Sunday, February 13, 2011

ഞായറാഴ്ച ദിനസരിക്കുറിപ്പുകള്‍ (Sunday Diary) 13.02.2011

ഇന്ന് പ്രത്യേകിച്ച് മുന്‍പദ്ധതികള്‍ ഒന്നും ഉണ്ടായിരുന്നില്ല. രാവിലെ ചായക്കുശേഷം, മനുക്കുട്ടനുമായി പുറത്തു പോയി. അജിത വീട്ടുപണികളും അടുക്കളയുമായി ഒതുങ്ങി. ഞാനും മനുകുട്ടനും അടുത്തുള്ള 'ധര്‍മഭാരതി ആശ്രമം' വരെ ഒന്നുപോയി.

കുറെ നാളായി അവിടെ പോയിട്ടും സ്വാമിജിയെ കണ്ടിട്ടും. ഇന്ന് അവിടെ 'മഹേര്‍' കുട്ടികളുടെ ഗ്രാമത്തിന്റെ വാര്‍ഷീകം ആയിരുന്നു. കുറെ സമയം അവിടെ ചിലവൊഴിച്ചു ഒരു മണിയോടെ വീട്ടില്‍ തിരിച്ചെത്തി.

'മഹേര്‍' എന്നാല്‍ അമ്മ വീട് എന്നാണര്‍ത്ഥം. പെരുമ്പിള്ളിയില്‍ ഇപ്പോള്‍ 43 കുട്ടികള്‍ താമസിക്കുന്നുണ്ട്. 1991 -ഇല്‍ സി. ലൂസി കുരിയന്‍ ആണ് 'മഹേര്‍' എന്ന പ്രസ്ഥാനം തുടങ്ങിയത്. മഹാരാഷ്ട്രയില്‍ ഏറ്റവും നല്ല NGO പ്രസ്ഥാനത്തിനുള്ള അവാര്‍ഡു പലതവണ ലഭിക്കുകയുണ്ടായി ഈ പ്രസ്ഥാനത്തിന്. മദ്യവിപത്തിനെതിരെ കുട്ടികള്‍ വരച്ച ചിത്രങ്ങളില്‍ സമ്മാനാര്‍ഹമായവ അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. കുട്ടികള്‍ നന്നായി വരച്ചിരിക്കുന്നു. സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും നാട്ടുകാരും അടക്കം നൂറിലധികം ആളുകള്‍ വാര്‍ഷീക ആഘോഷങ്ങളില്‍ സംബന്ധിച്ചു. നമ്മുടെ നാട്ടില്‍ കൊലപാതകങ്ങളും ആത്മഹത്യകളും പീഡനങ്ങളും മാത്രമേ നടക്കുന്നുള്ളൂ എന്ന് വിലപിക്കുന്നവര്‍ ഇതുപോലുള്ള ചെറിയ ചെറിയ സംരംഭങ്ങള്‍ കാണാതെ പോകുന്നു. മാധ്യമങ്ങള്‍ക്കും തിന്മയുടെ വഴികള്‍ ചികയാനാണ് താല്പര്യം.
--------------
ആശ്രമത്തില്‍ ഉച്ചക്ക് സ്നേഹവിരുന്നു ഒരുക്കിയിരുന്നെങ്കിലും ആഴ്ചയിലെ ഏക അവധി ദിവസം കുടുംബത്തോടോത്തു ഊണ് കഴിക്കാനുള്ള സ്വാര്‍ത്ഥത മൂലം വീട്ടിലെത്തി ഊണ് കഴിച്ചു. [ഉച്ച വരെയായിരുന്നു പരിപാടികള്‍.] അജിതയെ കാര്‍ ഓടിക്കാന്‍ പഠിപ്പിക്കാന്‍ അല്‍പസമയം ശ്രമം നടത്തി. മുന്‍ തവണകളെപ്പോലെ വന്‍ പരാജയം ആയിരുന്നു ഫലം.

ഊണ് കഴിഞ്ഞു, ഒരല്പം ഉച്ച മയക്കത്തിന് ശേഷം വൈകിട്ട് പള്ളിയില്‍ പോയി. എല്ലാവരും ചേര്‍ന്ന് 'ലോ ഫ്ലോര്‍' ബസ്സില്‍ ഒരു യാത്ര പ്ലാന്‍ ചെയ്തിട്ട് കുറെ നാളായി. അപ്പച്ചനെയും അമ്മച്ചിയും വിളിച്ചെങ്കിലും അവര്‍ വന്നില്ല. അല്ലെങ്കിലും അവരെ കൊണ്ട് എവിടെയെങ്കിലും ഒരു ട്രിപ്പ്‌ പോകുന്നത് അസംഭവ്യമായ കാര്യമാണ്. ഞാനും, അജിതയും ,മനുക്കുട്ടനും കുഞ്ഞാവയും കൂടി അങ്ങിനെ ഒരു 'വോള്‍വോ ലോ ഫ്ലോര്‍ എ/സി' ബസ്സില്‍ കയറി കച്ചേരിപ്പടിയിലുള്ള 'കണ്ണന്കുന്നത് ആശ്രമദേവാലയത്തില്'‍ പോയി, 6.15 -നുള്ള കുര്‍ബാനയില്‍ സംബന്ധിച്ചു. തിരികെ ഒരു 'ലോ ഫ്ലോര്‍' ബസ്സ്‌ തന്നെ കിട്ടി.
--------------
ഗോത്തിക്ക് ശൈലിയില്‍ ഉള്ള ഈ പള്ളിയിലെ യേശുവിന്റെ മുഖം എനിക്ക് വളരെ ഇഷ്ടമാണ്. നിരാലംബനായ യേശു - മുള്‍കിരീടം ചൂടി രക്തമൊഴുകുന്ന മുഖം. പീഡയനുഭവിക്കുന്ന ആ യേശുവിനെ കാണുമ്പോള്‍ എനിക്ക് സങ്കടം തോന്നും. ഒരു പക്ഷെ ജീവിതത്തിലെ പീഡകളെയും ദു:ഖങ്ങളെയും ദുരനുഭവങ്ങളെയും ദൈവീകമായി സഹിക്കാന്‍ എനിക്ക് ശക്തി തരുന്നത് ഈ യേശുവിന്റെ തിരുമുഖം ആയിരിക്കും.
സഹാനമാണ് യഥാര്‍ത്ഥ സ്നേഹം എന്ന് യേശു വിളിച്ചു പറയുന്നത് പോലെ തോന്നും. അതും മറ്റുള്ളവര്‍ക്ക് വേണ്ടി സഹിക്കുക, അന്ത്യം വരെ നിശബ്ദമായി സഹിക്കുക തീര്‍ച്ചയായും ദൈവീകമായ ഒരനുഭവമാണ്. അതിനുവേണ്ടിയുള്ള ശക്തിക്ക് വേണ്ടിയാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്‌.
--------------
എല്ലാവരും ഉറങ്ങി, മനുക്കുട്ടന്‍ എന്റെ അടുത്ത് കിടക്കുന്നുണ്ട്. അവനെ എടുത്തു കട്ടിലില്‍ കിടക്കണം. ഇന്ന് കുറെ വൈകി, സാരമില്ല കുറെ നാളായി എന്റെ ബ്ലോഗെഴുത്ത് മുടങ്ങി കിടക്കുകയായിരുന്നു. ഇന്ന് ഇത്രയും എഴുതിയപ്പോള്‍ നല്ല സുഖം, അപ്പോള്‍ ശരി, ഗുഡ് നൈറ്റ്‌!!

മീനുമ്മാമ പോയി...


മനുകുട്ടന്റെ മീനുമ്മാമ (കാര്‍ത്യായനി അരയത്തി) ഇന്നലെ മരിച്ചു. 87 വയസായ അവര്‍ മിനിയാന്നും മീനുമായി വീട്ടില്‍ വന്നിരുന്നു.മനുക്കുട്ടനുമായി നല്ല കൂട്ടായിരുന്നു.

ഞാന്‍ അവരെ കുഞ്ഞുന്നാളിലേ കാണുന്നതാണ്. ഇപ്പോഴാണ്‌ ഇത്ര പ്രായം ഉണ്ടായിരുന്നു എന്നറിയുന്നത്! എന്റെ ചെറുപ്പത്തില്‍ ഞങ്ങളുടെ വീട്ടില്‍ മീന്‍ കൊണ്ടുവന്നു തന്നിരുന്നത് നാരായണി, കാര്‍ത്യായനി, സരോജിനി എന്നെ വാലത്തികള്‍ ആയിരുന്നു. ഞങ്ങള്‍ക്ക് ആര്‍ക്കും വാലില്ല മോനെ, അതുകൊണ്ട് വാലത്തികള്‍ എന്ന് വിളിക്കരുത്, ചേച്ചി എന്ന് വിളിച്ചാല്‍ മതി എന്ന് പറഞ്ഞത് നാരായണി അരയത്തി ആണെന്ന് തോന്നുന്നു. മീന്‍ വില്പന കഴിഞ്ഞു തിരികെ പോകുമ്പോള്‍ ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നു, അമ്മയുടെ കൂടെ (അപ്പച്ചന്റെ അമ്മ) കുറെ നേരം സൊറ പറഞ്ഞിരുന്നു, നീട്ടിയൊന്നു (വെറ്റ്ല) മുറുക്കിയിട്ടെ അവര്‍ പോകാറുള്ളൂ. ഇവരൊക്കെ തെക്കന്‍ പറവൂര്‍ അങ്ങാടിയില്‍ നിന്നും ആണ് മീന്‍ കൊണ്ടുവരുന്നത്. പറവൂര്‍ നിന്നും കടത്തു കടന്നു വേണം ഞങ്ങള്‍ താമസിക്കുന്ന പെരുമ്പിള്ളി പ്രദേശത്ത് വരാന്‍. അന്നൊക്കെ ഞങ്ങള്‍ 10 രൂപയ്ക്കു എന്തെങ്കിലും മീനു വാങ്ങും. ചാളയോ, അയലയോ, ഞാണ്ടോ, ചെമ്മീനോ ഒക്കെയാവും. ഒരു ദിവസം ഒരു കുടുംബത്തിനു സമൃദ്ധിയായി കഴിയാന്‍ അത് മതി.
---------------
'പെണ്ണേ, മീനുണ്ട്' എന്നും വിളിച്ചു കൊണ്ടാണ് കാര്‍ത്യായനി വാലത്തി രാവിലെ എത്തുന്നത്‌. 87 വയസായതിന്റെ അവശതയൊന്നും പുറമേ കാണിക്കില്ല. പലപ്പോഴും മീന്‍ കോട്ട തന്നെ തലയില്‍ എടുത്തു വച്ച് കൂളായി നടന്നു പോകും. ദിവസവും കുറഞ്ഞത്‌ 15-20 കി.മി. ദൂരമെങ്കിലും നടന്നാണ് (അതും വെയിലും മഴയും സഹിച്ചു) ഇവര്‍ മീന്‍ വില്പന നടത്തിയിരുന്നത്. അതിശയകരം തന്നെ. ഇന്നത്തെ കാലത്ത് ഇതുപോലെ അധ്വാനിക്കാന്‍ ആര് തയ്യാറാകും? പ്രത്യേകിച്ചും കുറച്ചു പ്രായമൊക്കെ അയാല്‍, പിന്നെ ഇല്ലാത്ത അസുഖങ്ങളും അതിന്റെ ചികിത്സയും ആയി വീട്ടില്‍ കുത്തിയിരിപ്പകും 99 ശതമാനം ആളുകളും. ഈ പ്രായത്തില്‍ പോലും എനിക്ക് രാവിലെ ഓഫീസില്‍ പോകുന്ന കാര്യം ആലോചിക്കുമ്പോള്‍ മടിയാണ്. അതുകൊണ്ടാണ് 'മീനുമ്മാമ' യെ ഇവിടെ അനുസ്മരിക്കണമെന്നു തോന്നിയത്.
--------------
കേരളത്തില്‍ ഇന്ന് അദ്ധ്വാനിച്ചു ജീവിക്കുന്നത് മോശമായി പലരും കരുതി വരുന്നു. അതുകൊണ്ടാണല്ലോ 'നോക്കുകൂലി'യും മറ്റും വാര്‍ത്തകളിലൂടെ വെളിപ്പെട്ടു വരുന്നത്. നെറ്റി വിയര്‍ക്കാതെ, അല്ലെങ്കില്‍ അധിക സമയം ചെലവോഴിക്കാതെ എങ്ങിനെ കൂടുതല്‍ കാശുണ്ടാക്കാം എന്നതാണ് നമ്മുടെ എല്ലാവരുടെയും ചിന്താഗതി. പ്രവാസി മലയാളികളുടെ കാശ് ചട്ടിയില്‍ വന്നു വീഴുന്നതുകൊണ്ട് ഇപ്പോള്‍ ഇത് അത്ര കാര്യമാകാതെ കഴിഞ്ഞു പോകുന്നു. അല്ലെങ്കില്‍ ഒന്നാലോചിച്ചു നോക്കൂ. കേരളത്തില്‍ ആളുകള്‍ 'ബ്രോയിലര്‍ കോഴികളെ' പോലെ അനങ്ങനനവാതെ സ്വയം മരണം വിളിച്ചു വരുത്തുന്ന കാലം വിദൂരത്തല്ല. ആത്മാര്‍ത്ഥമായി ജോലി ചെയ്യുക, നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അന്നം കഴിക്കുക, അദ്ധ്വാനത്തില്‍ സംതൃപ്തി എന്നെല്ലാമുള്ളത് നമ്മുടെ നാട്ടില്‍ വിഡ്ഢിത്തമായി മുദ്രണം ചെയ്തു കഴിഞ്ഞു.
--------------
കാര്‍ത്യായനി അമ്മൂമ്മയ്ക്ക് ആദരാജ്ഞലികള്‍!!