Sunday, July 14, 2019

വിവേകിയുടെ പ്രാർത്ഥന

അസാംഗത്യം എന്ന പദത്തിന്റെ അർഥം അപ്രസക്തമായ, അനുചിതമായ, അസംബന്ധമായ എന്നൊക്കെയാണ്.

ഒരു ചെറിയ ഉദാഹരണത്തിലൂടെ വിശദമാക്കാം.

നമ്മൾ ഒരു പുതിയ ഭവനത്തിൽ ചെല്ലുമ്പോൾ (ഗൃഹപ്രവേശനത്തിന്)  ധാരാളമായി ചെയ്യുന്ന പ്രവൃത്തിയാണ്.

വീട് മുഴുവൻ ഓടി നടന്നു കണ്ടിട്ട് എല്ലാകാര്യത്തിലും അഭിപ്രായം പറയും. പെയിന്റിന്റെ കളർ മാച്ചിങ് അല്ല, ഇതിനു പകരം അതടിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെ എന്നൊക്കെ

മുറികളുടെ എണ്ണം, അലമാരകൾ, അടുക്കളയുടെ വലുപ്പം  എന്നിങ്ങനെ സർവത്ര കാര്യത്തിലും സൗജന്യ ഉപദേശം വാരിക്കോരി കൊടുക്കും

നമ്മൾ പാലുകാച്ചലിന് പോയ വീട് അതിന്റെ ഉടമസ്ഥർ അവരുടെ ആവശ്യത്തിന്, അവരുടെ സൗകര്യത്തിന്, അവരുടെ ബഡ്ജറ്റിന് ഉണ്ടാക്കിയതാണെന്ന കാര്യം പാടെ വിസ്മരിച്ചുകൊണ്ട് അഭിപ്രായം പ്രകടനം നടത്തുന്നത് അസാംഗത്യമാണ്

ഒന്നുമറിയില്ലെങ്കിൽ കൂടി വാസ്തുശാസ്ത്രം വരെ  ചിലർ  ആധികാരികമായി തട്ടിവിടും!! അതുവഴി അന്ധവിശ്വാസം സൗജന്യമായി വാരിവിതറും

അതുകൊണ്ട് അടുത്തപ്രാവശ്യം ആരെങ്കിലും പാലുകാച്ചലിന്  ക്ഷണിച്ചാൽ 'അസാംഗത്യം' എന്ന പദം മനസ്സിൽ കുറിച്ചിടുക. പോയി ചടങ്ങിൽ സംബന്ധിച്ച്, ഭക്ഷണം കഴിച്ച് അവരുടെ സന്തോഷത്തിൽ പങ്കുചേർന്ന് എന്തെങ്കിലും നല്ല വാക്കുകൾ പറഞ്ഞു തിരിച്ചു പോരുക

"ദൈവമേ മാറ്റുവാന്‍ പറ്റാത്തവയെ സ്വീകരിക്കാനുള്ള പ്രശാന്ത മനഃസ്ഥിതിയും,മാറ്റുവാന്‍ പറ്റുന്നവയെ മാറ്റുവാനുള്ള ധൈര്യവും, ഇവയെ തമ്മില്‍ വേര്‍തിരിച്ചറിയുവാനുള്ള വിവേകവും ഞങ്ങള്‍ക്ക് നല്‍കേണമേ." - (റെയ്നോൾഡ് നെയ്ബർ - വിവേകിയുടെ  പ്രാർത്ഥന)