Sunday, January 07, 2024

മാസ് (MAAS) - ജ്യോതി ദോഗ്ര യുടെ ഏക പാത്ര നാടകം


"ദാ, ഇങ്ങോട്ട് .....

എന്നെ നോക്കുക ........

എൻ്റെ ശരീരത്തിലേക്ക് നോക്കുക,"

(കണ്ടില്ലേ വഷളൻ നോട്ടം, എന്നതിൻ്റെ വിപരീതം?)

അങ്ങിനെയാണ് ജ്യോതി ദോഗ്ര യുടെ ഏക പാത്ര നാടകം, മാസ് (MAAS) തുടങ്ങുന്നത്.

സത്യം പറഞ്ഞാൽ വഴിയരികിലെ പരസ്യ പലകകളിൽ കാണുന്നതും മാസികകളിൽ മറിച്ചു നോക്കുന്നതുമായ അടിവസ്ത്രങ്ങളുടെ പരസ്യം ആണ് എനിക്ക് പെട്ടെന്ന് ഓർമ്മ വരുന്നത്. ഓരോ തവണയും അതിലെ ഉടലളവുകൾ കാണുമ്പോൾ ഇതാണോ മനുഷ്യശരീരം എന്ന് സ്വയം ചിന്തിക്കാറുണ്ട്? ഇതാണോ ഒരു മാതൃക അളവു കോൽ!! ഈ അടിവസ്ത്രങ്ങൾ എല്ലാം വാങ്ങിക്കുന്നവർക്ക് ഇതേ അളവാണ് ഉള്ളത് അല്ലെങ്കിൽ ആഗ്രഹിക്കുന്നത് എന്ന അർത്ഥം ഉണ്ടോ? ഒരു പക്ഷെ ആഗ്രഹം അതായിരിക്കും, അതു കൊണ്ടാണല്ലോ അവർ അത്തരം ശരീരങ്ങൾ (മോഡലുകൾ) തിരഞ്ഞെടുക്കുന്നത്.

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇന്നലെ ജ്യോതിയുടെ മാസ് എന്ന നാടകം കണ്ടപ്പോൾ എനിക്ക് ലഭിച്ചത്. MAAS - മാസ് എന്നതിന്റെ അർത്ഥം പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്. (Mass in English) പണ്ട്  ബയോളജി ടീച്ചർ /കണക്കു ടീച്ചർ പഠിപ്പിച്ച ശരീരത്തിലെ മാംസപിണ്ഡം പലപ്പോഴും നമുക്ക് (പ്രായമേറും തോറും) ജാള്യത, അത്മനിന്ദ ഉളവാക്കുന്നുണ്ടോ ?പ്രത്യേകിച്ചും പ്രായം 50 കഴിയുമ്പോൾ! ഓരോ ദിവസവും ശരീരത്തിന്റെ ഈ പിണ്ഡത്തോട് സംവദിക്കാത്ത ദിവസങ്ങൾ ഉണ്ടാവില്ല, എൻറെയും നിങ്ങളുടെയും ജീവിതത്തിൽ!! 


അതേ മാസിനെ കുറിച്ച് ജ്യോതി തുറന്ന സംസാരിക്കുന്നു. ചിലപ്പോൾ മനുഷ്യരുടെ സ്വയം സങ്കല്പങ്ങൾ ആകാം അവനെ സ്വന്തം ശരീരത്തെ ഒരു അധമ ബോധമായി തലയിൽ കൊണ്ടുനടക്കുവാൻ പ്രേരിപ്പിക്കുന്നത്? മറുവശത്ത് സമൂഹത്തിൻറെ വിലയിരുത്തലുകളും വിധിയെഴുത്തുകളും തൻറെ ശരീരത്തെ ലജ്ജയുള്ളതാക്കുന്ന ഒരു പിണ്ഡമായി തീർക്കുന്നുണ്ടാകാം?? എന്തുതന്നെയായാലും അമിതമായ ശരീര ചിന്ത മനസ്സിൽ പേറി നടക്കുന്നവരാണ് നമ്മളിലേറെ പേരും. അതിനെ മനസ്സിൽ നിന്നെടുത്തു കളയുക എന്നത് തന്നെയാണ് ഏക പോംവഴി. മറ്റുള്ളവരെ നന്നാക്കിയിട്ട്, മറ്റുള്ളവരുടെ നല്ല കമൻറുകൾ കേട്ടിട്ട് നമുക്ക് സുഖകരമായി ഈ ഭൂമിയിൽ ജീവിക്കാൻ ആവില്ലല്ലോ? മനസ്സിലെ പിണ്ഡം ഇറക്കി വയ്ക്കാൻ നമുക്കൊക്കെ എന്നെങ്കിലും സാധിക്കുമോ? സാധിക്കുമെങ്കിൽ അതിന് എത്ര കഠിനമായ പരിശ്രമം ആവശ്യമുണ്ട്, എത്രകാലം എടുക്കും? 

കത്തുന്ന മനസ്സിൻറെ വിഹ്വലതകളും ക്രോധ രോദനങ്ങളും നല്ല രീതിയിൽ ജോതി തൻറെ നാടകമായ മാസിലുടെ 90 മിനിറ്റ് കൊണ്ട് നമ്മുടെ മുമ്പിൽ അവതരിപ്പിച്ചു. ഒരു സ്ത്രീ കേന്ദ്രീകൃത വിഷയം ആയി ചുരുക്കി കാണേണ്ടതില്ല. മില്ല്യൻ ഡോളർ ബിസിനസ്സ് ആയ സൗന്ദര്യ, പോഷക, വ്യായാമ, പ്രോട്ടീൻ, സർജറി... കച്ചവട കമ്പോളത്തിൽ സ്ത്രീയും പുരുഷനും ഒരുപോലെ കുരുങ്ങി കിടക്കുന്നു. എല്ലാം മാസിനു വേണ്ടി!!

ആഗോള സൗന്ദര്യ വ്യവസായം (കച്ചവടം) മില്യൺ ഡോളർ ബിസിനസാണ്. ആ വിപണിയിലെ കൂറ്റൻ സ്രാവുകളുടെ വായിലകപ്പെടാതെ ഈ നൂറ്റാണ്ടിൽ ജീവിക്കുക അസാധ്യമാണ്. സൗന്ദര്യ വിപണിക്ക് കോപ്പുകൂട്ടാൻ നിർമ്മിച്ച സംഗതികളാണ് നമ്മൾ ഇന്ന് സോഷ്യൽ മീഡിയ എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഇൻസ്റ്റാഗ്രാം, യൂട്യൂബ് മുതലായ വലിയ എലിക്കെണികൾ!! അവരാണ് നമ്മുടെ അഴകളവുകൾ നിശ്ചയിക്കുക. നമ്മൾ വെറുതെ നിന്നു കൊടുത്താൽ മതിൽ?

ചിലയിടങ്ങളിൽ ആവർത്തനവിരസ തോന്നിയെങ്കിലും അവരുടെ മാസ്മരികമായ അഭിനയ മികവിന് മുന്നിൽ നമ്മുക്ക് കണ്ണും കാതും കൂർപ്പിച്ച് ഇരിക്കുവാനേ കഴിഞ്ഞുള്ളൂ. ഒരു പക്ഷേ ഈ നാടകം കുറച്ചുകൂടി എഡിറ്റ് ചെയ്തിരുന്നെങ്കിൽ 60 മിനിറ്റ് കൊണ്ട് തീർക്കാമായിരുന്നു, എന്ന് തോന്നി. എല്ലാത്തിലും ഉപരി മനസ്സിൽ നിൽക്കുന്നത് പ്രമേയവും ജ്യോതിയുടെ അഭിനയവും  തന്നെയാണ്. എല്ലാ മനുഷ്യരെയും അല്ലെങ്കിൽ 99% മനുഷ്യരെയും വിഹ്വലപ്പെടുത്തുന്ന ഒരു വിഷയം പ്രേക്ഷക മുന്നിലേക്ക് ചിന്തനീയമായി തുറന്നു വയ്ക്കുവാൻ അവർക്ക് വളരെ നന്നായി സാധിച്ചു എന്നതാണ് ഈ നാടകത്തിൻറെ മികവ്.

ചില സമയത്ത്, ഒരു മനുഷ്യൻ കൂറ്റാക്കൂറ്റിരുട്ടിൽ ഇല്ലാത്ത ഒരു കറുത്ത പൂച്ചയെ തപ്പുന്ന വൈഷമ്യം എനിക്ക് അനുഭവപ്പെട്ടു. സത്യത്തിൽ സമൂഹത്തിന്റെ നിർമ്മിതികളാണോ മനസ്സിൻറെ ഭാനവ (വിഹ്വലത) കളാണോ മനുഷ്യനെ ഏറ്റവും അലട്ടുന്നത് (വേട്ടയാടുന്നത്) എന്ന് ചോദിച്ചാൽ എൻറെ വ്യക്തിപരമായ ഉത്തരം ഓരോ മനുഷ്യരുടെയും മനസ്സിൻറെ വിഹ്വലതകളും മനുഷ്യന്റെ നിർമിതികളും തന്നെ(മാത്രം)യാണ് അവനെ വേട്ടയാടി കൊണ്ടിരിക്കുന്നത്, എന്നു പറയേണ്ടി വരും. കുറച്ച് മനഃശാസ്ത്രവും കുറച്ച് സാമൂഹ്യശാസ്ത്രവും പഠിച്ചതിൻ്റെ കുഴപ്പമാകാം . ആയതിനാൽ മാറ്റം തുടങ്ങേണ്ടത് (എന്റെ മനസ്സിൽ എന്നെ പുനപ്രതിഷ്ഠ ചെയ്യേണ്ടത്) ഓരോ മനുഷ്യരുടെയും മനസ്സുകളുടെ ആഴങ്ങളിൽ തന്നെയല്ലേ എന്ന തോന്നൽ ദൃഡമകുന്നു. 

(ജോസി വർക്കി)

No comments: