിപ്പാള്‍ പറഞ്ഞത് പോലും. മഹേഷ്‌ ഇപ്പോള്‍ മോനെ വേറെ ഏതെങ്കിലും 'സമ്മര്‍ദം' കുറഞ്ഞ സ്കൂളില്‍ അയക്കാന്‍ പ്ലാന്‍ ചെയ്യുന്നു. പഠിച്ചു വലിയ മാര്‍ക്ക് വാങ്ങുകയും ഡോക്ടര്‍ /എന്‍ജിനീയര്‍ ആകുകയും മാത്രമല്ലല്ലോ എല്ലാവരുടെയും ജീവിതലക്‌ഷ്യം എന്നും അവന്‍ ചോദിക്കുന്നു.
* * * * * * * * * * * * * * *
ഇന്നലെ ശ്രീ.മഹേഷ്‌ അപ്പുവിന്റെ ബ്ലോഗ്‌ വായിച്ചു (നഷ്ടമാകുന്ന നന്മകള്‍...) കുട്ടികളെ ഭാവിയിലെ വിജയികളായി വാര്‍ത്തെടുക്കുന്നതില്‍ മത്സരിക്കുന്ന മാതാപിതാക്കളെയും സ്കൂളുകളെയും കുറിച്ച് അതില്‍ പരിതപിക്കുന്നു. വളരെ ശരിയാണ്, മറ്റുള്ളവരെ പിന്തള്ളി, സഹജീവികളുടെ വികാരങ്ങളെ കാണാതെ സ്വന്തം വിജയം മാത്രം ലക്ഷ്യമാക്കി മുന്നേറുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ മലയാളികള്‍ അതീവ ശ്രദ്ധാലുക്കളാണ്. ആ രീതിയിലുള്ള പരിശീലനം കൊടുക്കുന്ന സ്കൂളുകള്‍ കൂണ്പോലെ പൊങ്ങിവരുന്നു. കലര്‍പ്പേശാത്ത ഒരു ജനുസ്സിനെ വാര്‍ത്തെടുക്കാന്‍ നാം മത്സരിക്കുമ്പോള്‍ ഓര്‍ക്കുക, നാം വളര്‍ത്തുന്നത് കൃത്രിമചെടികളെയാണ്.
* * * * * * * * * * * * * * * * * *
ചില ചോദ്യങ്ങള്‍ :- എം.ടി.യുടെ വാനപ്രസ്ഥം, തകഴിയുടെ കയര്‍, ഷേക്ക്‌സ്പിയാര്‍ ഇതിഹാസങ്ങള്‍ ഇവ വായിച്ചാല്‍ എന്താണ് പ്രയോജനം? ഒരു ചെടിനട്ട് വെള്ളമൊഴിച്ചാല്‍, അതില്‍ ഒരു നാലുമണിപൂവ് വിടര്‍ന്നു നില്‍ക്കുന്നത് കണ്ടാല്‍ എന്താണ് പ്രയോജനം? പുഴയിലെ ചെളിവെള്ളത്തില്‍ ഒരു മുങ്ങിക്കുളി, കടപ്പുറത്തെ ഒരു സൂര്യാസ്തമയം, മഴവെള്ളത്തിലെ ഒരു കടലാസ് വഞ്ചി, വെള്ളാരം കല്ല്, മൂവാണ്ടന്‍ മാങ്ങ ഇതൊക്കെ എന്താ? എന്‍റെ അയല്‍വക്കത്തെ (ഫ്ലാറ്റിലെ) അങ്കിളിന്റെ പേര്?
* * * * * * * * * * * * * * * * * * *
'എയര്‍കണ്ടീഷന്‍ ചെയ്തക്ലാസ്റൂമുകള്‍, ജിമ്മും സ്വിമ്മിംഗ്പൂളും' - കൊച്ചിയിലെ ഒരു പ്രീ-സ്കൂളിന്റെ വിവരങ്ങള്‍ നെറ്റില്‍ കണ്ടതാണ്!! കുട്ടികളെ വാര്‍ത്തെടുക്കുകയാണ്, ശരിക്കും. ഇന്നത്തെ കാലത്ത് പണം എവിടെ ഇന്‍വെസ്റ്റ്‌ ചെയ്യുന്നതാണ് ബുദ്ധി? ഭൂമിയില്‍? സ്വര്‍ണത്തില്‍? ഷെയറില്‍? . . . . .. . . അല്ല!

കുട്ടികളില്‍.

(കുട്ടികളില്‍ ഇന്‍വെസ്റ്റ്‌ ചെയ്യേണ്ടത് പണമല്ല എന്ന് എത്രപേര്‍ക്കറിയാം?)

2 comments:

Mahesh | മഹേഷ്‌ ™ said...

ഈ താരതമ്യം വളരെ പ്രസക്തി അര്‍ഹിക്കുന്നു !
പണക്കൊഴുപ്പ് കൊണ്ട് മരുഭൂമിയിലും പോന്നു വിളയിക്കാം എന്ന കാര്യം സത്യമാണ്..
എന്നാല്‍ , "നല്ല എക്സ്പോര്‍ട്ട്‌ ക്വാളിറ്റി" വിളവുകള്‍ക്ക് മണ്ണിന്റെ ഗന്ധവും മഴയുടെ ആര്‍ദ്രതയും മഞ്ഞിന്റെ കുളിരും ഒരിക്കലും അവകാശപ്പെടാന്‍ പറ്റില്ല.. പ്രകൃതിയാകുന്ന അമ്മയില്‍ നിന്നും കുഞ്ഞുങ്ങള്‍ അകന്നു പോകാണ്ടിരിക്കാന്‍ നമ്മള്‍ പ്രയത്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ...

Anonymous said...

"...മറ്റുള്ളവരെ പിന്തള്ളി, സഹജീവികളുടെ വികാരങ്ങളെ കാണാതെ സ്വന്തം വിജയം മാത്രം ലക്ഷ്യമാക്കി മുന്നേറുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ മലയാളികള്‍ അതീവ ശ്രദ്ധാലുക്കളാണ്. ആ രീതിയിലുള്ള പരിശീലനം കൊടുക്കുന്ന സ്കൂളുകള്‍ കൂണ്പോലെ പൊങ്ങിവരുന്നു. കലര്‍പ്പേശാത്ത ഒരു ജനുസ്സിനെ വാര്‍ത്തെടുക്കാന്‍ നാം മത്സരിക്കുമ്പോള്‍ ഓര്‍ക്കുക, നാം വളര്‍ത്തുന്നത് കൃത്രിമചെടികളെയാണ്."

shariyaaanu

sreekumar