Thursday, September 25, 2014

ഹോം വർക്ക് വേണോ വേണ്ടയോ?

ഹോംവർക്ക് ചെയ്യാത്തതിന് ആറു വയസ്സുകാരന് അധ്യാപികയുടെ ക്രൂരമർദ്ദനം!! ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ നിന്നും കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്യപ്പെട്ട ഈ വാർത്ത‍ നാമെല്ലാം പത്രങ്ങളിൽ വായിച്ചതാണ്. പുറം ലോകമറിയാത്ത എത്രയോ സംഭവങ്ങൾ ഇതുപോലെ നടക്കുന്നു.

ഓഫീസ് വിട്ടിറങ്ങിയാൽ, പിന്നെ തിരക്കുപിടിച്ചു, കടകളിൽ കയറി മക്കളുടെ ഹോംവർക്ക് ചെയ്യാനുള്ള  ചിത്രങ്ങളും പുസ്തകങ്ങളും വാങ്ങാൻ ഓടുന്നവരെയും ഗൂഗിളിൽ തിരഞ്ഞ് പിടിച്ച് ചിത്രങ്ങളും വിവരണങ്ങളും പ്രിൻറ് എടുക്കുന്നവരെയും ധാരാളം കാണാൻ സാധിക്കും. കാശുള്ളവർ വീട്ടിൽ തന്നെ കമ്പ്യൂട്ടറും കളർ പ്രിൻററും വീട്ടിൽ തന്നെ വാങ്ങിവച്ച് കാര്യം സാധിക്കുന്നു.

ഹോംവർക്ക് നൽകേണ്ടതിന്റെ ആവശ്യം എന്താണ്? മടിയന്മാരായ ടീച്ചർമാർ രക്ഷപ്പെടാൻ ഉപയോഗിക്കുന്ന തന്ത്രമാണോ ഹോം വർക്ക്‌. ഹോം വർക്ക് നൽകിയതു കൊണ്ടോ കുട്ടികൾ കുറെ പടം വെട്ടി ഒട്ടിച്ചും മറ്റുള്ളവരുടെ സഹായത്താലും ഹോം വർക്ക് ചെയ്യുന്നതു കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ. ചെറിയ ക്ലാസുകളിലെങ്കിലും, പ്രൈമറി തലത്തിൽ ഹോംവർക്ക് നിരോധിക്കെണ്ടതല്ലേ. കത്രികയും ബ്ലേഡും ഉപയോഗിച്ച് ചിത്രങ്ങളും തെർമോകോളും മുറിക്കാൻ ഒന്നിലും രണ്ടിലും ഒക്കെ പഠിക്കുന്ന കുഞ്ഞുങ്ങളെ നിർബന്ധിക്കുന്നത്‌ സുരക്ഷിതമാണോ.

ഹോം വർക്ക് നൽകുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ വിചക്ഷകന്മാരും അധ്യാപകസമൂഹവും രക്ഷിതാക്കളും കൂലം കഷമായി ചിന്തിക്കേണ്ടിയിരിക്കുന്നു. സ്കൂളിൽ നിന്നും ഹോം വർക്ക് കൊടുത്തില്ലെങ്കിൽ ചില രക്ഷകർത്താകൾക്ക് വലിയ പരാതിയാണ്. ഇക്കാരണത്താൽ സ്കൂൾ മാറ്റിയ ധാരാളം സംഭവങ്ങൾ ഉണ്ട്. ഹോം വർക്ക് എന്ന കീറാമുട്ടി യിൽ നിന്നും രക്ഷ നേടാൻ അതിനു സഹായിക്കുന്ന ട്യൂഷൻ സെന്ററുകളിലേക്ക് വിദഗ്ദ്ധമായി പറഞ്ഞു വിടുന്ന മാതാ പിതാക്കൾ ചെയ്യുന്നത് തെറ്റൊന്നുമല്ല.

കുടുംബം പുലർത്താൻ രാവന്തിയോളം വിയർപ്പൊഴുക്കി അദ്ധ്വാനിക്കുന്ന ( സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ മേഖല ജീവനക്കാരും നിത്യ വേതന തൊഴിലാളികളും എല്ലാം വരും ഇക്കൂട്ടത്തിൽ) ഇന്നത്തെ ഭാര്യയും ഭർത്താവും ജോലി കഴിഞ്ഞു വീട്ടിലെത്തി മക്കളുടെ ഹോം വർക്ക് ശ്രദ്ധിക്കാൻ സമയം കണ്ടെത്താത്തതിൽ അവരെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം.  താൻ പണ്ടെങ്ങോ പഠിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട / പഠിച്ച് മറന്നു പോയ കാര്യങ്ങൾ ചോദിച്ച് മക്കൾ ബഹളം വെച്ചാൽ കണ്ണുരുട്ടി കാണിക്കുന്ന അച്ഛനമ്മമാരെ കുറ്റം പറയുന്നതെന്തിന്.

അമേരിക്കയിലെ വിജീനിയ യൂണിവേഴ്സിറ്റി   നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത് ഹോം വർക്കു കൊണ്ട് കുട്ടികൾക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല, മറിച്ച് കേവലം സമയ നഷ്ടം മാത്രമാണെന്നാണ്. അതു കൊണ്ട് ഹോം വർക്കിന്റെ അളവ് കുറയ്ക്കണമെന്നും പഠനം പറയുന്നു. കുഞ്ഞുങ്ങളുടെ പഠന നിലവാരം മെച്ചപ്പെടുന്നില്ല, ക്ലാസ് ടെസ്റ്റുകളിൽ മാർക്ക്‌ കൂടുതൽ നേടാൻ കഴിഞ്ഞാലും. മിക്ക ഹോം വർക്കുകളിലും കുഞ്ഞുങ്ങളെ സഹോദരങ്ങളോ അച്ഛനമ്മമാരോ സഹായിക്കുകയാണെന്നും എന്ത് വർക്ക് കിട്ടിയാലും ഉടനെ ഗൂഗിൾ അല്ലെങ്കിൽ വിക്കിപീഡിയ തിരയുകയാണ് കുഞ്ഞുങ്ങൾ ചെയ്യുന്നതെന്നും പഠനങ്ങൾ തെളിയിക്കുന്നു.  ഇതു വിദ്യാർത്ഥികളിൽ സ്വയം പഠിക്കാനും ചിന്തിക്കാനും ഉള്ള കഴിവുകൾ നശിപ്പിക്കുന്നു എന്ന കാര്യത്തിൽ തർക്കമില്ല.

വളരെ കുറച്ചു ഹോം വർക്ക് നൽകുന്നത് കുട്ടികളിൽ പഠനശീലം വളർത്തും. എന്നാൽ സ്കൂളിലും വീട്ടിലും ചടഞ്ഞിരിക്കുന്ന ഇന്നത്തെ തലമുറയിലെ കുഞ്ഞുങ്ങൾ തീരെ ശാരിരിക വ്യായാമവും കിട്ടാതെ ആരോഗ്യമില്ലാത്തവരായി വളർന്നു വരുന്നു. കുട്ടികൾക്ക് ശാരിരിക വ്യായാമം കിട്ടുന്ന കളികളിലും മറ്റു പ്രവർത്തികളിലും വ്യാപ്രിതരകാനുള്ള സാഹചര്യം നാം ഒരുക്കി കൊടുക്കണം. ഇതിന് ഇന്ന് നാട്ടിൻ പുറങ്ങളിൽ പോലും സാധ്യതകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. സ്കൂൾ, ബസ്സ്‌, വീട്, ടി.വി. ഇവ മാത്രമായി ചുരുങ്ങിയിരിക്കുന്നു ഇന്നത്തെ കുഞ്ഞുങ്ങളുടെ ലോകം. കളിക്കാൻ സ്ഥലമില്ല, സമയവുമില്ല. കൂടെ നിൽക്കാൻ ആളും ഇല്ലാത്ത അവസ്ഥ.

നമ്മുടെ പഞ്ചായത്തും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുൻകൈ എടുത്ത് സർക്കാർ തലത്തിൽ ഇതിനുള്ള സാഹചര്യം ഉണ്ടാക്കി എടുക്കണം. ഫുട്ബോൾ, ഹോക്കി തുടങ്ങിയ കളികളിലൂടെ കുട്ടികൾക്ക് വേണ്ട ശാരീരിക വ്യായാമം ലഭിക്കാൻ  വേണ്ട കൂട്ടായ്മ ഓരോ പഞ്ചായത്ത് വാർഡിലും ഉണ്ടാവണം. ഇപ്പോൾ ഉള്ള അംഗൻവാടി സംവിധാനം നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. അതു പോലെ ഓരോ പഞ്ചായത്തിലും കുറച്ച് കായിക പരിശീലകരെ നിയമിക്കണം. അവർ ചെയ്യട്ടെ ഹോം വർക്ക് - വ്യായാമം.       
                       

Friday, September 19, 2014

ഇന്റർവ്യൂ വിൽ പങ്കെടുക്കാം - പേടിയില്ലാതെ

ഒരു ജോലിക്കു വേണ്ടിയുള്ള  ആദ്യത്തെ ഇന്റർവ്യൂ ആരും മറക്കാനിടയില്ല. ആ ജോലി കിട്ടിയില്ലെങ്കിൽ ഞാൻ മരിച്ചു പോകും എന്ന മനസീകാവസ്ഥയിൽ ആണ് ഞാനും നിങ്ങളിൽ പലരും ആദ്യത്തെ ഇന്റർവ്യൂ അഭിമുഖീകരിച്ചിട്ടുണ്ടാവുക! പിന്നീട് എന്റെ ജോലി എച്ച്. ആർ (മനുഷ്യ വിഭവശേഷി) വിഭാഗത്തിലേക്ക് മാറിയപ്പോൾ നിരവധി പേരെ ഇന്റർവ്യൂ ചെയ്യാനുള്ള ഭാഗ്യമുണ്ടായി. പുതുമുഖങ്ങളെ സംബദ്ധിച്ച് ഇന്റർവ്യൂ എപ്പോഴും കൊലമരത്തിലേയ്ക്കുള്ള യാത്ര പോലെയാണ്. ഭാഷ ഒരു പ്രധാന തടസം ആണു പലർക്കും, പ്രത്യേകിച്ചും 'മലയാളം ' മീഡിയത്തിൽ പഠിച്ച് വരുന്നവർക്ക്. എന്നാൽ ആത്മവിശ്വാസം കൊണ്ടും വിഷയ വിവരം കൊണ്ടും പൊതു വിജ്ഞാനം കൊണ്ടും ഇതിനെ തരണം ചെയുന്ന മിടുക്കന്മാരെ ധാരാളം കണ്ടിട്ടുണ്ട്.

ബൈബിളിൽ യേശു പറഞ്ഞ  'താലന്തു'കളുടെ ഉപമ വായിക്കുമ്പോൾ പലപ്പോഴും വ്യക്തികളുടെ   കഴിവുകളുമായി താരതമ്യപ്പെടുത്തി ചിന്തിച്ചു പോകാറുണ്ട്. ദൈവം നമുക്ക് തലന്തുകൾ (Talents = കഴിവുകൾ) നല്കിയിരിക്കുന്നത് അത് മണ്ണിൽ മൂടി വയ്ക്കാനല്ല ; മറിച്ച് ഇരട്ടിപ്പിക്കാനും അതുകൊണ്ട് മറ്റുള്ളവർക്ക് നന്മ ചെയ്യാനും വേണ്ടിയാണ്. ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നതും അതാണ്. ഈ ഭൂമിയിലേക്ക്‌ നമ്മെ ഓരോരുത്തരെയും അയച്ചിരിക്കുന്നത് പലതരം താലന്തുകളുമായാണ്. എല്ലാ മനുഷ്യരിലും അത് വ്യത്യസ്ഥമാണെന്നു മാത്രം. നമ്മുടെ കഴിവുകളെ മറ്റുള്ളവരുടെ കഴിവുകളുമായി താരതമ്യം ചെയ്തു പരിഭാവിക്കുന്നതിനു പകരം, നമ്മിലെ ചെറുതും വലുതുമായ കഴിവുകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആവണം നമ്മുടെ ശ്രദ്ധ.    

ഏതൊരു ഇന്റർവ്യൂവിന് പോകുമ്പോഴും നാം മനസ്സിൽ ഓർമ്മിക്കെണ്ടതു നമ്മിൽ ദൈവം നലികിയ ഒത്തിരി കഴിവുകൾ ഉണ്ട് എന്നുള്ള കാര്യം ആണ്. ദൈവം നല്കിയ ഈ താലന്തുകളുമായാണ് ഞാൻ ഇന്ന് ഇന്റർവ്യൂ അഭിമുഖീകരിക്കുവാൻ പോകുന്നത്, അതിനാൽ ഭയക്കേണ്ടതില്ല. ചില അവസരത്തിൽ കമ്പനിയുടെ ആവശ്യവും എന്റെ കഴിവുകളും ഒത്തു വരും, ഇല്ലെങ്കിൽ നമ്മെ ആ ജോലിയിലേക്ക് തിരഞ്ഞെടുക്കില്ല. എന്നുവച്ച് നിങ്ങൾ മോശക്കാരനനാണെന്ന് ഒരിക്കലും കരുതേണ്ടതില്ല. അടുത്ത അവസരത്തിൽ ആത്മവിശ്വാസം കൈവിടാതെ  വീണ്ടും ശ്രമിക്കുക.         

പക്ഷെ ഏതൊരു ഇന്റർവ്യൂവിന് പോകുമ്പോഴും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. ആദ്യമേ പറഞ്ഞല്ലോ നിങ്ങൾക്ക് കിട്ടിയിരിക്കുന്ന കഴിവുകൾ (തലന്തുകൾ) നിങ്ങൾ അധ്വാനിച്ചു ഇരട്ടിപ്പിക്കണമെന്നു അതു നല്കിയ യജമാനൻ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് ആരും തന്നെ മുന്നൊരുക്കം ഇല്ലാതെ ഇന്റർവ്യൂ അഭിമുഖീകരിക്കാൻ പോകരുത്.   

എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
1) ആദ്യമായി ഈ ഇന്റർവ്യൂവിൽ ഞാൻ വിജയിക്കും, എനിക്കീ ജോലി ലഭിക്കും എന്ന ശുഭാപ്തി വിശ്വാസത്തോട് കൂടി വേണം ഇന്റർവ്യൂ മുറിയിലേക്ക് പ്രവേശിക്കാൻ. ഒട്ടും പരിചയമില്ലാത്ത ആളെ / ആളുകളെ ആദ്യമായി അഭിമുഖത്തിലൂടെ നേരിടാൻ പോവുകയാണ്. നിങ്ങൾ നിങ്ങളുടെ തൊഴിൽ നൈപുണ്യത്തെ വിൽക്കാൻ വേണ്ടിയാണു ഇന്റർവ്യൂ ബോർഡിന്റെ മുന്നിൽ ഇരിക്കുന്നത്. മനസ്സിൽ നല്ലെരു സെയിൽസ്മാൻ / ഗേളിനെ  ഓർക്കുക.

2) ഇന്റർവ്യൂ വിന് തലേന്ന് ചെറിയ പരിശീലനം നല്ലതാണ്. വരാൻ സാധ്യതയുള്ള ചോദ്യങ്ങളും അവയുടെ ഉത്തരവും ഒന്ന് ഓടിച്ച് വായിച്ചും പറഞ്ഞും പഠിക്കുക. വേണ്ട കാര്യങ്ങൾ പുസ്തകത്തിലോ ഇന്റെർനെറ്റിലൊ അന്വേഷിച്ച് ആവശ്യമുള്ള അറിവു സംഭരിക്കുന്നത് ഏത് ഇന്റർവ്യൂ നേരിടാനും സഹായകമാണ്. ഇന്ന് ഇന്റർനെറ്റ്‌ യുഗത്തിൽ ഇതു വളരെ എളുപ്പവുമാണ്.   

3) കൃത്യസമയത്തിന് മുൻപേ എത്തിച്ചേരുക. ട്രാഫിക് ബ്ലോക്ക്‌, തുടങ്ങിയ മറ്റു തടസങ്ങൾ ഉണ്ടാകുമെന്ന് കണക്കുകൂട്ടി വീട്ടിൽ നിന്നും ഇറങ്ങുക. ദൂരദേശത്താണ് പോകുന്നതെങ്കിൽ, അറിയാൻ പാടില്ലാത്ത നഗരം ആണെങ്കിൽ ഇന്റർവ്യൂ നടക്കുന്ന വിലാസം വാങ്ങി, ആരോടെങ്കിലും മുൻകൂട്ടി ചോദിച്ച് കൃത്യമായ ലൊക്കേഷൻ മനസിലാക്കുക. ബസ്‌ സ്റ്റാന്റ്, റെയിൽ വെ സ്റ്റെഷൻ,ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നും    അവിടെയത്താനുള്ള    സമയം മനസിലാക്കുക.

4) ബയോ-ഡാറ്റ, ഫോട്ടോ, സർട്ടിഫിക്കറ്റ് (ഒറിജിനൽ/ കോപ്പി), തുടങ്ങിയ ആധികാരിക രേഖകൾ ഒരു ഫയലിൽ വൃത്തിയായി അടുക്കി കൈയിൽ സൂക്ഷിക്കണം. വസ്ത്രശാലയുടെയോ ചെരുപ്പുകടയുടെയോ കവർ അല്ല, മറിച്ച് നല്ലൊരു ഓഫീസ് ഫയൽ ഫോൾഡർ വാങ്ങി അതിൽ വേണം ഈ രേഖകൾ സൂക്ഷിക്കാൻ.

5) അവരോചിതമായ വസ്ത്രധാരണം വളരെ അത്യന്താപേഷിതമാണ്‌. അലക്കി തേച്ച വസ്ത്രം നിങ്ങളുടെ വ്യക്തിത്വത്തിനു പകിട്ടേകും. സാദാ വള്ളി ചെരുപ്പ് ഒഴിവാക്കണം. തലമുടി വെട്ടിയിരിക്കുന്ന അല്ലെങ്കിൽ കെട്ടിവച്ചിരിക്കുന്ന ശൈലി, വസ്ത്രധാരണം ഇതൊക്കെ കണ്ടാൽ മനസ്സികകും ആളുടെ അടുക്കും ചിട്ടയും (Discipline). ഒരിക്കലും കാഷ്വൽ ആയി വസ്ത്രധാരണം നടത്തി, ഒരു ഔപചാരിക കൂടിക്കാഴ്ചയ്ക്ക് പോകരുത്. 

6) ചെല്ലുന്ന കമ്പനിയെക്കുറിച്ചും നിങ്ങൾ അപേക്ഷിച്ചിരിക്കുന്ന ജോലിയുടെ തരത്തെക്കുറിച്ചും മുൻകൂട്ടി മനസ്സിലാക്കുന്നത്‌ നല്ലതാണ്. അതിനു ധാരാളം മാർഗ്ഗങ്ങൾ ഇന്നുണ്ട്. കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിക്കുന്നതു വഴി ഒരുപാടു വിവരങ്ങൾ ലഭിക്കും. ജോലിക്ക് ചേരാൻ ആഗ്രഹിക്കുന്ന കമ്പനിയുടെ പ്രവർത്തന മേഘല യെക്കുറിച്ച് മനസ്സിലാക്കി, നിങ്ങൾ കിട്ടാൻ ആഗ്രഹിക്കുന്ന ജോലിയുടെ പ്രവർത്തന മേഖല കളെക്കുറിച്ച് മനസ്സിലാക്കി സംസാരിക്കുമ്പോൾ അത് തീർച്ചയായും ഇന്റർവ്യൂ പാനലിനെ സന്തുഷ്ടരാക്കും.    

7) വളരെ മിതത്വം പാലിക്കുക. ശാന്തമായി ഇരിക്കുക, ചോദ്യങ്ങൾ വ്യക്തമായി കേൾക്കുക. ചോദ്യം തീരുന്നതിനു മുൻപേ ചാടിക്കയറി പറയാൻ നിൽക്കരുത്, അറിയാവുന്ന കാര്യം ആണെങ്കിൽ പോലും. അതുപോലെ തന്നെ കാടുകയറി പറയാനും തുനിയരുത്. വിഷയം മാറി വേറെ വഴിക്ക് പോകുകയുമരുത്‌. ഇന്റർവ്യൂ ചെയ്യുന്ന ആളുടെ മുഖത്ത് നോക്കിക്കൊണ്ടു മാത്രം സംസാരിക്കുക. എല്ലാവർക്കും കേൾക്കാവുന്ന ഉച്ചത്തിലും വ്യക്തമായും ആയിരിക്കണം നിങ്ങളുടെ സംഭാഷണം.  

8) ഇന്റർവ്യൂ വിന് പോകുമ്പോൾ ആരെയും കൂട്ടിന് കൊണ്ടുപോകേണ്ട; പ്രത്യേകിച്ചും മാതാപിതാക്കളെ. കാരണം അതു നിങ്ങളുടെ ആത്മവിശ്വാസക്കുറവാണ് സൂചിപ്പിക്കുന്നത്. കൂടെ ആരെങ്കിലും ഉണ്ടെങ്കിൽ പുറത്തു നിർത്തുക.  ഓഫീസിനു പുറത്തായാൽ നന്ന്.    

9) നന്ദി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുക. തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ നിങ്ങൾക്ക് ആ ജോലിയിൽ ചേരാനുള്ള  നിങ്ങളുടെ താൽപര്യം  ഒരിക്കൽ കൂടി ഉറപ്പിച്ചു പറയുന്നതിൽ തെറ്റില്ല. എന്നാണ് ഇന്റർവ്യൂ ഫലം അറിയുക എന്നു ചോദിക്കുന്നതും നന്ന്.

സാധാരണ ഏതു ഇന്റർവ്യൂ വിലും ചോദിക്കുന്ന ചില ചോദ്യങ്ങൾ ഇതാണ്:

  • നിങ്ങളെക്കുറിച്ച് പറയുക - നിങ്ങൾ എവിടെ നിന്നും വരുന്നു, എന്താണ് പഠിച്ചിരിക്കുന്നത്, മുൻ ജോലി പരിചയം, വീട്ടിൽ ആരോക്കെയുണ്ട് എന്നീ കാര്യങ്ങൾ വളരെ ചുരുക്കി പറയാം
  • മുൻപ് ജോലി ചെയ്ത സ്ഥാപനം, അവിടെ നിങ്ങളുടെ ജോലിയെന്തയിരുന്നു, നിങ്ങളുടെ മേലധികാരി ആരായിരുന്നു എന്നീ കാര്യങ്ങൾ
  • കഴിഞ്ഞ ജോലിയിൽ നിന്നും രാജി വയ്ക്കാനുള്ള കാരണങ്ങൾ, ഏറ്റവും അവസാനം ലഭിച്ചുകൊണ്ടിരുന്ന ശമ്പളം, പ്രതീക്ഷിക്കുന്ന ശമ്പളം.
  • നിങ്ങളുടെ കഴിവുകൾ, പോരായ്മകൾ, സാദ്ധ്യതകൾ
  • നിങ്ങളിൽ നിന്നും പുതിയ ജോലിദാതാവിന്  എന്തു പ്രതീക്ഷിക്കാം     
ഒരു ഇന്റർവ്യൂവഴി ജോലി കിട്ടിയില്ലെങ്കിൽ നിരാശപ്പെടരുത്, കാരണം നിങ്ങളെ കാത്ത് മറ്റനേകം പേർ ഇരുപ്പുണ്ട്‌. ഒരു വാതിൽ അടയുമ്പോൾ നമുക്കായി ഒമ്പതു വാതിലുകൾ തുറക്കുന്നു എന്നു പറയുന്നത് ജോലിതേടലിന്റെ കാര്യത്തിൽ 100 ശതമാനം ശരിയാണ്.      

ഓർക്കുക, നിങ്ങളുടെ ബയോ -ഡാറ്റയും നിങ്ങൾ ഇന്റർവ്യൂ വിൽ പറയുന്ന കാര്യങ്ങളും 100 ശതമാനം സത്യസന്ധമായിരിക്കട്ടെ. അറിയാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച്   അബദ്ധങ്ങൾ തട്ടി വിടാതിരിക്കുക. അറിയില്ലെങ്കിൽ അറിയില്ല എന്ന് സത്യസന്ധമായി മറുപടി പറയുന്നത് നിങ്ങളുടെ മാർക്ക് കൂട്ടും.

വളരെ കുറച്ചു സമയം മാത്രമേ നമുക്ക് ഇന്റർവ്യൂ പാനലിനോടൊത്തു ചിലവാക്കാൻ കിട്ടൂ. അര മണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ, ആ സമയം നന്നായി,ബോധപൂർവ്വം , ബുദ്ധിപൂർവ്വം വിനിയോഗിക്കാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്തുക. ഈശ്വാരനുഗ്രഹത്തിനായി പ്രാർത്ഥിക്കുക.       
--------------------------

Jossy Varkey (Mob: 98 477 320 42)
M.Sc. (Psychology), PGDPM&IR
Counselling Psychologist
(Workplace Counselling)      

      
 
              

   



              

Tuesday, September 16, 2014

ഫോണിൽ സംസാരിക്കുമ്പോൾ

ഗൾഫിൽ ജോലിയുള്ള ഭർത്താവ്‌ 'ഫോണിൽ വിളിക്കാറില്ല, വിളിച്ചാൽ വളരെ കുറച്ചേ സംസാരിക്കൂ', ഈ പ്രശ്നവുമായാണ്    പ്രിയ എന്ന വീട്ടമ്മ കൌണ്‍സെലിംഗ് കേന്ദ്രത്തിൽ വരുന്നത്. അയാൾക്ക് വേറെ ആരെങ്കിലുമായി അടുപ്പമുണ്ടോ എന്നാണവളുടെ സംശയം. ഭർത്താവ് ലീവിന് വരുമ്പോൾ രണ്ടാളും കൂടി വരാൻ പറഞ്ഞു വിട്ടു.

രണ്ടു മാസം കഴിഞ്ഞപ്പോൾ അവൾ ഭർത്താവും കൂടി എന്നെ കാണാൻ വന്നു. ഭാര്യയെ പുറത്തിരുത്തി അദ്ദേഹത്തോട് തനിയെ സംസാരിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി. വിവാഹം കഴിഞ്ഞിട്ട് 12 വർഷം ആയി, രണ്ടു കുഞ്ഞുങ്ങൾ ഉണ്ട്. ഗൾഫിൽ ജോലി ആണെങ്കിലും മനസ്സെപ്പോഴും നാട്ടിലെ കുടുംബത്തോടോപ്പമാണ്. പിന്നെന്താണ് ഭാര്യയുമായി ഇത്ര അകൽച്ച? അത് പറയാൻ തുടങ്ങിയപ്പോൾ തന്നെ അയാളുടെ കണ്ണുകൾ നിറഞ്ഞു. വിവാഹം കഴിഞ്ഞ ഇടയ്ക്ക് നിത്യവും വീട്ടിലേക്ക്ഫോണ്‍ വിളിക്കുമായിരുന്നു. ഭാര്യയോ അമ്മയോ എടുക്കും കുറച്ചു നേരം സംസാരിക്കും പിന്നെ കട്ടു ചെയ്യും. ഭാര്യയുടെ ശബ്ദം കേൾക്കുന്നതു തന്നെ ഒരു തേങ്ങൽ പോലെയാണ്. വളരെ ശബ്ദം കുറച്ചു, വാക്കുകൾ തേടിപ്പിടിച്ചു സംസാരിക്കുന്നതു പോലെ. ഗൾഫിലെ ജോലിയും മറ്റു ബുദ്ധിമുട്ടുകളും മറക്കാൻ വീട്ടിലേക്ക് സ്വന്തം ഭാര്യയെ വിളിക്കുമ്പോൾ മറുഭാഗത്തെ സംസാരം 'അവാർഡ് സിനിമ' പോലെ അയാൽ എങ്ങിനെയിരിക്കും? അങ്ങിനെ അയാൾക്ക് ഫോണ്‍ വിളി തന്നെ അരോചകമായി തീർന്നു!!

ഭർത്താവിനോട് കുറച്ചു നേരം പുറത്തിരിക്കാൻ പറഞ്ഞിട്ട്,  ഭാര്യയെ വിളിച്ചു. സംസാരിച്ചപ്പോൾ മനസ്സിലായി അവർ മനപ്പൂർവമോ അയാളെ ഒഴിവാക്കാനോ അല്ല, മറിച്ചു അമ്മായി അമ്മയെ ഭയന്നിട്ടാണ് ഇതുപോലെ പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു തുടങ്ങിയത്. പിന്നെ എപ്പോഴോ അതൊരു ശീലമായി മാറി. മാത്രവുമല്ല സന്തോഷത്തോടെ ചിരിച്ചുല്ലസിച്ച് സംസാരിച്ചാൽ ഭർത്താവ്‌ എന്തു കരുതും, ഞാൻ ഗൾഫിൽ കിടന്ന് പാടുപെടുമ്പോൾ നീ അവിടെ സന്തോഷിച്ച് ജീവിതം ആഘോഷിക്കുകയാണല്ലേ, എന്നെങ്ങാനും കരുതിയാലോ. സ്വന്തമായി ഒരു ജോലിയും വരുമാനവും ഇല്ലാത്തതിന്റെ കുറ്റബോധവും അവർക്കുണ്ടായിരുന്നു. കുടുംബം നോക്കി നടത്തുന്നതിന്റെയും  കുട്ടികളെ വളർത്തുന്നതിന്റെയും  ഭർത്താവിന്റെ മാതാപിതാക്കളെ പൊന്നുപോലെ സംരക്ഷിക്കുന്നതിന്റെയും വിലയെക്കുറിച്ച്    പറഞ്ഞു ബോധ്യപ്പെടുത്തി അവരുടെ ആത്മ വിശ്വാസം  വർദ്ധിപ്പിക്കാൻ ഏകദേശം ഒരു മണിക്കൂർ ചെലവോഴിക്കേണ്ടി വന്നു.

പിന്നീടു് ലീവിന് വന്നപ്പോൾ ഭർത്താവു തന്നെ മുൻകൈ യെടുത്ത് വന്നപ്പോൾ അവരുടെ മുഖത്ത് സന്തോഷം തെളിഞ്ഞു കാണാമായിരുന്നു.  

നിങ്ങൾ ഇവിടെ പുഞ്ചിരിച്ചാൽ അനേകം കാതമകലെ ഗൾഫിലോ അമേരിക്കയിലോ ഇരിക്കുന്ന ആൾക്കും നിങ്ങളുടെ പ്രസന്ന ഭാവം മനസ്സിലാകും. ഫോണ്‍ ചെയ്യുമ്പോൾ അതിൽ ശ്രദ്ധിക്കണമെന്നു മാത്രം. എപ്പോഴും ദുഃഖഭാവം മാത്രം കൊണ്ടു നടക്കുന്ന ഒരാളുമായി അധികം ഇടപഴകാൻ, ഫോണിലൂടെ ആയാലും നേരിട്ടായാലും നമ്മിൽ ഭൂരിഭാഗം ആളുകളും ഇഷ്ടപ്പെടുന്നില്ല.   

ഫോണിൽ സംസാരിക്കുമ്പോൾ എല്ലാവരും പാലിക്കേണ്ട ചില സാമാന്യ മര്യാദകൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനമായി എനിക്കു തോന്നിയിട്ടുള്ളത് 'സന്തോഷ' മായി സംസാരിക്കുക എന്നതാണ്. (എന്തെങ്കിലും മരണ വിവരം പറയുമ്പോഴോഴികെ). ഫോണിലൂടെ നിങ്ങളെ കേൾക്കുന്ന വ്യക്തിക്ക് നിങ്ങളുടെ ഹൃദയം കാണുവാനാകും. അതുപോലെ തന്നെ ഫോണിലൂടെ നിങ്ങൾക്ക് 'പോസിറ്റീവ് ഊർജം' മറ്റൊരിടത്തേക്ക്, മറ്റൊരാളിലേക്ക് പകരുവാനാകും. അത് ലോകത്തിന്റെ ഏതു കോണിലാണെങ്കിലും.

നമ്മുക്ക് ഇവിടെ കുറച്ചു ഫോണ്‍ മര്യാദകൾ മനസിലാക്കാം:
1) വിളിക്കുന്ന ആളും സ്വീകർത്താവും ആദ്യം തന്നെ സ്വമേധയാ പരിചയപ്പെടുത്തണം. എന്നെ മനസിലായില്ലേ, ആരാണെന്നു മനസ്സിലായോ തുടങ്ങിയ കളിതമാശകൾ പരമാവധി ഒഴിവാക്കുക. അത് ടി.വി. യിൽ കാണുന്ന ചില പറ്റിക്കൽ മത്സരത്തിനു മാത്രം യോജിക്കുന്നതാണ്.
2) നമ്മുടെ ഫോണ്‍ ബെല്ലടിച്ചാൽ 3 ബെല്ലിനകം തന്നെ എടുക്കാൻ ശ്രമിക്കുക, തിരക്കിലാണെങ്കിൽ പിന്നീട് വിളിക്കുവാ നോ തിരികെ വിളിക്കാമെന്നൊ പറയുക. നോട്ട് ചെയ്തു വച്ചിട്ട് പിന്നീട് വിളിക്കുക
3) ടി.വി. / റേഡിയോ തുടങ്ങിയവയുടെ അടുത്താണ് നിങ്ങളുടെ ഫോണ്‍ ഇരിക്കുന്നതെങ്കിൽ അവ ഒഫാക്കുകയോ ശബ്ദം കുറയ്ക്കുകയോ ചെയ്ത ശേഷം സംസാരിക്കുക
4) മൊബൈലിൽ സംസാരിക്കുമ്പോൾ നിങ്ങൾ വീടിനു വെളിയിൽ പൊതുസ്ഥലത്താണെങ്കിൽ ശബ്ദം താഴ്ത്തി സംസാരിക്കണം. അതുപോലെ തികച്ചും വ്യക്തി പരമായ, സ്വകാര്യങ്ങൾ പൊതു സ്ഥലത്ത് വച്ച് (ബസ്‌ ,ട്രെയിൻ) മറ്റുള്ളവർ കേൾക്കെ സംസരിക്കാതിരി ക്കുന്നതാണ് ഉത്തമം                                      
5) രാത്രി 10 മണിക്ക് ശേഷവും രാവിലെ 7 മണിക്ക് മുൻപും പരമാവധി ഫോണ്‍ വിളികൾ ഒഴിവാക്കുക. എന്തെങ്കിലും അപകട / മരണ വാർത്തകൾക്കൊഴികെ.
6) നിങ്ങൾ തെറ്റായി ഒരു നമ്പർ ഡയൽ ചെയ്തു വിളിച്ചാൽ എടുത്ത ആളോട് മാപ്പു പറയാൻ മടിക്കരുത്
7) നിങ്ങൾക്ക് ലഭിച്ച കോൾ മറ്റൊരു കുടുംബാംഗത്തിനുള്ളതാണെങ്കിൽ 'ദയവായി ഹോൾഡ്‌ ചെയ്യാൻ' പറഞ്ഞ ശേഷം മാത്രം വേണ്ടപ്പെട്ട ആളെ വിളിച്ചു വരുത്തുക.
8) ഫോണിൽ ചോദിച്ച വ്യക്തി സ്ഥലത്തില്ലെങ്കിൽ, വിളിക്കുന്ന ആളുടെ നമ്പർ വാങ്ങി കുറിച്ചിടുക, ബന്ധപ്പെട്ട വ്യക്തി വരുമ്പോൾ വിവരം അറിയിക്കണം.
 9) ഹോസ്റ്റൽ / ഹോസ്പിറ്റൽ പോലുള്ള സ്ഥാപനങ്ങളിലെ  പൊതു ഫോണ്‍ ഉപയോഗിക്കുമ്പോൾ ദീർഘനേരം സംസാരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മറ്റുള്ളവർ കോളിനു വേണ്ടി കാത്തിരിക്കുന്നുണ്ടാവാം.   
10) പുഞ്ചിരിയോടു കൂടി സംസാരിക്കുക, ഫോണിൽ ആണെങ്കിലും നിങ്ങളെ മറുഭാഗത്തുള്ളയാൾ കാണുന്നുണ്ടെന്ന് സങ്കൽപ്പിച്ചുകൊണ്ട് വേണം സംസാരിക്കാൻ. നമ്മുടെ സംസാരത്തിലെ ഭാവം / സംസാരിക്കുന്ന രീതി ഫോണിലൂടെ കേൾക്കുന്നവർക്ക് വളരെ വേഗത്തിൽ ഊഹിച്ചെടുക്കാൻ സാധിക്കും. ദുഃഖ / സങ്കടഭാവത്തിൽ സംസാരിക്കുന്നത് ഫോണിലൂടെ കേൾക്കാൻ ആരും ആഗ്രഹിക്കുന്നില്ല.
11) വളരെ അടുപ്പമുള്ളവരുമായി  അല്ലെങ്കിൽ,  എന്തെങ്കിലും ചവക്കുകയോ തിന്നുകയോ ചെയ്തു കൊണ്ട് ഫോണിൽ സംസാരിക്കരുത്  
12) ആരാധനലയങ്ങളിലോ പോതുയോഗങ്ങളിലോ ആയിരിക്കുമ്പോൾ മൊബൈൽ ഫോണ്‍ അറ്റൻഡ് ചെയ്യരുത്. അത്യാവശ്യം ആണെങ്കിൽ പുറത്തിറങ്ങി വന്നു സംസാരിക്കുക.
13) റോഡ്‌ / റയിൽ മുറിച്ചു കടക്കുമ്പോൾ, ബാങ്കിലോ കടയിലോ കാശ് കൈകാര്യം ചെയ്യുമ്പോൾ ദയവായി ഫോണ്‍മൊബൈൽ ഉപയോഗിക്കാതിരിക്കുക
14) ഇന്റർവ്യൂ, അല്ലെങ്കിൽ ഏതെങ്കിലും പ്രധാന മീറ്റിംഗ്, ഡോക്ടർ സന്ദർശനം തുടങ്ങിയ അവസരങ്ങളിൽ മൊബൈൽ ഫോണ്‍ ഓഫ്‌ ചെയ്യുന്നതാണ്‌ നല്ലത്. 

ഫോണ്‍ മര്യാദകൾ നിയമങ്ങൾ അല്ല; നിയമങ്ങൾ ആയി അടിച്ചേൽപ്പിക്കാനും ആവില്ല. പക്ഷെ അവ നിങ്ങളുടെ വ്യക്തി ബന്ധങ്ങളെ ദൃഡപ്പെടുത്തും, തീർച്ച.

നമ്മുടെ കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ, അയൽക്കാർ, സഹപാഠികൾ, സുഹൃത്തുക്കൾ, ക്ലൈന്റ്സ് ... ഒക്കെയായി  നല്ല ബന്ധം സ്ഥാപിക്കാൻ, വളർത്താൻ ഈ ചെറിയ പൊടിക്കൈകൾ തീർച്ചയായും ഉപകരിക്കും.