Tuesday, March 19, 2019

വിവാഹമോചനം : സ്നേഹത്തോടെ വേർപിരിയാം

വിവാഹമോചനം : സ്നേഹത്തോടെ വേർപിരിയാം 

പലപ്പോഴും വിവാഹമോചനം യുദ്ധസമാനമാണ്, എന്നാൽ എന്തുകൊണ്ട് സ്നേഹപൂർവ്വം വേർപിരിഞ്ഞുകൂടാ? നല്ലൊരു സൗഹൃദം നിലനിർത്തിക്കൊണ്ടുതന്നെ ഭാര്യയും ഭർത്താവും രണ്ടുവഴിക്കു പിരിയുകയും സന്തോഷപൂർണ്ണമായ ശിഷ്ടജീവിതം നയിക്കുകയും ചെയ്യുന്നതിനുള്ള ചില നിർദ്ദേശങ്ങൾ ആണ് ഇവിടെ കുറിക്കുന്നത്.

ഒരിക്കലും വിവാഹമോചനം ഒരെടുത്തുചാട്ടം ആവാതിരിക്കട്ടെ. വിവാഹത്തിനുശേഷം രണ്ടു വർഷമെങ്കിലും കഴിഞ്ഞിട്ടുമതി വേർപിരിയലിനെക്കുറിച്ച് ഗൗരവകരമായി ആലോചിക്കാൻ. ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാവരുടെ ദാമ്പത്യത്തിലും ഉണ്ടാവും. ഇത്തരം ചെറിയ ശാഠ്യങ്ങൾക്ക് വശപ്പെട്ട് ഒരിക്കലും ജീവിതം നശിപ്പിക്കരുത്

പ്രധാനമായും രണ്ട് തത്വങ്ങളിൽ അധിഷ്ടിതമാണ് വിവാഹജീവിതം.
1) പരപ്സരവിശ്വാസം
2) കൂട്ടുത്തരവാദിത്വം 

ഇതുരണ്ടും ഇല്ലാതായാൽ പിന്നെ ഒരു കൂരയ്ക്കുകീഴിൽ ഒരേ കട്ടിലിൽ കിടക്കാതിരിക്കുകയാണ് നല്ലത്. രണ്ടു വീടുകളിൽ താമസിക്കാൻ സൗകര്യമോ, സാമ്പത്തികമോ ഇല്ലാത്തവർക്ക് ഒരേ വീട്ടിൽ രണ്ടായി താമസിക്കാം. പരസ്പരം വഴക്കിടാതെ, പോരടിക്കാതെ അത്യാവശ്യത്തിനുമാത്രം ആശയവിനിമയം ചെയ്തുകൊണ്ട്.

പലപ്പോഴും കണ്ടുവരുന്നത്, ഇതിനു മുതിരാതെ കീരിയും പാമ്പും പോലെ പരസ്പരം കടിച്ചുകീറി സ്വയം വേദനിച്ചും പങ്കാളിയെ വേദനിപ്പിച്ചും ജീവിതം നരതുല്യമാക്കുന്ന മനുഷ്യർ. അതിനിടയിൽ കിടന്നു ശ്വാസം മുട്ടുന്ന കുട്ടികളും.

ഓർമ്മിക്കുക, എല്ലായ്‌പ്പോഴും വിവാഹം എന്ന വ്യവസ്ഥ വിജയിച്ചുകൊള്ളണമെന്നില്ല. നല്ലൊരു ശതമാനം കൂട്ടി യോജിപ്പിക്കാൻ കഴിയാത്ത സാഹചര്യവും സ്വഭാവവിശേഷതകളും ആയിരിക്കും ദമ്പതികൾക്കിടയിൽ. അത് വെറുതെ വലിച്ചുനീട്ടി, കൂട്ടിക്കെട്ടി ബദ്ധപ്പെട്ട് വഴക്കും വക്കാണവുമായി കൊണ്ടുപോകുന്നത് ആർക്കും പ്രയോജനപ്രദമാവില്ല.

പരസ്പരവിശ്വാസം : രണ്ടു പങ്കാളികൾക്കിടയിൽ ഏറ്റവും പ്രധാനമായി വേണ്ടത് വിശ്വാസമാണ്. ഉദാഹരണമായി  ഗൾഫിൽ ജോലിയുള്ള / സൈന്യത്തിൽ ജോലിയുള്ള ഭർത്താവിനെ ഭാര്യ അന്ധമായി വിശ്വസിക്കേണ്ടിവരും. കാരണം ഇവിടെ ഭർത്താവ് ദൂരനാട്ടിൽ താമസിക്കുന്നു, പണിയെടുക്കുന്നു. വർഷത്തിലൊരിക്കലോ രണ്ടു വർഷം കൂടുമ്പോഴോ ആയിരിക്കും അയാൾ കുടുംബത്തിലേക്ക് വരുന്നത്. ആ മനുഷ്യൻ ദൂരെയായിരിക്കുമ്പോൾ ആരോടെങ്കിലും രഹസ്യബന്ധം പുലർത്തുന്നുണ്ടോ എന്ന് സംശയിച്ചാൽ തീർന്നു ആ ജീവിതം. ഇതുപോലെ തന്നെ ഭാര്യ നേഴ്സ് ആണെന്ന് കരുതുക, രാത്രി ഷിഫ്റ്റ് ജോലിയൊക്കെ ചെയ്യേണ്ടി വരും, ഈ രാത്രികളിൽ അവൾ എവിടെയാണ് പോകുന്നത് ആരോടോക്കെയാണ് ബന്ധം ... ഇങ്ങിനെ സംശയിച്ചു തുടങ്ങിയാൽ അതോടെ പൊട്ടും എല്ലാം

കൂട്ടുത്തരവാദിത്വം: വളരെ പരമപ്രധാനമായ ഒരു അടിസ്ഥാനമാണിത്, വീട്ടിലെ ചിലവുകൾ, മക്കളുടെ വളർച്ച, രോഗം, കടം, പരാജയങ്ങൾ .... ഇതിലൊക്കെ ഭാര്യാഭർത്താക്കന്മാർ കൂട്ടുത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാവണം. അതല്ലാതെ പരസ്പരം പഴിചാരി പങ്കാളിയെയും പങ്കാളിയുടെ വീട്ടുകാരെയും പൂർവ്വികരെയും കുറ്റപ്പെടുത്താൻ തുടങ്ങിയാൽ സർവ്വനാശമായിരിക്കും ഫലം. പരസ്പരം വഴക്കടിച്ചും ചീത്തവിളിച്ചും പഴിചാരിയും ഒരു കൂരയ്ക്ക് കീഴിൽ കഴിയുന്നതിലും ഭേദം ബഹുമാനത്തോടെ വേർപിരിയുന്നതു തന്നെയാണ്     

ധാരാളം ദമ്പതിമാർ ഒരേ കൂരയ്ക്ക് കീഴിൽ കിടന്നു ഇന്ത്യയും പാക്കിസ്ഥാനും പോലെ യുദ്ധം ചെയ്യുന്നത് നമ്മൾ കാണുന്നുണ്ട്. പൂർവ്വകാല വൈരാഗ്യത്തോടെയാണ് ഇവർ പലപ്പോഴും പെരുമാറുന്നത്, വിവാഹം കഴിഞ്ഞിട്ട് രണ്ടോ മൂന്നോ വർഷം മാത്രം ആയവർ പോലും നൂറ്റാണ്ടുകളായി മനസ്സിൽ കിടക്കുന്ന കുടിപ്പക തീർക്കാണെന്ന വണ്ണം വഴക്കടിക്കുന്നു. എന്തിന്?

വഴിയിൽ കാണുന്ന ഒരു സഹോദരനെപ്പോലെ സഹോദരിയെപ്പോലെ താലികെട്ടിയ പങ്കാളിയെ കണ്ടു പരസ്പര ബഹുമാനത്തോടെ, സൗഹൃദം നിലനിറുത്തി കൊണ്ടുതന്നെ വേർപിരിഞ്ഞുകൂടെ. അതുപോലെ ഒരു സംസ്കാരം നമുക്ക് വളർത്തി എടുത്തുകൂടെ?  രണ്ടു വ്യക്തികളും അവരുടെ വ്യക്തിത്വം നിലനിർത്തികൊണ്ട് എതിർ വ്യക്തിയുടെ സ്വത്വത്തെ (സ്വഭാവ വൈശിഷ്യങ്ങളെ / വൈകൃതങ്ങളെ ) അംഗീകരിച്ചുകൊണ്ട് ഗൂഡ് ബൈ പറയാൻ നമ്മൾ മലയാളികൾ പഠിക്കേണ്ടിയിരിക്കുന്നു.
 
ഈയൊരു മനോനിലയിലേക്ക് ഉയരാൻ കഴിഞ്ഞാൽ അനാവശ്യമായ പോലീസ് കേസുകളും വക്കീൽ ഫീസുകളും ഒഴിവാക്കാൻ സാധിക്കും. മനസ്സിലെ പിരിമുറുക്കവും അസ്വസ്ഥതകളും ഇല്ലാതെ സ്നേഹത്തോടെ വേർപിരിയാൻ കഴിയും. പരസ്പരം ചെളിവാരിയെറിയാതെ പല്ലിന്റെ ഇടകുത്തി നാട്ടുകാരെ മണപ്പിക്കാതെ ഒരു ഗുഡ് ബെ!!

കുട്ടികളുടെ ജീവിതം നശിപ്പിക്കാതെ കുടുംബത്തിന്റെ സമാധാനം നശിക്കാതെ ആരോഗ്യപരമായ രീതിയിൽ വേർപിരിയുമ്പോൾ രണ്ടുകൂട്ടർക്കും വളരെയധികം നയപരമായ നേട്ടം തുടർജീവിതത്തിൽ കൊയ്തെടുക്കുവാൻ സാധിക്കും.

  • നിങ്ങളുടെ ജീവിത പങ്കാളിയെ ഒരു ബിസിനസ്സ് പങ്കാളിയോടെന്നപോലെ പെരുമാറുക. നല്ല ആദരവും മര്യാദയും കൊടുക്കുവാൻ ശ്രദ്ധിക്കുക, ശ്രമിക്കുക. അവരെ/അയാളെക്കുറിച്ച് യാതൊരു നുണകളോ അശ്ലീലമോ അനാവശ്യ പരാമർശങ്ങളോ അപവാദകഥകളോ നടത്താതിരിക്കുക, ബന്ധുക്കൾക്കിടയിലും സുഹൃത്തുക്കൾക്കിടയിലും. അതുകൊണ്ട് നിങ്ങൾക്ക് യാതൊരു പ്രയോജനവും കിട്ടുകയില്ല. വേർപിരിയുമ്പോൾ പോലും പങ്കാളിയെ ഒരു ശത്രുവിനെപ്പോലെ കാണാതിരിക്കുക. പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുക, ഫോൺ കാളുകൾ എടുക്കാതിരിക്കരുത്   
  • കുട്ടികളുടെ കാര്യത്തിലും മാതാപിതാക്കളുടെ കാര്യത്തിലും ഭാവിപരിപാടികൾ കൂടിയാലോചിച്ച് തീരുമാനമെടുക്കുക, ആവശ്യമെങ്കിൽ രണ്ടാൾക്കും സമ്മതമായ കാര്യങ്ങൾ എഴുതി ഒരു രേഖയാക്കി സൂക്ഷിക്കാം. കുട്ടികളുടെ പിറന്നാളാഘോഷം, പഠനം, വിവാഹം എന്നിവ ഒരുമിച്ച് എങ്ങിനെ നടത്താം എന്ന് ആലോചിക്കുന്നതിൽ തെറ്റില്ല.
  • വേർപിരിയൽ എപ്പോഴും മനുഷ്യന്റെ വികാര തലങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന ജീവിത മുഹൂർത്തങ്ങളാണ്. ഭയം, ദേഷ്യം, വിഷാദം, നിരാശ, കോപം, സ്വയം ശപിക്കൽ ഇങ്ങിനെ വിവിധ വികാരമണ്ഡലങ്ങളിലൂടെ ഇരുവരും കടന്നു പോകും. നിയന്ത്രിക്കാനാവാത്ത കോപം പലരെയും നശിപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഒരു നല്ല കൗൺസിലിംഗ് വിദഗ്ധന്റെ സഹായം സ്വീകരിക്കാവുന്നതാണ്. ഡിവോഴ്‌സ് ഒരു ചീത്തകാര്യമല്ല എന്ന് സ്വയം അംഗീകരിക്കണം. ഒരേ കൂരയ്ക്കു കീഴിൽ തെരുവുനായ്ക്കളെ പോലെ കടിച്ചുകീറി ജീവിക്കുന്നതിൽ ഭേദം ആത്മാഭിമാനത്തോടെ വേർപിരിയുന്നു തന്നെയാണ്.
  • എടുത്തുചാട്ടവും പെട്ടെന്നുള്ള തിരുത്തലുകളും ഒഴിവാക്കുക. ഉദാഹരണമായി കുട്ടികളുടെ സ്‌കൂൾ ഫീസ് അടയ്ക്കുന്നത്, വീട്ടിലെ ചിലവുകൾ നടത്തുന്നത് ഒക്കെ പെട്ടെന്ന് ഒരു ദിവസം മാറ്റേണ്ടതില്ല. കുറച്ചുനാളത്തേക്ക് നിലവിലെ സ്ഥിതി തുടരുക, എന്നിട്ട് പതിയെ പരസ്പര സമ്മതത്തോടെ ഇതിൽ വേണ്ട മാറ്റങ്ങൾ വരുത്താം. സാമ്പത്തീക ബാങ്കിങ് ഇടപാടുകൾ, ആസ്തികൾ / സ്വത്തുവിഭജനം ഒക്കെ സാവധാനം ക്ഷമയോടെ ചെയ്‌താൽ ഭംഗിയാക്കാം. അനാവശ്യ ഇടപെടലുകളും വക്കീൽ ഫീസും ഒഴിവാക്കാം.  
  • രണ്ടുപേരും ഒത്തുപോകാൻ സാധിക്കാത്ത മേഖലകളെ ക്കുറിച്ച് തുറന്നു ചർച്ചയാവാം. പരസ്പരം മനസിലാക്കാം, രണ്ടുപേരുടെയും സ്വഭാവ വിശേഷങ്ങളും വൈചിത്ര്യങ്ങളും അംഗീകരിച്ചുകൊണ്ട് രണ്ടാവാനുള്ള വഴി തേടണം. ഇത് ആരുടെയും കുറ്റമല്ല, മറിച്ച് പ്രകൃതിയുടെ വൈരുദ്ധ്യമാണ്. അതിന് പരസ്പരം പഴിചാരുകയോ വീട്ടുകാരെ പഴിക്കുകയോ വേണ്ട. മനുഷ്യർ ജന്മനാൽ വിവിധോന്മുഖ ബുദ്ധിക്ഷമതയോടുകൂടി ജനിച്ചു വീഴുന്ന ജീവികളാണ്. ഈ ബഹുമുഖ ബുദ്ധിവിശേഷത്തിൽ എല്ലാ മനുഷ്യ ബന്ധങ്ങളും വിജയിക്കാണണമെന്നില്ല. കുറെയൊക്കെ അഡ്ജസ്റ്റ്മെന്റ് സാധിക്കും, എന്നാൽ എല്ലായ്പ്പോഴും വിജയിക്കണമെന്നില്ല. അതിന് ആരെയും കുറ്റപ്പെടുത്തേണ്ടതില്ല പകരം സ്നേഹത്തോടെ വേർപിരിയാൻ മാർഗ്ഗങ്ങൾ ആരായണം. 
  • അറുത്തുമുറിച്ച് പോകുന്നതിൽ ഭേദം സമയമെടുത്ത് ഭാവി പരിപാടികൾ ആസൂത്രണം ചെയ്തുകൊണ്ട് വേർപിരിയുന്നതാണ് നല്ലത്. പല കാര്യങ്ങളും ഒന്നിരുന്നാലോചിച്ചാൽ നല്ല രീതിയിൽ തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. ഉദാ: കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം വളരെ വിശ്വസ്തരായ ആത്മാർത്ഥ സുഹൃത്തുക്കളുടെ സഹായം തേടാം, അതുപോലെ നല്ല വക്കീൽ, കൗൺസിലിംഗ് വിദഗ്ദൻ, കളങ്കമില്ലാത്ത ബന്ധുക്കൾ (കാരണവർ സ്ഥാനത്തുള്ള) ഒക്കെ നിങ്ങളുടെ തീരുമാനങ്ങളെ ശരിയായ ദിശയിൽ തിരിച്ചുവിടാൻ സഹായിച്ചേക്കാം. അവരുടെ ഉപദേശങ്ങൾക്കും നിർദേശങ്ങൾക്കും ചെവികൊടുക്കാം, പക്ഷെ തീരുമാങ്ങൾ നിങ്ങളുടേത് മാത്രമായിരിക്കട്ടെ  
  • സുരക്ഷിതത്വം പ്രശ്നമല്ലെങ്കിൽ കുറച്ചുനാളുകൾ കൂടി ഒരേ കൂരയ്ക്ക് കീഴിൽ താമസിക്കുന്നതു കൊണ്ട് തെറ്റില്ല. നിങ്ങളുടെ പങ്കാളി വളരെ മോശമായി പെരുമാറുകയോ, ഉപദ്രവിക്കുകയോ, ചെയ്യുന്നില്ലെങ്കിൽ സ്വഭാവവൈകല്യങ്ങൾ, വൈകൃതങ്ങൾ, മാനസീക വിഭ്രാന്തി കാണിക്കുന്നില്ലെങ്കിൽ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ തന്നെ താമസിച്ച് നല്ല രീതിയിൽ വേർപിരിയുന്നതിനുള്ള തീരുമാനങ്ങൾ കൂടിയാലോചിച്ച് എടുക്കാവുന്നതാണ്.  
  • ഡിവോഴ് സ് എന്നത് ഭാരതീയരുടെ ഇടയിൽ ഒരു വലിയ തെറ്റ് പോലെയാണ് കരുതപ്പെടുന്നത്. ജീവിതകാലം മുഴുവൻ തെറ്റായ ഒരു പങ്കാളിയോടൊപ്പം ചിലവൊഴിച്ച് നരകിച്ചു ചത്താലും ഡിവോഴ്‌സ് എന്ന പ്രക്രിയയെക്കുറിച്ച് സങ്കല്പിക്കാനേ കഴിയില്ല നമുക്ക്. സമൂഹത്തിൽ ഇതിനോടുള്ള കാഴ്ചപ്പാടും ആളുകളുടെ പരിഹാസവും കുത്തുവാക്കുകളും ഒക്കെ കൂടുമ്പോൾ നരകിച്ച് മരിക്കുന്നതു തന്നെയാണ് ഭേദം എന്ന് സ്ത്രീകളും ചുരുക്കം പുരുഷന്മാരും ചിന്തിക്കുന്നു.
  • ഡിവോർഴ്‌സ് ആയി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ മനസിലാക്കുക, അവ പാലിക്കാൻ ഇരു കൂട്ടരും ബാധ്യസ്ഥരാണ്. കുട്ടികളുടെ സംരക്ഷണം, നഷ്ടപരിഹാരം, ജീവനാംശം നൽകൽ തുടങ്ങിയ വിഷയങ്ങളിൽ വ്യക്തവും കർശനവും ആയ നിയമങ്ങൾ നമ്മുടെ നാട്ടിലിന്നുണ്ട്. അവ മനസ്സിലാക്കി പാലിക്കാൻ ശ്രമിക്കുക. 
പാരന്റിങ് പാർട്ട്ണര്ഷിപ് എന്നത് ഒരു പുതിയ ആശയമാണ്, വിവാഹബന്ധം വേർപെടുത്തിയ ശേഷവും കുട്ടികളെ വളർത്തുന്നതിൽ രണ്ടുപേർ ഒരുമിച്ച് നിൽക്കുന്ന സാഹചര്യമാണിത്. കൃത്യമായ നിർവചങ്ങളോടെയും വ്യക്തമായ ചുമതലകളോടെയും വേർപെട്ട ദമ്പതികൾ ഒരുമിച്ച് താമസിക്കുകയും കുട്ടികളുടെ വളർച്ചയിൽ സഹായിക്കുകയും ചെയ്തുവരുന്നു.

വക്കീൽ, മീഡിയേറ്റർ, കൗൺസിലോർ എന്നിവരുടെ സേവനം തീർച്ചയായും ഒരു വിവാഹമോചനത്തിൽ അത്യാവശ്യമാണ്. വക്കീലന്മാരുടെ നോട്ടം സാമ്പത്തീക ലാഭത്തിൽ ആണ് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ നല്ല ഒരു മനഃശാസ്ത്ര കൗൺസിലോർ വ്യക്തികളുടെ വികാര വിചാരങ്ങളെ മനസിലാക്കുകയും വിലയിരുത്തുകയും ചെയ്തശേഷം വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. ഇത് തീരുമാങ്ങൾ എടുക്കാൻ പങ്കാളികൾക്ക് കൂടുതൽ വ്യക്തതയും ആത്മവിശ്വാസവും നൽകും. യോഗ്യതയുള്ള മീഡിയേറ്റർ അല്ലെങ്കിൽ കൗൺസിലോർ ആയി സംസാരിക്കുന്നത് എന്തുകൊണ്ടും ഗുണകരമാണ്. അതുപോലെ വക്കീലന്മാരുടെ അടുത്ത് സൂക്ഷിച്ച് മാത്രം ഇടപഴകുക 

ഒരിക്കലും സ്വന്തം മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ വികാരപരമായ ഉപദേശങ്ങൾക്കു പിന്നാലെ പോകാതിരിക്കുക. തീരുമാനങ്ങൾ എഴുതി സൂക്ഷിക്കുക, പങ്കാളികൾ രണ്ടുപേരും സമ്മതിക്കുന്ന വിഷയങ്ങൾ ഒപ്പിട്ട് ഒരു രേഖയാക്കാവുന്നതാണ്. 

പരസ്പരം വിഡ്ഢിവേഷം കെട്ടി, സ്നേഹം അഭിനയിച്ചു കൊണ്ട് ഒരു കൂരയ്ക്കുകീഴിൽ വർഷങ്ങളോളം കഴിയുന്നതിലും ഭേദം പരസ്പരം തുറന്നു പറഞ്ഞ് പിരിയുന്നതാണ്. 

ഒരിക്കലും സന്തോഷവും സമാധാനവും ആഗ്രഹിച്ച് വിവാഹമോചനം ചെയ്യരുത്. അതിന് അതിന്റേതായ  കാരണങ്ങൾ ഉണ്ടായിരിക്കണം. 

No comments: