Friday, May 08, 2020

പെരുമ്പള്ളി, എൻറെ ഗ്രാമം

പെരുമ്പള്ളി, എൻറെ ഗ്രാമം

പെരുമ്പള്ളി ആണ് എൻറെ ഗ്രാമം,  പെരുമ്പള്ളി എന്ന പേരുള്ള ഉള്ള രണ്ട് പ്രദേശങ്ങൾ എറണാകുളം ജില്ലയിൽ ഉണ്ട്  എന്നുള്ളത് ഒരു പ്രത്യേകതയാണ്.ഒന്ന് എറണാകുളം ജില്ലയുടെ തെക്കേ അറ്റത്തു, മറ്റേത് എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തും എന്നുള്ളതും ഒരു യാദൃശ്ചികതയാണ്
ഞാൻ ജനിച്ചുവളർന്നത് മുളന്തുരുത്തിയിൽ ഉള്ള പെരുമ്പള്ളിയിലാണ്. മറ്റേ പെരുമ്പള്ളി വൈപ്പിൻ -ഞാറക്കൽ പ്രദേശത്തുള്ള ഉള്ള ഒരു സ്‌ഥലമാണ്‌. പെരുമ്പള്ളി എന്ന പേര് എങ്ങനെ വന്നു എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. വളരെ പ്രശസ്തമായ ഒരു യാക്കോബായ സുറിയാനി പള്ളി ഇവിടെ  സ്ഥിതി ചെയ്യുന്നുണ്ട് - സെൻറ് ജോർജ് സിംഹാസന പള്ളി. ഈ പള്ളി ഉള്ളതുകൊണ്ടാണ് പെരുമ്പള്ളി എന്ന പേര് വന്നതെന്ന് ഞാൻ ധരിച്ചിരുന്നു. എന്നാൽ ആ പള്ളിയുടെ ചരിത്രം അറിയാവുന്ന പല തലമുതിർന്ന ആളുകളും പറയുന്നത്  ഇതിനു മുൻപേ പെരുമ്പള്ളി എന്ന പേര് ഉണ്ടായിരുന്നു  എന്നാണ്. അങ്ങനെ ചിന്തിക്കുമ്പോൾ  'പള്ളി' എന്ന ഒരു പദം പ്രയോഗിച്ചിരുന്നത് ബുദ്ധമതത്തിലെ ബുദ്ധമത വിഹാരങ്ങൾക്കാണ് എന്നു കാണാം. അങ്ങനെ ഒരു പക്ഷെ  ബുദ്ധമതവുമായി ബന്ധം ചിലപ്പോൾ എൻറെ നാടിനും ഉണ്ടായേക്കാം. പെരുമ്പള്ളി എന്നുപറയുന്നത് പാലി ഭാഷയിലെ ബുദ്ധവിഹാരം. ആ പള്ളി തന്നെയായിരിക്കാം ഇതും!  ഇവിടെ അടുത്തുള്ള ഒരു പ്രദേശമാണ് അരയങ്കാവ്, ബുദ്ധമതവുമായി ബന്ധപ്പെടുത്തി നമുക്ക് കാണുവാൻ സാധിക്കും ആര്യങ്കാവ്, അരയൻ കാവ്  എന്നീ പ്രദേശങ്ങൾ എല്ലാം ബുദ്ധമതവുമായി ബന്ധപ്പെട്ടതാണ്. ബുദ്ധമതത്തിന്, വളരെ പണ്ട് കേരളത്തിൽ നല്ല വേരോട്ടം ഉണ്ടായിരുന്നു എന്ന് ചരിത്രപഠനങ്ങൾ ചേർത്തുവായിക്കുമ്പോൾ പെരുമ്പള്ളി പറയുന്ന ഒരു പള്ളി (ബുദ്ധവിഹാരം) ആയിരിക്കാനുള്ള സാധ്യത ഏറെയാണ്

ഒത്തിരി പ്രത്യേകതകളുള്ള ഒരു പ്രദേശമാണ് എൻറെ നാട്. ഞാൻ ഓരോന്നായി വിവരിക്കാം, മുൻപ് സൂചിപ്പിച്ച പോലെ സെൻറ് ജോർജ് സിംഹാസന പള്ളി കേരളത്തിലെ അതിപ്രശസ്തമായ ഒരു യാക്കോബായ ക്രിസ്തീയ ദേവാലയമാണ്. പെരുമ്പള്ളി തിരുമേനി 1970-കളിൽ വളരെ പ്രശസ്തനായ ഒരു വൈദീക ശ്രേഷ്ഠൻ  ആയിരുന്നു. അക്കാലത്ത് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശ്വാസികൾ ഇവിടെയെത്തി പ്രാർത്ഥിച്ചിരുന്നത് മുതിർന്നവർ പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് 1970 - 80 കാലഘട്ടത്തിൽ ആണ്, ഇതുകൂടാതെ പെരുമ്പിള്ളി നരസിംഹസ്വാമി ക്ഷേത്രം എന്ന ഒരു വലിയ ക്ഷേത്രം കൊച്ചി ദേവസ്വം ബോർഡിൻറെ കീഴിൽ ഞങ്ങളുടെ നാട്ടിൽ  ഉണ്ട്. വളരെ പഴക്കമുള്ള ഒരു ക്ഷേത്രമാണിത്. പെരുമ്പള്ളിയിൽ  തന്നെ വൈലപ്പിള്ളി  ശ്രീകൃഷ്ണസ്വാമിക്ഷേത്രം, പാടത്ത് കാവ് ഭഗവതി ക്ഷേത്രം എന്നിവയും വളരെ പഴക്കം ചെന്ന രണ്ടു പ്രധാന ക്ഷേത്രങ്ങളാണ്.

നെയ്ത്ത് തൊഴിലാളികളുടെ ഒരു ഗ്രാമമായിരുന്നു പെരുമ്പള്ളി, നെയ്ത്തു തൊഴിൽ ഒരു ഉപജീവനമാർഗ്ഗമായികൊണ്ടുനടന്നിരുന്ന ഒരു വലിയ വിഭാഗം ആളുകൾ ഇവിടെ വസിച്ചിരുന്നു. സഹകരണ മേഖലയിൽ ശക്തമായ ഒരു കൈത്തറി സംഘം എഴുപതുകളിൽ രൂപംകൊള്ളുകയും വളരെ നല്ല രീതിയിൽ പ്രവർത്തിക്കുകയും ചെയ്തു. പെരുമ്പള്ളി കൈത്തറി കേരളത്തിലെ പ്രശസ്തമായ ഒരു കൈത്തറി മാത്രമല്ല, മികച്ച പ്രവർത്തന കാലഘട്ടത്തിൽ പെരുമ്പള്ളിയിൽ  ഖാദിബോർഡ് സഹകരണത്തോടുകൂടി കൈത്തറി പരിശീലന കേന്ദ്രവും നല്ലരീതിയിൽ പ്രവർത്തിച്ചിരുന്നു. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ചെറുപ്പക്കാർ ഇവിടെ വന്ന് കൈത്തറി - നെയ്ത്ത് പരിശീലനം നടത്തി പോയിരുന്നത് 70 - 80 കാലഘട്ടങ്ങളിൽ ഒരു നല്ല ഓർമ്മയാണ്

കവിയത്രി വിജയലക്ഷ്മി:

കവിയത്രി വിജയലക്ഷ്മി ജനിച്ചതും വളർന്നതും പെരുമ്പിള്ളി ഗ്രാമത്തിലാണ് അവരുടെ അച്ഛൻ മുളന്തുരുത്തി  ഹൈസ്കൂളിലെ ഒരു അദ്ധ്യാപകൻ ആയിരുന്നു. വിജയലക്ഷ്മി പഠിച്ചത് ചോറ്റാനിക്കര ഗവൺമെൻറ് ഹൈസ്കൂളിലാണ്, അതിനുശേഷം മഹാരാജാസ് കോളേജിലും. മഹാരാജാസ് കോളേജിൽ പഠിക്കുന്ന കാലത്താണ് ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാടുമായി ആയി കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും പിന്നീട് വിവാഹത്തിൽ കലാശിക്കുന്നതും. വിജയലക്ഷ്മി ജനിച്ചു വളർന്ന വീട് ഇന്നും അതുപോലെ തന്നെ പെരുമ്പള്ളിയിൽ നിലനിൽക്കുന്നു.

"പരുമല തിരുമേനി" എന്ന് അറിയപ്പെടുന്ന ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് മുളന്തുരുത്തിയിലെ പെരുമ്പിള്ളി യിലാണ് ജനിച്ചുവളർന്നത് പെരുമ്പള്ളിയിലെ ചാത്തുരുത്തി കുടുംബത്തിൽ ജനിച്ച ഇദ്ദേഹം 29 ആം വയസ്സിൽ മെത്രാനായി ഉയർത്തപ്പെട്ടു. പരിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ ഭാരതീയനാണ് ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ്. മലയാളത്തിൽ ആദ്യമായി യാത്രാവിവരണം എഴുതിയ വ്യക്തിയുമാണ് പരുമല തിരുമേനി. 54 വയസ്സിൽ അന്തരിച്ച അദ്ദേഹത്തെ ഖബറടക്കിയത് പരുമല പള്ളിയിലാണ്

പെരുമ്പിള്ളി എന്നത് വളരെ ഗ്രാമീണ ഭംഗി നിലനിൽക്കുന്ന ഒരു പ്രദേശമാണ്.  ഏകദേശം 35 വർഷങ്ങൾക്കു മുമ്പ് ഈ ഗ്രാമത്തിൽ ഷൂട്ട് ചെയ്ത ഒരു സിനിമയാണ് "സന്മനസ്സുള്ളവർക്ക് സമാധാനം"  സിനിമയുടെ ആദ്യത്തെ 20 മിനിറ്റ് പൂർണമായും ചിത്രീകരിച്ചിരിക്കുന്നത് 'കളത്തൂർ' എന്ന തറവാട് വീട്ടിലാണ് മോഹൻലാൽ നായകനായ, സത്യൻ അന്തിക്കാട് സംവിധാനം നിർവഹിച്ച, ജനപ്രീതി നേടിയ  ഒരു സൂപ്പർ ഹിറ്റ് സിനിമയാണിത്. 1980 കളിലെ പെരുമ്പിള്ളി ഗ്രാമ ഭംഗി ഒപ്പിയെടുക്കാൻ  ഈ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്

പെരുമ്പിള്ളി യുടെ ഒരു പ്രധാന ഭാഗം  "പാണർ" എന്നറിയപ്പെടുന്ന എന്ന ചെറു പുഴ അരഞ്ഞാണം പോലെ ചുറ്റപ്പെട്ടിരിക്കുന്നു, കോണോത്ത് പുഴ  എന്നും ഇത് അറിയപ്പെടുന്നു. മൂവാറ്റുപുഴയുടെ കൈവരി ആയി  വരുന്ന കോണോത്ത് പുഴ  വേമ്പനാട്ടുകായലിൽ പോയി ചേരുന്നു .പുഴയുടെ തീരം ആയതുകൊണ്ടും പ്രകൃതിയുടെ അനുഗ്രഹം കൊണ്ടും പണ്ടുമുതലേ കാർഷിക സമ്പന്നമാണ് ഈ പ്രദേശം.  കുറച്ചുവർഷങ്ങളായി വെറുതെ കിടക്കുകയാണെങ്കിലും നെൽകൃഷി നല്ലതുപോലെ ഉണ്ടായിരുന്ന പ്രദേശമാണ് പെരുമ്പിള്ളി. പൂർണ്ണമായി ഇല്ലാതായെങ്കിലും മറ്റു കാർഷികവിളകളും നാണ്യവിളകളും നന്നായി കൃഷി ചെയ്തു വരുന്നു. പ്ലാവ്, മാവ്, തെങ്ങ്, പുളി,കൗങ്ങ് .....   ഇതുപോലെയുള്ള ഭഷ്യ വർഗ്ഗങ്ങൾ നാട്ടിൻപുറത്ത് ധാരാളമായി കാണാം. ഇതുകൂടാതെ ഈ പ്രദേശത്ത് പശു വളർത്തൽ  ഒരു തൊഴിലായി സ്വീകരിച്ചിരിക്കുന്ന ധാരാളം വ്യക്തികൾ ഉണ്ട്. 10 മുതൽ 15 വരെ പശുക്കളെ ഒരു ഫാമായി വികസിപ്പിച്ച വളർത്തി ഉപജീവനം നടത്തുന്ന ഒട്ടനവധി പേർ ഈ നാട്ടിൽ ഉണ്ട്. അതുകൊണ്ടുതന്നെ 'പെരുമ്പിള്ളി മിൽമ പാൽ സൊസൈറ്റി' വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു ക്ഷീരോൽപാദക സഹകരണ സംഘം ആണ്.

മുളന്തുരുത്തി ബ്ലോക്ക് ആസ്ഥാനം ആസ്ഥാനം പ്രവർത്തിക്കുന്നത് പെരുമ്പള്ളിയിലാണ്. എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന മുളന്തുരുത്തി ബ്ലോക്ക് അതിർത്തിയിൽ പെടുന്ന 6 ഗ്രാമ  പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്, മുളന്തുരുത്തി ബ്ലോക്ക്.പെരുമ്പിള്ളി യിൽ പ്രവർത്തിച്ചുവരുന്ന മുളന്തുരുത്തി ബ്ലോക്ക് ആസ്ഥാന മന്ദിരത്തിൽ വിവിധ വകുപ്പുകളുടെ ഓഫീസുകൾ പ്രവർത്തിച്ചുവരുന്നു.

പെരുമ്പിള്ളിയിൽ 2 സ്കൂളുകളാണ് പ്രവർത്തിച്ചുവരുന്നത് - യുപിഎസ് പെരുമ്പിള്ളിയും ഹെയിൽ മേരി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളും .

യുപിഎസ് പെരുമ്പിള്ളി ഒരു എയ്ഡഡ് സ്കൂൾ ആണ് ആണ്, എന്നാൽ ഇതിൻറെ മാനേജ്മെൻറ് സ്വകാര്യ വ്യക്തിയോ സംഘടനയോ അല്ല മറിച്ച് സ്കൂളിലെ അധ്യാപകരുടെ ഒരു ട്രസ്റ്റ് ആണ് സ്കൂളിലെ മാനേജ്മെൻറ്. ഒന്നു മുതൽ 7 ക്ലാസ് വരെയാണ് ഇവിടെ പഠിപ്പിക്കുന്നത്, 1927 സ്ഥാപിതമായ  യുപിഎസ് പെരുമ്പിള്ളി സ്കൂളിൽ വളരെ പ്രഗൽഭരായ വ്യക്തികൾ പഠിച്ചു പോയിട്ടുണ്ട്.

ഹെയിൽ മേരി സ്കൂൾ 1987 ഏഴ് പെരുമ്പിള്ളി സിംഹാസന പള്ളിയുടെ കീഴിൽ സ്ഥാപിതമായ  ഇംഗ്ലീഷ് മീഡിയം സ്കൂൾ ആണ്. ഹെയിൽ  മേരി ഹയർ സെക്കൻഡറി സ്കൂൾ സ്കൂൾ സ്ഥാപിച്ചത് പെരുമ്പള്ളി തിരുമേനി എന്നറിയപ്പെടുന്ന ഗീവർഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയാണ്.

സമീപകാലത്തെ പ്രശസ്തവ്യക്തികൾ:

മലയാളസിനിമയിൽ അടുത്ത കാലത്ത് നായികാ പദവിയിലേക്ക് ഉയർന്നുവന്ന 'ഗ്രേസ് ആൻറണി' എന്ന സിനിമാ താരം പെരുമ്പള്ളിയിൽ ആണ് താമസിക്കുന്നത്. പെരുമ്പിള്ളി യുപിഎസ് സ്കൂളിലും മുളന്തുരുത്തി ഗവൺമെൻറ് ഹൈസ്കൂളിലും ആണ് അവർ വിദ്യാഭ്യാസം നടത്തിയിട്ടുള്ളത്.

ലൂക്കോസ് കിഴക്കേടം എന്ന എഴുത്തുകാരനും ഗ്രന്ഥ രചയിതാവും ഇവിടെ ജനിച്ചു വളർന്ന വ്യക്തിയാണ്.  ഏകദേശം പത്തോളം കൃതികൾ ഇദ്ദേഹത്തിന്റെ  ഇറങ്ങിയിട്ടുണ്ട്. കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട രചനകളാണ് അധികവും നിർവഹിച്ചിട്ടുള്ളത്

ഡോക്ടർ എൻ വി ജോസഫ് കവിയും എഴുത്തുകാരനുമായ ഹോമിയോ ഡോക്ടർ, ധാരാളം കവിതകളും ഓർമ്മക്കുറിപ്പുകളും  ലേഖനങ്ങളും എഴുതിയിട്ടുള്ള അദ്ദേഹം അഞ്ചിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ഇപ്പോൾ പെരുമ്പളളിയിൽ ആണ് താമസിക്കുന്നത്

എറണാകുളം ജില്ലയുടെ എഡിഎം (അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ്) ആയി വിരമിച്ച ശ്രീ സി കെ പ്രകാശ് പെരുമ്പിള്ളി ദേശക്കാരനാണ്. കോട്ടയത്തെ പാലായിൽ ആർഡിഒ ചുമതല ഉണ്ടായിരുന്നു, എറണാകുളം ജില്ലയിലെ ഡെപ്യൂട്ടി കളക്ടർ ആയി സേവനം ചെയ്തു വിരമിച്ച വ്യക്തിയാണ്

ശ്രീ. രവി എസ് മേനോൻ - കേരളത്തിലെ ഡ്രഗ്സ്  കൺട്രോളറായി അടുത്തിടെ വിരമിച്ച വ്യക്തിയാണ്. ഡ്രഗ്സ്  ഇൻസ്പെക്ടറായി തൻറെ ഉദ്യോഗ ജീവിതം  ആരംഭിക്കുകയും ഡ്രസ്സ് ഡിപ്പാർട്ട്മെൻറ് ഏറ്റവും ഉന്നത പദവി ആയ ഡ്രഗ്സ് കൺട്രോളറായി വിരമിക്കുകയും ചെയ്ത ഇദ്ദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നാണ് ഫാർമസി ബിരുദം കരസ്ഥമാക്കിയത്.

ഇനിയും ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് ഞങ്ങളുടെ ഗ്രാമത്തെ പറ്റി, പെരുമ്പിള്ളി എന്ന ദേശത്തെ കുറിച്ച്. ഇവിടെ പരാമർശിക്കാത്ത വ്യക്‌തികളും പ്രസ്ഥാനങ്ങളും ഇനിയും ഉണ്ട്. വീണ്ടും വരാം കൂടുതൽ വിശേഷങ്ങളുമായി. 

2 comments:

Anonymous said...

https://www.manoramaonline.com/district-news/kollam/2022/06/06/kollam-online-fraud-case.html

Unknown said...

യാദൃശ്ചിമായാണ് സ്വന്തം നാട്ടുകാരനയ ഒരാളുടെ ബ്ലോഗ് ശ്രദ്ധിച്ചത്.
ഗുഡ് effort.
Btw, പെരുമ്പിള്ളി എന്നാണ് ഈ നാടിൻ്റെ പേര്, പെരുമ്പള്ളി അല്ല.