Tuesday, February 25, 2014

അബോർഷൻ

അബോർഷൻ 

അബോർഷൻ ആയ മാങ്ങകൾ
കണ്ണിമാങ്ങകൾ ആയി നിലത്തു വീണു
അമ്മച്ചി അതെല്ലാം പെറുക്കി എടുത്തു.
മിട്ടായി ഭരണികളിൽ ഇട്ടുവച്ചു.

ഉപ്പിലിട്ട കണ്ണിമാങ്ങകൾ
കൂട്ടി മീൻകറി വച്ചു
ചമ്മന്തി അരച്ചു
അച്ചാറിട്ടു
....
സംഭവിച്ചതെല്ലാം നല്ലതിന്,

പാവം മാവിന്റെ നൊമ്പരം
ആരറിവൂ?? 

സ്വവർഗാനുരാഗം

സ്വവർഗാനുരാഗം

ഇന്നലെ മട്ടുപ്പാവിലെ ( ടെറസ്സിലെ) ചെടികൾക്കു
വെള്ളം നനയ്ക്കാൻ കയറിയപ്പോൾ
രണ്ടു പയർ വള്ളികൾ കെട്ടിപ്പിണഞ്ഞു നിൽക്കുന്നു!!

ഉടനെ കുറച്ച് കയർ എടുത്തു കൊണ്ടുവന്ന്
പന്തൽ കെട്ടി രണ്ടു പേരെയും കയറിലേക്ക്
ചേർത്തു വച്ചുകൊടുത്തു.

അങ്ങിനെ കയറും പയർവള്ളിയും തമ്മിൽ പ്രണയത്തിലായി. സ്വവർഗാനുരാഗം മുളയിലേ നിർത്തിച്ചു!!  

ചേരേണ്ടത് ചേർത്തില്ലെങ്കിൽ
............പാടില്ലാത്തത് ചേരും!! 

Thursday, February 20, 2014

കാറ് വാങ്ങിയതിന്റെ കഷ്ടപ്പാട്!!

ഞാൻ കാറുപയോഗിക്കാൻ തുടങ്ങിയിട്ട് 5 വർഷത്തിലേറെയായി. ഇപ്പോൾ കാർ മുളന്തുരുത്തി റെയിൽവേ സ്റ്റെഷനിൽ ഇട്ട് നിത്യവും ട്രെയിനിൽ കയറി ജോലിക്കു വന്നു പോകുന്നു. എന്തു സുഖം!!  

കാറോടിക്കുന്നത് വലിയ തലവേദന തന്നെ. ചുമ്മാ ട്രെയിനിൽ ഇരുന്നപ്പോൾ കാറു വാങ്ങിയത് മുതലുള്ള കഷ്ടപ്പാടുകൾ ഓർത്തുപോയി.

1) എല്ലാ മാസവും കൃത്യമായി ബാങ്ക് ലോണിന്റെ ഇ.എം.ഐ. അടയ്ക്കണം
2) പെട്രോൾ അടിക്കുന്ന വകയിൽ മാസച്ചിലവ് 4000 -5000 കണ്ടു കൂടി.
3) കാർ ഓടിക്കുമ്പോൾ ഉള്ള 'മെന്റൽ ടെൻഷൻ' ( പ്രത്യേകിച്ച് കൊച്ചിയിൽ) വളരെ കൂടുതൽ ആണ്.
4) ഓടിക്കുന്നതിലെ ശാരീരിക അദ്ധ്വാനം കണക്കിലെടുക്കണ്ടേ? ഓഫീസിൽ എത്തുമ്പോൾ തന്നെ വണ്ടി ഓടിച്ച ക്ഷീണത്തിൽ ആവും.
5) ഏതെങ്കിലും ഒരു 'പാർട്ടിക്ക്' പോയാൽ മനസ്സു നിറഞ്ഞ് ഒന്നു മദ്യപിക്കാനും ഇപ്പോൾ പറ്റുന്നില്ല! കാരണം തിരികെ വണ്ടി ഓടിച്ചു വീട്ടിൽ എത്തണമല്ലോ? പോലീസിന്റെ മുൻപിൽ ചെന്ന് ചാടാതെ!!
 6) കാറുള്ളതു കൊണ്ട് ഇപ്പോൾ ബന്ധുക്കൾ ക്ഷണിക്കുന്ന കല്യാണങ്ങൾക്കും മറ്റും കുടുംബത്തോടെ ചെല്ലുമെന്ന് അവർ പ്രതീക്ഷിക്കുന്നു. (വളരെ അടുത്തവർ) ചെന്നില്ലെങ്കിൽ അതിനു പരിഭവം.              
 7) കാർ ഉള്ളതുകൊണ്ട് വീട്ടിലെ എല്ലാവർക്കും ഒരുമിച്ച് പോകാം എന്ന് വീട്ടിലിരിക്കുന്നവർക്ക് തോന്നാം.അപ്പോൾ ലീവ് (അടിക്കടി) ആവശ്യമായി വരുന്നു.
9) എല്ലാ 3 മാസം കൂടുമ്പോഴും എന്തെങ്കിലും സർവീസിനായി 3000 മുതൽ 5000 വരെ തുക ചെലവാകുന്നു.
10) വീട്ടിലെ പോർച്ചിൽ കാർ കിടക്കുന്നത് കണ്ട് പിരിവുകാർ വളരെ പ്രതീക്ഷിക്കുന്നു. നിരാശരകുമ്പോൾ "ഛെ;  പന്ന,......പിശുക്കൻ" എന്ന് പിറുപിറുത്തുകൊണ്ട് പോകുന്നു.
11) കാർ വൃത്തിയാക്കാൻ ദിവസവും, ആഴ്ചയിൽ ഒരിക്കലെങ്കിലും കുറെ സമയം ചെലവാക്കണം 
12) എല്ലാ മാസവും 4 കാർ ഡീലെർമാരുടെ 8 സർവ്വീസ് സെന്റെറിൽ നിന്നുള്ള 'ഫോണ്‍ വിളി ശല്യം അനുഭവിക്കണം!

ഇക്കഴിഞ്ഞ ബജറ്റ് ഇളവിന്റെ ഫലമായി പല കമ്പനികളും കാർ വില കുറച്ചതായി ഇന്നത്തെ പത്രത്തിൽ വാർത്ത‍ കണ്ടു.

സത്യത്തിൽ വഹനവിലയല്ല കുറയ്ക്കേണ്ടത്, മറിച്ച് ഇന്ധന വിലയാണ്. അല്ലെങ്കിൽ കൂടുതൽ മൈലേജ് ഉള്ള വാഹനങ്ങൾ നിർമ്മിക്കാൻ അതിന്റെ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാൻ സർക്കാർ മുൻകൈ എടുക്കണം.    

അതിനു വേണ്ട പ്രോത്സാഹനം നൽകണം. അതുപോലെ തന്നെ പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്ന വാഹനങ്ങൾ പ്രോത്സാഹിപ്പിക്കണം.  

നമുക്കു വേണ്ടത് ഒരു ലക്ഷം രൂപയുടെ 'നാനോ കാർ' അല്ല; മറിച്ച് പത്തു ലക്ഷം രൂപ മുടക്കിയാലും 100 കി.മി. മൈലേജ് തരുന്ന ടെക്നോളജി ആണ്. അതുവഴി മാത്രമേ നമുക്കീ ഇന്ധനക്ഷാമം പരിഹരിക്കാൻ സാധിക്കൂ.

ജയ് ഹിന്ദ്‌ !!