വൃദ്ധരായ മാതാപിതാക്കളെ നോക്കാൻ നേരമില്ലാത്ത മക്കളെയോർത്തു മുതല ക്കണ്ണീർ പൊഴിക്കുന്ന മലയാളി കൾക്ക് മൊത്തത്തിൽ അപമാനമാണ് പ്രിയങ്ക ചോപ്ര സംഭവം. മൂല്യങ്ങൾക്ക് വലിയ വിലയിടിവു സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ 4ജി കാലഘട്ടത്തിൽ രണ്ടു വലിയ സന്ദേശങ്ങൾ ആണ് പ്രിയങ്ക ചോപ്രയും മുത്തശ്ശിയും നമുക്ക് നല്കിയത്.
ഒന്ന്, സ്വന്തം അപ്പനോടും അമ്മയോടും മുത്തശ്ശനോടും മുത്തശ്ശിയോടും കാണിക്കേണ്ട സ്നേഹം, അതു വളരെ വിലയേറി യതാണ്. കേവലം മറവിയുടെ കയത്തിലേക്ക് വലിച്ചെറിയേണ്ട കറിവേപ്പിലകൾ അല്ല അവർ. ഹോളിവുഡിലും ബോളിവുഡിലും തിളങ്ങി നിൽക്കുന്ന പ്രിയങ്ക ചോപ്പ്ര തന്റെ എല്ലാ പരിപാടികളും മാറ്റിവച്ചു കൊണ്ടാണ് മുത്തശ്ശിയുടെ അന്ത്യഭിലാഷം സാധ്യമാക്കാൻ, കേരളത്തിൽ മുത്തശ്ശി മാമോദീസ മുങ്ങിയ പള്ളിയിൽ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കാൻ അവരുടെ ജന്മ നാട്ടിലേക്ക് പുറപ്പെട്ടത്. ഒരു പേരക്കുട്ടിയും അമ്മൂമ്മയും തമ്മിലുള്ള ആ സ്നേഹബന്ധത്തിലെ ആ നന്മ നമ്മൾ കാണാതെ പോകരുത്.
രണ്ട്, ഓരോ വ്യക്തിയും താൻ ജനിച്ചു വളർന്ന മണ്ണും നാടും തന്റെ അന്ത്യശ്വാസം വരെ ഉള്ളിൽ ഒരു ഗൃഹതുരത്ത്വമയി കൊണ്ടുനടക്കും. ലോകത്തിന്റെ ഏതു കോണിൽ പോയാലും, എത്ര പ്രശസ്തിയിലും ഉയരത്തിലും എത്തിയാലും സ്വന്തം മണ്ണ് മറക്കാത്ത വ്യക്തിയാണ് യഥാർത്ഥ മനുഷ്യൻ, ഈ നന്മ നമ്മുടെ കുഞ്ഞുങ്ങളെ പറഞ്ഞു കൊടുത്തും ജീവിച്ചു കാണിച്ചും പഠിപ്പിക്കേണ്ടിയിരിക്കുന്നു. ഒബാമയും മണ്ടെലയും മുതൽ നമ്മുടെ അബ്ദുൾ കലാം വരെ ഇക്കാര്യത്തിൽ നമുക്ക് വലിയ മാതൃകകളാണ്.
എന്നാൽ ഒരു ശരാശരി മലയാളിയുടെ (ഞാനടക്കം) സങ്കുചിത ചിന്തകൾക്ക് മുൻപിൽ ആ മുത്തശിയുടെ അന്ത്യാഭിലാഷം നടക്കാതെ പോയി. വളരെ വലിയ തത്ത്വങ്ങളും വേദാന്തവും പറയുന്നവരായ നമ്മൾ മലയാളികൾ എത്ര ഇടുങ്ങിയ ചിന്താധാരയാണ് വച്ചു കൊണ്ടിരിക്കുന്നത് എന്നതിന്റെ നേർ സാക്ഷ്യമാണ് ഇവിടെ നാം കണ്ടത്. ക്രിസ്തു മതത്തിൽ വിശ്വസിക്കുന്നവർ ഇങ്ങിനെ മമൂലുകളെയും വ്യർഥമായ പാരമ്പര്യങ്ങളെയും കെട്ടി പിടിച്ചു കൊണ്ടിരിക്കേണ്ട കാര്യമുണ്ടോ? വളരെ വിശാലമായി ചിന്തിക്കേണ്ട, ഒരു മാതൃകാ പുരുഷന്റെ അനുയായികൾ, തങ്ങളുടെ പ്രാമാണിത്തവും തന്പോരിമയും അധികാര മേല്കൊയ്മയും കാണിക്കാൻ ഇത്തരം വിഡ്ഢി തീരുമാനങ്ങൾ എടുക്കുന്നത്, ചരിത്ര പരമായ മഠയത്തരമായി മാത്രമേ കാണാനാവൂ.
ക്ഷമിക്കാനും തിരികെ സ്വീകരിക്കാനും പഠിപ്പിച്ച ആ മഹാ ഗുരുവിനും പിറന്ന മണ്ണിനെ ഓർമ്മയിൽ സൂക്ഷിച്ച ആ മുത്തശ്ശിയ്ക്കും അവരെ മരണം വരെ സ്നേഹിച്ച പേരക്കുട്ടിയ്ക്കും മുൻപിൽ ശിരസു നമിച്ചുകൊണ്ട്, ഈ നാടിനു വേണ്ടി, ക്ഷമ ചോദിക്കുന്നു.
ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി 682314