Thursday, February 13, 2020

ചില നേരങ്ങളിൽ; ചില മനിതർ

ചില നേരങ്ങളിൽ; ചില മനിതർ 
പൂർണ്ണ വളർച്ചയെത്താതെ മരിക്കുന്ന ഈ ഭൂമിയിലെ ഏക ജീവിയാണ് മനുഷ്യൻ എന്ന് സുഭാഷ് ചന്ദ്രൻ തന്റെ നോവലായ 'മനുഷ്യൻ ഒരു ആമുഖം' എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.
പലപ്പോഴും മനുഷ്യരുടെ പെരുമാറ്റങ്ങൾ കാണുമ്പോൾ ഇത് വളരെ ശരിയാണ് എന്ന് തോന്നാറുണ്ട്. ഇത് മനുഷ്യന്റെ ഒരു പോരായ്മയാണ്, മനുഷ്യകുലത്തിന്റെ തന്നെ! ഇത് മനസ്സിൽ വച്ചുകൊണ്ട് വേണം നാം നമ്മുടെ സഹജീവികളെ കാണാൻ , അവരോട് സംസാരിക്കാൻ, അവരോട് സഹവസിക്കാൻ
എല്ലാ മനുഷ്യരിലും ഒരുപാട് പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ സാധിക്കും, എന്നാൽ അവരിലെ നന്മകൾ കണ്ടെത്തുകയാവണം നമ്മുടെ ആത്യന്തിക ലക്‌ഷ്യം
ഇത്രയും പറഞ്ഞുകൊണ്ട് ചില മനിഷ്യരിൽ ചില നേരങ്ങളിൽ കണ്ട ക്രൂരതകളെ ഇവിടെ കുറിക്കട്ടെ,


 കോടികൾ മുടക്കി വലിയവീടുപണിത ഒരു മനുഷ്യൻ, പഴയ നാലുകെട്ട് മാതൃകയിൽ പുരയ്ക്ക് ചുറ്റും വലിയ വരാന്തയൊക്കെ ഉണ്ടാക്കി വളരെ ഭംഗിയാക്കി വച്ചിരിക്കുന്നു. മുൻവശത്ത് ഇട്ടിരിക്കുന്ന ചാരുകസാലയിൽ വീട്ടുടമ ചാരിക്കിടക്കുമ്പോഴാണ് ഞാൻ ഒരു പുസ്തക പ്രചാരണവുമായി അങ്ങോട്ട് കയറി ചെല്ലുന്നത്, ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണ്. വർത്തമാനം പറഞ്ഞിരുന്നപ്പോൾ ഈ വരാന്തയൊക്കെ എങ്ങിനെയെയാണ് വൃത്തിയായി സൂക്ഷിക്കുന്നതെന്ന് ഞാൻ അത്ഭുതത്തെപ്പട്ടു കൊണ്ട് ചോദിച്ചു. വല്ല പട്ടിയും പൂച്ചയും ഒക്കെ രാത്രി കയറിക്കിടക്കാൻ സാധ്യതയുണ്ടല്ലോ. അപ്പോൾ അദ്ദേഹം അതിനു പറഞ്ഞ മറുപടി എനിക്ക് ഒരു ഷോക്കായി പോയി, അദ്ദേഹം വളരെ സത്യസന്ധമായി ആണ് പറഞ്ഞതെങ്കിൽ പോലും! പട്ടിയും പൂച്ചയും കയറി കിടക്കുമായിരുന്നു. പക്ഷെ അദ്ദേഹം കുറച്ചു മുട്ട പുഴുങ്ങി അതിൽ കുറച്ച് മൊട്ടുസൂചികൾ കുത്തിവച്ച് (പുറത്തു കാണാത്ത വിധത്തിൽ) വരാന്തയിൽ നിരത്തിവച്ചു. ഇത് രാത്രി പട്ടിയും പൂച്ചയും വന്നു തിന്നുകയും മൊട്ടുസൂചികൾ അവരുടെ തൊണ്ടയിൽ കുത്തിക്കയറുകയും ചെയ്ത് അവറ്റകൾ പിന്നെ ആ ഭാഗത്തേയ്ക്ക് വരികപോലും ചെയ്യാറില്ലത്രേ!! ഞാൻ തരിച്ചിരുന്നു പോയി, അദ്ദേഹം വളരെ ശുദ്ധനായി രസിച്ചുകൊണ്ട് തന്റെ തന്ത്രം വിവരിക്കുന്നു, ചിരിച്ചുകൊണ്ട്.....ഹാ കഷ്ടം!

ഞാൻ ബ്രിട്ടീഷ് കൗൺസിൽ നടത്തുന്ന ഐ ഇ എൽ ടി എസ്, നെബോഷ്, എ സി സി എ തുടങ്ങിയ പരീക്ഷകൾക്ക് ഇൻവിജിലേറ്റർ ആയി പോകാറുണ്ട്. എല്ലാ പരീക്ഷകളും നടക്കുന്നത് മുന്തിയ സ്റ്റാർ ഹോട്ടലുകളിൽ വച്ചാണ്. ഒരിക്കൽ ഒരു പരീക്ഷയ്ക്ക് വേണ്ടി എറണാകുളം താജ് ഗേറ്റ് വെയ് ഹോട്ടലിൽ ചെന്നപ്പോൾ, അവിടെ ഒരുക്കങ്ങൾ നടക്കുകയാണ്. മേശ, കസേര ശരിയായ ക്രമത്തിൽ അകലത്തിൽ ആണോ എന്ന് നോക്കുക,പ്രാഥമീക സൗകര്യങ്ങൾ (വെള്ളം, വെളിച്ചം) ഉണ്ടോയെന്ന് പരിശോധിക്കുക,   പരീക്ഷയ്ക്ക് വേണ്ട മുന്നൊരുക്കങ്ങൾ നടത്തുക ഇവയൊക്കെ ഇൻവിജിലേറ്റർ നേരത്തെ എത്തി ഉറപ്പു വരുത്തേണ്ടതാണ്. കുട്ടികൾ പരീക്ഷ എഴുതുന്ന മേശ ഇളകുന്നുണ്ടെങ്കിൽ കാൽ കീഴെ കടലാസ് മടക്കി വച്ച് ഉറപ്പിക്കണം. അതിന് കുറച്ച് പഴയ പത്രക്കടലാസ് നോക്കി നടക്കുമ്പോൾ പരീക്ഷയുടെ സൂപ്പർവൈസർ ആ പരീക്ഷാഹാളിന്റെ പുറകിൽ ഇരുന്ന ഒരുകെട്ട് പുസ്തകങ്ങൾ എടുത്ത് തന്നിട്ട് ഇത് ഊട് വച്ചോളു എന്നു പറഞ്ഞു. നോക്കുമ്പോൾ കേരളത്തിലെ പ്രശസ്തനായ ഒരു എഴുത്തുകാരന്റെ ഒരു ചെറിയ പുസ്തകം ഒരു കേട്ട്! സാർ ഇത് പുസ്തകമല്ലേ, എന്ന ചോദ്യത്തിന് 'നമുക്ക് അതൊന്നും നോക്കാൻ സമയമില്ല, പരീക്ഷ തുടങ്ങാൻ ഇനി കുറച്ചു സമയമേ ഉള്ളൂ ... വേഗം ശരിയാക്കൂ.' എന്ന മറുപടിയാണ് കിട്ടിയത്. ഒരു ദീർഘനിശ്വാസത്തോടെ അതെല്ലാം ഊട് വച്ച് പരീക്ഷാ ടേബിളുകൾ ശരിയാക്കി. പരീക്ഷ കഴിഞ്ഞ് ഇറങ്ങുമ്പോൾ സൂപ്പർവൈസറോഡ് ചോദിച്ചു, നമുക്കാ പുസ്തകങ്ങൾ തിരികെയെടുത്ത് അതിരുന്ന ബോക്സിൽ അടുക്കി വയ്‌ക്കേണ്ട? അതൊക്കെ ഹോട്ടലുകാർ ചെയ്തോളും എന്ന ഒഴുക്കൻ മറുപടിയാണ് കിട്ടിയത്. ഉടനെ പോയി കൊറിയർ അയക്കേണ്ടിയിരുന്നതിനാൽ ആ എഴുത്തുകാരനോട് മനസ്സാ മാപ്പപേക്ഷിച്ചുകൊണ്ട് ഞാനാ ഹാൾ വിട്ടിറങ്ങി.

കേരളം കഴിഞ്ഞ നൂറ്റാണ്ടിൽ കണ്ട മഹാപ്രളയത്തെ നേരിട്ടത് 2018 -ൽ ആണ്, കേരള ജനതയുടെ ഒത്തൊരുമയും സേവനസന്നദ്ധതതയും സന്മനസ്സും നമ്മൾ ഈയൊരു ദുരന്തനിവാരണ യജ്ഞത്തിൽ നമ്മൾ നേരിട്ട് കണ്ടു, അനുഭവിച്ചു. ഇത് കഴിഞ്ഞ് ഒരു ആറുമാസം കഴിഞ്ഞപ്പോൾ ഞാൻ ഒരു സ്‌കൂളിൽ ക്‌ളാസ് എടുക്കാൻ പോയി. അവിടെ ഹെഡ് മാസ്റ്ററുടെ മുറിയിൽ ഒരു വലിയ കേട്ട് പുസ്തകങ്ങൾ ഇരിപ്പുണ്ടായിരുന്നു. നോട്ട് ബുക്കുകൾ നൂറുകണക്കിന് അട്ടിയിട്ട് വച്ചിരിക്കുന്നു. ചോദിച്ചപ്പോൾ അതൊക്കെ പ്രളയ ദുരിതാശ്വാസ പ്രവർത്തകർ സംഭാവന നല്കിയവയാണെന്ന് അറിഞ്ഞു. കുട്ടികൾക്ക് കുറേ കൊടുത്തു, ആവശ്യത്തിനും അതിലധികവും. ബാക്കി? ബാക്കി ഞങ്ങൾ അധ്യാപകർ വീട്ടിൽ കൊണ്ടുപോയി സ്വന്തം കുഞ്ഞുങ്ങൾക്ക് കൊടുക്കും! യാതൊരു ഉളുപ്പും അല്ലാതെ അദ്ദേഹം അങ്ങിനെ പറഞ്ഞത് അദ്ദേഹത്തിന്റെ സത്യസന്ധതകൊണ്ടാണോ അറിവില്ലായ്മ കൊണ്ടാണോ എന്ന് ഇന്നും എനിക്കറിയില്ല. ഇതുപോലെ കേരളത്തിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് വന്ന തുക /സാധന /സാമഗ്രികൾ സ്വാർത്ഥ താൽപര്യത്തിൽ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയിട്ട് അതിനെ ഞ്യായീകരിക്കുന്ന ആയിരങ്ങളുടെ നാടാണ് ഭാരതം.

പണ്ട് അപ്പച്ചന് തേങ്ങാവെട്ട് ആയിരുന്നു തൊഴിൽ, കൊപ്ര കച്ചവടം. വീടുകളിൽ നിന്ന് തേങ്ങാ മൊത്തവിലക്ക് വാങ്ങി കൊണ്ടുവന്ന് കൊപ്രയാക്കി മില്ലുകളിൽ കൊണ്ടുപോയി കൊടുക്കും. 4 -5 ദിവസത്തെ പണിയുണ്ട്, നല്ല മനുഷ്യ അദ്ധ്വാനം വേണ്ട തൊഴിൽ ആണ്, തേങ്ങാ പൊതിക്കൽ, തേങ്ങാ വെട്ട്, കൊപ്ര കഴുത്തൽ .... ഇങ്ങനെ നിത്യവും ഒരു ചുമട് പണികളാണ്. കഠിനാദ്ധ്വാനം വേണ്ട പണികൾ, യന്ത്രവല്കരണം സാധ്യമല്ലാത്ത പണികൾ. അതിൽ തേങ്ങാ ഉണക്കുക, കൊപ്ര ഉണക്കുക എന്നത് നിത്യജോലിയാണ്, വീടിന്റെ ഉമ്മറത്ത് മുറ്റത്ത് നിരത്തിവച്ചാണ് കൊപ്ര ഉണ്ടാക്കുന്നത്. വീടിനു മുൻപിൽ പഞ്ചായത്ത് റോഡാണ്, നിരവധി പരിചയക്കാർ അതുവഴി കടന്നുപോകും, പോകുന്നവർ തേങ്ങാ /കൊപ്രാ നിരന്നിരിക്കുന്നത് കണ്ട് ഒരു കഷണം എടുത്ത് കൊറിച്ചുകൊണ്ട് നടന്നു പോകും. ചുമ്മാ തമാശയ്ക്ക് ..
ഒരാളുടെ തൊഴിലാണ്, ഉപജീവനമാണ് എന്നൊന്നും ചിന്തിക്കാതെ നിരുപദ്രവപരമായ ഒരു പ്രവൃത്തി! ഇങ്ങനെ 100 പേർ ചെയ്താൽ ആ തൊഴിൽ എടുത്ത് ജീവിക്കുന്ന ആളിന് എന്തു നഷ്ടമാണ് എന്നു ചിന്തിക്കാനുള്ള ഹൃദയ വിശാലത ഒന്നും ചിന്താശേഷി ഒന്നും ഈ സുഹൃത്തുക്കൾക്ക് ഉണ്ടാവില്ല.
ഇത് പറയാൻ കാരണം പിന്നീട് ഞാൻ റിക്രൂട്ട്മെന്റ് മേഖലയിൽ ജോലി ചെയ്യുമ്പോൾ പല സുഹൃത്തുക്കളും എന്നെ വിളിച്ച് അത്യാവശ്യമായി ഒരാളിനെ വേണമല്ലോ എന്ന് പറയുകയും ഞാൻ എവിടുന്നെങ്കിലും ആളെ തപ്പി ജോലിയ്ക്ക് അയക്കുകയും ചെയ്യാറുണ്ടായിരുന്നു, യാതൊരു പ്രതിഫലവും ഇല്ലാതെ സ്നേഹം കൊണ്ട്. ഇങ്ങിനെ പോകുമ്പോൾ ഒരു ദിവസം ഇക്കൂട്ടത്തിൽ ഒരു സുഹൃത്തിനെ വിളിച്ച് കുറച്ചു സംശയം തൊഴിൽ നിയമവുമായി ബന്ധപ്പെട്ട്, ചോദിച്ചപ്പോൾ കിട്ടിയ മറുപടി തലക്കടി ആയി. "ഞാൻ തൊഴിൽ നിയമ കൺസൽട്ടൻറ് ആയി ജോലി ചെയ്യുന്നത്, ഉപജീവനമാണ് .. അതുകൊണ്ട് എന്തെങ്കിലും ഉപദേശം വേണമെങ്കിൽ ഫീസ് തരണം, സോറി ... ഇത് എന്റെ പ്രൊഫെഷണൽ ഫീൽഡ് ആണ്. വ്യക്തിപരമായി എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ചോദിച്ചോ ...ന്ന്!!" ഒരു വർഷം മുൻപാണ് അവരുടെ ഓഫീസിലേക്ക് അത്യാവശ്യമായി ഒരു അക്കൗണ്ടന്റ് വേണമെന്ന് നിരന്തരം വിളിച്ച് ശല്യപ്പെടുത്തി, ഞാൻ ഒരാളെ തപ്പി കൊടുത്തത്. പാവം , വല്ല അൽ ഷൈമേഴ്‌സ് ആയിരിക്കും എന്ന് കരുതി ഞാൻ സമാധാനിച്ചു.

Tuesday, February 11, 2020

അലക്സ് മാഷ് അനുസ്മരണം (തിരുവാണിയൂർ)

അലക്സ് മാഷ് അനുസ്മരണം
തിരുവാണിയൂർ : സംഗീതാധ്യാപകനും സംഗീത സംവിധായകനും ആയിരുന്ന അലക്സ് മാഷിൻറെ (കെ ആർ അലക്സ്) ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും സംഗീതാർച്ചനയും മുതിർന്ന കലാകാരന്മാരെ ആദരിക്കലും നടത്തി. തിരുവാണിയൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ' ഗുരുദക്ഷിണ 2020' പരിപാടികൾക്ക് അലക്സ് മാഷിന്റെ കുടുംബാംഗങ്ങളും, ശിഷ്യന്മാരും നേതൃത്വം നൽകി. തിരുവാണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.സി.പൗലോസ് അദ്ധ്യക്ഷനായ ചടങ്ങിൽ എസ് ടി റെഡ്ഡ്യാർ & സൺസ്, പ്രിന്റിംഗ് ഡിവിഷൻ മാനേജിങ് ഡയറക്ടർ ശ്രീ. ആർ സുരേഷ് ഉദ്‌ഘാടനം കർമ്മം നിർവ്വഹിച്ചു. ശില്പി ശ്രീ. സുനിൽ തിരുവാണിയൂർ ആമുഖാവതരണവും  ശ്രീ. കെ.എ. പരമു (പഞ്ച മൂർത്തി സംഗീതാലയ, മരട്) അലക്സ് മാഷ്  അനുസ്മരണപ്രഭാഷണവും  നടത്തി.

മുതിർന്ന കലാകാരന്മാരായ പ്രശസ്ത വയലിൻ വിദ്വാൻ സംഗീത കലാനിധി നെടുമങ്ങാട് ശിവാനന്ദൻ , ഗാനരചയിതാവും കവിയുമായ ശ്രീ.തോമസ് അന്തിക്കാട്ട്, കാഥികൻ ശ്രീ. കലാലയ ജി റാവു, സിനി ആർട്ടിസ്റ്റ് ശ്രീ. ബാബുരാജ് തിരുവാങ്കുളം എന്നിവരെ ചടങ്ങിൽ ആദരിച്ചു. ശ്രീമതി ഭവാനി രാധാകൃഷ്ണൻ, റവ.ഫാ മത്തായി എരമംഗലത്ത് കോർ എപ്പിസ്കോപ്പ, സംഗീതജ്ഞൻ ശ്രീ. തൃപ്പൂണിത്തുറ ചന്ദ്രമോഹൻ, റിട്ടയേർഡ് അധ്യാപകൻ ശ്രീ.സി സി. ജോർജ്ജ്, ശ്രീ.വാസുദേവൻ നമ്പൂതിരി (തുരുത്തിക്കാലമന), ശ്രീ. ജോസി വർക്കി എന്നിവർ സംസാരിച്ചു. 

അലക്സ് മാഷിന്റെ ശിഷ്യരായ ശ്രീമതി വത്സല കുട്ടൻ, ശ്രീമതി പ്രിയ വിജയൻ, ശ്രീമതി മണി ഷൺമുഖം, ശ്രീമതി അജിത അലക്സ്, ശ്രീ. അനിഷ് അലക്സ് എന്നിവരുടെ കർണ്ണാടക സംഗീത കച്ചേരിയും, ശ്രീ. തോമസ്  അന്തിക്കാട് മാഷിന്റെ വരികൾക്ക്   അലക്സ് മാഷ് സംഗീത സംവിധാനം നടത്തിയ ലളിത ഗാനങ്ങളും ശാസ്ത്രീയ സംഗീതങ്ങളും ഉൾപ്പെടുത്തി ഏഞ്ചൽ ക്ലെയർ, ദിയ അൽഫോൻസ, ആർദ്ര രവീന്ദ്രൻ, ശിവ ലക്ഷ്മി ബിജു, അലീന ചാക്കോ, മേരി വിജയം, ഷോളി ബിനോബി എന്നിവരുടെ സംഗീതാർച്ചനയും  തുടർന്ന്  കലാകാരന്മാരായ  ശ്രീ. ശൈലേഷ് നാരായണൻ (കീ ബോർഡ്), ശ്രീ. കോട്ടയം മനോജ്(മൃദംഗം), ശ്രീ. വിഷ്ണു ചന്ദ്രമോഹൻ (വയലിൻ), ശ്രീ. ദിലീപ് കൊല്ലം ( വോക്കൽ), ശ്രീ. എൻ.എ സദാനന്ദൻ  & ശ്രീ. കുമാരൻ (തബല), ശ്രീ. ശ്രീകാന്ത് രാമമംഗലം (റിഥം) എന്നിവർ അവതരിപ്പിച്ച ഫ്യൂഷൻ സംഗീത സന്ധ്യയും അരങ്ങേറി.