Monday, October 23, 2017

പുസ്തകങ്ങൾ മരിക്കില്ല .... കൊന്നുകൂടെ??

കേരളത്തിൽ പുസ്തകവിപണി നല്ല നിലയിലാണ്. ദിവസവും ഒരു പുതിയ പുസ്തകമെങ്കിലും പ്രകാശനം ചെയ്യപ്പെടുന്നുണ്ട്. എത്രയോ പ്രസിദ്ധീകരണ കമ്പനികൾ, നിരവധി പുസ്തക കടകൾ, വിവിധയിടങ്ങളിൽ പുസ്തകോത്സവങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത ഒക്കെ നോക്കുമ്പോൾ വായനാ വിപണി തഴച്ചു വളർന്നു കൊണ്ടിരിക്കുന്നു എന്ന് കാണാം. കൂടാതെ നിരവധിയായ മാസികകൾ വിപണിയിൽ എത്തുന്നുണ്ട്. എല്ലാ മാസവും ഓരോ പുതിയ പ്രസിദ്ധീകരണം പുതുതായി വിപണിയിൽ ഇറങ്ങുന്നു.

വിപണി വളരുമ്പോൾ വായനയും വളരുന്നുണ്ടോ? ഇന്ന് മനുഷ്യർക്ക് വായിക്കാൻ സമയമുണ്ടോ?

ഇതെന്നെ അടുത്തിടെയായി അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന ചോദ്യമാണ്. എനിക്ക് വ്യക്തിപരമായി വായിക്കാൻ സമയം കിട്ടുന്നില്ല, അല്ലെങ്കിൽ മുമ്പത്തേതിനേക്കാൾ പകുതിയായി കുറഞ്ഞിരിക്കുന്നു. മൂന്ന് ലൈബ്രറികളിൽ അംഗത്വം ഉണ്ട്, പുസ്തകങ്ങൾ എടുക്കാറുണ്ട് പക്ഷെ വായിക്കാറില്ല!! ടി.വി., ഇന്റർനെറ്റ്, മൊബൈൽ, വാട്സാപ്പ് (ഞാൻ ടി.വി കാണാറില്ല) ഇവയൊക്കെ ജീവിതത്തിലേക്ക് കടന്നു വന്നപ്പോൾ പുസ്തകങ്ങൾ മറിച്ചു നോക്കാൻ സമയം കിട്ടുന്നില്ല. എന്റെ പുസ്തക ശേഖരത്തിൽ പകുതിയിലധികം വായിക്കാത്ത പുസ്തകങ്ങളാണ്.

കേരളത്തിൽ ഡി.സി, കറന്റ് ബുക്ക്സ്, മാതൃഭൂമി തുടങ്ങി നൂറോളം പ്രസിദ്ധീകരണ സ്ഥാപങ്ങൾ ലാഭകരമായി പ്രവർത്തിക്കുന്നുണ്ട്. ഇവരൊക്കെ വിവിധ സ്ഥലങ്ങളിൽ പുസ്തകോത്സവങ്ങൾ നടത്തുകയും നന്നായി കച്ചോടം പൊടിപൊടിക്കുകയും ചെയ്യുന്നു.  എന്നാൽ എന്റെ സംശയം ഇതാണ്, ഈ വിപണിയിൽ ഇറങ്ങുന്ന / കച്ചോടം നടക്കുന്ന പുസ്തകങ്ങൾ ഒക്കെ ആരെങ്കിലും വായിക്കുന്നുണ്ടോ. അതോ വെറുതെ ഷോ കേസിൽ പ്രദർശിപ്പിക്കാൻ വേണ്ടി വാങ്ങി കൂട്ടുന്നതാണോ. (അല്ലെങ്കിൽ അലമാരയിൽ വയ്ക്കാൻ)

പത്രങ്ങൾ തീർച്ചയായും പകുതിയെങ്കിലും വായിക്കപ്പെടുന്നുണ്ട്.
മാസികകൾ അതിനടുത്ത് തന്നെ വായിക്കപ്പെടുന്നുണ്ട്
എന്നാൽ .... പുസ്തകങ്ങൾ??

കഴിഞ്ഞ ദിവസങ്ങളിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മാസികാ പ്രചാരണവുമായി വീടുകൾ കയറിയപ്പോൾ കേട്ട ഒരു പരാതി 'കഴിഞ്ഞ വർഷം വരിസംഖ്യ പുതുക്കിയ യൂറിക്ക മാസികകൾ ഇവിടെ വന്നു കിടക്കുന്നു. കുട്ടികൾ തുറന്നു നോക്കുന്നില്ല!' അടുത്ത തലമുറയിലെ കുട്ടികളിൽ വായന അന്യം നിന്ന് പോവുകയാണോ. "ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ" അരങ്ങുവാഴുമ്പോൾ പുസ്തക /മാസിക വായന പരിപോഷിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനാവുമോ?  കുട്ടികൾ വായിക്കാത്തതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ?

യൂട്യൂബിലെ വീഡിയോകളും ഷോർട്ട് ഫിലിമുകളും കാണുന്നവരുടെ എണ്ണം ലക്ഷങ്ങൾ കഴിയുന്നു. ആശയം പ്രചരിപ്പിക്കാൻ മറ്റുമാർഗ്ഗങ്ങൾ എന്തൊക്കെയാണ്. 'ഗെമ്മിഫിക്കേഷൻ' എന്ന പുതിയ സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ എന്താണ്. വിവിധ പ്രവർത്തങ്ങളിലൂടെ കളികളിലൂടെ കഥപറച്ചിലുകളിലൂടെ ശാസ്ത്രവിഷയങ്ങൾ നമുക്ക് കുട്ടികളിലേക്ക് എത്തിക്കാനാവുമോ. വളരെ ഗൗരവതരമായ വിഷയങ്ങൾ ഭാവിയിൽ റെഫെറൻസ് ആവശ്യമുള്ള കാര്യങ്ങൾ മാത്രം പുസ്തകങ്ങളായി അച്ചടിച്ച് വിപണിയിൽ എത്തിച്ചാൽ മതിയാവുമല്ലോ. പിന്നെ കുറച്ചു കൈപുസ്തകങ്ങൾ അധ്യാപകർക്ക് (പരിശീലകർക്ക്) ആവശ്യത്തിനുപയോഗിക്കാനും.

വയശാലകളുമായി ബന്ധപ്പെടുമ്പോൾ, കാണുന്നത് വളരെ ശുഷ്കമായ വിദ്യാർത്ഥി പങ്കാളിത്തമാണ്. ചെറുപ്പക്കാരും യുവാക്കളും സ്വമേധയാ വായനശാലയിൽ വരുന്നത് പുസ്തകങ്ങൾ എടുക്കുന്നത് വിരളമായിക്കൊണ്ടിരിക്കുന്നു. ഇനിയങ്ങോട്ട് പോകുമ്പോൾ ഇത് കുറഞ്ഞുവരാനെ സാധ്യതയുള്ളു.

അവരുടെയിടയിലേക്ക് ഒരു കാംപെയിനിലൂടെ മാസികകൾ /പുസ്തകങ്ങൾ നിർബന്ധിതമായി പ്രചരിപ്പിക്കുന്നത് ഉചിതമാണോ? ഫലവത്താണോ? വീട്ടിലെ ആക്രിമൂലയിലേക്ക് മാസികകളും പത്രങ്ങളും കൂടുമ്പോൾ നമ്മുടെ ഉദ്ദേശ്യം നിറവേറപ്പെടുന്നില്ല. രണ്ടു വിധത്തിലുള്ള മാസികകളാണ് വിപണിയിലുള്ളത്. 1 ) ആളുകൾ ചോദിച്ചുവാങ്ങുന്നവ, ഉദാ: വനിത, മാതൃഭൂമി, മാധ്യമം   2) പ്രചാരണ കാമ്പയിനിലൂടെ വിൽക്കുന്നവ, ഉദാ: ആത്മീയ മാസികകൾ, മാസികയിലൂടെ പ്രവർത്തന ഫണ്ട് കണ്ടെത്തുന്ന സംഘടനാ പ്രസിദ്ധീകരങ്ങൾ

കൂടുതൽ പുസ്തകങ്ങൾ അച്ചടിക്കുമ്പോൾ, കൂടുതൽ മരങ്ങൾ മുറിക്കേണ്ടി വരുന്നു. കടലാസിന് വേണ്ടി കാടുകൾ വെട്ടി നശിപ്പിക്കുന്നത് ഭൂമിയിലെ പരിസ്ഥിതി നാശത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പുസ്തകങ്ങളോട് ആളുകൾക്ക് താല്പര്യം ഇല്ലാതാകുന്നതും മാറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ആശയപ്രചാരണവും വിവരശേഖരണവും നടക്കുന്നതും നല്ല സൂചനയല്ലേ. നൂറ് നോട്ടീസ് അച്ചടിക്കുന്നതിനു പകരം എസ്.എം.എസ് അല്ലെങ്കിൽ വാട്സ്ആപ്പ് വഴി സന്ദേശം കൈമാറുകയാണെങ്കിൽ കാര്യങ്ങൾ എളുപ്പമാകുമല്ലോ. കടലാസും ലാഭിക്കാം, സമയവും ലാഭിക്കാം.

ശാസ്ത്രം കുട്ടികളുടെയിടയിൽ  പ്രചരിപ്പിക്കാൻ സമൂഹത്തിൽ എത്തിക്കാൻ നമുക്കെന്തു കൊണ്ട് ആധുനിക സങ്കേതങ്ങൾ / സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൂടാ..................... ഈ ചിന്തകൾ ഞാൻ ഇന്നലെ പരിഷത്തിന്റെ മീറ്റിംഗിൽ അവതരിപ്പിച്ചപ്പോൾ ഒറ്റപ്പെട്ടുപോവുകയും മറ്റാർക്കും ഉൾക്കൊള്ളാനാവാത്ത ഒരു ചിന്താഗതിയായി ഇത് മാറുകയുമുണ്ടായി. പുസ്തകങ്ങളിലൂടെയും മാസികകളിലൂടെയും തന്നെ ആശയപ്രചരണം നടക്കണം എന്ന വാദഗതി ശക്തമായി ഉയർന്നുവന്നു. അതിനാൽ എന്റെ ആശയങ്ങൾ ബ്ലോഗിൽ എഴുതി തൃപ്തിയടയാമെന്നു വിചാരിച്ചു. 

Sunday, October 22, 2017

വലിയ വിലകൊടുക്കേണ്ടി വരും

"പുകവലിക്ക് വലിയ വിലകൊടുക്കേണ്ടി വരും" നമ്മൾ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ഒരു പരസ്യമാണ്. ഈ വാചകം ജനമനസ്സുകളിൽ പതിപ്പിച്ചിടാൻ അതിന്റെ പ്രയോജകർക്ക് കഴിഞ്ഞു എന്നുള്ളതാണ് വലിയ നേട്ടം.

ജീവിതത്തിൽ ഓരോന്നിനും അതിന്റെതായ വിലയുണ്ട്. അതീവ ശ്രദ്ധ കൊടുക്കേണ്ട പല കാര്യങ്ങളും നാം ശ്രദ്ധയില്ലാതെ വിട്ടുകളയുകയാണോ പതിവ്?

ഇന്നലെ വെളിച്ചെണ്ണ മേടിക്കാൻ ചെന്നപ്പോൾ ഈ തലവാചകം ഓർമ്മയിൽ വന്നു. "...........വലിയ വിലകൊടുക്കേണ്ടി വരും" ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 220 രൂപയാണ് ആ മില്ലിൽ ഈടാക്കുന്നത്. പുറത്ത് കടകളിൽ 180 രൂപ മാത്രം വിലയുള്ളപ്പോഴാണ്, മില്ലിൽ ആട്ടിയ വെളിച്ചെണ്ണ നേരിട്ട് 220 രൂപക്ക് വിൽക്കുന്നത്!! ഒരു ലിറ്ററിന് 40 രൂപ വിലക്കൂടുതൽ. എങ്കിലും ഞാൻ സ്ഥിരമായി അവിടെനിന്നാണ് വെളിച്ചെണ്ണ വാങ്ങാറുള്ളത്. കാരണം ശുദ്ധമായ കലർപ്പില്ലാത്ത വെളിച്ചെണ്ണയാണ് കിട്ടുന്നത്. പലപ്പോഴും വെളിച്ചെണ്ണ കിട്ടാതെ തിരിച്ചുപോന്നിട്ടുണ്ട്. മെയിൻ റോഡിൽ നിന്നും കുറെ ഉള്ളിലേക്ക് കയറിയാണ് ആ കൊപ്ര മില്ല്. എങ്കിലും ആളുകൾ അവിടെ തേടിപ്പിടിച്ച് പോയി വാങ്ങുന്നു.

അതുപോലെ കാഞ്ഞിരമിറ്റത്ത് നല്ല ബീഫ് കിട്ടുന്ന ഒരു അറവുശാലയുണ്ട്. ഒരു വീട്ടിൽ തന്നെ കശാപ്പു ചെയ്‌തുവിൽക്കുന്നു. മാർക്കറ്റിൽ 300 രൂപയുള്ളപ്പോൾ അവിടെ 320 രൂപയാണ് എങ്കിലും രാവിലെ 6 മണിക്ക് ചെന്നാൽ ക്യു നിൽക്കണം ബീഫ് വാങ്ങാൻ!!

നല്ലതിന് എപ്പോഴും ............ വലിയ വിലകൊടുക്കേണ്ടി വരും. “Everything you want in life has a price connected to it. There’s a price to pay if you want to make things better, a price to pay just for leaving things as they are, a price for everything.” –Harry Browne

വിപണിയിൽ ലഭ്യമായ ബഹുഭൂരിപക്ഷം വെളിച്ചെണ്ണ ബ്രാൻഡുകളും മായം ചേർത്തവയാണ് എന്ന ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന റിപ്പോർട്ടുകൾ തെളിയിക്കുന്നു. പെട്രോളിയം ഉൽപ്പന്നമായ 'പാരഫിനോ വൈറ്റ് ഓയിലോ' വെളിച്ചെണ്ണയിൽ ചേർത്താണ് വിലകുറച്ച് വിൽക്കുന്നത്. ഇത് അതീവ ഗുരുതരമായ മാരകരോഗങ്ങൾ പിടിപെടാൻ കാരണമാവുന്നു. അപ്പൊ വിലക്കുറവിനു പിന്നാലെ പോയാൽ 'വലിയ വിലകൊടുക്കേണ്ടി വരും'!!

സൗജന്യ ഊണില്ല   (THERE IS NO FREE LUNCH) !!!

എങ്കിലും ആളുകൾ സൗജന്യങ്ങൾക്ക് പിന്നാലെ പരക്കം പായും. എവിടെയെങ്കിലും എന്തെങ്കിലും വെറുതെ കൊടുക്കുന്നുണ്ടെന്നു കേട്ടാൽ അല്പം വിലക്കുറവുണ്ടെന്നു കേട്ടാൽ അങ്ങോട്ട് പായും. മണിക്കൂറുകൾ ക്യു നിന്നും അത് വാങ്ങും.

സൗജന്യം എന്ന് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് എലിക്കെണിയാണ്. "സൗജന്യ ഭക്ഷണം' ആണല്ലോ അവിടെ ആകർഷണം??!! ഇങ്ങിനെ എല്ലായിടത്തും സൗജന്യം / വിലക്കുറവ് വാഗ്ദാനം ചെയ്യുമ്പോൾ അതിനുപിന്നിൽ ഒരു കെണി ഉണ്ടാവും, തീർച്ച!

സച്ചിൻ ടെണ്ടുൽക്കർ
ഷാരുഖ് ഖാൻ
എ പി ജെ അബ്ദുൽ കലാം
.......

ഇങ്ങിനെ നിരവധി പ്രശസ്തരുടെ ജീവിതം എടുത്ത് പരിശോദിച്ചാൽ നമുക്ക് കാണാൻ സാധിക്കും 'ഓരോന്നിനും അതിന്റെതായ വിലയുണ്ട്' അവരുടെ അശ്രാന്ത പരിശ്രമത്തിന്റേതായ വില. ഒന്നും യാദൃച്ഛികമായി വന്ന് പെട്ട  വിജയങ്ങളല്ല, മറിച്ച് വർഷങ്ങളോളം അവരുടെ കഠിന പ്രയത്നത്തിന്റെ ഫലമാണ് എന്ന്. ഊണും ഉറക്കവും ഉപേക്ഷിച്ചു പരിശീലനം നടത്തുന്നവർ ആണ് പല കായികതാരങ്ങളും.

"വിജയത്തിന്  വലിയ വില കൊടുക്കേണ്ടിവരും"