ബാഹുൽ രമേശിൻ്റെ തിരക്കഥാ രചനയിൽ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ ചിത്രമാണ് കിഷ്കിന്ധ കാണ്ഡം. ആസിഫ് അലി , വിജയരാഘവൻ , അപർണ ബാലമുരളി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
കുരങ്ങുകൾ വസിക്കുന്ന കല്ലേപ്പതി റിസർവ് ഫോറസ്റ്റിലാണ് കഥ നടക്കുന്നത്,അവിടെ മുൻ മിലിട്ടറി അപ്പുപ്പിള്ളയും അദ്ദേഹത്തിൻ്റെ മകൻ ഫോറസ്റ്റ് ഓഫീസറായ അജയചന്ദ്രനും താമസിക്കുന്നു. അപ്പുപിള്ളയുടെ ലൈസൻസുള്ള തോക്ക് നഷ്ടപെടുന്ന സംശയത്തിൽ നിന്നും കഥ ഓർമ്മയും മറവിയും തമ്മിലുള്ള ഒരൊളിച്ചു കളിയിലൂടെ നിഗൂഢമായ മനഃശാസ്ത്ര നാടകത്തിന്റെ ചുരുളഴിക്കുന്നത് പ്രേക്ഷകർ ഇമ വെട്ടാതെ കണ്ടിരിക്കും.
നമ്മുടെ കൂടെയുള്ള ഒരാൾ, നമുക്ക് ഏറെ വേണ്ടപ്പെട്ട ഒരാൾ, രോഗിയായി തീരുക തീരുന്ന അവസ്ഥയിൽ അവരുമായി ഒത്തുപോവുക വളരെ പ്രയാസമാണ്. അത് ശാരീരികമായ രോഗാവസ്ഥ ആണെങ്കിലും മാനസികമായ രോഗാവസ്ഥയാണെങ്കിലും. ഉദാഹരണമായിട്ട് ശാരീരികം ആയിട്ട് ചെവിയുടെ കേൾവി ശക്തി കുറഞ്ഞാൽ പല വീടുകളിലും നമ്മൾ കേൾക്കുന്ന ഒരു ഡയലോഗ് ആണ് "ഈ കഴുതയ്ക്ക് ചെവി കേൾക്കില്ലെ" എന്നത്. ഓർമ്മശക്തി കുറഞ്ഞാലും ഇതേപോലെ പഴി കേൾക്കേണ്ടിവരും
ഇതിനെയെല്ലാം രോഗം എന്ന് വിളിക്കുന്നതിനേക്കാൾ എനിക്കിഷ്ടം അവസ്ഥ എന്ന് പറയുന്നതാണ്. എല്ലാവർക്കും സംഭവിക്കാവുന്ന "അവസ്ഥകൾ" ശാരീരികമായ അവസ്ഥകൾ, സാമ്പത്തികമായ അവസ്ഥകൾ, മാനസികമായ അവസ്ഥകൾ, വൈകാരികമായ അവസ്ഥകൾ ... ഈ അവസ്ഥയിൽ നമ്മുടെ ഏറ്റവും വേണ്ടപ്പെട്ട ആളിനെ ചേർത്തുപിടിക്കാനും കരുതലോടെയും കരുണയോടെയും ശ്രദ്ധാപൂർവ്വം സാധിക്കുക എന്നത് വലിയ ചലഞ്ച് തന്നെയാണ്. ഉദാഹരണമായി. പല മാനസിക പ്രശ്നങ്ങളും നമ്മുടെ സമൂഹത്തിൽ നമ്മുടെ കുടുംബങ്ങളിൽ കണ്ടുവരുന്നുണ്ട്. അത് ഒരുപക്ഷേ സംശയരോഗം ആകാം മറവിരോഗം ആകാം ബൈപോളാർ ഡിസോഡർ ആകാം. ഈ അവസ്ഥ മനസ്സിലാക്കുകയും അവരെ കുറ്റപ്പെടുത്താതെ, അവരുമായി വഴക്കിടാതെ പരമാവധി ചേർത്തു പിടിക്കേണ്ടതിന്റെ ഒരു നല്ല സൂചനയാണ് "കിഷ്കിന്ധാകാണ്ഡം" എന്ന സിനിമയിലൂടെ എനിക്ക് ലഭിച്ചത്
തള്ളിക്കളയുവാനും തള്ളിപ്പറയുവാനും എളുപ്പമാണ് എന്നാൽ ചേർത്ത് നിർത്തുവാനും ചേർത്ത് പിടിക്കുവാനും നമ്മൾ ഏറെ ക്ലേശിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് മാനസികമായ ചില അവസ്ഥകളിൽ പെട്ടുപോകുന്ന ആളുകളോടൊത്ത് ജീവിക്കുക ദുഷ്കരമാണ്. നമ്മളുടെ കാര്യകാരണ വിശകലനശേഷിയും ബുദ്ധിപരവും യുക്തിസഹവും ആയ വിലയിരുത്തലുകളെയും ഏറെക്കുറെ പൂർണമായി മാറ്റിവയ്ക്കേണ്ട അവസരങ്ങൾ, നമ്മുടെ വീടുകളിലും നമ്മുടെ അടുത്ത സൗഹൃദങ്ങളിലും ഉണ്ടാവാറില്ലേ? അതുപോലെ ജീവിക്കുന്ന ഒരു മകൻ, ഓർമ്മ ശേഷി നശിക്കുകയും മറവിരോഗം ബാധിക്കുകയും ചെയ്ത ഒരു അച്ഛൻ അവരുടെ ജീവിതത്തിലെ സംഭവവികാസങ്ങളെ ഈ സിനിമയിൽ വളരെ മനോഹരമായി, ഉദ്യോഗജനമായി അവതരിപ്പിച്ചിരിക്കുന്നു
രണ്ടു കാര്യങ്ങളാണ് ഈ അവസ്ഥയിൽ ഉണ്ടാവുക.
ഒന്നാമത്, എപ്പോഴും സത്യത്തിനു പുറകെ നമ്മൾ തേടി അലയേണ്ടതില്ല എന്ന വസ്തുത.
ചില സത്യങ്ങൾ നമ്മുടെ ജീവിതത്തിൽ യാതൊരു പ്രയോജനവും ഇല്ലാത്തതും യാതൊരു മാറ്റത്തിനും കാരണമാകുന്നതും അല്ല. പിന്നെ എന്തിനാണ് നമ്മുടെ ബന്ധങ്ങളെ മുറിക്കുമെങ്കിൽ ബന്ധങ്ങളെ ക്ഷീണിപ്പിക്കുമെങ്കിൽ അത്തരം സത്യങ്ങൾക്ക് വേണ്ടി നമ്മൾ ചികയുന്നത്? ജീവിതത്തിനു മൂല്യവത്തായി ഒന്നും തിരികെ നൽകാത്ത സത്യങ്ങൾ ഉപേക്ഷിച്ചു കളയുക തന്നെ വേണം. ഒരുപക്ഷേ ഉപേക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ കൂടി വിസ്മൃതിയിലേക്ക് വലിച്ചെറിയണം. മറവി ചിലപ്പോൾ ഒരു അനുഗ്രഹമായി മാറിയേക്കാം, ചില ഓർമ്മകൾ ചില സമയങ്ങളിൽ മാത്രം നമ്മളുടെ ഉള്ളിൽ നിന്ന് പുറത്തേക്ക് വരികയും ചില മറവികൾ യഥാസ്ഥാനത്ത് സ്വാഭാവികമായി വന്നുചേരുകയും ചെയ്യുന്നതാണ് ചില ബന്ധങ്ങളെ മധുരതരം ആക്കുന്നത്
പങ്കാളിയുടെ അല്ലെങ്കിൽ മക്കളുടെ അല്ലെങ്കിൽ മാതാപിതാക്കളുടെ ചില വൈകല്യങ്ങളെ ചില അവസ്ഥകളെ കണ്ടില്ലെന്ന് നടിക്കുകയും ബോധപൂർവ്വം മറന്നു കളയുന്നയും ചെയ്യുന്നത് ബന്ധങ്ങളെ എത്രമാത്രം ഊഷ്മളമാക്കും എന്ന് ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്. നമ്മുടെയൊക്കെ നിത്യ ജീവിതത്തിൽ ആവശ്യമില്ലാത്ത ചില സത്യങ്ങളെ ചിക്കി ചികഞ്ഞെടുത്ത് അത് ബന്ധങ്ങളിൽ അസ്വാരസ്യങ്ങളും വിള്ളലുകളും സൃഷ്ടിക്കുന്നത് നമ്മൾ കാണാറുണ്ടല്ലോ അതുകൊണ്ടുതന്നെ ആ സത്യങ്ങൾക്ക് പുറകെ പോകാതെ മറന്നു കളയാൻ നമ്മൾ ശീലിക്കേണ്ടിയിരിക്കുന്നു.
രണ്ടാമത്, ജീവിതം ഒരു നാടകമാണ് അതിലെ നടീനടന്മാരാണ് നമ്മൾ ഓരോരുത്തരും എന്ന് പണ്ട് വില്യം ഷേക്ക് ഷേക്സ്പിയർ പറഞ്ഞുവെച്ചത്. പലപ്പോഴും ഈ നടനം ശരിയായി നടിക്കാൻ സാധിക്കാത്തവരുടെ ബന്ധങ്ങളാണ് മുറിഞ്ഞു പോകുന്നത്. പേഴ്സണാലിറ്റി ഡെവലപ്മെൻറ് ക്ലാസ്സ് എടുക്കുമ്പോൾ ഞാനും പറയാറുണ്ട് പെർസോണാ എന്നാൽ മാസ്ക് ഈ പദത്തിൽ നിന്നാണ് പെർസോണാലിറ്റി എന്ന പദം ഉണ്ടാവുന്നത്. ഓരോരോ സമയത്തിനും സന്ദർഭത്തിനും അനുസരിച്ച് നമ്മുടെ മാസ്കുകൾ മാറ്റി മാറ്റി വെച്ച് അഭിനയിക്കാനുള്ള കഴിവാണ് ഒരു വ്യക്തിയുടെ നല്ല വ്യക്തിത്വം എന്ന് തന്നെ പറയാം. പോലീസ് സ്റ്റേഷനിൽ എസ്ഐ ആയിരിക്കുന്ന ആൾ വീട്ടിൽ എത്തുമ്പോൾ മൂന്നു വയസ്സുള്ള കുട്ടിയുടെ മുൻപിൽ ആനയായി നടനം ആടാൻ കഴിയണം
ഈ സിനിമയിൽ അവസാനം പറഞ്ഞുവയ്ക്കുന്നതും അതുതന്നെ ചില നടനങ്ങൾ നമ്മൾ നടിച്ച് ആടിത്തീർത്തേ മതിയാവൂ. അത് എന്തിന് എന്ന ചോദ്യം ഇവിടെ പ്രസക്തമല്ല ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ ആട്ടം അഥവാ നടനം അത്യാവശ്യമാണ്. ചില കാര്യങ്ങൾ കണ്ടില്ല കേട്ടില്ല എന്ന മട്ടിലുള്ള ഭാവം - ഭാവാഭിനയം വ്യക്തിബന്ധങ്ങളെ കൂടുതൽ സൗന്ദര്യമുള്ളതാക്കും. പങ്കാളിയുടെ കുടുംബാംഗത്തിന്റെ അല്ലെങ്കിൽ അടുത്ത സുഹൃത്തിൻറെ ചില പോരായ്മകൾ ചില കൊച്ചുകൊച്ചു തെറ്റുകൾ, ചില സാത്യങ്ങൾ നമ്മൾ കണ്ടില്ല എന്ന് നടിക്കേണ്ടിയിരിക്കുന്നു
ഈ നടന മികവാണ് ഒരു കുടുംബത്തിൻറെ, ഒരു സൗഹൃദബന്ധത്തിന്റെ ഒരു ഓഫീസ് ബന്ധത്തിന്റെ ഒക്കെ കാതൽ എന്നു പറയാം. ആ രീതിയിൽ പറഞ്ഞാൽ എല്ലാ മനുഷ്യരും നന്നായി അഭിനയിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു.
അവസാനമായി പറയുകയാണെങ്കിൽ ഈ ലോകത്ത് പരിപൂർണ്ണരായി ആരും തന്നെയില്ല. ഏറിയും കുറഞ്ഞു കുറ്റങ്ങളും കുറവുകളും പോരായ്മകളും ഉള്ള മനുഷ്യരാണ് നാം എല്ലാവരും. മറ്റുള്ളവരുടെ പോരായ്മകളെ ചുഴിഞ്ഞ് എടുക്കാതെ ചുഴിഞ്ഞു നോക്കാതെ കണ്ടില്ല കേട്ടില്ല എന്ന മട്ടിൽ ഒരു അഭിനയതിലകം ആയി നിങ്ങൾക്ക് മുൻപോട്ട് പോകുവാൻ ആയാൽ, ബന്ധങ്ങൾ എന്നും കാത്തുസൂക്ഷിക്കാം അല്ലെങ്കിൽ ബന്ധങ്ങൾ ബന്ധനങ്ങൾ ആയി അവശേഷിക്കും.
No comments:
Post a Comment