എല്ലാ തിങ്കളാഴ്ചയും രാവിലെ 5.20 -നുള്ള ട്രെയിനിനു അജിത പോകും. തിങ്കള്‍ - വെള്ളി തിരുവനന്തപുരത്തു ഹോസ്റ്റല്‍ ജീവിതം. രാവിലെ ഞങ്ങള്‍ റെയില്‍വേ സ്റ്റെഷനിലേക്ക് പോകുമ്പൊള്‍ മനുകുട്ടന്‍ [രണ്ടര വയസ്സ്] നല്ല ഉറക്കത്തിലായിരിക്കും. രാവിലെ എഴുന്നേറ്റു നോക്കുമ്പോള്‍ രണ്ടു ദിവസം ആര്‍ത്തു കളിച്ച അവന്റെ അമ്മച്ചി ഇല്ല. അവനറിയാതെ മുങ്ങിയിരിക്കുന്നു!
പോകുമ്പൊള്‍ അവനെ വിളിച്ച്ചെഴുന്നെല്പിച്ചു 'റ്റാറ്റാ' കൊടുത്തിട്ട് പോകണമെന്നു അജിതയ്ക്കുണ്ട്. പക്ഷെ അവന്റെ ഉറക്കം കണ്ടാല്‍ എഴുന്നേല്‍പ്പിക്കാന്‍ തോന്നില്ല. അതുകൊണ്ട് ഞങ്ങള്‍ മിണ്ടാതെ മുങ്ങും. അവന്റെ അമ്മാമ്മ അടുത്തുണ്ടാവും, ഞാന്‍ പോയി ട്രെയിന്‍ കയറ്റി വിട്ടിട്ടു അര മണിക്കൂറിനകം തിരികെയെത്തുംപോഴും പുള്ളി സുഖ സുഷുപ്തിയില്‍ തന്നെയായിരിക്കും. ആശാന്‍ എഴുന്നേല്‍ക്കുമ്പോള്‍ ഏഴു മണിയാവും. അമ്മച്ചി ജോലി സ്ഥലത്തേക്ക് പോയതായി പോലും ഭാവിക്കില്ല. എവെടെയെന്നോ, കാണാനില്ലല്ലോ എന്നോ അന്വേഷിക്കയും ഇല്ല. യാതൊരു പരിഭവവും ഇല്ല, എല്ലാം സാധാ പോലെ തന്നെ.
അവനു അപ്പയുണ്ട്, അമ്മാമയുണ്ട് , അപ്പപ്പനുണ്ട്, .... പിന്നെ സമയം കളയാന്‍ പ്രയാസം ഇല്ല. അമ്മച്ചിയെ മറന്നപോലെ? പിന്നെയും മൂന്നു നാല് ദിവസം കഴിയുമ്പോള്‍ സന്ധ്യകഴിഞ്ഞു എന്നോട് പറയും 'പോവ്വാം,, ട്രെയിനില്‍ അമ്മച്ചി വരും.. വ്വാ, പോവ്വാം.'
ഇതിനിടയില്‍ എല്ലാ ദിവസവും അജിത മൂന്നുനേരം അവനെ ഫോണില്‍ വിളിക്കും. ഫോണ്‍ ബെല്ലടി കേട്ടാല്‍ മനുക്കുട്ടന്‍ ഓടും... ഫോണിന്റെ അടുത്തേക്കല്ല, നേരെ തിരിച്ചു... ഫോണിന്റെ അടുത്ത് കൊണ്ട് ചെന്നാല്‍ ആശാന്‍ ചെവി പൊത്തും.. . ഇതിപ്പോ ഒരു വര്‍ഷത്തിനടുത്തായി ഈ അങ്കം. അങ്ങിനെയാണ് ഞാന്‍ ഇതിനെപറ്റി ഒരു പഠനം നടത്തിയത്. എന്തുകൊണ്ടാണ് അവന്‍ ഇങ്ങിനെ പെരുമാറുന്നത്? അജിത ആഴ്ചവട്ടത്തില്‍ വീട്ടിലെത്തുമ്പോള്‍ അവനു യാതൊരു പരിഭവവും ഇല്ല!
ഞാന്‍ മനഃശാസ്ത്രം അരച്ച് കലക്കി കുടിക്കാന്‍ ശ്രമിച്ചപ്പോള്‍ മനസ്സിലാകാതിരുന്ന ഒരു വിഷയം - ഉപബോധ മനസ്സ് - എന്താണെന്നും അതിന്റെ ശക്തി ഇത്രയുണ്ടെന്നും ഇപ്പോള്‍ എനിക്ക് മനസ്സിലായി വരുന്നു. ഫ്രോയിഡ് -നെയും യുങ്ങ് -നെയും പല ആവര്‍ത്തി വായിച്ചെങ്കിലും 'ഉപബോധ മനസ്സ്' കൃത്യമായി ഇപ്പോഴാണ് മനസ്സിലാവുന്നത്. മനുക്കുട്ടന്റെ ഉപബോധ മനസ്സില്‍ അവന്റെ അമ്മച്ചി തിങ്കളാഴ്ച രാവിലെ അവനോടു പറയാതെ പോയതിലുള്ള പ്രതിഷേധം ആണ് അവന്‍ ഇങ്ങിനെ -ഫോണിലൂടെ സംസാരിക്കാതെ- പ്രകടിപ്പിക്കുന്നത്.
ഇത് അവന്‍ വേണമെന്ന് വിചാരിച്ചിട്ട് ചെയ്യുന്നതല്ല, പക്ഷെ അവനറിയാതെ തന്നെ 'ഓട്ടോമറ്റിക്' ആയി വന്നുപോകുന്നതാണ്. കാരണം ഞാന്‍ ചിലപ്പോള്‍ എന്റെ മൊബൈലില്‍ നിന്നും അജിതയെ വിളിച്ചു അവനു കൊടുക്കും, അപ്പോള്‍ അവന്‍ സംസാരിക്കും. യാതൊരു കുഴപ്പവും ഇല്ലാതെ.
അജിത വിളിക്കുമ്പോള്‍ ഫോണില്‍ അവനെ കൊണ്ട് സംസാരിപ്പിക്കാന്‍ അമ്മാമ്മ ധാരാളം ശ്രമിച്ചു നോക്കി. നോ ഫലം,, കൂടുതല്‍ ശ്രമിക്കുന്തോറും അവനു കൂടുതല്‍ വാശി. അങ്ങിനെ ആ ശ്രമം ഉപേക്ഷിച്ചു. അജിത വാരാന്ത്യത്തില്‍ വരുമ്പോള്‍ അവനോടു കെഞ്ചി നോക്കി, 'മോനെ ഈ ആഴ്ച അമ്മച്ചി തിരുവനന്തപുരത്തിന് പോയി അവിടെ നിന്നും ഫോണില്‍ വിളിക്കുമ്പോള്‍ ഓടി വരണേ.' ങ്ഹും... നോ രക്ഷ. അതിനാല്‍ ആ ശ്രമവും ഉപേക്ഷിച്ചു. അജിതയുടെ ബി.എസ്.എന്‍.എല്‍ മൊബൈലില്‍ നിന്നും വീട്ടിലേക്കു വിളിച്ചാല്‍ പത്തു പൈസയെ ഉള്ളൂ. എങ്കിലും മോനോട് സംസാരിക്കണമെങ്കില്‍ എന്റെ മൊബൈലില്‍ നിന്നും വിളിച്ചു കൊടുക്കണം.
കുട്ടി രാജാവ് നീണാള്‍ വാഴ്കൈ !!!
Tuesday, September 22, 2009
Subscribe to:
Post Comments (Atom)
2 comments:
ഇതെല്ലാം മനസ്സിന്റെ കളികള്‍ തന്നെ, പക്ഷേ ഒരു മാതിരി കുട്ടികളൊക്കെ ഇങ്ങിനെയാണ്. ചിലര്‍ ചെറുപ്പത്തിലേ ഫോണ്‍ എടുത്ത് സംസാരം തുട്ങ്ങും, ചിലര്‍ സംസാരിയ്ക്കുകയേയില്ല.ഫോണില്‍ സംസാരിയ്ക്കാന്‍ പറയുമ്പോഴുള്ള അടിച്ചമര്‍ത്തലിനെതിരെയുള്ള ചെറുമനസ്സിന്റെ പ്രതിഷേധമാണ് പലപ്പോഴും.
അതിനുപകരമായി, ലൌഡ് സ്പീക്കറുള്ള ഫോണ്‍ ഉപയോഗിച്ച് മകനെ അവഗണിച്ച് സംസാരിച്ചുനോക്കൂ. അവന്‍ തന്നെ വന്ന് സംസാരിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് കാണാം
ത്രിശ്ശൂക്കാരന്‍ പറഞ്ഞത് എനിക്കും ശരിയാണെന്ന് തോന്നുന്നു.മനുകുട്ടന്‍ പുലി തന്നെ
Post a Comment