പണ്ട് ഞങ്ങളുടെ സുരേഷ് സര് [കാറ്ഷീക സര്‍വ്വകലാശാല - മണ്ണുത്തി] എക്ണോമിക്സ് പടിപ്പിക്കുന്നതിനിടയില്‍ പല തത്വവിചാരങ്ങളും പങ്കുവയ്ക്കാറുണ്ടായിരുന്നു. ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. ‘നിങ്ങള്‍ക്ക് ആത്യന്തീകമായ അവശ്യബോധം ഉണ്ടായാല്‍ മാത്രമേ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വന്നുചേരൂ.’ ഞങ്ങളുടെ കോഴ്സിനു അംഗീകാരം/ രാഷ്ട്രീയ വിജയം ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചവന്നപ്പോള്‍ ആണെന്നുതോന്നുന്നു സര് ഈ തത്വം പറഞ്ഞത്. ഒരു ഉദാഹരണവും പറഞ്ഞു: ‘ഒരാള്‍ വെള്ളത്തിനടിയില്‍ പെട്ടുപോയാല്‍ ഒരിത്തിരി വായുലഭിക്കുന്നതിനു എത്രമാത്രം ആഗ്രഹിക്കുമോ, അതുപോലൊരു ആഗ്രഹം നമുക്കുണ്ടെങ്കില്‍ ഏതു കാര്യവും കരഗതമാവും’. കഴിഞ്ഞദിവസം താഴെ കൊടുത്തിരിക്കുന്ന മഹാഭാരതഭാഗം വായിച്ചപ്പോള്‍ സുരേഷ് സറിനെ ആണു ഓര്‍മ്മവന്നത്.
പരിപൂര്‍ണ്ണ ശരണാഗതി:
ധര്മ്മപുത്രന് കൌരവരുമായുള്ള ചൂതാട്ടത്തില്‍ ആദ്യം സഹോദരന്മാരേയും പിന്നെ തന്നേയും ഒടുവില്‍ പാഞ്ചാലിയേയും പണയം വച്ച് സര്‍വ്വതും നഷ്ടപ്പെടുത്തി. അനന്തരം ദുര്യോധനന് ദുശ്ശാസനനെ അയച്ച് പാഞ്ചാലിയെ സഭയിലേക്ക് വലിച്ചിഴച്ചുവരുത്തി. ‘അടിമയ്ക്ക് എന്തിനാണ് മേല്‍ വസ്ത്രം’ എന്നു പറഞ്ഞുകൊണ്ട് പാഞ്ചാലിയുടെ വസ്ത്രം ഉരിഞ്ഞുകളയാന്‍ ഉത്തരവിട്ടു. പാഞ്ചാലിയുടെ ഉടലും ഉള്ളവും നടുങ്ങിവിറങ്ങലിച്ചു. തന്റെ രണ്ടു കൈകളാല്‍ മാറിടം മറച്ചുപിടിച്ചുകൊണ്ട് അകലെ എവിടെയോ ഉള്ള ക്രിഷ്ണനെ വിളിച്ച് ‘ക്രിഷ്ണാ എന്നെ രക്ഷിക്കൂ.. നിന്റെ സഹോദരിയായ എനിക്ക് അനുഭവിക്കേണ്ടി വരുന്ന അപമാനത്തില്‍ നിന്നും എന്നെ കാത്തു രക്ഷിക്കൂ.’ എന്ന് അലമുറയിട്ട് കരഞ്ഞു.
ഈ സമയത്ത് ക്രിഷ്ണന് രുഗ്മിണിയുമായി പകിട കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പാഞ്ചാലിയുടെ ഉച്ചത്തിലുള്ള രോധനം അവിടെ കേട്ടു. എന്നിട്ടും ക്രിഷ്ണനു ചലനമില്ലാത്തത് കണ്ടപ്പോള്‍ രുഗ്മിണി പറഞ്ഞു. ‘അല്ലയോ ക്രിഷ്ണാ നിന്റെ പരമഭക്തയായ സഹോദരി പാഞ്ചാലിയുടെ കരച്ചിലല്ലേ ആ കേള്‍ക്കുന്നത്? അവിടെ നിന്റെ സഹായത്തിനായിട്ടെല്ലേ അവള് കേഴുന്നത്... നിന്നെ വിളിക്കുന്നത്. നീ അതു ചെവിക്കൊള്ളാതെ എന്നോടൊപ്പം കളിയില്‍ മുഴുകിയിരിക്കുന്നു. ആപല്‍ബാന്ധവന്‍ എന്നാണല്ലോ നിന്നെ എല്ലാവരും വിശേഷിപ്പിക്കുന്നത്. ഒരു സ്ത്രീയുടെ മാനം അപഹരിക്കപ്പെടുമെന്ന മുഹൂര്‍ത്തമാണ് അണഞ്ഞിരിക്കുന്നത്. നീ അവളെ സഹായിക്കില്ലേ?’ ഇതു കേട്ട് ക്രിഷ്ണന് ഒന്നു പുഞ്ചിരിച്ചു എന്നിട്ടു പറഞ്ഞു. ‘നീ കളിക്കൂ രുഗ്മിണി. എപ്പോള്‍ പോകണമെന്ന് എനിക്കറിയാം.’
‘നിങ്ങള്‍ക്ക് ദയയില്ലേ? അങ്ങോട്ടൊന്നു ശ്രദ്ധിക്കൂ. അപ്പോള്‍ അറിയാം അവള് എത്രമാത്രം വേദന അനുഭവിക്കുന്നുണ്ടെന്ന്’ രുഗ്മിണിക്ക് കരച്ചില് വന്നു. ‘നോക്കൂ രുഗ്മിണി, എനിക്കറിയാം ഒന്നും സംഭവിക്കില്ല. നീ ഇപ്പോള്‍ കളിക്കൂ.’ കൌരവസഭയില്‍ ദുശ്ശാസ്സനന്‍ പാഞ്ചാലിയുടെ വസ്ത്രം ഉരിഞ്ഞുതുടങ്ങി. അപ്പോള്‍ ‘ക്രിഷ്ണാ നീയാണ് എനിക്കെല്ലാം നിന്നില്‍ നിന്റെ തൃപ്പാദങ്ങളില്‍ ഇതാ ഞാന്‍ ശരണാഗതി പ്രാപിക്കുന്നു’ എന്ന് പറഞ്ഞു കൊണ്ട് ദ്രൌപതി മാറിടം മറച്ചിരുന്ന രണ്ടുകൈകളുമെടുത്ത് മേല്‍പ്പോട്ടുയര്‍ത്തി കരം കൂപ്പി. ‘കൃഷ്ണാ ....’ എന്ന് ഉരുവിട്ടുകൊണ്ട് സ്വയം മറന്ന് കൃഷ്ണചിന്തയില്‍ ലയിച്ചുനിന്നു.
ഈ സമയത്ത് കൃഷ്ണന് തന്റെ കൈ ഉയര്‍ത്തി കൃഷ്ണന്റെ കൈയില്‍നിന്നും ജലപ്രവാഹം പോലെ തുണികള്‍ പ്രത്യക്ഷപ്പെട്ടു. ആ തുണികളെല്ലാം കൃഷ്ണന്റെ ശരീരത്തെ ചുറ്റി. ദുശ്ശാസനന് വലിക്കുംതോറും അതിനേക്കാള്‍ വേഗതയില്‍ കണ്ണെത്താദൂരത്തുള്ള അരുവിയില്‍ നിന്നെന്നോണം തുണികള്‍ വന്നുകൊണ്ടിരുന്നു. ദുശ്ശാസ്സനന്റെ കൈ കഴച്ചു. അവന് ആകെ ക്ഷീണിതനായി. അങ്ങനെ കൃഷ്ണന് പാഞ്ചാലിയുടെ മാനം കാത്തു.
തന്നെ അവന് സമര്‍പ്പിച്ച് മനമുരുകി കേണാല്‍ ഭഗവാന് ആപല്‍ബാന്ധവനായി എത്തി തന്റെ ഭക്തനെ കാത്തുകൊള്ളുമെന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് മഹാഭാരതത്തിലെ ഈ മുഹൂര്‍ത്തം.