Sunday, February 26, 2012

കോഴിക്കോട് നിന്നും തൃശ്ശൂര്‍ വഴി എറണാകുളത്തേക്ക്

കോഴിക്കോട് ഇന്റര്‍വ്യൂ ഉച്ചയായപ്പോള്‍ കഴിഞ്ഞു. മുപ്പതുപേര്‍ വന്നിരുന്നുവെങ്കിലും നിലവാരമുള്ള മൂന്നോ നാലോ പേര്‍ മാത്രം. ഗള്‍ഫിലേക്ക് ആളുകളെ കിട്ടുന്നത് കുറഞ്ഞിരിക്കുന്നു? വരുന്നവര്‍ ആണെങ്കില്‍ വളരെ മോശം നിലവാരം ആളുകള്‍... നാട്ടില്‍ ഇപ്പോള്‍ ജോലി സാദ്ധ്യതകള്‍ കൂടികൊണ്ടിരിക്കുന്നതിനാലാവണം ഈ സ്ഥിതി വന്നത്. എന്തായാലും ഉച്ചയൂണ് 'ടോപ്‌ ഫോം' ബിരിയാണി ആക്കാമെന്ന് വെച്ച് മാവൂര്‍ റോഡിലെ ടോപ്‌ ഫോമില്‍ പോയി. ഊണ് കഴിച്ചു ദുബായില്‍ നിന്നും വന്നവര്‍ക്ക് ചില ഷോപ്പിംഗ്‌ ഉണ്ടായിരുന്നു, അതും തീര്‍ത്തു മിട്ടായി തെരുവില്‍ പോയി 'ശങ്കരന്‍ ബേക്കറി'യില്‍ കയറി കുറച്ചു കോഴിക്കോടന്‍ ഹല്‍വയും വാങ്ങി അവരെ താജ് ഹോട്ടലില്‍ കൊണ്ടാക്കി. തിരികെ റൂമില്‍ എത്തുമ്പോള്‍ മണി അഞ്ചു കഴിഞ്ഞു.

ഇനി 6 മണിക്ക് എറണാകുളം ട്രെയിന്‍ ഉണ്ട്, പക്ഷെ എറണാകുളത്തു എത്തുമ്പോള്‍ രാത്രി വൈകും. നേരെ സുജയനെ വിളിച്ചു, രാത്രി അവിടെ തങ്ങാമെന്നു വച്ചു. ഒമ്പത് മണിക്ക് തൃശ്ശൂര്‍ എത്തി. സുജയന്റെ വീട്ടില്‍ പോയി, അച്ഛനെയും അമ്മയെയും കണ്ടിട്ട് ഒരുപാട് നാളായിരുന്നു. സുജയന്റെ ഭാര്യ രണ്ടാമത്തെ പ്രസവത്തിനു അവരുടെ വീട്ടില്‍ പോയി നില്‍ക്കുന്നു, പെരുമ്പാവൂരില്‍. (മോളും അവിടെയാണ്, അമ്മയുടെ കൂടെ.) കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞിരുന്നു, കുളിച്ചു ഊണ് കഴിച്ചു. പിന്നെയും കുറെ നേരം ഞങ്ങള്‍ പഴയ കഥകള്‍ അയവിറക്കി. ഉറങ്ങിയപ്പോള്‍ രാത്രി പന്ത്രണ്ടു കഴിഞ്ഞു. അവന്‍ ഇടതും ഞാന്‍ വലതുമാണല്ലോ. സമകാലിക കേരളം അങ്ങിനെ രണ്ടു പക്ഷവും ചര്‍ച്ച ചെയ്തു.

അലാറം വച്ചു രാവിലെ ആറുമണിക്ക് തന്നെ എഴുന്നേറ്റു. അമ്മയും അച്ഛനും അതിനും മുന്‍പേ, അഞ്ചു മണിക്ക് എഴുന്നേറ്റു നടക്കാന്‍ പോയിരുന്നു. സുജയന്‍ ഒരു കട്ടന്‍ കാപ്പി തയ്യാറാക്കി, രണ്ടു കഷണം റക്സും കൂട്ടി തന്നു. അതും കഴിച്ചു ഞങ്ങള്‍ സ്കൂട്ടെര്‍ എടുത്തു തൃശൂര്‍ റൌണ്ട് ഒന്ന് കറങ്ങാന്‍ പോയി. എം.ജി. റോഡു വഴി, പാറമേക്കാവ് അമ്പലത്തിനു മുന്നിലൂടെ, കിഴക്കേ കോട്ട, ബസലിക്ക പള്ളി, ജൂബിലി മെഡിക്കല്‍ കോളെജ്ജ്, വഴി ഓടിച്ചു ശക്തന്‍ തമ്പുരാന്‍ ബസ്‌ സ്റ്റാന്‍ഡില്‍ എത്തി അവിടെ നിന്നും ഹൈ റോഡു വഴി പുത്തെന്‍ പള്ളി, സെ.തോമസ്‌ കോളജ് വഴി വീണ്ടും റൌണ്ട് എത്തി. രാഗം തീയറ്റര്‍, ധനലക്ഷ്മി ബാങ്ക്, വഴി പൂങ്കുന്നത്തേക്ക്. കളക്ടറേറ്റുവഴി പോയി കേരള വര്‍മ്മ കോളേജു വഴി സുജയന്റെ വീട്ടിലെത്തി. ഒരു മണിക്കൂര്‍ ഓരോട്ട പ്രദിക്ഷിണം, തൃശൂര്‍ ടൌണിലെ എല്ലാ പ്രധാന സ്ഥലങ്ങളും ഒരു നോക്ക് കണ്ടു. പഴയ തൃശ്ശൂര്‍ തന്നെ! ഒരു മാറ്റവും ഇല്ല!! വീട്ടിലെത്തി കുളിച്ചു റെഡിയായപ്പോള്‍ അമ്മ പുട്ട് തയ്യാറാക്കിയിരുന്നു. പുട്ടും പഴവും കുഴച്ചു, കുഴച്ചു നന്നായി വെട്ടി വിഴുങ്ങി. ഒന്‍പതു മണിക്കുള്ള ഒരു ട്രെയിന്‍ എറണാകുളത്തേക്ക്, പത്തരയായപ്പോള്‍ ഓഫീസില്‍ എത്തി.

വര്‍ഷങ്ങള്‍ക്കു ശേഷം കണ്ട കാമുകിയുടെ {തൃശൂര്‍)) ടൌണ്‍)]).)]} ഹാങ്ങ്‌ ഒവറുമായി. ഞാന്‍ അഞ്ചു വര്ഷം പ്രണയിച്ച ഒരു പട്ടണം ആണ് തൃശൂര്‍. {(മണ്ണുത്തിയിലെ കാര്‍ഷീക സര്‍വ്വകലാശാലയില്‍ പഠിച്ച അഞ്ചു വര്‍ഷങ്ങള്‍))}അന്നൊക്കെ തൃശൂര്‍ റൌണ്ട് ഞങ്ങള്‍ക്ക് ഒരു വിഹാര കേന്ദ്രം ആയിരുന്നു. തേക്കിന്‍ കാട് മൈതാനം, രാഗം തീയറ്റര്‍, പെരിഞ്ചേരി വൈന്‍ ഷോപ്പ്, ഭരത് റെസ്റ്റോരേന്റ്റ്‌, വടക്കുംനാഥന്‍ എല്ലാം തൃശൂര്‍ താമസിച്ചവര്‍ക്ക് മറക്കാനാവില്ല.

ഈയൊരു യാത്രയില്‍ കുറച്ചു നേരമെങ്കിലും തൃശൂര്‍ ചിലവൊഴിക്കാന്‍ കഴിഞ്ഞത് ഭാഗ്യം. ഒരു ദിവസം മുഴുവന്‍ ഫാമിലിയും കൂട്ടി തൃശൂര്‍ കറങ്ങണം എന്നുണ്ട്. സമയം കണ്ടെത്തണം.

No comments: