Tuesday, February 26, 2008

സ്നേഹം - കാണാന്‍ സാധിക്കുന്ന സാധനമാണോ?

സോളമന്റെ ഉത്തമഗീതങ്ങള്‍ (ബൈബിളില്‍ സ്നേഹത്തെക്കുറിച്ചുള്ള മനോഹരമായ വരികള്‍)

7:12
പ്രിയാ, വരിക; നാം നഗരത്തിനു വെളിയില്‍ പോകാം; നമുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപാര്‍ക്കാം.
7:13
അതികാലത്തു എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം; അവിടെവെച്ചു ഞാന്‍ നിനക്കു എന്റെ പ്രേമം തരും.

--------------------------

നാമെല്ലാവരും അന്വേഷിക്കുന്നത് ഇതു തന്നെയാണ്. നാം മറ്റുള്ളവര്‍ക്കു കൊടുക്കാന്‍ ആഗ്രഹിക്കുന്നതും ഇതു തന്നെയല്ലേ? പിന്നെയെന്തു സംഭവിക്കുന്നൂ... എന്തുകൊണ്ട് ഈ ലോകത്തില്‍ ഇത്ര മാത്രം ദ്വേഷം പടരുന്നു. രാവിലെ മുതല്‍ വൈകുന്നേരം ഇരുട്ടും വരെ വെള്ളം കോരിയിട്ടും പാത്രം നിറയാത്ത അവസ്ഥ വരുമ്പോളാണ് എല്ലാവരും യാഥാര്‍ത്യം മനസ്സിലാക്കുന്നത്. അപ്പോഴേയ്ക്കും നേരം ഇരുട്ടുകയും ചെയ്തിരിക്കും.

എന്താണ് സ്നേഹം എന്നു പറഞ്ഞാല്‍? അതൊരു തരം ഭ്രമം മാത്രമാണോ, ഒരു ഇക്കീളിപ്പെടുത്തുന്ന ഒരു ഇളം തെന്നല്‍. ഏയ്... ഒട്ടും അല്ല. ഒരു കുഞ്ഞുപൈതലിനോട് അമ്മയ്ക്കുള്ള സ്നേഹം ആണോ ഒരു കാമുകനു കാമുകിയോടുള്ള പ്രേമം ആണോ വലുത്? നാമെല്ലാവരും ഇപ്പോഴും എപ്പോഴും ഏതെങ്കിലും ബന്ധത്താല്‍ വലയം ചെയ്യപ്പെട്ടിരിക്കുകയാണല്ലോ. ഓഫീസില്‍, വീട്ടില്‍, സമൂഹത്തില്‍ .... എന്താണ് ഈ ബന്ധങ്ങളൂടെയൊക്കെ കാതല്‍ എന്നു പറയാമോ. സ്നേഹത്തെയും മായിക ഭ്രമത്തെയും തരം തിരിക്കാന്‍ വളരെ വളരെ പ്രയാസമാണ്. കാരണം സ്നേഹത്തെ നമുക്കു കാണാന്‍ സാധിക്കുകയില്ല, അളന്നു തിട്ടപ്പെടുത്താന്‍ സാധിക്കുകയില്ല, ആഴം പരിശോധിക്കാന്‍ കഴിയില്ല.... പിന്നെയെങ്ങിനെ യഥാര്‍ത്ത സ്നേഹം തിരിച്ചറിയാന്‍ പറ്റും.

പ്രണയനികള്‍ക്കിടയിലെ അഭിനിവേശം എന്താണെന്നു നോക്കാം. കൌമാരക്കാര്‍ക്കിടയിലെ ചാപല്യങ്ങളുടെ ലക്ഷണങ്ങള്‍ പരിശോധിച്ചാല്‍ ഇതു മനസ്സിലാകും. കണ്ടിട്ടില്ലേ, ഫോണ്‍ ചെവിയില്‍ നിന്നെടുക്കതെ നടന്നു നീങ്ങുന്ന കോളേജ് കുമാരന്മാരെ/ കുമാരിമാരെ. ഓരോ നിമിഷവും ഓരോ ശ്വാസവും സ്വന്തം കൂട്ടുകാരനോടൊപ്പം കൂട്ടുകാരിയോടൊപ്പം ആയിരിക്കാന്‍ കൊതിക്കുന്ന ആയിരക്കണക്കിനു യുവമിഥുനങ്ങള്‍ ഭ്രമത്തിലാണ് എന്നു പറഞ്ഞാല്‍ ആരെങ്കിലും സമ്മതിക്കുമോ. യഥാര്‍ത്ഥ സ്നേഹം ഇതല്ല എന്നു പറഞ്ഞാല്‍ അവര്‍ സമ്മതിക്കുമോ? പിന്നെയെന്താണത്.

സ്വപ്നത്തില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്കു കടന്നുവരാന്‍ ആഗ്രഹമുള്ള ഒരു പ്രണയിനിയാണു നിങ്ങളെങ്കില്‍ ഇതു ശ്രദ്ധിക്കൂ.

1) നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയുമായി തുറന്ന്/ സത്യസന്ധമായി സംവദിക്കാന്‍ കഴിയുന്നുണ്ടോ? എന്നെ തെറ്റിദ്ധരിക്കുമോ എന്ന ഭയമില്ലാതെ.

2)നിങ്ങള്‍ നിങ്ങളുടെ ബലഹീനതകള്‍ മൂടിവച്ച്, കന്നത്തരങ്ങള്‍ മറച്ചുവച്ച് പൊങ്ങച്ചങ്ങള്‍ മാത്രം പ്രകടിപ്പിച്ചു ജീവിക്കുകയാണോ. നിങ്ങള്‍ ശുദ്ധമായ സ്നേഹത്തില്‍ ആയിരിക്കുമ്പോള്‍ പങ്കാളിയെ ‘impress' ചെയ്യേണ്ട ആവശ്യമില്ല.

3)നിങ്ങളുടെ പങ്കാളി നിങ്ങളില്‍ നിന്നും ഒരുപാട് വ്യത്യസ്ഥനാണ്. അതങ്ങിനെയേ ആയിരിക്കൂ. അതു മാറ്റാന്‍ ശ്രമിക്കതെ അംഗീകരിച്ചേ പറ്റൂ. യാഥാര്‍ത്യങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കാത്തിടത്ത് യഥാര്‍ത്ഥ പ്രണയം സാധ്യമല്ല. മുന്‍ വിധികളില്ലതെ പങ്കാളിയ്യുടെ പോരായ്മകള്‍ അംഗീകരിക്കാന്‍ സാധിക്കണം. മറ്റു വ്യക്തിയോടുള്ള / വ്യക്തിത്വത്തോടുള്ള ബഹുമാനം ആണത്.

4)എന്തുകൊണ്ടാണ് എന്റെ പങ്കാളി അങ്ങിനെ പെരുമാറുന്നത്. എന്താണു ചെയ്യുന്നത്, എന്തുകൊണ്ടാണു അങ്ങിനെ? എന്താണു ചിന്തിക്കുന്നത്, എന്തുകൊണ്ടാണു അങ്ങിനെ? അയാളുടെ പോഴത്തരങ്ങള്‍ തിരിച്ചറിഞ്ഞ് അനുഭവിച്ചേ പറ്റൂ.

5)നിങ്ങളുടെ പൊരുത്തമില്ലായ്മകള്‍ പങ്കാളിയുമായി ചര്‍ച്ചചെയ്യാന്‍ ഒരുക്കമാണോ? നിങ്ങള്‍ക്ക് സ്വന്തമായ ഒരു ചിന്താധാരയുള്ള ആളാണെങ്കില്‍ തീര്‍ച്ചയായും പൊരുത്തമില്ലായ്മകള്‍ ഉണ്ടാവും. പൊട്ടിത്തെറികള്‍ ഉണ്ടാവും. തീര്‍ച്ച. വിയോജിപ്പുകള്‍ സ്നേഹത്തോടെ ചര്‍ച്ചചെയ്യാനാവുമോ? സ്നേഹത്തോടെ വഴക്കടിക്കാന്‍ പഠിക്കണം. നല്ല മരുന്നാണ്.

6)യഥാര്‍ത്ഥ സ്നേഹം എല്ലാവിധ വികാരങ്ങളേയും ഉള്‍കൊള്ളുന്നു. വിസമ്മതം, ദേഷ്യം, തര്‍ക്കം എല്ലാം ഉണ്ടവിടെ. സ്നേഹത്തിന്റെ വിപരീതം വിദ്വേഷമല്ല!! ഗൌനിക്കാതിരിക്കല്‍ ആണ്. ശ്രദ്ധിക്കാതിരിക്കുക, മൈന്റ് ചെയ്യാതിരിക്കുക എന്നൊക്കെ കേട്ടിട്ടില്ലേ. അതു തന്നെ.. അതില്പരം ക്രൂരത എന്തു കാണിക്കാനാവും, പങ്കാളിയോട്.

7) യഥാര്‍ത്ഥ സ്നേഹം മറ്റേയാളുടെ വിജയം ആഗ്രഹിക്കുന്നു... നന്മ ആഗ്രഹിക്കുന്നു, സന്തോഷം ആഗ്രഹിക്കുന്നു. മറുപാതിയെ വളരാന്‍ സഹായിക്കുന്നു, അതിന്നായി പ്രോത്സാഹിപ്പിക്കുന്നു. ഇന്നത്തെ ജോലി ശീലം - പങ്കാളികള്‍ രണ്ടുപേരും ജോലിക്കു പോകുന്നത് - ഇതിനു വിപരീത മായ ചിന്താഗതിയും അവസ്ത്ഥയും സ്രിഷ്ടിക്കുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

8)യഥാര്‍ത്ഥ സ്നേഹം എന്നത് ഒരു ആത്മീയ ബന്ധമാണ്. കേവലം ശരീരിക ആകര്‍ഷണം മാത്രമല്ല. പങ്കാളിയുടെ ആരോഗ്യത്തിലും അനാരോഗ്യത്തിലും സുഖത്തിലും ദു:ഖത്തിലും വിജയത്തിലും പരാജയത്തിലും ആ ആത്മീയബന്ധം മുറിയുന്നില്ല. മരണത്തിനു വേര്‍പെടുത്താനാകുമോ ഈ സ്നേഹബന്ധത്തെ?

9)ജീവിതം അതിനാല്‍ തന്നെ പൂര്‍ണ്ണമാണ്. പങ്കാളിയോടൊപ്പവും അല്ലാതെയും. പങ്കാളിയുടെ മൂല്യനിര്‍ണയം ഇല്ലാതെ നിങ്ങള്‍ക്കു നിങ്ങളുടെ ജീവിതത്തെക്കുറിച്ച് അഭിമാനം തോന്നാറുണ്ടോ? നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം എടുക്കുക. പങ്കാളിയെയും അതിനു പ്രാപ്തരാക്കുക/ പ്രേരിപ്പിക്കുക. ജീവിതം നിങ്ങളില്‍ തന്നെ പൂര്‍ണമാണ്.

10) എടുക്കുക, കൊടുക്കുക, പങ്കുവയ്ക്കുക - പങ്കുവയ്ക്കലാണ് ജീവിതം. എങ്കിലും ദാമ്പത്യ ജീവിതത്തില്‍ ‘നിങ്ങള്‍ക്കു സ്വന്തമായി ഒരിടം’ സൂക്ഷിക്കാം. അതിനു പങ്കാളിക്കും അവകാശമുണ്ടെന്നു മറക്കരുത്.

അനുഭവിക്കാന്‍ കഴിഞ്ഞാലും ഇല്ലെങ്കിലും സ്നേഹം നിലനില്‍ക്കുന്നു. അത് എക്കാലവും ഉണ്ടാവും.. നാമറിയാതെ ശ്വസിക്കുന്ന വായുപോലെ. സ്നേഹം കൊടുക്കലാണ് - ക്രിസ്തു പഠിപ്പിച്ചത് സ്നേഹിക്കുന്നവര്‍ക്കു വേണ്ടി സ്വന്തം ജീവന്‍ കൊടുക്കാനാണ്. സ്നേഹം സമരമാണ് - ക്രിഷ്ണന്‍ പഠിപ്പിച്ചത് സമരം/ യുദ്ധം ചെയ്യാനാണ്. നാമൊക്കെ പരാചയപ്പെട്ട സ്നേഹിതരാണ്. ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍. നാം പരാജയപ്പെട്ടിടത്ത് സ്നേഹം ജയിക്കുന്നു.

Monday, February 25, 2008

അഭിനിവേശം - ഒരനുഭവസഹിതം.

നിന്നെ കരവലയത്തിലൊതുക്കുവാന്‍

ഒന്നു ചുംബിക്കുവാനഭിനിവേശം

അഭിനിവേശം അഭിനിവേശം...

.........................

അഭിനിവേശം തോന്നാത്ത ആണുങ്ങളുണ്ടകുമോ? തോന്നാറുണ്ട് പക്ഷേ മറച്ചുവയ്ക്കും ല്ലേ!! അഭിമാനത്തിനു ചേറ്ന്നതല്ലല്ലോ അത്. ഒരു തരി സുന്ദരിയെ കണ്ടാല്‍ മതി എനിക്കഭിനിവേശം തോന്നാന്‍. മുകളില്‍ പറഞ്ഞ എല്ലാ അഭിനിവേശവും കൂടി എവിടെന്നോ ഒക്കെ ഓടിയെത്തും. അപ്പോള്‍ വയലാര്‍ എഴുതിയത് നൂറുശതമാനവും ശരിയാണെന്നു എനിക്കു തോന്നും. പക്ഷേ ഞാന്‍ ഡീസന്റ് ആണൂട്ടോ.. അതൊന്നും പുറത്തു കാണിക്കാതെ ഗൌരവക്കാരനായി നിക്കും. ഇപ്പൊ എന്റെ സംശയം എന്റെ ഉള്ളിലിരുപ്പൊക്കെ ഈ സുന്ദരിമാര്‍ക്കെങ്ങാനും മനസ്സിലാവുന്നുണ്ടാവുമോ എന്നാണ്.

ഇതിപ്പൊ പറയാന്‍ കാരണം ഇന്നലെ രാത്രി സൂര്യാ ടി.വി.യില്‍ ‘രസിക രാജ’ പരിപാടിയില്‍ അവതാരക ‘ രമ്യ’ക്കുട്ടിയെ കണ്ടപ്പോള്‍ ഇതു പോലൊരു അഭിനിവേശം... മുകളില്‍ പറഞ്ഞത്രയൊന്നും ഇല്ല.

പക്ഷെ ഒന്നു കാണുവാന്‍... ഒന്നു മിണ്ടുവാന്‍..... ഒരു മത്ര വെറുതേ നിനച്ചുപോയീ. സത്യം പറയാലോ രമ്യ ഒരു സുന്ദരി തന്നെ. ആഹാ... എത്ര വാചാലമായ അവതരണശൈലി... എനിക്കൊത്തിരി ഇഷ്ടായീ.

മോഹങ്ങള്‍ കാലത്തിനൊത്ത് മാറികൊണ്ടിരിക്കും എന്നെവിടെയോ വായിച്ചതോര്‍ക്കുന്നു. അഞ്ചുവയസ്സിലെ മോഹം അല്ല, പതിനഞ്ച് വയസ്സില്‍... അമ്പതില്‍ എന്താണോ? എന്തായാലും ഒരു കാര്യം ഉറപ്പാണ് മോഹങ്ങള്‍ അവസാനിക്കുന്നില്ല. മോഹങ്ങള്‍ക്ക് അതിരുകളും ഇല്ല.

മോഹം ഈസ് ഗുഡ്..... ബട്ട്,

അനുഭവം: നിമിഷസ്വപ്നം

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നും രാവിലെ 6.25 നുള്ള ജനശദാബ്ദി -ട്രെയിനില്‍ എറണാകുളത്തേയ്ക്കു പോരുമ്പോള്‍ സംഭവിച്ചത്. ടിക്കറ്റ് നേരത്തേ എടുത്തിരുന്നു. ഞാന്‍ എല്ലയ്പ്പോഴും ട്രെയിനിനടുത്ത് എത്തുമ്പോള്‍ ആദ്യം നോക്കുന്നത് ‘റിസര്‍വേഷന്‍ ലിസ്റ്റ്’ ആണ്. അടുത്ത സീറ്റില്‍ ആരാണെന്നു കണ്ടുപിടിക്കാന്‍. ഇത്തവണ എന്റെ നമ്പറ് 105. അടുത്ത്106 = ‘വീണ - F24’ .............. ഹൌ. ഞാന്‍ അകത്ത് ചന്നു നോക്കിയപ്പോള്‍ 105, 106 രണ്ടു സീറ്റുമാത്രമുള്ള അവസാനത്തെ നിര..!! എന്റെ ഉള്ളില്‍ കുളിരു കോരി... കള്ളകുറുക്കന്‍ ഉറക്കമെഴുന്നേറ്റു. ഞാന്‍ ആദ്യം തന്നെ എന്റെ ‘ലാപ് ടോപ് ബ്യാഗ്’ സീറ്റില്‍ വച്ചിട്ട് ട്രെയിനിന്റെ വാതുക്കല്‍ പോയി നിന്നു സ്വപ്നം കാണാന്‍ തുടങ്ങി. അപ്പോള്‍ ജനവാതുക്കല്‍ നിന്നും വീണയുടെ അച്ഛന്‍ കുട്ടിക്ക് യാത്രപറയുന്നുണ്ടായിരുന്നു.

“മോള്‍ടെ ഹോസ്റ്റലില്‍ ഉള്ള കൂട്ടുകാരികള്‍ അപ്രത്തെ ബോഗിയില്‍ ഉണ്ട്. അവിടെ ചെന്നാല്‍ ഉടനെ വീട്ടിലേയ്ക്ക് വിളിക്കണം. .....” എനിക്ക് സന്തോഷമായി. തിരുവനന്തപുരം കാരി... എര്‍ണാകുളത്ത് ഹോസ്റ്റലില്‍ നില്‍ക്കുന്നു.... പുതിയ ഒരു സൌഹ്രുദം കെട്ടിപ്പടുക്കുന്നതിന്റെ മനക്കോട്ടകള്‍ ഞാന്‍ മുകളിലോട്ട് മുകളിലോട്ട് കെട്ടിപ്പൊക്കി. മൂന്ന് മണിക്കൂറുകള്‍ കിടക്കുന്നു. മുഴുവന്‍ സംസാരിക്കാന്‍.... കൂട്ടുകൂടാന്‍...... ഹൌ!! സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ. വണ്ടിവിടാന്‍ 2-3 മിനുറ്റ് മാത്രം. ഞാനിരുന്നില്ല. കിടക്കുന്നല്ലോ 3 മണിക്കൂറ്.

ട്രെയിനിന്റെ സിഗ്നലായി. അപ്പോഴാണ് ആ ദുരന്തം സംഭവിച്ചത്. ഒരു മാന്യസ്ത്രീ പടിവാതുല്‍ക്കല്‍ നില്‍ക്കുന്ന എന്റെ അടുത്തു വന്ന് വിനയ പൂര്‍വ്വം ചോദിച്ചൂ.. “ സാര്‍, താങ്കളുടേതാണോ ഈ സീറ്റ്? എനിക്കൊരുപകാരം ചെയ്യാമോ? എന്റെ സീറ്റ് അപ്പുറത്തു ആ രണ്ട് പുരുഷന്മാരുടെ നടുക്കാണ്. ഒന്നു സീറ്റ് ചെയിഞ്ച് ചെയ്തു തരാമോ..... പ്ലീസ്സ്!!” ഞാന്‍ എന്തു പറയണം. സുസ്മേര വദനനായി ‘അതിനെന്താ.....’ എന്നു മൊഴിഞ്ഞുകൊണ്ട് എന്റ്റെ ബ്യാഗ് എടുത്ത് ആ രണ്ടു തടിമാടന്മാരുടെ ഇടയിലേക്ക് യാത്രയായി. എന്റെ ഹ്രുദയത്തില്‍ ഞാന്‍ മെനഞ്ഞ ചില്ലുകൊട്ടാരമാകുന്ന താജ് മഹല്‍ - നിലത്തു വീണുടഞ്ഞ് നുറുങ്ങുന്നത് ആ മാന്യ സ്ത്രീയും യുവതിയും അറിഞ്ഞതുപോലുമില്ല. ഒരു മണിക്കൂറിനു ശേഷം തിരിഞ്ഞുനോക്കുമ്പോല്‍ രണ്ടൊപേരും ചക്കരയും പീരയും പോലെ ചിരിച്ചുല്ലസിച്ച് വര്‍ത്തമാനം പറഞ്ഞിരിക്കുന്നുണ്ടായിരുന്നു. ഞാനിവിടെ രണ്ട് കൂര്‍ക്കം വലികള്‍ക്കിടയില്‍... (എന്റെ ഉറക്കം നഷ്ടപ്പെട്ടിരുന്നു.)

പിങ്കുറിപ്പ്: ഈ സ്ത്രീകളന്തേ ഇത്ര സങ്കുചിത മനസ്കരാകുന്നു. കുറച്ചു നേരം ഒരു അന്യ പുരുഷന്റെ കൂടെയിരുന്നു ട്രെയിനില്‍ യാത്ര ചെയ്താല്‍ ആകാശം ഇടിഞ്ഞ് വീഴുമോ? ഓരോരോ കപടമാന്യതകള്‍.. അല്ലാതെന്താ. (ഭാര്യയോട് ചോദിക്കാം ഇതിന്റെ മനഃശാസ്ത്രം. അല്ലെങ്കില്‍ അഭിപ്രായം) എന്നെപ്പോലുള്ള കള്ളകുറുക്കന്മാരെ പേടിച്ചിട്ടാണെന്നേ അവള്‍ പറയൂ.. ശരിയായിരിക്കാം. മുന്‍ മന്ത്രി ശ്രീഃ ജോസഫേട്ടന്റെ സംഭവം മുന്‍പിലുണ്ടല്ലോ. അങ്ങിനെ വല്ല തോണ്ടും പിടിയും ഉണ്ടായാല്‍ എഴുന്നേറ്റ് നിന്ന് കൈ നന്നായി വീശി കരണക്കുറ്റിക്ക് തന്നെ നല്ല പെട കൊടുക്കണം. (അല്ലാതെ.... ഇതൊരു മാതിരി...... ശ്ശെ, ആരെയാണോ കണികണ്ടത്?)

Friday, February 22, 2008

നീര്‍ക്കുമിളകള്‍ - അഥവാ ഇന്‍ഫാക്റ്റ്യുഏഷന്‍

മുത്താണെന്നുകരുതി
ശേഖരിച്ചുവച്ചത്
നീര്‍കുമിളകള്‍ മാത്രമായിരുന്നു
നീര്‍കുമിളകള്‍...

ഞാനൊരു പാവം പടുവിഡ്ഡി.
-------------------------------
മുത്തുകള്‍ തന്നെയായിരുന്നു അത്
ഞാന്‍ തെറ്റിദ്ധരിച്ചൂ.....
എല്ലാം ഒരു ഇന്‍ഫാക്ച്യുഏഷന്‍
എന്നു തോന്നും ചിലപ്പോള്‍..

ഞാനൊരു പാവം മായികസഞ്ചാരി.

(തുടരും..)
കുറിപ്പ്: ഇന്‍ഫക്ച്യുഏഷന്‍ = ആഴത്തില്‍ സ്പര്‍ശിക്കാത്ത സ്നേഹം/ ബന്ധം. ഉള്ളു പൊള്ളയായ, ഉപരിപ്ലവമായ ബന്ധം.

സൌഹ്രുദവും പ്രണയവും തമ്മില്‍ തിരിച്ചറിയാന്‍ പ്രയാസമാണ്. നേര്‍ത്ത നൂലിഴ വ്യത്യാസമേയുള്ളൂ. സൌഹ്രുദം പ്രണയത്തിലേയ്ക്ക് വഴിമാറാന്‍ സാധ്യത വളരെയേറെയാണ്. അതു തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. ഞാന്‍ ഒരിക്കലും തെറ്റിദ്ധരിക്കപ്പെടില്ലയെന്നു കരുതിയ ഒരു സൌഹ്രുദം പ്രണയത്തിലേയ്ക്ക് വഴിമാറിയത് എന്നെ അത്ഭുതപ്പെടുത്തി. എന്നല്ല ശരിക്കും ഞെട്ടിക്കുക തന്നെ ചെയ്തു. അതും ഒരു ഹയര്‍ സെക്കണ്ടറി സ്കൂള്‍ റ്റീച്ചര്‍!! (കല്യാണ നിശ്ചയം കഴിഞ്ഞ!!??) കൌമാരപ്രായത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കു നേര്‍വഴി പറഞ്ഞ് കൊടുക്കേണ്ട ഒരു ബിരുദാനന്ദര-ബിരുദമുള്ള ഒരു അധ്യാപികയില്‍ നിന്നും കുറേക്കൂടി പക്വതയുള്ള ഒരു പെരുമാറ്റം / ബന്ധം ആയിരുന്നു ഞാന്‍ പ്രതീക്ഷിച്ചത്. (എന്റെയും കൂടി തെറ്റുണ്ടതില്‍. ഞാന്‍ മനസ്സില്‍ എന്താണുദ്ധേശിക്കുന്നതെന്നു മറ്റൊരാള്‍ക്കു തുറന്നു നോക്കുവാന്‍ കഴിയില്ലല്ലോ. എന്റെ പെരുമാറ്റത്തില്‍ ഞാന്‍ കുറച്ചു കൂടി ശ്രദ്ധിക്കണമായിരുന്നു.)
ഇതു പോലെ വേറെയും സൌഹ്രുദബന്ധങ്ങള്‍ പ്രണയത്തിലേയ്ക്ക് ചരിഞ്ഞു പോയിട്ടുണ്ട്. സ്കൂള്‍/ കോളേജില്‍ പടിക്കുമ്പോളും പിന്നീടും. എങ്കിലും ഒരിക്കലും മറക്കാനാവാത്ത ഒരു സൌഹ്രുദ-പ്രണയം മുന്‍ പറഞ്ഞതു തന്നെ. സൌഹ്രുദം പ്രണയത്തിലേയ്ക്കു വഴുതിവീഴുന്നത് വലിയ അപകടം തന്നെയാണ്. കാരണം പ്രണയം പൂവണിയുന്നില്ലെങ്കില്‍ ആ സൌഹ്രുദം എന്നെന്നേയ്ക്കുമായി നിലയ്ക്കുന്നു. പിന്നീട് ആ നല്ല സുഹ്രുത്തുക്കള്‍ തമ്മില്‍ കാണാനോ സംസാരിക്കാനോ ഇഷ്ടപ്പെടുന്നില്ല. ജാള്യതയായിരിക്കാം കാരണം?! ആണ്‍-പെണ്‍ സൌഹ്രുദങ്ങള്‍ ഇങ്ങനെയൊരു നൂല്പാലത്തിലൂടെയാണു എന്നും കടന്നു പോകുന്നത്, പോയിക്കൊണ്ടിരിക്കുന്നത്, ഇനിയുള്ള കാലവും അങ്ങിനെ തന്നെയായിരിക്കും. അതുകൊണ്ടല്ലേ രക്തബന്ധമുള്ളവര്‍ പോലും ഇത്തരം പ്രണയ മരീചികയില്‍ അകപ്പെട്ടുപോകുന്നത്.

ആരാണു എന്റെ സുഹ്രുത്തുക്കള്‍ ??

ബാല്യകാലത്തും നഴ്സറിക്ലാസ്സിലും - വിജയ്, ബിജു, ബിന്ദു, ജയ, സജി സി ചക്കോ, സിജി കെ മത്തയി, പ്രശാന്ത്, രാജു....... ഇവരെല്ലാവരും ഇപ്പോള്‍ നല്ല നിലയില്‍ കഴിയുന്നു. സജിയെ മാത്രം കണ്ടിട്ടു വറ്ഷങ്ങള്‍ ആയി. കഴിഞ്ഞ തവണ അവന്റെ ചേച്ചിയെ കണ്ടപ്പോള്‍, സജി ഇപ്പോള്‍ ദുബയ് ആണെന്നു പറഞ്ഞു.

പ്രൈമറി സ്കൂളില്‍ - സിബി, സുരേഷ്, രാമന്‍ കുട്ടി, കുമാരന്‍, സുനിത, സുനില്‍, സിന്ദു, ... ഇവരില്‍ സുനില്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പു മരിച്ചുപോയി.

ഹൈസ്കൂളില്‍ - ജോവറ്റ്, അന്നാ ബാലന്‍, കുമാര്‍, സംഗീത്, ജിന്‍സി, ദീപ, ഷൈന്‍, ....... ജോവറ്റിനെ കഴിഞ്ഞ ദിവസം ക്അണ്ടിരുന്നു. ഗള്‍ഫില്‍ എല്ലം പോയി തിരിച്ചു വന്നു ഇപ്പോള്‍ ‘ഹോണ്ട കാര്‍’ സില്‍ സര്‍വീസ് മാനേജര്‍ ആയി ജോലി ചെയ്യുന്നു.

പ്രീഡിഗ്രി കോഴ്സ് - തേവര എസ്സ്. എച്ചില്‍ : ഷമീര്‍, വിനീത, ഡയാന, സൂര്യ, അനൂപ്, ജോര്‍ജ്ജ്, ബിജു, ഷൈന്‍ .... ഇവരോക്കെ ഇപ്പോള്‍ എവിടെയാണോ.. എന്തോ??

വാര്‍ത്തകള്‍ ചുരുക്കത്തില്‍...

ശരീരം-മുറിവ്-വേദനകള്‍
വീണ്ടും ശക്തിയായ നടുവേദന തുടങ്ങിയിരിക്കുന്നു.
ഹോമിയോപ്പതി മരുന്നു കഴിക്കുന്നു, ഒരാഴ്ചയായി.
എന്റെ ഹോമിയോ മുത്തപ്പാ രക്ഷിക്കണേ....

മനസ്സിലെ മുറിവുണക്കാന്‍ ആര്‍ക്കാണു സാധിക്കുക?

ഇന്നു രാവിലെ ഓഫീസിന്നടുത്തുള്ള ‘കണ്ണങ്കുന്നത്തു’ പള്ളിയില്‍ കയറി. കുറച്ചുനേരം കണ്ണടച്ചു മുട്ടുകുത്തിനിന്നപ്പോള്‍... എന്തൊരാശ്വാസം.
എന്റെ ഈശോയെ നിന്നൊടല്ലാതെ ആരോടു ഞാനിതൊക്കെ പങ്കുവയ്ക്കും?
ഓഫീസ്സില്‍ എതിയപ്പോള്‍ തന്നെ (8.40 am) മണിചേച്ചിയെ ഒന്നു വിളിച്ചാലോ എന്നു തോന്നി.. കോണ്‍ വെന്റിലേയ്ക്കു വിളിച്ചതും നേരെ ഫോണ്‍ എടുത്തത് ചേച്ചിയായിരുന്നു. ഒത്തിരിനാളുകൂടി.....

ഭയം ഉള്ളിടത്തു സ്നേഹം ഉണ്ടാവില്ല..
സ്നേഹം ഇല്ലാത്തിടത്ത് ദൈവം ഉണ്ടാവില്ല..
എങ്കില്‍ നമുക്കെല്ലാ ഭയങ്ങളേയും സ്നേഹം കൊണ്ട് ദൂരെയകറ്റിക്കൂടെ?

പ്രേമത്തിനു കണ്ണില്ല എന്നാണല്ലോ
ശരി,
പക്ഷെ അതിനു നാവും ചെവിയും ഇല്ലാതെ വരുമോ?

ചോദ്യം - 5:
സ്നേഹവും സൌഹ്രുദവും തമ്മിലുള്ള 10 പ്രധാന വ്യത്യാസങ്ങള്‍ എന്തെല്ലാം? ഉദാഹരണസഹിതം ആശയം വ്യക്തമാക്കുക.
സൌഹ്രുദം അതിരുകടക്കാമോ?

തുടരും........

Friday, February 15, 2008

അപ്പച്ചനും ഞാനും ...

ഈ ആഴ്ച തിരുവനന്തപുരത്തുനിന്നും വന്നപ്പോള്‍ അപ്പച്ചനും കൂടെ പോന്നു. പോസ്റ്റോഫീസ്, പഞ്ചായത്ത്, സഹകരണബാങ്ക് തുടങ്ങിയ സ്ഥലങ്ങളില്‍ പോയി ചില്ലറ ജോലികള്‍ തീര്‍ക്കാനുണ്ടായിന്നു അപ്പച്ചന്. പിന്നെ വീടിലെ തെങ്ങും കൌങ്ങും വാഴയും മറ്റും നനയ്ക്കുകയും വേണമായിരുന്നു.

അതിനാല്‍ ഈ ആഴ്ച ഹോസ്റ്റല്‍ മുറിയിലേയ്ക്കു പോയില്ല. വീട്ടില്‍ തന്നെ കൂടി. വീടിന്റെ ഇളംതിണ്ണയില്‍ കിടന്നുറങ്ങാന്‍ എന്തു രസമാണ്.. ഒന്നു രണ്ട് തവണയെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ അന്തിയുറങ്ങാന്‍ ഭാഗ്യം (?) ലഭിച്ചിട്ടുണ്ട്. എങ്കിലും സ്വന്തം വീട്ടിലെ തറയില്‍ കിടന്നുറങ്ങുമ്പോളുള്ള സുഖം വേറെ എവിടെ കിട്ടാന്‍....

കഴിഞ്ഞ ദിവസങ്ങളില്‍ അപ്പച്ചന്‍ ആണു വീട്ടിലെ പാചകം ഏറ്റെടുത്തു നടത്തിയിരുന്നത്. വൈകിട്ടു ജോലികഴിഞ്ഞു ചെല്ലുമ്പോള്‍ ചോരും ചേമ്പുവിത്ത് ഒലത്തിയതും ചെമ്മീന്‍ വറുവലും തയ്യര്‍ ചെയ്തു വച്ചിട്ടുണ്ടായിരുന്നു. കാന്താരി മുളകു ചതച്ചിട്ട് ചെമ്മീന്‍ വറുത്തത്.... ആഹാ... ഏതു മുന്തിയ ഹോട്ടലില്‍ കിട്ടും ഇത്ര രുചികരമായി... താജിലോ??!! രാവിലെ ഞങ്ങള്‍ റവ ഉപ്പുമാവ് ഉണ്ടാക്കും. (അതായത് അപ്പച്ചന്‍ ഉണ്ടാക്കും ഞാന്‍ തിന്നു!!) അങ്ങിനെ അടിപൊളിയായിരുന്നു ഈ ആഴ്ച എന്നു പറയാം.

അപ്പച്ചനു ഇവിടെ (പെരുമ്പിള്ളിയില്‍) വീട് അടച്ചിട്ട് തിരുവനന്തപുരത്തൂ മാറിതാമസിക്കുന്നതില്‍ ശരിക്കും ബുദ്ധികുട്ടുണ്ട്. എത്രയും വേഗം തിരികെ എത്തണം. ഇത്ര നാള്‍ അവര്‍ ക്ഷമിച്ച് നിന്നല്ലോ, ഇനി മനുക്കുട്ടനെ ഇവിടെ നിര്‍ത്തി അജിത ഹോസ്റ്റലില്‍ ആകേണ്ടിവരും. എന്നിട്ട് എല്ലാ ആഴചയും നാട്ടില്‍ വന്നു പോകുക തന്നെ വഴി. ഉടനെയെങ്ങും സ്ഥലം മാറ്റം കിട്ടുമെന്ന് പ്രതീക്ഷയില്ല. എന്തിനു ധ്രിതിവയ്ക്കണം... പ്രതീക്ഷിക്കാത്ത സമയത്താണല്ലോ ഈശ്വരന്‍ ഓരോന്നു മുന്നിലെത്തിച്ചു തരുന്നത്. അവിടുത്തെ ഇഷ്ടം നിറവേറട്ടെ!!

Thursday, February 07, 2008

പുതിയ സഹമുറിയന്‍

ഈ തിങ്കളാഴ്ച മുതല്‍ എന്റെ ഹോസ്റ്റല്‍ മുറിയില്‍ പുതിയ ആള്‍ വന്നു. ശ്രീ. ബാബു വര്‍ഗീസ്സ് - കൊച്ചിയില്‍ തന്നെയുള്ള റ്റാറ്റാ സെറാമിക്സില്‍ മാനേജര്‍ ആയി ജോലി ചെയ്യുന്നു.
പഴയ സുഹ്രുത്തിനെ അപേക്ഷിച്ച് ഗൌരവക്കാരനും ഒതുങ്ങിയ പ്രക്രിതവും ആണെന്നു തൊന്നുന്നു. ഭാര്യ കോഴിക്കോട് REC യില്‍ ഗവേഷണം ചെയ്യുന്നു. രണ്ടു പേരും എന്‍ജ്ജിനീര്‍ മാരാണു. രണ്ട് കുട്ടികള്‍ - കോഴിക്കോട് നിന്നു പടിക്കുന്നു.