Monday, November 08, 2010
വാക്കുകള്‍ കൂട്ടിചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ...
പണ്ട് പലപ്പോഴും അച്ഛനമ്മമാര്‍ കുട്ടികളോട് ദേഷ്യപ്പെടുന്നതും ശകാരിക്കുന്നതും തല്ലുന്നതും കാണുമ്പോള്‍ ഞാന്‍ ഉപദേശിക്കുമായിരുന്നു. എന്നാല്‍ ഇന്ന് സത്യമായിട്ടും ഞാന്‍ അറിയുന്നു, ആരുടേയും നിയന്ത്രണം തെറ്റിപോകും, ചില കുട്ടികളുടെ പിടിവാശി കണ്ടാല്‍. എനിക്ക് ദേഷ്യം വരുമ്പോള്‍ ഞാന്‍ മോന്റെ കൈവിരല്‍ 'ഞെട്ടഒടിക്കുകയോ' അല്ലെങ്കില്‍ ചെവി പിടിച്ചു കിഴുക്കുകയോ അല്ലെക്നില്‍ തുടയില്‍ പിച്ചി വേദനിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. പിന്നീട് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുമുണ്ട്. കുട്ടികളുടെ കുസൃതിക്കു മുന്‍പില്‍ ശാന്തമായി നില്‍ക്കാന്‍ ക്ഷമ ശീലിക്കാന്‍ വളരെയധികം ആത്മബലം വേണമെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നുണ്ട്.
-----
പണ്ട് ഞങ്ങളുടെ അമ്മായി ഇളയ മകന് ചായ ഉണ്ടാക്കി കൊടുത്ത ഒരനുഭവം ഞങ്ങള്‍ ഇപ്പോഴും പറഞ്ഞു ചിരിക്കാറുണ്ട്. അവനു അന്ന് 4 വയസ്സ് പ്രായം കാണും. രാവിലെ ചായ ഉണ്ടാക്കി 'മോനെ.. പാലേ...' എന്നൊക്കെ വിളിച്ചു പുറകെ നടന്നു കൊടുക്കാന്‍ ശ്രമിക്കുന്നു. ആദ്യം അവന്‍ ചായ മേടിച്ചു 'ചൂട് കൂടുതലാണെന്ന്' പറഞ്ഞു തിരിച്ചു കൊടുത്തു. അമ്മായി അത് വാങ്ങി ഒരു പാത്രത്തില്‍ വെള്ളമൊഴിച്ച് വേറൊരു പാത്രത്തില്‍ 'പാല്ച്ചായ' വച്ച് തണുപ്പിച്ചു. പിന്നെയും മോന്റെ പിറകെ നടന്നു, കുടിക്കു മോനെ, പാലേ, ചക്കരേ... എന്നൊക്കെ വിളിച്ചു. അവന്‍ പത്രം വാങ്ങി 'ഇത് ചൂടില്ല... എനിക്ക് ചൂടാക്കി തരണം എന്ന് പറഞ്ഞു കിണുങ്ങാന്‍ തുടങ്ങി. അപ്പോള്‍ മുട്ടത്തു വെയില്‍ വന്നു തുടങ്ങിയിരുന്നു. അമ്മായി ആ 'ചായ' മുറ്റത്തേക്ക് നീട്ടി ഒഴിച്ചിട്ടു മകനോട് പറഞ്ഞു, ഇപ്പൊ ചൂടാവും ട്ടോ.. ആവുമ്പോ മോന്‍ കുടിച്ചോ എന്ന്!! കാരണം അരമണിക്കൂറിലേറെയായി അവര്‍ ആ പത്രവും പിടിച്ചു അവന്റെ പിറകെ നടക്കുന്നു. അതാണ് ഞാന്‍ പറഞ്ഞത് അസാമാന്യ ക്ഷമ വേണം എന്ന്.
------
എന്നെ പറ്റിയും കേട്ടിട്ടുണ്ട് ഒരു കഥ. ഒരിക്കല്‍ ഞങ്ങളുടെ പള്ളിയില്‍ പെരുന്നാളിന് പോയി തിരികെ വരുമ്പോള്‍ അപ്പച്ചന്‍ ഒരു കരിമ്പിന്‍ തണ്ടും വാങ്ങിയിരുന്നു. വീട്ടിലെത്തിയാലുടന്‍ അത് മുറിച്ചു തരണമെന്ന് ഞാന്‍ വഴി നീളെ വാശി പിടിച്ചു കൊണ്ടിരുന്നു. വീട്ടിലെത്തിയപ്പോള്‍ തന്നെ അത് മുറിച്ചു കഷണങ്ങളാക്കി എനിക്കും അനിയത്തിക്കുമായി നല്‍കി. അപ്പോള്‍ എന്റെ മട്ടുമാറി. എനിക്കാ കരിമ്പിന്‍ കഷണങ്ങള്‍ വലിയ തണ്ട് തന്നെയാക്കി കിട്ടണം!! ഞാന്‍ കിടന്നു വാശി പിടിച്ചു കരയാന്‍ തുടങ്ങി. അപ്പച്ചന്‍ അതോടെ കലികയറി (ആരായാലും തോറ്റുപോകും, അല്ലെ?) ആ കഷണങ്ങള്‍ എല്ലാം എടുത്തു പറമ്പിലേക്ക് എറിഞ്ഞിട്ടു പറഞ്ഞു: നാളെ രാവിലെ വലിയ തണ്ടായി മുളച്ചു വരും, അപ്പോള്‍ തിന്നാം എന്ന്.
-------
എവിടെയോ വായിച്ചതോര്‍ക്കുന്നു. അമേരിക്കയില്‍ സംഭവിച്ചതാണ്. ഒരാള്‍ തന്റെ സ്വപ്നമായിരുന്ന 'ബെന്‍സ് കാര്‍' വാങ്ങി രണ്ടു ദിവസം കഴിഞ്ഞു ഒരു സുപ്രഭാതത്തില്‍ മുറ്റത്ത് വന്നു നോക്കുമ്പോള്‍ തന്റെ കൊച്ചുമകന്‍ കാറിന്റെ ബോണറ്റില്‍ ഒരു ചുറ്റിക കൊണ്ട് ആണികള്‍ തറച്ചു കൊണ്ടിരിക്കുന്നു!! അയാള്‍ ഓടിയെത്തി അവനെ തട്ടിയെറിഞ്ഞു,, ആ ചുറ്റിക വാങ്ങി അവന്റെ കൈവിരലുകള്‍ അടിച്ചു ചതച്ചു. കുറച്ചു നിമിഷങ്ങള്‍ മാത്രം, അയാള്‍ ഒരു മൃഗമായി മാറുകയായിരുന്നു. കോപം ആറി തണുത്തു, അയാള്‍ തന്നെ സ്വന്തം മകനെ വാരിയെടുത്ത് ആശുപത്രിയിലേക്ക് പാഞ്ഞു. കൈവിരലുകളില്‍ ശസ്ത്രക്രിയ ചെയ്തു, ബോധം തെളിഞ്ഞപ്പോള്‍, ആ കുട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു: "ദയവായി എന്നോട് ക്ഷമിക്കൂ,, ഡാഡി... എന്റെ ഈ വിരലുകള്‍ എപ്പോ ശരിയാവും?" അയാള്‍ ആശുപത്രിയില്‍ നിന്നും നേരെ വീട്ടിലേക്കു വണ്ടിയോടിച്ചു, പോയി ആത്മഹത്യ ചെയ്തു. കാരണം ആ കുഞ്ഞിന്റെ കൈവിരലുകള്‍ എന്നെന്നേക്കുമായി മുറിച്ചു കളഞ്ഞിരുന്നു! നോക്കൂ, കോപം മനുഷ്യനെ എവിടെയാണ് കൊണ്ട് ചെന്നെത്തിക്കുന്നത്. നാമറിയാതെ നമ്മുടെ കോപത്തിന്റെ 'സ്പീഡോ മീറ്റര്‍' അതിവേഗത്തില്‍ അമിതവേഗത താണ്ടി അപകടങ്ങളിലേക്ക് പോകുന്നു.
-------------
ഇത്രയും എഴുതിയത് ഒരു കൊച്ചു സംഭവത്തില്‍ നിന്നാണ്. കഴിഞ്ഞ ദിവസം ഞാന്‍ ഒരു ചെറിയ മൊബൈല്‍ വാങ്ങി. അധികം വിലയില്ലാത്ത ഒരു സാധാ മോഡല്‍. അത് നല്ല തിളങ്ങുന്ന പുറം ചട്ടയോടെ ആയിരുന്നു. ഞാന്‍ കടക്കാരനോട് ചോദിച്ചു, എനിക്ക് ഇത്ര തിളക്കം വേണ്ട 'മാറ്റ് ഫിനിഷ്' മോഡല്‍ വല്ലതും ഉണ്ടോ എന്ന്. കാരണം കുറച്ചു കഴിയുമ്പോള്‍ അവിടെയും ഇവിടെയും ഉരഞ്ഞു അതിന്റെ തിളക്കം പോകുമല്ലോ. ഏതായാലും രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പുത്രന്‍ അതെടുത്തു നിലത്തു വച്ച് നന്നായി ഉറച്ചു 'മറ്റ് ഫിനിഷ്' വരുത്തി തന്നു!! എല്ലാ ഭാഗത്ത് ഒരേപോലെ നന്നായി തന്നെ അവന്‍ അത് ചെയ്തു. എന്റെ മനസ്സ് വായിച്ച പോലെ. ഇനി എനിക്ക് ആ ഫോണ്‍ കൂളായി കൊണ്ട് നടക്കാം. പോറും എന്ന് പേടിക്കാതെ!
------------
വാക്കുകള്‍ കൂട്ടിചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ
ദീര്‍ഘ ദര്‍ശനം ചെയ്യും ദൈവജ്ഞാരല്ലോ നിങ്ങള്‍!!
(വൈലോപ്പള്ളി ശ്രീധരമേനോന്‍)
Tuesday, September 07, 2010
ഗുരുവും ശിഷ്യനും - 2
ഗുരു: ഉണ്ടല്ലോ
ശിഷ്യന്‍: എവിടെയാണ്?
ഗുരു: നിന്റെ മനസ്സില്‍
ശിഷ്യന്‍: അപ്പോള്‍ ദൈവമോ?
ഗുരു: അതും നിന്റെ മനസ്സില്‍ തന്നെ.
Thursday, July 01, 2010
അല്പം കൃഷി ചിന്തകള്‍
എന്റെ അപ്പച്ചന്‍ നല്ലൊരു കൃഷിക്കാരനും കാര്‍ഷീക സ്നേഹിയും ആയിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ആവശ്യത്തിനുള്ള സ്ഥലം ഉണ്ടായിരുന്നില്ല. ഉള്ള സ്ഥലത്ത് അത്യാവശ്യം വഴ, ചേന, ചെമ്പു, പയര്‍ ഇത്യാദി ചെറു കൃഷികളൊക്കെ നടത്തിപോന്നു. അതുകൊണ്ട് വീട്ടില്‍ നിത്യവും വാഴപ്പഴം ഉണ്ടാവും. ഞങ്ങളുടെ കസിന്‍സ് ഒക്കെ വീട്ടില്‍ വന്നാല്‍ ആദ്യം പോകുന്നത് ഊണ് മുറിയുടെ മൂലയ്ക്കല്‍ കെട്ടിത്തൂക്കി ഇട്ടിരിക്കുന്ന വാഴക്കുലയുടെ ചോട്ടിലെക്കാണ്. അങ്ങിനെ പഴം തിന്നവര്‍ ഇന്ന് ന്യൂസിലണ്ടിലും അമേരിക്കയിലും ഒക്കെ എത്തി, എങ്കിലും ആ വാഴപ്പഴത്തിന്റെ സ്വാദ് മറക്കാന്‍ സാധ്യതയില്ല.
അപ്പച്ചന് പ്രധാന ഉപജീവനമാര്‍ഗം തേങ്ങ കച്ചവടം ആയിരുന്നു. അതായത് പച്ച തേങ്ങ വാങ്ങി, പൊതിച്ചു, വെട്ടി, ഉണക്കി കൊപ്രയാക്കി ഓയില്‍ മില്ലുകളില്‍ കൊണ്ടുക്കൊടുക്കും. ചേര്‍ത്തല, അരൂര്‍ എന്നിവിടങ്ങളില്‍ ആയിരുന്നു അന്നൊക്കെ പ്രധാന ഓയില്‍ മില്ലുകള്‍. അരൂര്‍ പാലം വരുന്നതിനു മുന്‍പ് ഞങ്ങളുടെ നാട്ടില്‍ നിന്നും വള്ളം വഴി വേമ്പനാട്ടുകായല്‍ കുറുകെ കടന്നു അരൂര്‍ എത്തിച്ചായിരുന്നു കൊപ്ര കച്ചവടം. കൊപ്ര ചാക്കുകളുമായി വള്ളത്തില്‍ ഒരു മണിക്കൂര്‍ തുഴഞ്ഞു അരൂര്‍ എത്തുന്നത് വളരെ റിസ്ക് ആയിരുന്നു. പിന്നീട് അരൂര്‍-കുമ്പളം പാലം വന്നു, ജീപ്പില്‍ പോകാന്‍ തുടങ്ങി. ഇടക്കാലത്ത് മണ്ടരി രോഗം മൂലം തേങ്ങ വരവ് കുറഞ്ഞു. പ്രധാനമായും പിറവം, കൂത്താട്ടുകുളം (ഇടക്കട്ടുവയാല്‍, അഞ്ചല്പെട്ടി, പാഴൂര്‍, മുളക്കുളം ...) മേഖലകളില്‍ നിന്നായിരുന്നു തേങ്ങ എടുത്തിരുന്നത്. ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത്, വിനോദ സഞ്ചാരം നടത്തിയിരുന്നത് ഈ സ്ഥലങ്ങളിക്കാണ്. അപ്പച്ചന്‍ പറയുമായിരുന്നു: 'എടാ, അഞ്ചല്‍പെട്ടിയും, തിരുമാരാറാടിയും കണ്ടിട്ട് മതി ഊട്ടിയും കൊടേക്കനാലും ഒക്കെ.' അതായത് തേങ്ങ കയറ്റാനും ഇറക്കാനും ആയി ഞാനും കൂടെ പോകുമായിരുന്നു. (അതെ, എന്റെ പ്രഥമ ജോലി അത് തന്നെ (Loading & Unloading) - പക്ഷെ നോക്ക് കൂലി വാങ്ങിയിരുന്നില്ല, ട്ടോ!) മണ്ടരിമൂലം തേങ്ങാ വരവ് കുറഞ്ഞൂ. പിന്നെ തേങ്ങ പോതിക്കുന്നത് (പൊളിക്കുന്നത്) ഒരു വല്യ മല്ലുള്ള പണിയാണ്. കഠിനാധ്വാനം വേണം, അതിനു രണ്ടുപേര്‍ സ്ഥിരമായി വരുമായിരുന്നു. അന്ന് ഒരു തേങ്ങ പൊതിക്കുന്നതിന് പതിനഞ്ചു പൈസ ആയിരുന്നു എന്നാണെന്റെ ഓര്മ. കുഞ്ഞുമോന്‍ എന്നയാള്‍ ഒരു ദിവസം രണ്ടായിരം വരെ പൊതിക്കുമായിരുന്നു. (ഇത് 1990-കളിലെ കഥയാണ്) പിന്നീട് തേങ്ങാ പൊതികാരെ കിട്ടാതായി, അപ്പച്ചന് പ്രായമായി സ്വയം എല്ലാ പണിയും ചെയ്യാന്‍ വയ്യാതായി, അങ്ങിനെ തേങ്ങ കച്ചവടവും നിന്നു . ഞങ്ങളും (ഞാനും അനുജത്തിയും) വളര്‍ന്നു വലിയ കുട്ടികള്‍ ആയി. തേങ്ങ വെട്ടും പണിയും ഒക്കെ അത്ര സ്റ്റാറ്റസ് ഇല്ലാത്ത ഒരു പണിയായി തോന്നി, അന്ന് (ഞങ്ങള്‍ കുട്ടികള്‍ക്ക്). എന്തായാലും ഞാനും എന്റെ അനിയത്തിയും പഠിച്ചതും വളര്‍ന്നതും ഈ തേങ്ങ/കൊപ്ര കച്ചവടത്തില്‍ നിന്നുള്ള ഉപജീവനത്തിലൂടെയാണ്.
ഞാന്‍ പറഞ്ഞല്ലോ, ഞങ്ങള്‍ക്ക് കുറച്ചു ഭൂമിയെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴും, 18 സെന്റ് സ്ഥലം ഉള്ളൂ, അതില്‍ വീടിരിക്കുന്നു, ബാക്കി സ്ഥലത്ത് എന്ത് കൃഷി നടത്താന്‍? എന്നാല്‍ അപ്പച്ചന്‍ വെറുതെ ഇരിക്കാന്‍ ആഗ്രഹിക്കാത്ത ആളാണ്. അതിനാല്‍ വാഴയും കപ്പയും ചേനയും ചെമ്പും ഉള്ള സ്ഥലത്ത് ഉള്ള പോലെ കൃഷി ചെയ്യുന്നു. ഇപ്പോഴും വീട്ടില്‍ വാഴപ്പഴം സുലഭം. കഴിഞ്ഞ ആഴ്ച തെക്കന്‍ പറവൂര്‍ പള്ളിയില്‍ പയര് പെരുന്നാള്‍ ആയിരുന്നു. അതായത് ഞാറ്റുവേലയ്ക്കു മുന്‍പ് നടക്കുന്ന പെരുന്നാള്‍ ആയതു കൊണ്ട് അവിടെ പയര്‍ വിത്ത് കച്ചവടത്തിന് വരും. എന്നാല്‍ ഇത്തവണ അപ്പച്ചന്‍ പെരുന്നാളിന് മുന്‍പേ തന്നെ എവിടെന്നോ പയര്‍ സംഘടിപ്പിച്ചു, അടുത്തുള്ള ഒരു പറമ്പ് പാട്ടത്തിനെടുത്ത് അവിടെ കിളച്ചു പയറിട്ട്, ശുശ്രൂഷിച്ചു വരുന്നു. പാട്ടം എന്ന് പറയാന്‍ കഴിയില്ല. കാരണം ഇത് ഞങ്ങളുടെ തൊട്ടടുത്തുള്ള ഒരു അയല്‍വക്കം ആണ്. കളത്തൂര്‍ വീട് (കൃഷ്ണന്‍കുട്ടി മേനോന്‍)- പഴയ നായര്‍ തറവാട് ആണ്, പാരമ്പര്യവും പ്രശസ്തിയും ഉള്ള വീട്ടുകാര്‍. അദ്ദേഹം അപ്പച്ചനോടുള്ള സ്നേഹം മൂലം കുറച്ചു സ്ഥലത്ത് പയര്‍ കൃഷി നടത്തികൊള്ളാന്‍ അനുവദിച്ചതാണ്. എന്തായാലും വെറുതെയിരിക്കുന്ന അപ്പച്ചന് അത് വല്യ കാര്യം ആയി. അവരുടെ വെറുതെ കിടക്കുന്ന പറമ്പില്‍ കുറച്ചു പച്ചപ്പും ആയി.
ഞാന്‍ പറഞ്ഞു വന്നത് നമ്മുടെ കേരളത്തില്‍ ഇന്ന് യോജ്യമായത് 'ചെറുകിട കൃഷിരീതികള്‍' ആണ്. റബ്ബര്‍ ഒഴികെ വന്‍കിട കൃഷിരീതികള്‍ പിന്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല, പ്രത്യേകിച്ച് നെല്‍കൃഷിയില്‍. കാരണം ഇന്നത്തെ അവസ്ഥയില്‍ കേരളത്തില്‍ കൃഷിപ്പണിക്കാരെ കിട്ടാനില്ല. അതുകൊണ്ട്, ചെറുകിട കൃഷിരീതികള്‍ - പൂന്തോട്ട കൃഷി, അടുക്കള കൃഷി, മട്ടുപ്പാവ് കൃഷി, പശു വളര്‍ത്തല്‍, എന്നിങ്ങനെ സ്വയം ചെയ്തു ജീവിക്കാവുന്ന കൃഷിരീതികള്‍ അന്ന് നന്ന്. ഓരോ വീട്ടിലും അവരവര്‍ക്ക് വേണ്ട പച്ചക്കറി /ഫല വര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്‌താല്‍ നാം ഇങ്ങിനെ തമിഴ്നാടിനെ ആശ്രയിച്ചു ജീവിക്കുന്നത് ഒഴിവാക്കാം. നമ്മുടെ വീട്ടില്‍ തന്നെ നമുക്ക് നിത്യവും ആവശ്യത്തിനുള്ള കായ്-കറികള്‍ വിളയിക്കാം. പഴങ്ങളും അതുപോലെ തന്നെ - പപ്പായ, വാഴപ്പഴം, ചക്കപ്പഴം, മാങ്ങാ ....മുതലായവ. വെറുതെ എന്തിനു കടയില്‍ നിന്നും വിഷം കയറ്റിയ പഴങ്ങള്‍ കൂടിയ വിലക്ക് വാങ്ങി ഭക്ഷിക്കണം
നമ്മുടെ തരിശു കിടക്കുന്ന നെല്‍വയലുകള്‍ ഇപ്രകാരം നികത്തിയോ /അല്ലാതെയോ ഉപയോഗിച്ച് കൂടേ??. നെല്‍വയലുകളില്‍ പണിയെടുക്കാന്‍ കൃഷിപ്പണിക്കാരെ കിട്ടാനില്ലല്ലോ.പിന്നെന്തിനാണ് നെല്‍കൃഷി സ്നേഹവുമായി നടക്കുന്നത്. പ്രമേഹം മൂലം ഇപ്പോള്‍ കൂടുതല്‍ മലയാളികള്‍ അരിഭക്ഷണത്തില്‍ നിന്നും ഓടി അകലുകയാണ്. അടുക്കളതോട്ടം പോലുള്ള ചെറുകൃഷി സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം കൊടുക്കണം. വിത്തും വളവും സാങ്കേതികസഹായവും കൃഷിഭവന്‍ വഴി നല്‍കണം. അതുവഴി കേരളത്തിലെ എല്ലാ വീട്ടിലും ഒരു വാഴക്കുലയെങ്കിലും വിളയട്ടെ!!
കുറച്ചു കൃഷിചിത്രങ്ങള്‍ ഇവിടെ.
Monday, May 10, 2010
മൊബൈല്‍ മാനിയ - അഥവാ നോമോഫോബ്
അത് മാത്രമല്ല, മൊബൈല്‍ ഫോണ്‍ ഇന്ന് കേവലം ഒരു ഫോണ്‍ മാത്രമല്ല - MP3 പ്ലയെര്‍, ഡിജിറ്റല്‍ ക്യാമറ, റേഡിയോ, ഡയറി, ടോര്‍ച്ച്, അലാറം, ഇന്റര്‍നെറ്റ് & ഇ-മെയില്‍ എല്ലാം അടങ്ങിയ ഒരു കൊച്ചു പോക്കറ്റ് കമ്പ്യൂട്ടര്‍ തന്നെയാണ്.
ഇതൊക്കെയാണെങ്കിലും മൊബൈല്‍ ഫോണിന്റെ ദു:രുപയോഗവും അനിയന്ത്രിതമായ ഉപയോഗവും ഇന്ന് വര്‍ദ്ധിച്ചുവരികയാണ്. ഇത് കൂടുതലായി കണ്ടുവരുന്നത് കൌമാരക്കാരിലും യുവാക്കളിലും ആണ്. ഈ രണ്ടു വിഭാഗക്കാരെയും ഉന്നം വച്ചുകൊണ്ട് തന്നെയാണ് മൊബൈല്‍ കമ്പനികളും തങ്ങളുടെ വിപണനതന്ത്രങ്ങള്‍ മെനയുന്നത്. എന്തിനു പറയുന്നു, സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള ബി.എസ്.എന്‍.എല്‍ പോലും 'ജോഡി പ്ലാന്‍' 'സ്റ്റുഡന്റ്സ് പ്ലാന്‍' ഇവകൊണ്ട് കുട്ടികളെ കറക്കിയെടുക്കാനാണ് ശ്രമിക്കുന്നത്. ഈ വക മൊബൈല്‍ കെണികളില്‍ വീഴാതിരിക്കാന്‍ കൌമാരക്കാര്‍ക്ക് അസാമാന്യവിവേചനബുദ്ധിയും ആത്മബലവും വേണ്ടിവരും. ഏതുനേരവും ഒരു ചെവിപൊത്തിപ്പിടിച്ചു, തലയല്‍പം ചരിച്ചു വെറുതെ ചിരിച്ചുകൊണ്ടിരിക്കുന്ന യുവാക്കളെ കണ്ടിട്ടില്ലേ. അവര്‍ ഒരു മാരകരോഗത്തിന്റെ പിടിയിലാണ് - നോമോഫോബ് (മൊബൈല്‍ മാനിയ)
നിങ്ങള്‍ മൊബൈല്‍ ഫോണിന് അടിമപ്പെട്ടിട്ടുണ്ടോ? നിങ്ങളോ നിങ്ങളുടെ സ്കൂളില്‍/കോളേജില്‍ പഠിക്കുന്ന മക്കളോ ഈ രോഗം ബാധിച്ച ആളാണോ? ഇന്ന് കൂടുതലായി ആളുകള്‍ക്ക് 'മൊബൈല്‍ അഡിക്ഷന്‍' ന്റെ ലക്ഷണങ്ങള്‍ കണ്ടു വരുന്നുണ്ട്. മൊബൈല്‍ ഫോണിനോട് അമിത ആശ്രിതത്വം/വിധേയത്വം വരുന്നതാണ് - നോമോ ഫോബിയ (നോ മൊബൈല്‍ ഫോബിയ). മൊബൈല്‍ ചാര്‍ജ് തീര്‍ന്നു പോകുമോ, മൊബൈല്‍ നഷ്ടപ്പെട്ടു പോകുമോ, കാള്‍ കിട്ടാതെ വരുമോ എന്നൊക്കെയുള്ള ഭയം ആണ് ഇത്.
താഴെപറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് ബാധകമാണോ?
- ഒരു ദിവസം 30-ല്‍ അധികം എസ്.എം.എസ് അയക്കുന്നു/ലഭിക്കുന്നു.
- ഒരു കാള്‍ 30 മിനുട്ടില്‍ അധികം സംസാരിച്ചു പോകുന്നു.
- ഒരു എസ്.എം.എസ് അയച്ചിട്ട് മറുപടി ഉടന്‍ വന്നില്ലെങ്കില്‍ ആശങ്കാകുലനാകുന്നു.
- ഇടയ്ക്കിടയ്ക്ക് ഫോണ്‍ ഓണായി തന്നെയാണോ ഇരിക്കുന്നതെന്ന് എടുത്തു നോക്കുന്നു.
- ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ മൊബൈല്‍ മുന്‍പില്‍ ഭക്ഷണ പാത്രത്തിനരികില്‍ തന്നെ വയ്ക്കുന്നു.
- ദേവലയത്തിലോ സിനിമയ്ക്കോ കയറുമ്പോള്‍ മൊബൈല്‍ ഓഫ് ചെയ്യാന്‍ മറക്കുന്നു/മടിക്കുന്നു.
- കുറേനേരത്തേക്ക് മൊബൈല്‍ റിംഗ് ചെയ്തില്ലെങ്കില്‍ ഫോണ്‍ എടുത്തു അതിന്റെ റിംഗ്ടോണ്‍ ചെക്ക് ചെയ്യുന്നു.
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ തമാശയായി തോന്നിയേക്കാം, പക്ഷെ ഈ സൂചനകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ സൂക്ഷിക്കുക. ഇതൊരു രോഗത്തിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്. 'നോമോ ഫോബ്' ഉള്ളവര്‍ക്ക് ഉറക്കം ശരിയായി ലഭിക്കുകയില്ല. അതുപോലെ തന്നെ ഇക്കൂട്ടര്‍ മറ്റു വ്യക്തികളുമായി ഇടപഴുകാന്‍ മടിക്കും. വീട്ടില്‍ ഏതെങ്കിലും അതിഥികള്‍ വന്നാല്‍ സംസാരിക്കാന്‍ താല്പര്യം ഉണ്ടാവില്ല. മിക്കവാറും ഫോണില്‍ സംസാരിക്കാന്‍ ആവും താല്പര്യം.
ഇതില്‍ നിന്നും എങ്ങിനെ രക്ഷപെടാം?
- ദേവാലയത്തില്‍ പോകുമ്പോഴും സിനിമയ്ക്ക് കയറുമ്പോഴും മരണവീട്ടില്‍ ആയിരിക്കുമ്പോഴും നിങ്ങളുടെ മൊബൈല്‍ ഓഫ് ചെയ്തിടൂ. മൊബൈല്‍ ഒരിക്കലും 24 മണിക്കൂര്‍ (24x7) ആവശ്യമില്ല. രാത്രിയില്‍ ഉറങ്ങുമ്പോള്‍ 'സൈലന്റ്' ആക്കിയിടൂ.
- എന്തെങ്കിലും വളരെ പ്രധാന്യമുള്ള പ്രവൃത്തിയില്‍ ആയിരിക്കുമ്പോള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യില്ല എന്ന് തീരുമാനിക്കുക. ഉദാ: പ്രാര്‍ത്ഥന, പഠനം, മുലയൂട്ടല്‍.
- നിങ്ങളുടെ ഏറ്റവും പ്രീയപ്പെട്ടവരുമായി ഒരു 'സ്പെഷ്യല്‍ ഭക്ഷണത്തിന്' ഇരിക്കുമ്പോള്‍ മൊബൈല്‍ ഓഫ് ചെയ്തിടുന്നതല്ലേ നല്ലത്. ഉദാ: മക്കളുടെ പിറന്നാള്‍ സദ്യ, പങ്കാളിയുമായി ഒരു വിവാഹ വാര്‍ഷീകം, etc.
- പൊതുവേദികളില്‍ ആയിരിക്കുമ്പോള്‍ വളരെ സാത്വികമായ (താഴന്ന, അലറ്ച്ചയില്ലാത്ത) റിംഗ്ടോണ്‍ സെറ്റുചെയ്യുക. നിങ്ങളുടെ മൊബൈല്‍ അടിക്കുന്നത് ലോകത്തെ മുഴുവന്‍ അറിയിക്കെണ്ടതില്ലല്ലോ.
ഒരു ദിവസം മുഴുവന്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തിട്ട് നോക്കൂ. ഇല്ലെങ്കില്‍ മൊബൈല്‍ റേഞ്ച് ഇല്ലാത്തിടതേക്ക് ഒരു യാത്ര പോകൂ. കുറച്ചു നേരത്തേക്ക് മൊബൈല്‍ ഫോണ്‍ ഇല്ലെങ്കിലും ഒന്നും സംഭവിക്കില്ല എന്ന് മനസിലാകും. നിങ്ങള്‍ക്കതിനുസാധിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഒരു മനോരോഗവിദഗ്ദ്ധനെ കാണേണ്ടതുണ്ട്!!
Thursday, March 18, 2010
നിങ്ങള്‍ സന്തോഷവാനാണോ? (Are you happy?)
"നിങ്ങള്‍ സന്തോഷവാനാണോ?" ഇതായിരുന്നു കഴിഞ്ഞ മാസത്തെ 'സാന്ത്വന ഫെല്ലോഷിപ്പ്' ചോദ്യം. ഗ്രൂപ്പില്‍ നിന്നും കിട്ടിയ മറുപടികള്‍ വളരെ വ്യത്യസ്ഥങ്ങള്‍ ആയിരുന്നു. എന്താണ് സന്തോഷം? എങ്ങിനെയാണ് അത് അളക്കാന്‍ സാധിക്കുക?
ഈ ചോദ്യം മനസ്സില്‍ കിടക്കാന്‍ തുടങ്ങിയിട്ട്, ഇത് മൂന്നു-നാല് ആഴ്ചയായി. പെട്ടെന്ന്, ഇന്നലെ തോന്നി ഒരാള്‍ സന്തുഷ്ടനാണോ എന്ന് അയാളുടെ 'ഉറക്കം' നോക്കി കണ്ടുപിടിക്കാം എന്ന്! പക്ഷെ ഇത് ഓരോ വ്യക്തിക്കും സ്വയം മനസിലാക്കാന്‍ സാധിക്കുന്ന ഒരു വിദ്യയാണ്. അല്ലാതെ എനിക്ക് മറ്റൊരാള്‍ 'ഹാപ്പി' ആണോ എന്ന് മനസ്സിലാക്കാന്‍ ഇത് വഴി സാധിക്കില്ല.
ഉറക്കത്തെക്കുറിച്ച് ഞാന്‍ ഇതിനുമുന്‍പ് ഒരിക്കല്‍ എഴുതിയിരുന്നു. ഭക്ഷണം, രതി, ജോലി, ഉറക്കം, വിനോദം, യാത്ര ... ഇവയില്‍ എന്താണ് ഒരാളുടെ സന്തോഷത്തെ നിശ്ചയിക്കുന്നത്. ഉറക്കം (അഥവാ നിദ്ര) തന്നെയാണ് ഒരാള്‍ക്ക് ഏറ്റവും വലിയ നിര്‍വൃതി (ആനന്ദം) നല്‍കുന്നത്. എന്നാല്‍ നമുക്ക് അത് ആസ്വദിക്കാന്‍ കഴിയുന്നില്ല. ഭക്ഷണം, രതി, വിനോദം ... എല്ലാം നമുക്ക് ആസ്വദിച്ച് അനുഭവിക്കാന്‍ കഴിയും. എന്നാല്‍ ഉറക്കമോ? ഞാന്‍ ഇന്ന് ഏറ്റവും മുന്തിയ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്തു എ.സി.യൊക്കെ പരമാവധിയാക്കി കമ്പിളിക്കുള്ളില്‍ ചുരുണ്ട് കൂടി, ഉറങ്ങാന്‍ തുടങ്ങിയാല്‍ ഉറക്കം തുടങ്ങുന്ന നിമിഷം മുതല്‍, പിന്നെ പച്ചനക്ഷത്രവും ഇല്ല, എ.സി.യും ഇല്ല, ഹൈ-ബെഡ്ഡും ഇല്ല, കമ്പിളിയും ഇല്ല. പിന്നെ നാം ഉറങ്ങുന്നത് ഏതോ വഴിയരുകില്‍ ഒരു പിച്ചക്കാരന്‍ കിടന്നുറങ്ങുന്ന അതെ അവസ്ഥയില്‍ ആണ്. സുഖ:സുഷുപ്തി എന്ന പരമാനന്ദകരമായ ആ അവസ്ഥയില്‍, നിങ്ങള്‍ നിങ്ങളല്ലാതായി തീരുന്നു. ശരിയല്ലേ?
ഇവിടെയാണ് ഉറക്കവും സന്തോഷവും (സംതൃപ്തി അല്ലെങ്കില്‍ സന്തുഷ്ടിയും) തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. ഉറക്കത്തിലായാല്‍ നിങ്ങള്‍ക്ക് പിന്നെ അതില്‍ യാതൊരു നിയന്ത്രണവും ഇല്ല. അതുകൊണ്ട് ഞാന്‍ പറയും ഒരാളുടെ സന്തോഷം ബന്ധപ്പെട്ടിരിക്കുന്നത് അയാളുടെ ഉറക്കവുമായാണ് എന്ന്. ആരോഗ്യവാനായ ഒരാള്‍ക്ക് ഒരു ദിവസം 6 മുതല്‍ 8 എട്ടു മണിക്കൂര്‍ ഉറക്കം വേണം. ഇതില്‍ 8 മണിക്കൂര്‍ സുഖമായി ഒരാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞാല്‍ അയാള്‍ സന്തുഷ്ടനാണ്. അല്ലെങ്കില്‍ തിരിച്ചും പറയാം - സന്തോഷവാനായ ഒരാള്‍ക്ക് 8 മണിക്കൂര്‍ സുഖമായി ഉറങ്ങാന്‍ സാധിക്കും.
നല്ല ഉറക്കം എങ്ങിനെ നിര്‍വചിക്കാം? എനിക്ക് തോന്നുന്നത് ഉറക്കം കഴിഞ്ഞു എഴുന്നേറ്റാല്‍ 'കുറച്ചു കൂടി കിടന്നാലോ' എന്ന് തോന്നാത്തവിധത്തിലുള്ള ഉറക്കം തന്നെ, നല്ല ഉറക്കം. ഇനി ഒരു മാര്‍ഗം അലാറം ഇല്ലാതെ ഉണരാന്‍ കഴിയുന്നതാണ്. ഒരു നല്ല ഉറക്കം കഴിഞ്ഞാല്‍ നമുക്ക് അലാറം ഇല്ലാതെ തന്നെ ഉണരാന്‍ സാധിക്കും.
നല്ല ഉറക്കത്തിനു എന്തൊക്കെ ശ്രദ്ധിക്കണം എന്നൊന്നും ഇവിടെ ചര്‍ച്ചചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല.
അതിനെക്കുറിച്ച് നിങ്ങള്‍ക്ക് ഇവിടെ വായിക്കാം.
നിങ്ങള്‍ നന്നായി ഉറങ്ങുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ സന്തുഷ്ടനാണ്. (ഇത് നിസ്സംശയം പറയാം)
- 8 മണിക്കൂര്‍ ഉറക്കം മദ്യലഹരിയിലോ, ഉറക്ക ഗുളികയുടെ സഹായത്താലോ, രോഗപീഡയാലോ ആയിരിക്കരുത്.
- ഉറക്കം അസമയത്ത് ആയിരിക്കരുത്. ഉറക്കത്തിനു പറ്റിയ സമയം - രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ. ഉച്ചക്ക് 2 മണി 5 മുതല്‍ മണി വരെ.
- പ്രായപൂര്‍ത്തിയായ ആരോഗ്യവാനായ ഒരു വ്യക്തിയുടെ ഉറക്കം ഒരു ദിവസം 8 മണിക്കൂറില്‍ അധികരിക്കരുത്.
- ടി.വി കാണുന്നത്, കമ്പ്യൂട്ടര്‍ വര്‍ക്ക് ചെയ്യുന്നത്, അമിത മദ്യപാനം ആദിയായവ നല്ല ഉറക്കത്തെ കെടുത്തും.
ആവശ്യത്തിനു പണം കയ്യിലുണ്ടെങ്കില്‍ നല്ല മുന്തിയ ഹോട്ടലില്‍ പോയി രുചിയേറിയ ഭക്ഷണം കഴിക്കാന്‍ സാധിക്കും. രതിയും അങ്ങിനെ തന്നെ. കാശുണ്ടെങ്കില്‍ ഏതെങ്കിലും ആഡംബരകപ്പലില്‍ കയറി ലോകം ചുറ്റി കറങ്ങാം. എന്നാല്‍ 'സന്തോഷം (അഥവാ ഉറക്കം)' വില കൊടുത്തു വാങ്ങാന്‍ സാധിക്കില്ല. നിങ്ങളുടെ ധനസ്ഥിതിയോ, വിദ്യാഭ്യാസയോഗ്യതയോ, കുടുംബമഹിമയോ, ദേശമഹിമയോ ഒന്നും ഒരു 'നല്ല ഉറക്കം' ഉറങ്ങുന്നതിനു ബാധകമല്ല. നിങ്ങള്‍ തെരുവിലായിരിക്കാം കിടക്കുന്നത്, അല്ലെങ്കില്‍ രാജകൊട്ടാരത്തില്‍ ആയിരിക്കാം പക്ഷെ ഉറക്കം നിങ്ങള്‍ക്കുമാത്രം സ്വന്തമാണ്. ഭക്ഷണം, രതി, വിനോദം എല്ലാം നിങ്ങള്‍ക്കു കാശ് മുടക്കി നിങ്ങളുടെ കൊട്ടാരത്തില്‍ ഒരുക്കാം. എന്നാല്‍ നിങ്ങളുടെ ഉറക്കമോ? അത് നിങ്ങളുടെ ഉള്ളില്‍ നിന്നും വരേണ്ടതാണ്. അതാണ് നിങ്ങളുടെ സന്തോഷം(Happiness) നിശ്ചയിക്കുന്നത്.
അതിനാല്‍ ഒരാളുടെ ഉറക്കത്തിന്റെ അളവ്/സാന്ദ്രത തന്നെയാണ് അയാളുടെ സന്തോഷത്തിന്റെ അളവുകോല്‍. അതുകൊണ്ടാവണം നമ്മുടെ പൂര്‍വീകര്‍ 'യോഗനിദ്ര' എന്നവിദ്യ നമുക്ക് പറഞ്ഞു തന്നത്. ഉറക്കം നന്നായാല്‍ മറ്റെല്ലാം നന്നായി. 'എനിക്ക് വേണ്ടരീതിയില്‍ /വേണ്ടത്ര സമയം ഉറങ്ങാന്‍ സാധിക്കുന്നുണ്ടോ' എന്നെ എല്ലാവരും ചിന്തിക്കണം. എല്ലാവരും ഉറക്കത്തെക്കുറിച്ച് ഉണര്‍ന്ന് ചിന്തിക്കൂ. (സ്വന്തം) ഉറക്കത്തെക്കുറിച്ച് പഠിക്കൂ. നല്ല ഉറക്കത്തിനുള്ള വഴികള്‍ കണ്ടുപിടിക്കൂ. കൂടുതല്‍ നന്നായി ഉറങ്ങൂ, കൂടുതല്‍ നന്നായി ജീവിക്കൂ.
Bible says (Ecclesiastes 5:12-13)
5:12 വേലചെയ്യുന്ന മനുഷ്യന്‍ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാന്‍ സമ്മതിക്കുന്നില്ല. 5:13 സൂര്യന്നുകീഴെ ഞാന്‍ കണ്ടിട്ടുള്ള ഒരു വല്ലാത്ത തിന്മയുണ്ടു: ഉടമസ്ഥന്‍ തനിക്കു അനര്‍ത്ഥത്തിന്നായിട്ടു സൂക്ഷിച്ചുവെക്കുന്ന സമ്പത്തു തന്നേ.
Thursday, January 14, 2010
കുട്ടികളെ വളര്‍ത്തുന്നത്?
കൃഷ്ണകുമാറുമായി നടത്തിയ ചെറിയ സംഭാഷണം ആണ് ഇവിടെ പരമാര്‍ശം. ഹൈ-ടെക്ക് അഗ്രികള്‍ച്ചര്‍ രീതികളെപ്പറ്റി ഞങ്ങള്‍ സംസാരിച്ചു. (ഞാന്‍ ഒരു പഴയ കാര്‍ഷീകസര്‍വ്വകലാശാല വിദ്യാര്‍ഥി ആണേ!) മുഴുവനായും കൃത്രിമ ജലസേചനം, കൃത്രിമ വലം/കീടനാശിനി പ്രയോഗം നടത്തിയാണ് അവര്‍ ഫ്രഞ്ച് ബീന്‍സ്, തക്കാളി, ക്യരറ്റ് മുതലായ വിളകള്‍ കൃഷി ചെയ്യുന്നത്. നന്നായി ഫലം ഉണ്ടാവുന്നുണ്ട്, അതിനിന്നും വളരെ തര0 തിരിച്ചു ഏറ്റവും മുന്തിയ പച്ചക്കറികള്‍ മാത്രം യൂറോപ്പിലേക്ക് കയറ്റി അയക്കുന്നു. വന്‍ ലാഭം കൊയ്യുന്ന പരിപാടിയാണിത്. എന്റെ സംശയം മരുഭൂമിയായ ഒമാനില്‍ എങ്ങിനെയാണ് ഈ കൃഷി നടത്തുന്നത്? ചെടികള്‍ക്ക് വെള്ളവും വളവും കൃത്രിമമായി, കൃത്യമായി നല്‍കികൊണ്ടാണ് ഈ വിള ഉത്പാദനം സാധിക്കുന്നത്. ഓരോ ആഴ്ചയിലും ചെടികളുടെ ഇല സാമ്പിള്‍ എടുത്തു യൂറോപ്പിലേക്ക് കൊറിയര്‍ വഴി അയച്ചു കൊടുക്കും.
അവിടെ ലാബില്‍ ഈ ഇലകള്‍ പരിശോദിച്ചു ഒമാനിലെ ഫാമിലേക്ക് റിപ്പോര്‍ട്ട് അയച്ചു കൊടുക്കും. 'നൈട്രോജെന്‍ അല്ലെങ്കില്‍ ഫോസ്ഫെറസ് അല്ലെങ്കില്‍ കാത്സിയം അല്ലെങ്കില്‍ മഗ്നീഷിയം' കുറവാണ്/കൂടുതലാണ്. ഇതനുസരിച്ച് ചെടിയിലേക്ക് ഡ്രിപ് ഇറിഗേഷന്‍ വഴി വേണ്ട പോഷണം കയറ്റി കൊടുക്കും. അവസാനം വിളവെടുപ്പ് സമയമാകുമ്പോള്‍ നല്ല സുന്ദരന്‍ തക്കാളി അല്ലെങ്കില്‍ സുന്ദരി ബീന്‍സ് വിളയും. നല്ല എക്സ്പോര്‍ട്ട് ക്വാളിറ്റി കുഞ്ഞുങ്ങള്‍!! സായിപ്പിന് പെരുത്ത സന്തോഷം, നല്ല ലാഭം.
* * * * * * * * * *
കഴിഞ്ഞ ദിവസം ശ്രീ.മഹേഷ് തമ്പിയുമായി സംസാരിക്കുമ്പോഴാണ് ഈ കാര്യം വീണ്ടും ഓര്‍മ വന്നത്. മഹേഷ് തിരുവനന്തപുരത്തെ ഒരു പുലിയാണ്. സ്വന്തം ബിസിനസ്, ജോലി ഒക്കെയായി തെറ്റില്ലാതെ പോകുന്നു. കോളേജില്‍ എന്‍റെ സീനിയര്‍ ആയിരുന്നു. യൂണിവേര്സിറ്റി ബാറ്റ്മിന്‍റെന്‍ താരം. അദ്ദേഹത്തിന്‍റെ മകന്‍ ഭാവന്‍സില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നു. മഹേഷ് കുട്ടിയെ ബാറ്റ്മിന്‍റെന്‍ കളിക്കാന്‍ വിടുന്നുണ്ട്. അത് സ്കൂള്‍ അധികൃതര്‍ നിരുത്സാഹപ്പെടുത്തുന്നു? കുട്ടി പഠിത്തത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്ന നിലപാടാണവര്‍ക്ക്, അത്രമാത്രം 'വര്‍ക്ക് ലോഡ്' ഉണ്ട്. പഠനം മാത്രം മതി, മറ്റൊന്നിലും ശ്രദ്ധിക്കാന്‍ സമയം കിട്ടില്ല. ഒന്നാം ക്ലാസ്സിലെ ഇങ്ങനെ പരിശീലിപ്പിച്ചാലെ കുട്ടി വളരുമ്പോള്‍ വലിയ 'അസൈന്‍മെന്റ്സ്' എടുക്കാന്‍ പ്രപ്തനാകൂ എന്നാണു പ്രിന്‍സിപ്പാള്‍ പറഞ്ഞത് പോലും. മഹേഷ് ഇപ്പോള്‍ മോനെ വേറെ ഏതെങ്കിലും 'സമ്മര്‍ദം' കുറഞ്ഞ സ്കൂളില്‍ അയക്കാന്‍ പ്ലാന്‍ ചെയ്യുന്നു. പഠിച്ചു വലിയ മാര്‍ക്ക് വാങ്ങുകയും ഡോക്ടര്‍ /എന്‍ജിനീയര്‍ ആകുകയും മാത്രമല്ലല്ലോ എല്ലാവരുടെയും ജീവിതലക്‌ഷ്യം എന്നും അവന്‍ ചോദിക്കുന്നു.
* * * * * * * * * * * * * * *
ഇന്നലെ ശ്രീ.മഹേഷ് അപ്പുവിന്റെ ബ്ലോഗ് വായിച്ചു (നഷ്ടമാകുന്ന നന്മകള്‍...) കുട്ടികളെ ഭാവിയിലെ വിജയികളായി വാര്‍ത്തെടുക്കുന്നതില്‍ മത്സരിക്കുന്ന മാതാപിതാക്കളെയും സ്കൂളുകളെയും കുറിച്ച് അതില്‍ പരിതപിക്കുന്നു. വളരെ ശരിയാണ്, മറ്റുള്ളവരെ പിന്തള്ളി, സഹജീവികളുടെ വികാരങ്ങളെ കാണാതെ സ്വന്തം വിജയം മാത്രം ലക്ഷ്യമാക്കി മുന്നേറുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ മലയാളികള്‍ അതീവ ശ്രദ്ധാലുക്കളാണ്. ആ രീതിയിലുള്ള പരിശീലനം കൊടുക്കുന്ന സ്കൂളുകള്‍ കൂണ്പോലെ പൊങ്ങിവരുന്നു. കലര്‍പ്പേശാത്ത ഒരു ജനുസ്സിനെ വാര്‍ത്തെടുക്കാന്‍ നാം മത്സരിക്കുമ്പോള്‍ ഓര്‍ക്കുക, നാം വളര്‍ത്തുന്നത് കൃത്രിമചെടികളെയാണ്.
* * * * * * * * * * * * * * * * * *
ചില ചോദ്യങ്ങള്‍ :- എം.ടി.യുടെ വാനപ്രസ്ഥം, തകഴിയുടെ കയര്‍, ഷേക്ക്‌സ്പിയാര്‍ ഇതിഹാസങ്ങള്‍ ഇവ വായിച്ചാല്‍ എന്താണ് പ്രയോജനം? ഒരു ചെടിനട്ട് വെള്ളമൊഴിച്ചാല്‍, അതില്‍ ഒരു നാലുമണിപൂവ് വിടര്‍ന്നു നില്‍ക്കുന്നത് കണ്ടാല്‍ എന്താണ് പ്രയോജനം? പുഴയിലെ ചെളിവെള്ളത്തില്‍ ഒരു മുങ്ങിക്കുളി, കടപ്പുറത്തെ ഒരു സൂര്യാസ്തമയം, മഴവെള്ളത്തിലെ ഒരു കടലാസ് വഞ്ചി, വെള്ളാരം കല്ല്, മൂവാണ്ടന്‍ മാങ്ങ ഇതൊക്കെ എന്താ? എന്‍റെ അയല്‍വക്കത്തെ (ഫ്ലാറ്റിലെ) അങ്കിളിന്റെ പേര്?
* * * * * * * * * * * * * * * * * * *
'എയര്‍കണ്ടീഷന്‍ ചെയ്തക്ലാസ്റൂമുകള്‍, ജിമ്മും സ്വിമ്മിംഗ്പൂളും' - കൊച്ചിയിലെ ഒരു പ്രീ-സ്കൂളിന്റെ വിവരങ്ങള്‍ നെറ്റില്‍ കണ്ടതാണ്!! കുട്ടികളെ വാര്‍ത്തെടുക്കുകയാണ്, ശരിക്കും. ഇന്നത്തെ കാലത്ത് പണം എവിടെ ഇന്‍വെസ്റ്റ് ചെയ്യുന്നതാണ് ബുദ്ധി? ഭൂമിയില്‍? സ്വര്‍ണത്തില്‍? ഷെയറില്‍? . . . . .. . . അല്ല!
കുട്ടികളില്‍.
(കുട്ടികളില്‍ ഇന്‍വെസ്റ്റ് ചെയ്യേണ്ടത് പണമല്ല എന്ന് എത്രപേര്‍ക്കറിയാം?)
Tuesday, January 12, 2010
ഗുരുവും ശിഷ്യനും
ഗുരുവും ശിഷ്യനും പ്രഭാതസവാരിയില്‍ ആയിരുന്നു.
ശിഷ്യന്‍: ഗുരോ, ഈ ലോകത്തില്‍ ഏറ്റവും സുഖം നല്‍കുന്നത് എന്താണ്?
ഗുരു: ഉറക്കം.
ശിഷ്യന്‍: ഉറക്കത്തില്‍ എനിക്ക് സുഖം അറിയാന്‍ സാധിക്കുന്നില്ല?
ഗുരു: നീ ഉണര്‍ന്നിരിക്കൂ
(ഗുണപാഠം - ഉറങ്ങുമ്പോള്‍ ഉറക്കത്തിന്‍റെ സുഖം അനുഭവിക്കാന്‍ കഴിയില്ല.)
Friday, January 01, 2010
എന്താണ് സന്തോഷം?
എന്താണ് സന്തോഷം? സന്തോഷം നിങ്ങളുടെ വാലിന്‍റെ അറ്റത്താണ്! പൂച്ചകളെ വേദാന്തം പഠിപ്പിക്കുന്ന ആശ്രമത്തില്‍ നിന്നും വേദാന്ത പഠനം പൂര്‍ത്തിയാക്കി ഒരു കുഞ്ഞി പൂച്ച നാട്ടിലെത്തി. ഒരു ദിവസം ഈ കുഞ്ഞിപൂച്ച വീട്ടിനുമുറ്റത്ത് നിന്ന് വട്ടം ചുറ്റി സ്വന്തം വാലിന്‍റെ അറ്റം പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. എത്ര ശ്രമിച്ചിട്ടും അവനു അതിനു സാധിച്ചില്ല. നിരാശനായി അങ്ങിനെ നില്‍ക്കുമ്പോള്‍ അമ്മൂമ്മ പൂച്ച അതുവഴി വന്നു. കുഞ്ഞിപൂച്ചയോട് ചോദിച്ചു: 'എന്താ നീ ഈ ചെയ്തുകൊണ്ടിരിക്കുന്നത്?' അപ്പോള്‍ കുഞ്ഞിപൂച്ച പറഞ്ഞു: 'ഞാന്‍ പഠിച്ചത് സന്തോഷം കുടികൊള്ളുന്നത് എന്‍റെ ഈ വാലിന്‍റെ അറ്റത്താണെന്നാണ്. അതിനാല്‍ ഞാന്‍ എന്റെ വാലിന്‍റെ അറ്റം പിടിക്കാന്‍ ശ്രമിക്കുകയാണ്. എങ്കില്‍ എപ്പോഴും സന്തോഷത്തോടെ ഇരിക്കാമല്ലോ?' ഇതുകേട്ട അമ്മൂമ്മപൂച്ച പറഞ്ഞു: 'നീ വളരെയധികം പഠിച്ചിരിക്കുന്നു. പക്ഷെ എനിക്ക് ഇത്രമാത്രം പഠനം നടത്താന്‍ സാഹചര്യമുണ്ടായിട്ടില്ല. ഞാനും കേട്ടിട്ടുണ്ട്, സന്തോഷം ഇരിക്കുന്നത് എന്‍റെ വാലിന്‍റെ അറ്റത്താണെന്ന്. പക്ഷെ എന്‍റെ അനുഭവത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത് വാലിന്‍റെ അറ്റം പിടിക്കാനുള്ള ശ്രമം ഉപേക്ഷിച്ച്, മുന്നോട്ടു പോയാല്‍ അതു (നിന്‍റെ വാല്‍ - സന്തോഷം) നിന്നെ, തനിയെ പിന്തുടര്‍ന്ന് കൊള്ളും.
സാരം: നമ്മളാണ് തീരുമാനിക്കേണ്ടത്, എന്തിനാണ് പരമപ്രാധാന്യം നല്‍കേണ്ടതെന്ന്. എന്തൊക്കെയാണ് നിസ്സാരമായി തള്ളിക്കയേണ്ടതെന്ന്. ചുമ്മാതെ ആവശ്യമില്ലാതെ അപ്രധാന കാര്യങ്ങള്‍ക്ക് പിറകെ നടന്നാല്‍ നിങ്ങളുടെ ഊര്‍ജ്ജം വൃഥാ നഷ്ടപ്പെടുകയേ ഉള്ളൂ.
ജീവിതത്തില്‍ എന്തിനൊക്കെയാണ് പ്രാധാന്യം നല്‍കേണ്ടത് എന്ന് നാം തീരുമാനിക്കണം. ലക്ഷ്യങ്ങള്‍ നിശ്ചയിച്ചു മുന്നേറാന്‍ ഇതുനമ്മെ സഹായിക്കും. കര്‍ത്തവ്യങ്ങള്‍ നിറവേറ്റി മുന്‍പോട്ടു പോകുമ്പോള്‍ സന്തോഷവും സമാധാനവും താനേ നിങ്ങളുടെ പിറകേ വന്നു കൊള്ളും. അനാവശ്യകാര്യങ്ങളുടെ പിറകേ നടന്നു വെറുതേ അസ്വസ്ഥരാകേണ്ടതില്ല.
യേശു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് സമാധാനം തന്നിട്ട് പോകുന്നു. എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു. ലോകം നല്കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകെണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ. കാരണം ഞാന്‍ വീണ്ടും നിങ്ങളുടെ അടുത്തേക്ക് വരും. (യോഹ. 14:27)