Sunday, October 22, 2017

വലിയ വിലകൊടുക്കേണ്ടി വരും

"പുകവലിക്ക് വലിയ വിലകൊടുക്കേണ്ടി വരും" നമ്മൾ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ഒരു പരസ്യമാണ്. ഈ വാചകം ജനമനസ്സുകളിൽ പതിപ്പിച്ചിടാൻ അതിന്റെ പ്രയോജകർക്ക് കഴിഞ്ഞു എന്നുള്ളതാണ് വലിയ നേട്ടം.

ജീവിതത്തിൽ ഓരോന്നിനും അതിന്റെതായ വിലയുണ്ട്. അതീവ ശ്രദ്ധ കൊടുക്കേണ്ട പല കാര്യങ്ങളും നാം ശ്രദ്ധയില്ലാതെ വിട്ടുകളയുകയാണോ പതിവ്?

ഇന്നലെ വെളിച്ചെണ്ണ മേടിക്കാൻ ചെന്നപ്പോൾ ഈ തലവാചകം ഓർമ്മയിൽ വന്നു. "...........വലിയ വിലകൊടുക്കേണ്ടി വരും" ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 220 രൂപയാണ് ആ മില്ലിൽ ഈടാക്കുന്നത്. പുറത്ത് കടകളിൽ 180 രൂപ മാത്രം വിലയുള്ളപ്പോഴാണ്, മില്ലിൽ ആട്ടിയ വെളിച്ചെണ്ണ നേരിട്ട് 220 രൂപക്ക് വിൽക്കുന്നത്!! ഒരു ലിറ്ററിന് 40 രൂപ വിലക്കൂടുതൽ. എങ്കിലും ഞാൻ സ്ഥിരമായി അവിടെനിന്നാണ് വെളിച്ചെണ്ണ വാങ്ങാറുള്ളത്. കാരണം ശുദ്ധമായ കലർപ്പില്ലാത്ത വെളിച്ചെണ്ണയാണ് കിട്ടുന്നത്. പലപ്പോഴും വെളിച്ചെണ്ണ കിട്ടാതെ തിരിച്ചുപോന്നിട്ടുണ്ട്. മെയിൻ റോഡിൽ നിന്നും കുറെ ഉള്ളിലേക്ക് കയറിയാണ് ആ കൊപ്ര മില്ല്. എങ്കിലും ആളുകൾ അവിടെ തേടിപ്പിടിച്ച് പോയി വാങ്ങുന്നു.

അതുപോലെ കാഞ്ഞിരമിറ്റത്ത് നല്ല ബീഫ് കിട്ടുന്ന ഒരു അറവുശാലയുണ്ട്. ഒരു വീട്ടിൽ തന്നെ കശാപ്പു ചെയ്‌തുവിൽക്കുന്നു. മാർക്കറ്റിൽ 300 രൂപയുള്ളപ്പോൾ അവിടെ 320 രൂപയാണ് എങ്കിലും രാവിലെ 6 മണിക്ക് ചെന്നാൽ ക്യു നിൽക്കണം ബീഫ് വാങ്ങാൻ!!

നല്ലതിന് എപ്പോഴും ............ വലിയ വിലകൊടുക്കേണ്ടി വരും. “Everything you want in life has a price connected to it. There’s a price to pay if you want to make things better, a price to pay just for leaving things as they are, a price for everything.” –Harry Browne

വിപണിയിൽ ലഭ്യമായ ബഹുഭൂരിപക്ഷം വെളിച്ചെണ്ണ ബ്രാൻഡുകളും മായം ചേർത്തവയാണ് എന്ന ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന റിപ്പോർട്ടുകൾ തെളിയിക്കുന്നു. പെട്രോളിയം ഉൽപ്പന്നമായ 'പാരഫിനോ വൈറ്റ് ഓയിലോ' വെളിച്ചെണ്ണയിൽ ചേർത്താണ് വിലകുറച്ച് വിൽക്കുന്നത്. ഇത് അതീവ ഗുരുതരമായ മാരകരോഗങ്ങൾ പിടിപെടാൻ കാരണമാവുന്നു. അപ്പൊ വിലക്കുറവിനു പിന്നാലെ പോയാൽ 'വലിയ വിലകൊടുക്കേണ്ടി വരും'!!

സൗജന്യ ഊണില്ല   (THERE IS NO FREE LUNCH) !!!

എങ്കിലും ആളുകൾ സൗജന്യങ്ങൾക്ക് പിന്നാലെ പരക്കം പായും. എവിടെയെങ്കിലും എന്തെങ്കിലും വെറുതെ കൊടുക്കുന്നുണ്ടെന്നു കേട്ടാൽ അല്പം വിലക്കുറവുണ്ടെന്നു കേട്ടാൽ അങ്ങോട്ട് പായും. മണിക്കൂറുകൾ ക്യു നിന്നും അത് വാങ്ങും.

സൗജന്യം എന്ന് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് എലിക്കെണിയാണ്. "സൗജന്യ ഭക്ഷണം' ആണല്ലോ അവിടെ ആകർഷണം??!! ഇങ്ങിനെ എല്ലായിടത്തും സൗജന്യം / വിലക്കുറവ് വാഗ്ദാനം ചെയ്യുമ്പോൾ അതിനുപിന്നിൽ ഒരു കെണി ഉണ്ടാവും, തീർച്ച!

സച്ചിൻ ടെണ്ടുൽക്കർ
ഷാരുഖ് ഖാൻ
എ പി ജെ അബ്ദുൽ കലാം
.......

ഇങ്ങിനെ നിരവധി പ്രശസ്തരുടെ ജീവിതം എടുത്ത് പരിശോദിച്ചാൽ നമുക്ക് കാണാൻ സാധിക്കും 'ഓരോന്നിനും അതിന്റെതായ വിലയുണ്ട്' അവരുടെ അശ്രാന്ത പരിശ്രമത്തിന്റേതായ വില. ഒന്നും യാദൃച്ഛികമായി വന്ന് പെട്ട  വിജയങ്ങളല്ല, മറിച്ച് വർഷങ്ങളോളം അവരുടെ കഠിന പ്രയത്നത്തിന്റെ ഫലമാണ് എന്ന്. ഊണും ഉറക്കവും ഉപേക്ഷിച്ചു പരിശീലനം നടത്തുന്നവർ ആണ് പല കായികതാരങ്ങളും.

"വിജയത്തിന്  വലിയ വില കൊടുക്കേണ്ടിവരും" 

No comments: