Monday, October 29, 2012

ചിന്തിച്ചാല്‍ ...

ഒരു പുതിയ ക്ലോക്ക് പണിപ്പുരയില്‍ നിന്നും പുറത്തു വന്നു, ഷെല്‍ഫില്‍ സ്ഥാനം പിടിച്ചു. 

അതിലെ പെന്‍ഡുലം ഇങ്ങനെ ചിന്തിച്ചു: "ഹോ, ഇനി ഞാന്‍ ഓരോ സെക്കന്റും ഒരു പ്രാവശ്യം ആടണം. ഒരു മിനിറ്റില്‍ 60 പ്രാവശ്യം ആടണം. ഒരു മണിക്കൂറില്‍ 3600 പ്രാവശ്യം ആടണം, ഒരു ദിവസം 86400 പ്രാവശ്യം ആടണം, ഒരു ആഴ്ചയില്‍ 604800 പ്രാവശ്യം ആടണം, ഒരു മാസത്തില്‍ 2628000??? പ്രാവശ്യം ആടണം, ഒരു വര്‍ഷം .... ഹോയ്യോ,,,,,,,
 
പാവം പെന്‍ഡുലം, തലകറങ്ങി വീണു.

അടുത്തിരുന്ന, ഒരു പഴയ ക്ലോക്കിലെ അമ്മാവന്‍ പെന്‍ഡുലം ഇത് കണ്ടു.

കുട്ടി ക്ലോക്കിനോട് പറഞ്ഞു: മോനെ നീ വിഷമിക്കണ്ട. നാം ഒരു സെക്കന്റില്‍ ഒരു പ്രാവശ്യം ആടിയാല്‍ മതിയല്ലോ. അത്രമാത്രം ഇപ്പോള്‍ ചിന്തിച്ചാല്‍ മതി. ഞാന്‍ 100 കൊല്ലമായി പ്രവര്‍ത്തിക്കുന്നു, ഒരു കുഴപ്പവും ഇല്ല.

ഗുണപാഠം: ചിന്തിച്ചാല്‍ ഒരന്തവും ഇല്ല; ചിന്തിച്ചില്ലേല്‍ ഒരു കുന്തവും ഇല്ല. 

Monday, October 01, 2012

ഡയറക്റ്റ് മാര്‍ക്കറ്റിംഗ് - ഒരു സുഖമുള്ള ഓര്‍മ്മ

അങ്ങിനെ അവസാനം വാക്വം ക്ലീനെര്‍ വാങ്ങി!!

കുറെ വര്‍ഷങ്ങളായി വേണ്ടാ, വേണ്ടാ എന്നു വച്ച് നീട്ടി കൊണ്ടുപോയ ഒരു സാധനം, ഇന്നലെ വാങ്ങി. വീട് മുഴുവന്‍ യന്ത്ര സാമഗ്രികള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടു നിറയ്ക്കുന്നതില്‍ ഉള്ള മനോവിഷമം കൊണ്ടാണ് ഇത്രനാളും വലിച്ചു നീട്ടിയത്. എന്നാല്‍ ഇപ്പോള്‍ അജിതയ്ക്ക് പൊടി അലര്‍ജി, അമ്മച്ചിക്ക് നടുവേദന ഇതൊക്കെ കൊണ്ടു വീട് അടിച്ചു വാരി, തുടച്ചിടാന്‍ ഒരു ചേച്ചിയുടെ പിറകെ നടക്കാന്‍ തുടങ്ങിയിട്ട് മാസം രണ്ടായി. ഇന്ന് വരാം, നാളെ വരാം എന്നു പറയുന്നതല്ലാതെ ഇതുവരെ അവര്‍ ഞങ്ങളെ കനിഞ്ഞനുഗ്രഹിച്ചില്ല! 

ഈ പണിയൊക്കെ എനിക്ക് ചെയ്തുകൂടെ എന്നു നിങ്ങള്‍ ചോദിക്കരുത്. കാരണം എനിക്ക് തീരെ സമയം ഇല്ല, ഒരു പുസ്തകം വായിച്ചിട്ട് തന്നെ നാളോരുപാടായി. അങ്ങിനെയാണ് ഈ തീരുമാനത്തില്‍ എത്തിയത്, വാക്വം ക്ലീനെര്‍ വാങ്ങാം. വീട്ടുകാര്‍ക്കും സമ്മതം. ബജെറ്റ് പെട്ടെന്ന് പാസ്സായി, ഒരു പരസ്യം നോക്കി യൂറേക്കാ ഫോര്‍ബ്സ് നമ്പര്‍ തപ്പിയെടുത്തു വിളിച്ചു. ഞായറാഴ്ച രാവിലെ തന്നെ 'ഡെമോ കുട്ടന്‍' വിളിച്ചു, വീടും അഡ്രസ്സും വാങ്ങിച്ചു.  എന്നാല്‍ വന്നപ്പോള്‍ രണ്ടു മണിയായി. അതായത്, ഞായറാഴ്ചത്തെ അമിത ഭക്ഷണം കഴിഞ്ഞു ചാഞ്ഞുറങ്ങേണ്ട 'ധന്യമുഹൂര്‍ത്തം'!! കലന്മാരുടെ വരവ് നല്ല സമയത്ത് തന്നെ, മുട്ടന്‍ മഴയും. കഷായം കുടിക്കുന്നപോലെ ഉറക്കം കനം വച്ച കണ്ണുകളുമായി  അവന്റെ ഡെമോ സര്‍ക്കസ് കാണാന്‍ ഇരുന്നു. 

യന്ത്രം പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയപ്പോള്‍ തന്നെ, ഫ്യൂസ് അടിച്ചു പോയി... സാരമില്ല ഡ്രിപ് ആയതാണ്, മെയിന്‍ സ്വിച്ചു നേരെയാക്കി, തുടരാന്‍ പറഞ്ഞു. (പണ്ടാരം ഒന്ന് തീര്‍ന്നാല്‍ മതിയായിരുന്നു.) വാക്വം   ക്ലീനെറിന്റെ ഒച്ച കേട്ട്   'കക്കു കുട്ടി' ഞെട്ടി കരയാന്‍ തുടങ്ങി, പിന്നെ അവളെ എടുത്തു തോളത്തിട്ടു കൊണ്ടായി ഡെമോ കാണല്‍.. അവന്‍ പല അഭ്യാസങ്ങളും പയറ്റി.

പണിപാളിയത്  കുറച്ചു കഴിഞ്ഞാണ്. ഒരു പൈപ് എടുത്തു 'മാഡം, ദാ ഇത് എന്ത് ചെയ്താലും ഓടിയില്ല, മുറിയില്ല' എന്നു പറഞ്ഞു വളച്ചോടിച്ചപ്പോള്‍  പൈപ്പ് രണ്ടായി മുറിഞ്ഞു പോയി! കഷ്ടകാലം, പിന്നെ പുതിയ കിറ്റിലെ പൈപ് എടുത്തു മാറ്റിയിട്ടു ഡെമോ തുടര്‍ന്ന്. അടുത്ത അഭ്യാസം ഫാനിലെ അഴുക്കും പൊടിയും കളയുന്ന വിദ്യ ആയിരുന്നു. അത് കാണിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. മറ്റേതിന്റെ ജാള്യത മാറ്റാന്‍ അവന്‍ ഫാനില്‍ കയറി പിടിച്ചു, കാരണം സ്ത്രീകള്‍ക്ക് എന്നും ബുദ്ധിമുട്ടുള്ള ഒരു കാര്യം ആണ് ഫാന്‍ തുടക്കുക എന്നത്. ശക്തിയേറിയ വാക്വം കൊണ്ടു ഫാനിന്റെ ലീഫില്‍ പിടിച്ചപ്പോള്‍ പാവം ലീഫ്,, മടങ്ങിപ്പോയി!! അങ്ങിനെ ഡെമോ സര്‍ക്കസ് ആകെ കുളമായി. അത് സാരമില്ല ഞാന്‍ ശെരിയാക്കി കൊള്ളാം എന്നു പറഞ്ഞു 'ഡെമോ' അവസാനിപ്പിക്കാന്‍ അവസാന ബെല്ല് കൊടുത്തു. അവന്‍ നിരാശയോടെ കിറ്റ്‌ പാക്കുചെയ്തു,   കച്ചോടം നടക്കുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ലാതെ. അജിതയും അമ്മച്ചിയും 'വാക്വം ക്ലീനെര്‍' എന്ന മോഹം ഇറക്കി വച്ച് ഇവന്‍ എങ്ങനെയെങ്കിലും പോയി കിട്ടിയാല്‍ മതി എന്ന മട്ടില്‍ ഇരിക്കുന്നു.

ഞാന്‍ പക്ഷെ, അകത്തു പോയി പൈസ എടുത്തു വന്നു, ബില്ലെഴുതാന്‍ പറഞ്ഞു. അവന്‍ അന്തം വിട്ടപോലെ എന്നെ നോക്കി, ഇത് സ്വപ്നമോ അതോ എനിക്ക് വട്ടാണോ എന്ന മട്ടില്‍. . അജിതയോട് കുറച്ചു വെള്ളം കുടിക്കാന്‍ കൊടുക്കാന്‍ പറഞ്ഞു, എന്നിട്ട് സാവധാനം ഇരുന്നു ബില്‍ എഴുതാന്‍ പറഞ്ഞു. അഞ്ചു മിനിട്ട് കൊണ്ടു കച്ചോടം നടന്നു.  അവന്‍ സ്വപ്നമോ യഥാര്ത്യമോ എന്നറിയാതെ തന്റെ ബൈക് സ്റ്റാര്‍ട്ട്‌ ചെയ്തു 'ഡെമോ കിറ്റ്‌' തോളില്‍ തൂക്കി യാത്രയായി.
---------------------------------
അവന്‍ പോയി കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ കഥ പറഞ്ഞു.


1992-97 കാലത്ത് ഞാന്‍ മണ്ണുത്തി  കാര്‍ഷിക സര്‍വ്വകലാശാലയില്‍  പഠിക്കുമ്പോള്‍ ഞങ്ങള്‍ മൂന്നുപേര്‍ - ഞാന്‍, ഷാജു, കിണ്ണന്‍ പഠനത്തോടൊപ്പം ജോലി എന്ന ആശയത്തില്‍ ആകൃഷ്ടരായി ക്രോംടെന്‍ ഗ്രീവ്സ് കിച്ചന്‍ അപ്ലൈയന്സസ് വില്‍ക്കുന്ന ഒരു ഡയറക്റ്റ് മാര്‍ക്കറ്റിംഗ് ഏജന്‍സിയില്‍ ജോലി തേടി. തൃശ്ശൂര്‍ കിഴക്കേകോട്ടയില്‍ ആയിരുന്നു അവരുടെ ഓഫീസ്. 'നീഡ്സ് അപ്ലൈയന്സസ്' അതാണ് സ്ഥാപനത്തിന്റെ പേര്. ഹരി, മോഹന്‍, രഞ്ജിത് എന്നിവര്‍ ആയിരുന്നു ഉടമകള്‍. (ഇവര്‍ മൂവരും ഇന്നത്തെ സിനിമ നടന്‍ ബിജു മേനോന്‍ന്റെ സുഹൃത്തുക്കള്‍ ആയിരുന്നു.) ഇതില്‍ രഞ്ജിത് ഇന്നില്ല.  ഞങ്ങള്‍ എന്നും വൈകിട്ട് കോളേജു കഴിഞ്ഞു ഈ ഓഫീസില്‍ പോയി 'ക്രോംടെന്‍' റൈസ്‌ കുക്കെര്‍, ഫുഡ്‌ പ്രോസെസ്സര്‍, ടോസ്റ്റെര്‍, മൈക്രോ വേവ് ഓവന്‍ ഇത്യാദി സാധനങ്ങളില്‍ ഏതെങ്കിലും ഒന്ന് എടുത്തു 'ഡെമോ ബാഗില്‍' കയറ്റി തോളത്ത് തൂക്കി,    വീടുകളില്‍ പോയി ഡെമോ നടത്തും, കുറച്ചു സെയിലും നടക്കും. പ്രധാനമായും തൃശ്ശൂര്‍ നടക്കുന്ന എക്സിബിഷനുകളില്‍ നിന്നും കിട്ടുന്ന ബുക്കിംഗ് അനുസരിച്ചാണ് ഡെമോയ്ക്ക് പോകുന്നത്. ഇതില്‍ പ്രധാനം പൂരം എക്സിബിഷന്‍ ആണ്. അല്ലാതെ ക്ലബ്‌ വാര്‍ഷീകം, വലിയ സര്‍ക്കാന്‍ ഓഫീസുകളില്‍ സ്റ്റാള്‍ എന്നിവിടങ്ങളിലും ബുക്കിംഗ് കിട്ടും. 

ഒരിക്കല്‍ ടൌണ്‍ പരിസരത്ത് ചെമ്പുക്കാവില്‍ ഒരു വലിയ വീട്ടില്‍ ഞാന്‍ ഡെമോ കാണിക്കാന്‍ പോയി. ഫുഡ്‌ പ്രേസ്സെസോര്‍ ആയിരുന്നു ഐറ്റം. ഇതിന്റെ ജാര്‍ ഏ.ബി.എസ് പ്ലാസ്റിക് കൊണ്ടു ഉണ്ടാക്കിയതിനാല്‍ താഴെ വീണാലും പൊട്ടില്ല. ഇതും പറഞ്ഞു ഞാന്‍ ജാര്‍ തറയിലേക്കു ശക്തിയായി എറിഞ്ഞതും അയ്യോ എന്നു പറഞ്ഞു വീട്ടുകാരി തലയില്‍ കൈവച്ചു. അവരുടെ മുഖമൊക്കെ ദേഷ്യം കൊണ്ടു ചുവന്നു തുടുത്തു!! ഞാന്‍ കാര്യമറിയാതെ ഇളിച്ചു (ഇളിഭ്യനായി) നിന്നു. "നിങ്ങളുടെ ജാര്‍ പൊട്ടില്ലായിരിക്കും, പക്ഷെ എന്റെ ഫ്ലോര്‍ ഇറ്റാലിയന്‍ മാര്‍ബിള്‍ ആണ്, അതു പൊട്ടി!! ഇട്ടിട്ടു ഒരാഴ്ച്ചയെ ആയുള്ളൂ, നശിപ്പിച്ചല്ലോ", എന്നൊക്കെ പറഞ്ഞു കാറി വിളിക്കാന്‍ തുടങ്ങി. നല്ല പ്രൌഡയായ സ്ത്രീ ആയിരുന്നു, പെട്ടെന്ന് ഭദ്രകാളി ആയി മാറി? ഹോ, നാശം ഞാന്‍ ആകെ ഡാഷ് പോയ അണ്ണനെ പോലെ ആയി. അപ്പോള്‍ ദാ വരുന്നു രക്ഷകന്‍, വീട്ടുകാരന്‍ ചേട്ടന്‍. തൃശ്ശൂര്‍ സ്വര്‍ണ്ണകടക്കാരന്‍   ആണ്. "സാരമില്ലെടോ, ആ പയ്യന് അറിയാതെ പറ്റിയതല്ലേ പോട്ടെ," എന്ന് പറഞ്ഞു എന്നെ പരിചയപ്പെട്ടു. ഞാന്‍ മണ്ണുത്തിയിലെ സ്റ്റുഡന്റ്റ് ആണെന്ന് മനസ്സിലായപ്പോള്‍, വീട്ടമ്മയും കൂള്‍ ആയി. നല്ലൊരു ചായയും തന്നു, ഒരു ഫുഡ്‌ പ്രോസ്സെസ്സ്ര്‍ റും വാങ്ങി എന്നെ അനുഗ്രഹിച്ച ആ വീട്ടുകാരെ എങ്ങിനെ ഞാന്‍ മറക്കും? ഡോര്‍ ഡോര്‍ സെയില്‍ നടത്തുന്ന ചെറുപ്പക്കാരെ കാണുമ്പോള്‍ ഇതും അന്നത്തെ മറ്റനുഭവങ്ങളും ഓര്‍മ്മവരും. 

ഞങ്ങള്‍ ഫൈനല്‍ ഇയര്‍ തൊട്ടു മുന്‍പ്  വരെ ഇത് പോലെ 'പഠനത്തോടൊപ്പം ജോലി' നടത്തി. അത്യാവശ്യം കുറച്ചു കാശും അതിലേറെ അനുഭവസമ്പത്തും ഞങ്ങള്‍ക്ക് കിട്ടി. വിദ്യാര്‍ഥികള്‍ എന്ന നിലയില്‍ തൃശ്ശൂര്‍ ഒട്ടനവധി വീട്ടുകാര്‍ ഞങ്ങളോട് സ്നേഹത്തോടെ പെരുമാറിയിട്ടുണ്ട്. പഠിക്കുന്ന കാലത്ത് തൃശൂര്‍ കാസിനോ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുക എന്ന വലിയ ആഗ്രഹം നടന്നത് ഈ ജോലിയിലൂടെ ആണ്. ക്രോംടെന്‍  കമ്പനി മീറ്റിങ്ങില്‍ ഫുഡ്‌ അടിക്കാന്‍ ഞങ്ങളെ 'നീഡ്സ് ഏജന്‍സി' നിയമിക്കുമായിരുന്നു!! അന്നൊക്കെ അതു പെരുത്ത സന്തോഷം തരുന്ന കാര്യം ആയിരുന്നു. പഠനത്തോടൊപ്പം ജോലി ചെയ്യുന്നത് തീര്‍ച്ചയായും ആത്മവിശ്വാസം വര്‍ധിപ്പിക്കും, സംശയമില്ല.