Wednesday, May 11, 2011

വിഘ്നങ്ങളെ ഇല്ലാതാക്കുന്ന ഗണപതി

ഇന്ന് മേയ് ഏഴാം തീയതി [ശനിയാഴ്ച] ഞാന്‍ തിരുവനന്തപുരത്താണ്. രാവിലെ മനുകുട്ടനെ 'സായി ദീപ സ്കൂളില്‍' കൊണ്ടുപോയി ക്ലാസ്സില്‍ ചേര്‍ത്തു. ഇപ്പോള്‍ അവിടെ അവധിക്കാല ക്ലാസ്സുകള്‍ നടക്കുന്നുണ്ട്. പാട്ടും കളികളുമായി ഏകദേശം അമ്പതോളം കുട്ടികള്‍ ഉണ്ടാവും. അവനെ ക്ലാസ്സില്‍ ഇരുത്തിയ ശേഷം ഞാന്‍ എന്റെ കുറച്ചു ഓഫീസ് ഡ്യൂട്ടികള്‍ തീര്‍ത്തു. ഉച്ചയ്ക്ക് പോയി മനുക്കുട്ടനെ വീട്ടിലേക്കു കൊണ്ടുപോന്നു. ആദ്യ ദിവസമല്ലേ അത്രയും മതി എന്ന് കരുതി. ആള്‍ക്ക് പുതിയ ഇടം നന്നായി പിടിച്ചു എന്ന് തോന്നുന്നു. വൈകുന്നേരം ഒന്ന് കിഴക്കേകോട്ട വരെ പോയി. വീട്ടില്‍ ഒരു ക്ലോക്ക് കേടായി ഇരുപ്പുണ്ടായിരുന്നു. അത് നന്നാക്കി എടുക്കുക ആയിരുന്നു ലക്‌ഷ്യം. കിഴക്കേകോട്ടയില്‍ ധാരാളം വച്ച് റിപ്പയര്‍ കടകള്‍ കണ്ടിട്ടുണ്ട്. രണ്ടു മൂന്നു കടകളില്‍ കയറിയിറങ്ങി ഒടുവില്‍ ഒരു വിദ്വാന്‍ ആ ക്ലോക്ക് ഒരു മണിക്കൂറില്‍ ശരിയാക്കി തരമെന്നേറ്റു. അവിടെ ക്ലോക്ക് കൊടുത്തിട്ട്, പതിയെ ഒന്ന് കറങ്ങിയിട്ട് വരാമെന്ന് വച്ച്, പദ്മനാഭസ്വാമി ക്ഷേത്രനടയില്‍ കുറച്ചു നേരം ഇരുന്നു. പിന്നെയും നടന്നു പഴവങ്ങാടിയില്‍ ഒരു കാപ്പി കുടിക്കാമെന്ന് വച്ചു. അങ്ങോട്ട്‌ പോകുമ്പോള്‍, ഗണപതി ക്ഷേത്രത്തിനു മുന്‍പില്‍ തേങ്ങ കച്ചവടക്കാരുടെ പൊടിപൊടിക്കല്‍. ഞാനും ഒരു തേങ്ങ വാങ്ങി കയ്യില്‍ പിടിച്ചു അകത്തു കയറി. തേങ്ങ ഉടയ്ക്കുന്നതിനു മുന്‍പില്‍ കുറച്ചു നേരം നിന്ന്, കാര്യങ്ങള്‍ നിരീക്ഷിച്ചു. ആരുടെയോ ആയിരം തേങ്ങ ഉടച്ചു കൊണ്ടിരിക്കുന്ന ജീവനക്കാരന്‍, പൊട്ടിയ തേങ്ങ കഷണങ്ങള്‍ വാരി മാറ്റി കൊണ്ടിരിക്കുന്ന പണിക്കാര്‍, ഇടയ്ക്ക് ഒന്നും രണ്ടും തേങ്ങ ഉടയ്ക്കുന്ന സാദാ ഭക്തര്‍. എല്ലാവരും വലതുകൈ കൊണ്ടാണ് തേങ്ങ ഉടയ്ക്കുന്നത്. എനിക്കാണെങ്കില്‍ ഇടതുകൈ ആണ് വശം! എന്ത് ചെയ്യും, ആരും ഇടം കൈകൊണ്ടു തേങ്ങ ഉടയ്ക്കുന്നുമില്ല. ഞാന്‍ വലതു കൈ കൊണ്ട് എറിഞ്ഞാല്‍ പൊട്ടുമോ? കുറച്ചു നേരം ആലോചിച്ചു നിന്ന്, പിന്നെ രണ്ടും കല്പിച്ചു വലംകൈ കൊണ്ട് തന്നെ സര്‍വ്വ ശക്തിയും എടുത്തു ഒറ്റ ഏറുകൊടുത്തു. ഭാഗ്യം തേങ്ങ ചിന്നി ചിതറി. എനിക്ക് നല്ല മന:ശാന്തി തോന്നി. ദീപാരാധനയ്ക്കുള്ള സമയമായിരുന്നു. ഏതാനും മിനുട്ടുകള്‍ ഇടയ്ക്കയുടെ താളം ശ്രവിച്ചു, ദീപാരാധന തൊഴുവാന്‍ നില്‍ക്കുന്ന ഭക്തരുടെ കൂടെ, ശ്രീകോവില്‍ ലക്ഷ്യമാക്കി കണ്ണുകളടച്ചു കൈകള്‍ കൂപ്പി നിന്നപ്പോള്‍ വല്ലാത്ത ശാന്തി! മനസ്സിനെ എല്ലാ വ്യഗ്രതകളില്‍ നിന്നും മുക്തമാക്കി, ചിന്തകളെ ഏകോപിപിച്ചു, നമ്രശിരസ്കരായി അവിടെ നില്‍ക്കുമ്പോള്‍ ഏതൊരു മനുഷ്യന്റെയും ഉള്ളില്‍, ശാന്തിയുടെ കുളിര്‍കാറ്റടിക്കും തീര്‍ച്ച. ഇതിനുപിന്നില്‍ ഒരു മന:ശാസ്ത്രം ഇല്ലേ? രാവന്തിയോളം അദ്ധ്വാനിച്ചു, മനസ്സും ശരീരവും തളര്‍ന്നു, മനസ്സില്‍ നൂറു കണക്കിന് ചിന്തകളും അതിലേറെ പ്രയാസങ്ങളുമായി വിശ്രമിക്കാന്‍ പോകുന്ന മനുഷ്യന്‍, അല്‍പനേരം കണ്ണുകളടച്ചു, കൈകള്‍ കൂപ്പി, മനസ്സിനെ ഏകാഗ്രമാക്കി, അപരിമേയനായ ഈശ്വരന്റെ സന്നിധിയിലേക്ക് തന്നെത്തന്നെ ഉയര്‍ത്തുമ്പോള്‍ എല്ലാ ഭാരങ്ങളും, എല്ലാ നെഗറ്റീവ് ചിന്തകളും ഇല്ലാതാവും. ഇതാണ് എനിക്ക് ദീപാരാധന തൊഴുതുകൊണ്ടിരിക്കുമ്പോള്‍ തോന്നിയ മന:ശാസ്ത്രചിന്തകള്‍. നിങ്ങള്‍ക്ക് എന്ത് തോന്നുന്നു?
-----------------
ആരാണ് ഗണപതി?

ഞാന്‍ കുഞ്ഞുംനാളിലെ ശ്രദ്ധിക്കുന്ന ഒരു ചിത്രമാണ് ഗണപതിയുടേത്. വളരെ രസികനായ ഒരു ദൈവം. നീണ്ട തുമ്പികൈയും കുടവയറും ഒക്കെയായി ആനയുടെ തലയും മനുഷ്യന്റെ ഉടലും കൂടിച്ചേര്‍ന്നു വളരെ ജുഗുപ്സാവാഹമായ ഒരു രൂപം. ശിവ-പാര്‍വതി ദമ്പതികളുടെ ഈ പുത്രനെക്കാണുമ്പോള്‍ ആരെങ്കിലും ചിന്തിക്കാറുണ്ടോ ഇതിന്റെ ഉള്‍പൊരുളെന്തെന്നു? 'വിഘ്നേശ്വരന്‍‍' എന്നും വിളിക്കപ്പെടുന്ന ഗണപതിയുടെ മുന്‍പില്‍ ഒരു നാളികേരം ഉടച്ചാല്‍, നമ്മുടെ വിഘ്നങ്ങളൊക്കെ അതായത് തടസ്സങ്ങളൊക്കെ നീങ്ങികൊള്ളുമെന്ന് വിശ്വസിക്കുന്നു, അല്ലെ? ശരിയാണ്, അവിടെ ഉടയുന്നത് വെറും നാളികേരം അല്ല. പിന്നെയോ, നിങ്ങളുടെ തന്നെ 'അഹം' ആണ്. നാളികേരത്തിന്റെ കട്ടി, അറിയില്ലേ. ആദ്യം ചകിരി മടല്‍, പിന്നെ കട്ടിയുള്ള ചിരട്ട, അതിനുള്ളില്‍ കൊപ്ര... അതിനുള്ളിലാണ് നിന്റെ അഹങ്കാരം കുടിയിരിക്കുന്നത്. അത് ശക്തിയായി എറിഞ്ഞാലെ ഉടയത്തുള്ളൂ. അങ്ങിനെ നമ്മുടെ 'അഹം' ഞാന്‍ എന്നാ ഭാവത്തെ ഉടച്ചാല്‍ മനസ്സിലാവും ഗണപതിക്ക്‌ നമ്മോട് എന്താണ് പറയാന്‍ ഉള്ളതെന്ന്:

വലിയ തല - വലുതായി ചിന്തിക്കുക. ഇടുങ്ങിയ ചിന്താഗതിയാണ് നമ്മെ പലപ്പോഴും കുഴപ്പങ്ങളില്‍ കൊണ്ടുചെന്നെത്തിക്കുന്നത്. വലുതായി ചിന്തിച്ചാല്‍ വലിയ കാര്യങ്ങള്‍ നേടാം.

വലിയ ചെവികള്‍ - ഇന്ന് ആര്‍ക്കും ശ്രവിക്കാന്‍ നേരമില്ല. എല്ലാ വീടുകളിലും ഈ പ്രശ്നം ഉണ്ട്. കുട്ടികള്‍ പറയുന്നത് ശ്രദ്ധിക്കാന്‍ എത്ര മാതാപിതാക്കള്‍ ചെവികൊടുക്കാറുണ്ട്? പുതിയ ആശയങ്ങളെയും അഭിപ്രായങ്ങളെയും കേള്‍ക്കാന്‍ തയ്യാറാവുക. മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കാന്‍ പഠിക്കുക, ഓഫീസില്‍ അയാളും വീട്ടില്‍ ആയാലും.

ചെറിയ കണ്ണുകള്‍ - നന്നായി ശ്രദ്ധിച്ചു നിരീക്ഷിക്കുക. ഏകാഗ്രത ശീലിക്കണം, എങ്കിലേ പല കാര്യങ്ങളും ശരിയായ വിധത്തില്‍ ദര്‍ശിക്കാന്‍ സാധിക്കൂ. സൂഷ്മ നിരീക്ഷണം നമ്മെ ശരിയായ തീരുമാനത്തില്‍ എത്തിക്കും.

ചെറിയ വായ - മിതവക്കാകുക. മിതഭക്ഷണം ശീലിക്കുക. അമിത ഭാഷണം വഴക്കിനെയും, അമിത ഭക്ഷണം രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്നു. ആവശ്യമില്ലത്തിടത്തു കയറി അഭിപ്രായം പറയരുത്.

നീണ്ട മൂക്ക് - കാര്യങ്ങള്‍ മണത്തറിയുക എന്ന് നാം പറയാറില്ലേ? അത് തന്നെ, നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് മണത്തറിയാന്‍ സാധിക്കും, അത് വഴി വരാനിരിക്കുന്ന ആപത്തുകളെ തടയാനുമാവും.

വലിയ വയറ് - എന്തും ഉള്‍ക്കൊള്ളനാവും ആ വലിയ വയറിന്. ജീവിതത്തില്‍ നല്ലതും ചീത്തയും സംഭവിക്കും, നല്ലവരെയും ചീത്തയാളുകളെയും കണ്ടുമുട്ടും. എല്ലാം ഉള്‍കൊള്ളാന്‍ നാം പഠിക്കണം.
--------------------
ഇത്രയും വലിയ ഈശ്വരന്‍ സഞ്ചരിക്കുന്നത് കേവലം ഒരു എലിയുടെ പുറത്താണ്. അത് സൂചിപ്പിക്കുന്നത് ഗണപതിക്ക്‌ 'ഈഗോ' ഒട്ടും ഇല്ലാഎന്നാണ്. എലിയെപ്പോലും വെറും നികൃഷ്ടജീവിയായി തള്ളിക്കളയാന്‍ അദ്ദേഹത്തിന്റെ വലിയ മനസ്സിന് കഴിയുന്നില്ല. എലിയെ തന്റെ വാഹനമാക്കി, ഏതു ഇടുങ്ങിയ വഴികളിലൂടെയും സഞ്ചരിക്കാന്‍ മൂപ്പര്‍ക്ക് സാധിക്കുന്നു. നാമോ? ആനപ്പുറത്ത് മാത്രമേ സഞ്ചരിക്കൂ എന്ന മനോഭാവവുമായി വഴിയറിയാതെ ഉഴലുന്നു!

വിഘ്നേശ്വരന്‍ നമ്മേ നേര്‍വഴി നടത്തട്ടെ!!

4 comments:

മുക്കുവന്‍ said...

ദൈവത്തില്‍ വിശ്വാസമില്ലെങ്കിലും.. ഈ വിവരണം ഇഷ്ടപ്പെട്ടു.. എനിക്ക് വല്യ വയറുണ്ട് പക്ഷേ....

Mahesh | മഹേഷ്‌ ™ said...

നല്ല ലേഖന.. വളരെ നന്നായി എഴുതി !

ഈ പറയുന്ന തേങ്ങ ഉടയ്ക്കല്‍ എല്ലായിടത്തും ഉണ്ടോ ? അതോ തേങ്ങ സുലഭമായ കേരളത്തില്‍ മാത്രമോ? ( അറിയില്ല )

പക്ഷെ തേങ്ങ ഉടയ്ക്കുന്നതിലൂടെ അഹം എന്ന ഭാവത്തെ ഇല്ലാതാക്കുക എന്ന മഹത്തായ ആശയം ഉള്‍ക്കൊള്ളുന്നവര്‍ എത്ര പേരുണ്ടോ ആവോ ?

അല്ലെങ്കില്‍ വേണ്ട..ഉള്‍ക്കൊള്ളേണ്ട .. കേരളത്തില്‍ തെങ്ങ് കൃഷിയിലൂടെ ആരെങ്കിലും ഇന്നും ജീവിക്കുന്നെണ്ടില്‍ അവര് ജീവിച്ചു പൊയ്ക്കോട്ടേ ..

കാരണം ഇപ്പോള്‍ തേങ്ങ ഉടയ്ക്കുന്നതിന്റെ എണ്ണം അനുസരിച്ചാണ് സ്റ്റാറ്റസ് .. യഥാര്‍ത്ഥ സത്യം അറിഞ്ഞാല്‍ ചിലപ്പോള്‍ വെറും ഒരെന്നതില്‍ നിര്‍ത്തിക്കളയും :-)

Anonymous said...

Dear Jossy - the description was good. Moreover, one should have a good mind to accept and respect the beliefs of other people. God bless you.

Anonymous said...

Dear Jossy - the description was good.
Moreover, one should have a good mind to accept and respect the beliefs of other people.
God bless you.
Warm Regards
Santhosh Nair