Monday, December 04, 2023

തെറ്റിദ്ധരിച്ചതാര് ??????? ജോൺ ആലുങ്കൽ, എഴുതിയ ചെറുകഥ

 തെറ്റിദ്ധരിച്ചതാര് ???????

വർഷങ്ങൾക്കു മുമ്പു്  മലയാളമനോരമ  ആഴ്ച്ചപ്പതിപ്പിൽ

ജോൺ  ആലുങ്കൽ  

എന്ന  കഥാകൃത്ത്  എഴുതിയ  ഒരു  ചെറുകഥ.. ഈ കഥയിലെ  കഥാപാത്രങ്ങൾ  നമ്മുടെ തന്നെ  അലമാരയിലെ കണ്ണാടിയിൽ കാണുന്ന  പ്രതിബിംബങ്ങൾ ആണോ????

നന്നായി ആലോചിക്കേണ്ടി വരും...

കഥയിതാണ് .

അപരിചിതമായ   സ്ഥലത്തെത്തിയ  ഒരു  സ്ത്രീ  തൻ്റെ  വിശന്നിരിക്കുന്ന കുഞ്ഞു മായി  ഒരു സ്കൂളിൻ്റെ  സ്റ്റാഫ് റൂമിലേക്ക്  ചെല്ലുന്നിടത്തു്  കഥയാരംഭിക്കുന്നു . കുഞ്ഞിന്  ഭക്ഷണം  വേണം , നാട്ടിലെത്താൻ  ചെറിയൊരു  സഹായവും  വേണം . ആരുടേയും  മുന്നിൽ  കൈ നീട്ടി  ശീലമില്ല . മടിച്ചു മടിച്ചാണെങ്കിലും  വിദ്യാലയത്തിലേയ്ക്കാണല്ലോ, അദ്ധ്യാപകരാണല്ലോ ,


അപമാനിക്കില്ല , 

സഹായം കിട്ടും എന്ന   ധൈര്യമാണ്  കാലുകളെ  അങ്ങോട്ടു  നയിച്ചതു് .

മടിച്ചു മടിച്ച്  ആവശ്യം  ഒരു വിധം  പറഞ്ഞൊപ്പിച്ചു. ചിലർ ഇതൊന്നും  ശ്രദ്ധിക്കാതെ  അവരവരുടെ  ലോകങ്ങളിലാണ് . ചിലർക്ക്  ഒരു  പുച്ഛം . ചിലർക്ക്  ഇതെത്ര  കണ്ടിരിക്കുന്നു  എന്ന ഭാവം . ബുദ്ധിജീവികൾ  അവരുടെ  കഴിവു  പ്രകടിപ്പിച്ചു . കുട്ടിയുടെ  അച്ഛൻ  ഉപേക്ഷിച്ചതാണോ, അതോ അച്ഛനില്ലേ ?പണിയെടുത്തു  ജീവിച്ചുകൂടേ , വീട്ടിൽ നിന്നും  ഇറക്കി വിട്ടതായിരിക്കും , ഇത്രയുമൊക്കെയായപ്പോഴേക്കും  കൂടുതൽ കേൾക്കാൻ നിൽക്കാതെ  ആ സ്ത്രീ അവിടെ നിന്നും  രക്ഷപ്പെടുകയാണ് . സമയം  കടന്നു പോകുകയാണ് . അവസാനം  അവർ  രണ്ടും കൽപ്പിച്ച്  അടുത്തുകണ്ട  കള്ളുഷാപ്പിനെ  ലക്ഷ്യമാക്കി  നടന്നു . കുടിച്ചു  സമ നില തെറ്റിയ  ആളുകൾ , ഉടുത്ത മുണ്ടഴിച്ചു  തലയിൽക്കെട്ടി  നിക്കർമാത്രമിട്ടു നിൽക്കുന്ന കൊമ്പൻ മീശക്കാരൻ. അകത്തിരുന്നു  എന്തൊക്കെയോ  ഉച്ചത്തിലും , നാവു കുഴഞ്ഞു സംസാരിച്ച്  കള്ളുമോന്തുന്ന  മുഷിഞ്ഞതും  കീറിയതുമായ വസ്ത്രം  ധരിച്ചവർ .

എന്താ പെങ്ങളെ  പെങ്ങൾക്ക്  കള്ളുഷാപ്പിൽ  കാര്യം . ചോദ്യം കൊമ്പൻ മീശക്കാരൻ്റെതാണ് . സ്ത്രീ പേടിച്ചു വിറച്ച്  ആവശ്യം  പറഞ്ഞു .

കൊമ്പൻ മീശക്കാരൻ്റെ  ഭാവം  മാറി . കണ്ണുകളിലെ  രോഷം  കാരുണ്യത്തിനു  വഴിമാറി . കൊമ്പൻ മീശ പെങ്ങളുടെ  സുരക്ഷാ കവചമായി . അയാൾ വിവരം  ഉച്ചത്തിൽത്തന്നെ  ഷാപ്പിലുള്ളവരുമായി  പങ്കുവെച്ചു,  പങ്കുവെയ്ക്കലിൻ്റെ  ഇടമാണല്ലോ  ഷാപ്പ് . മുഷിഞ്ഞു നാറിയ  പോക്കറ്റുകളിൽ നിന്ന്  ചില്ലറത്തുട്ടുകളും , നോട്ടുകളും  ഡസ്ക്കിൽ കൂട്ടംകൂടി . അമ്മയ്ക്കും കുഞ്ഞിനും വയറുനിറയെ  ഭക്ഷണം  വാങ്ങിക്കൊടുത്തു, ബസ് സ്റ്റോപ്പുവരെ  കൊമ്പൻ മീശക്കാരനടക്കം  ഒന്നുരണ്ടു പേർ  അനുഗമിച്ചു . ആ  സ്ത്രീക്കു  പോകേണ്ട സ്ഥലത്തേക്കുള്ള ബസ്സ്‌ വന്നു  നിന്നപ്പോൾ  കണ്ടക്ടറോട്  പറഞ്ഞു്  ഉത്തരവാദിത്വപ്പെടുത്തി.

കൂട്ടത്തിൽ  ഒരുപദേശവും,

പെങ്ങളേ  ഇങ്ങനത്തെ ഒരാവശ്യമൊക്കെ  വരുമ്പോൾ  വല്ല  സ്കൂളിലോ, സർക്കാരാപ്പിസിലോ  ഒക്കെയേ  ചെല്ലാവൂ, ഷാപ്പിലൊന്നും  കേറരുത് , അതൊക്കെ  മോശപ്പെട്ട സ്ഥലമാ.

No comments: