Monday, August 24, 2009

ഋതു: a movie by ശ്യാമ പ്രസാദ്‌ - Seasons change - Do we?

ഇന്ന് വെള്ളിയാഴ്ച്ചയായിരുന്നു.

ഓഫീസില്‍ വലിയ തിരക്കില്ലായിരുന്നു. 11 മണിക്ക് ഒന്ന് പുറത്തിറങ്ങി നേരെ 'സരിത' തീയറ്ററില്‍ പോയി മാറ്റിനിക്ക് ഒരു ടിക്കറ്റ്‌ എടുത്തു.

ഋതു - ശ്യാമ പ്രസാദിന്റെ പുതിയ ചിത്രം. (ആ ഒരു കാരണം മാത്രമായിരുന്നു പ്രചോദനം.)

ഉച്ചക്ക് ഭാര്യയെ വിളിച്ചു അനുവാദം വാങ്ങി.

കൃത്യം 2.50 -നു ഓഫീസില്‍ നിന്നും ഇറങ്ങി, സിനിമ തുടങ്ങുന്നതിനു മുന്‍പ് തന്നെ തീയറ്ററില്‍ എത്തി.

കൊള്ളാം.... നല്ല സിനിമ [ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍]

മൂന്നു യുവാക്കളുടെ സൌഹൃദത്തിന്റെ കഥ, വളരെ മനോഹരമായി പുതുമയോടെ അവതരിപ്പിച്ചിരിക്കുന്നു. പക്ഷെ ഇത് ശരിക്കും 'തിരുവനന്തപുരം സൗഹൃദം' ആണ്. സ്വാര്‍ത്ഥത ഉള്ളില്‍ ഒളിപ്പിച്ചു വച്ച സൗഹൃദം. തിരുവനന്തപുരംകാര്‍ക്ക് മാത്രമേ എത്ര അടുത്താലും ഉള്ളിന്റെ ഉള്ളില്‍ ആ ഒരു 'പാര' ഒളിഞ്ഞിരിക്കൂ.
സണ്ണി എന്ന കഥാപാത്രം ഇത് നന്നായി അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു!!
ശ്യാമ പ്രസാദ്‌ പറയുന്നത് തിരുവനന്തപുരംകാരായ മൂന്നു യുവാക്കളുടെ സൌഹൃദത്തെകുറിച്ചാണ്.

എന്തായാലും മൂന്നു പേരുടേയും സൌഹൃദത്തിന്റെ ഗാഡത വരച്ചു കാണിക്കുന്നതില്‍ സംവിധായകന്‍ നൂറു ശതമാനം വിജയിച്ചിരിക്കുന്നു. (അങ്ങിനെ ഒരു അടിച്ചുപൊളി കാലഘട്ടത്തിലേക്ക് തിരിച്ചു പോകാന്‍ ആരും കൊതിക്കും)



രണ്ടു യുവാക്കളുമായി ഉറ്റ ചങ്ങാത്തം പുലര്‍ത്തുന്ന 'വര്‍ഷ ജോണ്‍' എന്ന കഥാപാത്രം റിമ കല്ലിങ്ങല്‍ നന്നായി ചെയ്തിരിക്കുന്നു. റിമക്ക് അഭിനയ രംഗത്ത് നല്ല ഭാവി ഉണ്ട്. ഇതുപോലെ സ്മാര്‍ട്ട്‌ ആയ പെണ്‍കുട്ടികള്‍ ഇന്ന് നാട്ടില്‍ കുറവാണ്. ഉണ്ടായിരുന്നെങ്കില്‍ കേരളത്തില്‍ പീഡനങ്ങളും/വാണിഭങ്ങളും എത്ര കുറഞ്ഞേനെ!! എല്ലാം ഒരു സ്വപ്നജീവികള്‍ പോലത്തെ പെണ്‍കുട്ടികള്‍. 'ഏതു ട്രാപ്പിലും വീഴാന്‍ ഞാന്‍ റെഡി' എന്ന് നെറ്റിയില്‍ എഴുതി ഒട്ടിച്ചപോലെ നടന്നു പോകുന്ന പ്ലസ്‌-2 കുഞ്ഞുങ്ങള്‍. പെണ്‍കുട്ടികള്‍ ആയാല്‍ കുറച്ചൊക്കെ സ്മാര്‍ട്ട്‌ ആവണം.

സിനിമ തുടങ്ങുന്നതേ നല്ല വര്‍ണ്ണശബളമായിട്ടാണ്. മനോഹരമായ 'പെയിന്റിങ്ങ്സ്' പോലെ പ്രകൃതി സൌന്ദര്യം ക്യാമറമാന്‍ ഒപ്പി എടുത്തിരിക്കുന്നു.

ഇടയ്ക്കു അല്പം കമ്യൂണിസം കലര്‍ത്തിയത് എന്തിനാണെന്ന് മനസിലായില്ല. അതൊഴിവാക്കികൂടായിരുന്നോ? കുടിയൊഴിപ്പിക്കലും ജന്മിത്വവും ഒക്കെ??!! എനിക്കെന്തോ ഒരു കല്ലുകടി പോലെ തോന്നി. ആ തടിയനായ ബെയററും, ആ ഇടിയും, ചതഞ്ഞ മുഖവും ഒക്കെ കാട്ടി ചുമ്മാ അനാവശ്യമായ കമ്യൂണിസ്റ്റ്‌ പ്രേമം നടിക്കുന്നത്‌ പോലെ തോന്നി.

ശരത്തിന്റെ അച്ഛന്‍ മരിക്കുന്ന സീന്‍ വേണ്ടത്ര ജീവസുറ്റതാക്കാന്‍ സംവിധായകന് കഴിഞ്ഞില്ല. ആ സീന്‍ കണ്ടപ്പോള്‍ ഭൂരിഭാഗം പ്രേക്ഷകരും ചിരിക്കുന്നത് കേട്ടു!!

പുതിയ മുഖങ്ങള്‍ തിരഞ്ഞെടുത്തതിന് ശ്യാമ പ്രസാദിന് അഭിനന്ദനങ്ങള്‍. (മലയാളത്തിലെ സ്ഥിരം മുഖങ്ങള്‍ -ഗോഷ്ടികളും -കണ്ടു മടുത്തു.) എല്ലാവരും പ്രതീക്ഷയ്ക്കപ്പുറം ഉയര്‍ന്നിരിക്കുന്നു. ശരത്തും, സണ്ണിയും, വര്‍ഷയും എല്ലാം... മലയാള സിനിമയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്.

സൗഹൃദം, സാഹിത്യം, യുവത്വം, വര്‍ണ്ണം, സൌന്ദര്യം..... എല്ലാം ഒത്തു ചേരുന്ന ഒരു പ്രമേയം. മൊത്തത്തില്‍ നന്നായിട്ടുണ്ട്. എനിക്കിഷ്ടപെട്ടു. മറ്റുള്ളവര്‍ക്ക് 'റെക്കമെന്റ്' ചെയ്യാന്‍ ഞാന്‍ തുനിയില്ല. അതിനാലാണ് ഞാന്‍ തനിയെ പോയത്... ഭാര്യയെപോലും കൂട്ടാതെ!! എനിക്കറിയാം ചില സിനിമകള്‍ എനിക്ക് വളരെ ഇഷ്ടമാകും. പക്ഷെ ആരെയെങ്കിലും പറഞ്ഞയച്ചാല്‍ അവര്‍ (സിനിമ കണ്ടു കഴിഞ്ഞു) വന്നു എന്നെ തല്ലും. ഉദാ: Mr. & Mrs. Iyyer by Aparna Sen, Life is Beautiful by Roberto Benigni.

സിനിമ കാണുന്നെങ്കില്‍ തീയറ്ററില്‍ തന്നെ പോയി കാണണം. ദയവായി സി.ഡി കാണരുത്. അതുപോലെ തന്നെ മൊബൈല്‍ ഓഫ്‌ ചെയ്തു വച്ച് കാണണം. (ഇത് ഏതു സിനിമയ്ക്കും ബാധകം)

1 comment:

ചാണക്യന്‍ said...

“ പക്ഷെ ഇത് ശരിക്കും 'തിരുവനന്തപുരം സൗഹൃദം' ആണ്. സ്വാര്‍ത്ഥത ഉള്ളില്‍ ഒളിപ്പിച്ചു വച്ച സൗഹൃദം. തിരുവനന്തപുരംകാര്‍ക്ക് മാത്രമേ എത്ര അടുത്താലും ഉള്ളിന്റെ ഉള്ളില്‍ ആ ഒരു 'പാര' ഒളിഞ്ഞിരിക്കൂ...” -

ചാത്തങ്കേരിലെ കുട്ടിച്ചാത്താ,

ആ പറഞ്ഞത് അനുഭവത്തിന്റെ വെളിച്ചത്തിലാണോ? ശരിക്കും തിരുവനന്തപുരത്തുകാർ അങ്ങനെയാണോ? അങ്ങനെയാണെങ്കിൽ അതിനു കാരണം ഭൂമിശാസ്ത്രപരമായ വല്ലതുമാണോ?:):):):)