അത് മാത്രമല്ല, മൊബൈല്‍ ഫോണ്‍ ഇന്ന് കേവലം ഒരു ഫോണ്‍ മാത്രമല്ല - MP3 പ്ലയെര്‍, ഡിജിറ്റല്‍ ക്യാമറ, റേഡിയോ, ഡയറി, ടോര്‍ച്ച്, അലാറം, ഇന്റര്‍നെറ്റ് & ഇ-മെയില്‍ എല്ലാം അടങ്ങിയ ഒരു കൊച്ചു പോക്കറ്റ് കമ്പ്യൂട്ടര്‍ തന്നെയാണ്.
ഇതൊക്കെയാണെങ്കിലും മൊബൈല്‍ ഫോണിന്റെ ദു:രുപയോഗവും അനിയന്ത്രിതമായ ഉപയോഗവും ഇന്ന് വര്‍ദ്ധിച്ചുവരികയാണ്. ഇത് കൂടുതലായി കണ്ടുവരുന്നത് കൌമാരക്കാരിലും യുവാക്കളിലും ആണ്. ഈ രണ്ടു വിഭാഗക്കാരെയും ഉന്നം വച്ചുകൊണ്ട് തന്നെയാണ് മൊബൈല്‍ കമ്പനികളും തങ്ങളുടെ വിപണനതന്ത്രങ്ങള്‍ മെനയുന്നത്. എന്തിനു പറയുന്നു, സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള ബി.എസ്.എന്‍.എല്‍ പോലും 'ജോഡി പ്ലാന്‍' 'സ്റ്റുഡന്റ്സ് പ്ലാന്‍' ഇവകൊണ്ട് കുട്ടികളെ കറക്കിയെടുക്കാനാണ് ശ്രമിക്കുന്നത്. ഈ വക മൊബൈല്‍ കെണികളില്‍ വീഴാതിരിക്കാന്‍ കൌമാരക്കാര്‍ക്ക് അസാമാന്യവിവേചനബുദ്ധിയും ആത്മബലവും വേണ്ടിവരും. ഏതുനേരവും ഒരു ചെവിപൊത്തിപ്പിടിച്ചു, തലയല്പം ചരിച്ചു വെറുതെ ചിരിച്ചുകൊണ്ടിരിക്കുന്ന യുവാക്കളെ കണ്ടിട്ടില്ലേ. അവര്‍ ഒരു മാരകരോഗത്തിന്റെ പിടിയിലാണ് - നോമോഫോബ് (മൊബൈല്‍ മാനിയ)
നിങ്ങള്‍ മൊബൈല്‍ ഫോണിന് അടിമപ്പെട്ടിട്ടുണ്ടോ? നിങ്ങളോ നിങ്ങളുടെ സ്കൂളില്‍/കോളേജില്‍ പഠിക്കുന്ന മക്കളോ ഈ രോഗം ബാധിച്ച ആളാണോ? ഇന്ന് കൂടുതലായി ആളുകള്‍ക്ക് 'മൊബൈല്‍ അഡിക്ഷന്' ന്റെ ലക്ഷണങ്ങള്‍ കണ്ടു വരുന്നുണ്ട്. മൊബൈല്‍ ഫോണിനോട് അമിത ആശ്രിതത്വം/വിധേയത്വം വരുന്നതാണ് - നോമോ ഫോബിയ (നോ മൊബൈല്‍ ഫോബിയ). മൊബൈല്‍ ചാര്‍ജ് തീര്‍ന്നു പോകുമോ, മൊബൈല്‍ നഷ്ടപ്പെട്ടു പോകുമോ, കാള്‍ കിട്ടാതെ വരുമോ എന്നൊക്കെയുള്ള ഭയം ആണ് ഇത്.
താഴെപറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് ബാധകമാണോ?
- ഒരു ദിവസം 30-ല്‍ അധികം എസ്.എം.എസ് അയക്കുന്നു/ലഭിക്കുന്നു.
- ഒരു കാള്‍ 30 മിനുട്ടില്‍ അധികം സംസാരിച്ചു പോകുന്നു.
- ഒരു എസ്.എം.എസ് അയച്ചിട്ട് മറുപടി ഉടന്‍ വന്നില്ലെങ്കില്‍ ആശങ്കാകുലനാകുന്നു.
- ഇടയ്ക്കിടയ്ക്ക് ഫോണ്‍ ഓണായി തന്നെയാണോ ഇരിക്കുന്നതെന്ന് എടുത്തു നോക്കുന്നു.
- ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ മൊബൈല്‍ മുന്പില് ഭക്ഷണ പാത്രത്തിനരികില്‍ തന്നെ വയ്ക്കുന്നു.
- ദേവലയത്തിലോ സിനിമയ്ക്കോ കയറുമ്പോള്‍ മൊബൈല്‍ ഓഫ് ചെയ്യാന്‍ മറക്കുന്നു/മടിക്കുന്നു.
- കുറേനേരത്തേക്ക് മൊബൈല്‍ റിംഗ് ചെയ്തില്ലെങ്കില്‍ ഫോണ്‍ എടുത്തു അതിന്റെ റിംഗ്ടോണ്‍ ചെക്ക് ചെയ്യുന്നു.
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ തമാശയായി തോന്നിയേക്കാം, പക്ഷെ ഈ സൂചനകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ സൂക്ഷിക്കുക. ഇതൊരു രോഗത്തിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്. 'നോമോ ഫോബ്' ഉള്ളവര്‍ക്ക് ഉറക്കം ശരിയായി ലഭിക്കുകയില്ല. അതുപോലെ തന്നെ ഇക്കൂട്ടര്‍ മറ്റു വ്യക്തികളുമായി ഇടപഴുകാന് മടിക്കും. വീട്ടില്‍ ഏതെങ്കിലും അതിഥികള്‍ വന്നാല്‍ സംസാരിക്കാന്‍ താല്പര്യം ഉണ്ടാവില്ല. മിക്കവാറും ഫോണില്‍ സംസാരിക്കാന്‍ ആവും താല്പര്യം.
ഇതില്‍ നിന്നും എങ്ങിനെ രക്ഷപെടാം?
- ദേവാലയത്തില്‍ പോകുമ്പോഴും സിനിമയ്ക്ക് കയറുമ്പോഴും മരണവീട്ടില്‍ ആയിരിക്കുമ്പോഴും നിങ്ങളുടെ മൊബൈല്‍ ഓഫ് ചെയ്തിടൂ. മൊബൈല്‍ ഒരിക്കലും 24 മണിക്കൂര്‍ (24x7) ആവശ്യമില്ല. രാത്രിയില്‍ ഉറങ്ങുമ്പോള്‍ 'സൈലന്റ്' ആക്കിയിടൂ.
- എന്തെങ്കിലും വളരെ പ്രധാന്യമുള്ള പ്രവൃത്തിയില്‍ ആയിരിക്കുമ്പോള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യില്ല എന്ന് തീരുമാനിക്കുക. ഉദാ: പ്രാര്‍ത്ഥന, പഠനം, മുലയൂട്ടല്‍.
- നിങ്ങളുടെ ഏറ്റവും പ്രീയപ്പെട്ടവരുമായി ഒരു 'സ്പെഷ്യല്‍ ഭക്ഷണത്തിന്' ഇരിക്കുമ്പോള്‍ മൊബൈല്‍ ഓഫ് ചെയ്തിടുന്നതല്ലേ നല്ലത്. ഉദാ: മക്കളുടെ പിറന്നാള്‍ സദ്യ, പങ്കാളിയുമായി ഒരു വിവാഹ വാര്‍ഷീകം, etc.
- പൊതുവേദികളില്‍ ആയിരിക്കുമ്പോള്‍ വളരെ സാത്വികമായ (താഴന്ന, അലറ്ച്ചയില്ലാത്ത) റിംഗ്ടോണ്‍ സെറ്റുചെയ്യുക. നിങ്ങളുടെ മൊബൈല്‍ അടിക്കുന്നത് ലോകത്തെ മുഴുവന്‍ അറിയിക്കെണ്ടതില്ലല്ലോ.
ഒരു ദിവസം മുഴുവന്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തിട്ട് നോക്കൂ. ഇല്ലെങ്കില്‍ മൊബൈല്‍ റേഞ്ച് ഇല്ലാത്തിടതേക്ക് ഒരു യാത്ര പോകൂ. കുറച്ചു നേരത്തേക്ക് മൊബൈല്‍ ഫോണ്‍ ഇല്ലെങ്കിലും ഒന്നും സംഭവിക്കില്ല എന്ന് മനസിലാകും. നിങ്ങള്‍ക്കതിനുസാധിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഒരു മനോരോഗവിദഗ്ദ്ധനെ കാണേണ്ടതുണ്ട്!!