"നിങ്ങള്‍ സന്തോഷവാനാണോ?" ഇതായിരുന്നു കഴിഞ്ഞ മാസത്തെ 'സാന്ത്വന ഫെല്ലോഷിപ്പ്' ചോദ്യം. ഗ്രൂപ്പില്‍ നിന്നും കിട്ടിയ മറുപടികള്‍ വളരെ വ്യത്യസ്ഥങ്ങള്‍ ആയിരുന്നു. എന്താണ് സന്തോഷം? എങ്ങിനെയാണ് അത് അളക്കാന്‍ സാധിക്കുക?
ഈ ചോദ്യം മനസ്സില്‍ കിടക്കാന്‍ തുടങ്ങിയിട്ട്, ഇത് മൂന്നു-നാല് ആഴ്ചയായി. പെട്ടെന്ന്, ഇന്നലെ തോന്നി ഒരാള്‍ സന്തുഷ്ടനാണോ എന്ന് അയാളുടെ 'ഉറക്കം' നോക്കി കണ്ടുപിടിക്കാം എന്ന്! പക്ഷെ ഇത് ഓരോ വ്യക്തിക്കും സ്വയം മനസിലാക്കാന്‍ സാധിക്കുന്ന ഒരു വിദ്യയാണ്. അല്ലാതെ എനിക്ക് മറ്റൊരാള്‍ 'ഹാപ്പി' ആണോ എന്ന് മനസ്സിലാക്കാന്‍ ഇത് വഴി സാധിക്കില്ല.
ഉറക്കത്തെക്കുറിച്ച് ഞാന്‍ ഇതിനുമുന്‍പ് ഒരിക്കല്‍ എഴുതിയിരുന്നു. ഭക്ഷണം, രതി, ജോലി, ഉറക്കം, വിനോദം, യാത്ര ... ഇവയില്‍ എന്താണ് ഒരാളുടെ സന്തോഷത്തെ നിശ്ചയിക്കുന്നത്. ഉറക്കം (അഥവാ നിദ്ര) തന്നെയാണ് ഒരാള്‍ക്ക് ഏറ്റവും വലിയ നിര്‍വൃതി (ആനന്ദം) നല്‍കുന്നത്. എന്നാല്‍ നമുക്ക് അത് ആസ്വദിക്കാന്‍ കഴിയുന്നില്ല. ഭക്ഷണം, രതി, വിനോദം ... എല്ലാം നമുക്ക് ആസ്വദിച്ച് അനുഭവിക്കാന്‍ കഴിയും. എന്നാല്‍ ഉറക്കമോ? ഞാന്‍ ഇന്ന് ഏറ്റവും മുന്തിയ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്തു എ.സി.യൊക്കെ പരമാവധിയാക്കി കമ്പിളിക്കുള്ളില്‍ ചുരുണ്ട് കൂടി, ഉറങ്ങാന്‍ തുടങ്ങിയാല്‍ ഉറക്കം തുടങ്ങുന്ന നിമിഷം മുതല്‍, പിന്നെ പച്ചനക്ഷത്രവും ഇല്ല, എ.സി.യും ഇല്ല, ഹൈ-ബെഡ്ഡും ഇല്ല, കമ്പിളിയും ഇല്ല. പിന്നെ നാം ഉറങ്ങുന്നത് ഏതോ വഴിയരുകില്‍ ഒരു പിച്ചക്കാരന്‍ കിടന്നുറങ്ങുന്ന അതെ അവസ്ഥയില്‍ ആണ്. സുഖ:സുഷുപ്തി എന്ന പരമാനന്ദകരമായ ആ അവസ്ഥയില്‍, നിങ്ങള്‍ നിങ്ങളല്ലാതായി തീരുന്നു. ശരിയല്ലേ?
ഇവിടെയാണ് ഉറക്കവും സന്തോഷവും (സംതൃപ്തി അല്ലെങ്കില്‍ സന്തുഷ്ടിയും) തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. ഉറക്കത്തിലായാല്‍ നിങ്ങള്‍ക്ക് പിന്നെ അതില്‍ യാതൊരു നിയന്ത്രണവും ഇല്ല. അതുകൊണ്ട് ഞാന്‍ പറയും ഒരാളുടെ സന്തോഷം ബന്ധപ്പെട്ടിരിക്കുന്നത് അയാളുടെ ഉറക്കവുമായാണ് എന്ന്. ആരോഗ്യവാനായ ഒരാള്‍ക്ക് ഒരു ദിവസം 6 മുതല്‍ 8 എട്ടു മണിക്കൂര്‍ ഉറക്കം വേണം. ഇതില്‍ 8 മണിക്കൂര്‍ സുഖമായി ഒരാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞാല്‍ അയാള്‍ സന്തുഷ്ടനാണ്. അല്ലെങ്കില്‍ തിരിച്ചും പറയാം - സന്തോഷവാനായ ഒരാള്‍ക്ക് 8 മണിക്കൂര്‍ സുഖമായി ഉറങ്ങാന്‍ സാധിക്കും.
നല്ല ഉറക്കം എങ്ങിനെ നിര്‍വചിക്കാം? എനിക്ക് തോന്നുന്നത് ഉറക്കം കഴിഞ്ഞു എഴുന്നേറ്റാല്‍ 'കുറച്ചു കൂടി കിടന്നാലോ' എന്ന് തോന്നാത്തവിധത്തിലുള്ള ഉറക്കം തന്നെ, നല്ല ഉറക്കം. ഇനി ഒരു മാര്‍ഗം അലാറം ഇല്ലാതെ ഉണരാന്‍ കഴിയുന്നതാണ്. ഒരു നല്ല ഉറക്കം കഴിഞ്ഞാല്‍ നമുക്ക് അലാറം ഇല്ലാതെ തന്നെ ഉണരാന്‍ സാധിക്കും.
നല്ല ഉറക്കത്തിനു എന്തൊക്കെ ശ്രദ്ധിക്കണം എന്നൊന്നും ഇവിടെ ചര്‍ച്ചചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല.
അതിനെക്കുറിച്ച് നിങ്ങള്‍ക്ക് ഇവിടെ വായിക്കാം.
നിങ്ങള്‍ നന്നായി ഉറങ്ങുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ സന്തുഷ്ടനാണ്. (ഇത് നിസ്സംശയം പറയാം)
- 8 മണിക്കൂര്‍ ഉറക്കം മദ്യലഹരിയിലോ, ഉറക്ക ഗുളികയുടെ സഹായത്താലോ, രോഗപീഡയാലോ ആയിരിക്കരുത്.
- ഉറക്കം അസമയത്ത് ആയിരിക്കരുത്. ഉറക്കത്തിനു പറ്റിയ സമയം - രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ. ഉച്ചക്ക് 2 മണി 5 മുതല്‍ മണി വരെ.
- പ്രായപൂര്‍ത്തിയായ ആരോഗ്യവാനായ ഒരു വ്യക്തിയുടെ ഉറക്കം ഒരു ദിവസം 8 മണിക്കൂറില്‍ അധികരിക്കരുത്.
- ടി.വി കാണുന്നത്, കമ്പ്യൂട്ടര്‍ വര്‍ക്ക് ചെയ്യുന്നത്, അമിത മദ്യപാനം ആദിയായവ നല്ല ഉറക്കത്തെ കെടുത്തും.
ആവശ്യത്തിനു പണം കയ്യിലുണ്ടെങ്കില്‍ നല്ല മുന്തിയ ഹോട്ടലില്‍ പോയി രുചിയേറിയ ഭക്ഷണം കഴിക്കാന്‍ സാധിക്കും. രതിയും അങ്ങിനെ തന്നെ. കാശുണ്ടെങ്കില്‍ ഏതെങ്കിലും ആഡംബരകപ്പലില്‍ കയറി ലോകം ചുറ്റി കറങ്ങാം. എന്നാല്‍ 'സന്തോഷം (അഥവാ ഉറക്കം)' വില കൊടുത്തു വാങ്ങാന്‍ സാധിക്കില്ല. നിങ്ങളുടെ ധനസ്ഥിതിയോ, വിദ്യാഭ്യാസയോഗ്യതയോ, കുടുംബമഹിമയോ, ദേശമഹിമയോ ഒന്നും ഒരു 'നല്ല ഉറക്കം' ഉറങ്ങുന്നതിനു ബാധകമല്ല. നിങ്ങള്‍ തെരുവിലായിരിക്കാം കിടക്കുന്നത്, അല്ലെങ്കില്‍ രാജകൊട്ടാരത്തില്‍ ആയിരിക്കാം പക്ഷെ ഉറക്കം നിങ്ങള്‍ക്കുമാത്രം സ്വന്തമാണ്. ഭക്ഷണം, രതി, വിനോദം എല്ലാം നിങ്ങള്‍ക്കു കാശ് മുടക്കി നിങ്ങളുടെ കൊട്ടാരത്തില്‍ ഒരുക്കാം. എന്നാല്‍ നിങ്ങളുടെ ഉറക്കമോ? അത് നിങ്ങളുടെ ഉള്ളില്‍ നിന്നും വരേണ്ടതാണ്. അതാണ് നിങ്ങളുടെ സന്തോഷം(Happiness) നിശ്ചയിക്കുന്നത്.
അതിനാല്‍ ഒരാളുടെ ഉറക്കത്തിന്റെ അളവ്/സാന്ദ്രത തന്നെയാണ് അയാളുടെ സന്തോഷത്തിന്റെ അളവുകോല്‍. അതുകൊണ്ടാവണം നമ്മുടെ പൂര്‍വീകര്‍ 'യോഗനിദ്ര' എന്നവിദ്യ നമുക്ക് പറഞ്ഞു തന്നത്. ഉറക്കം നന്നായാല്‍ മറ്റെല്ലാം നന്നായി. 'എനിക്ക് വേണ്ടരീതിയില്‍ /വേണ്ടത്ര സമയം ഉറങ്ങാന്‍ സാധിക്കുന്നുണ്ടോ' എന്നെ എല്ലാവരും ചിന്തിക്കണം. എല്ലാവരും ഉറക്കത്തെക്കുറിച്ച് ഉണര്‍ന്ന് ചിന്തിക്കൂ. (സ്വന്തം) ഉറക്കത്തെക്കുറിച്ച് പഠിക്കൂ. നല്ല ഉറക്കത്തിനുള്ള വഴികള്‍ കണ്ടുപിടിക്കൂ. കൂടുതല്‍ നന്നായി ഉറങ്ങൂ, കൂടുതല്‍ നന്നായി ജീവിക്കൂ.
Bible says (Ecclesiastes 5:12-13)
5:12 വേലചെയ്യുന്ന മനുഷ്യന്‍ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാന്‍ സമ്മതിക്കുന്നില്ല. 5:13 സൂര്യന്നുകീഴെ ഞാന്‍ കണ്ടിട്ടുള്ള ഒരു വല്ലാത്ത തിന്മയുണ്ടു: ഉടമസ്ഥന്‍ തനിക്കു അനര്‍ത്ഥത്തിന്നായിട്ടു സൂക്ഷിച്ചുവെക്കുന്ന സമ്പത്തു തന്നേ.
2 comments:
അധികമാരും ചിന്തിക്കുക പോലും ചെയ്യാത്ത , എന്നാല്‍ എല്ലാവരും ഏറ്റവും അധികം ശ്രദ്ധ കൊടുക്കേണ്ട ഒരു വിഷയം പ്രതിപാദിച്ചതിന് അഭിനന്ദനങ്ങള്‍ !
ഉറക്കത്തെപ്പറ്റി ഉണര്‍ന്നു ചിന്തിക്കാനുള്ള സമയം അതിക്ക്രമിച്ചു കഴിഞ്ഞിരിക്കുന്നു
very good thought..joe.
Post a Comment