Sunday, February 13, 2011
മീനുമ്മാമ പോയി...
മനുകുട്ടന്റെ മീനുമ്മാമ (കാര്‍ത്യായനി അരയത്തി) ഇന്നലെ മരിച്ചു. 87 വയസായ അവര്‍ മിനിയാന്നും മീനുമായി വീട്ടില്‍ വന്നിരുന്നു.മനുക്കുട്ടനുമായി നല്ല കൂട്ടായിരുന്നു.
ഞാന്‍ അവരെ കുഞ്ഞുന്നാളിലേ കാണുന്നതാണ്. ഇപ്പോഴാണ് ഇത്ര പ്രായം ഉണ്ടായിരുന്നു എന്നറിയുന്നത്! എന്റെ ചെറുപ്പത്തില്‍ ഞങ്ങളുടെ വീട്ടില്‍ മീന്‍ കൊണ്ടുവന്നു തന്നിരുന്നത് നാരായണി, കാര്‍ത്യായനി, സരോജിനി എന്നെ വാലത്തികള്‍ ആയിരുന്നു. ഞങ്ങള്‍ക്ക് ആര്‍ക്കും വാലില്ല മോനെ, അതുകൊണ്ട് വാലത്തികള്‍ എന്ന് വിളിക്കരുത്, ചേച്ചി എന്ന് വിളിച്ചാല്‍ മതി എന്ന് പറഞ്ഞത് നാരായണി അരയത്തി ആണെന്ന് തോന്നുന്നു. മീന്‍ വില്പന കഴിഞ്ഞു തിരികെ പോകുമ്പോള്‍ ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നു, അമ്മയുടെ കൂടെ (അപ്പച്ചന്റെ അമ്മ) കുറെ നേരം സൊറ പറഞ്ഞിരുന്നു, നീട്ടിയൊന്നു (വെറ്റ്ല) മുറുക്കിയിട്ടെ അവര്‍ പോകാറുള്ളൂ. ഇവരൊക്കെ തെക്കന്‍ പറവൂര്‍ അങ്ങാടിയില്‍ നിന്നും ആണ് മീന്‍ കൊണ്ടുവരുന്നത്. പറവൂര്‍ നിന്നും കടത്തു കടന്നു വേണം ഞങ്ങള്‍ താമസിക്കുന്ന പെരുമ്പിള്ളി പ്രദേശത്ത് വരാന്‍. അന്നൊക്കെ ഞങ്ങള്‍ 10 രൂപയ്ക്കു എന്തെങ്കിലും മീനു വാങ്ങും. ചാളയോ, അയലയോ, ഞാണ്ടോ, ചെമ്മീനോ ഒക്കെയാവും. ഒരു ദിവസം ഒരു കുടുംബത്തിനു സമൃദ്ധിയായി കഴിയാന്‍ അത് മതി.
---------------
'പെണ്ണേ, മീനുണ്ട്' എന്നും വിളിച്ചു കൊണ്ടാണ് കാര്‍ത്യായനി വാലത്തി രാവിലെ എത്തുന്നത്. 87 വയസായതിന്റെ അവശതയൊന്നും പുറമേ കാണിക്കില്ല. പലപ്പോഴും മീന്‍ കോട്ട തന്നെ തലയില്‍ എടുത്തു വച്ച് കൂളായി നടന്നു പോകും. ദിവസവും കുറഞ്ഞത് 15-20 കി.മി. ദൂരമെങ്കിലും നടന്നാണ് (അതും വെയിലും മഴയും സഹിച്ചു) ഇവര്‍ മീന്‍ വില്പന നടത്തിയിരുന്നത്. അതിശയകരം തന്നെ. ഇന്നത്തെ കാലത്ത് ഇതുപോലെ അധ്വാനിക്കാന്‍ ആര് തയ്യാറാകും? പ്രത്യേകിച്ചും കുറച്ചു പ്രായമൊക്കെ അയാല്‍, പിന്നെ ഇല്ലാത്ത അസുഖങ്ങളും അതിന്റെ ചികിത്സയും ആയി വീട്ടില്‍ കുത്തിയിരിപ്പകും 99 ശതമാനം ആളുകളും. ഈ പ്രായത്തില്‍ പോലും എനിക്ക് രാവിലെ ഓഫീസില്‍ പോകുന്ന കാര്യം ആലോചിക്കുമ്പോള്‍ മടിയാണ്. അതുകൊണ്ടാണ് 'മീനുമ്മാമ' യെ ഇവിടെ അനുസ്മരിക്കണമെന്നു തോന്നിയത്.
--------------
കേരളത്തില്‍ ഇന്ന് അദ്ധ്വാനിച്ചു ജീവിക്കുന്നത് മോശമായി പലരും കരുതി വരുന്നു. അതുകൊണ്ടാണല്ലോ 'നോക്കുകൂലി'യും മറ്റും വാര്‍ത്തകളിലൂടെ വെളിപ്പെട്ടു വരുന്നത്. നെറ്റി വിയര്‍ക്കാതെ, അല്ലെങ്കില്‍ അധിക സമയം ചെലവോഴിക്കാതെ എങ്ങിനെ കൂടുതല്‍ കാശുണ്ടാക്കാം എന്നതാണ് നമ്മുടെ എല്ലാവരുടെയും ചിന്താഗതി. പ്രവാസി മലയാളികളുടെ കാശ് ചട്ടിയില്‍ വന്നു വീഴുന്നതുകൊണ്ട് ഇപ്പോള്‍ ഇത് അത്ര കാര്യമാകാതെ കഴിഞ്ഞു പോകുന്നു. അല്ലെങ്കില്‍ ഒന്നാലോചിച്ചു നോക്കൂ. കേരളത്തില്‍ ആളുകള്‍ 'ബ്രോയിലര്‍ കോഴികളെ' പോലെ അനങ്ങനനവാതെ സ്വയം മരണം വിളിച്ചു വരുത്തുന്ന കാലം വിദൂരത്തല്ല. ആത്മാര്‍ത്ഥമായി ജോലി ചെയ്യുക, നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അന്നം കഴിക്കുക, അദ്ധ്വാനത്തില്‍ സംതൃപ്തി എന്നെല്ലാമുള്ളത് നമ്മുടെ നാട്ടില്‍ വിഡ്ഢിത്തമായി മുദ്രണം ചെയ്തു കഴിഞ്ഞു.
--------------
കാര്‍ത്യായനി അമ്മൂമ്മയ്ക്ക് ആദരാജ്ഞലികള്‍!!
Subscribe to:
Post Comments (Atom)
1 comment:
ഓര്‍ക്കുന്നു ഞാന്‍ ഇവരെയെല്ലാം :-|
Post a Comment