ഇന്ന് രാവിലെ തിരക്കിട്ട് റെഡി ആകുമ്പോള്‍ 'ഹലോ ജോയ് ആലുക്കാസില്‍' ആശാലത ചേച്ചി കസറുന്നു. ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് ആ ഗാനം ഇട്ടത്. പിന്നെ അത് തീരാതെ ഇറങ്ങുന്നതെങ്ങിനെ? മൂന്നു മിനിട്ടു വൈകിയാലും ഈ ഗാനം കേള്‍ക്കതിരിക്കാനാവില്ല!! ഈ ഗാനത്തിന് എത്ര വര്ഷം പഴക്കമുണ്ടാവും, ആവോ അറിയില്ല. എന്നാല്‍ ഇനിയും എത്ര വര്‍ഷം വേണമെങ്കിലും ഈ ഗാനം കേള്‍ക്കാം, നല്ല ഗാനങ്ങള്‍ക്ക് മരണമില്ല.
ഹാ,, കിട്ടി (ഗൂഗിള്‍ മുത്തപ്പാ നന്ദി) . . .
കടല്‍ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. 1968 -ല്‍ ആണ് കടല്‍ റിലീസ് ചെയ്തത്. അപ്പോള്‍ ഞാന്‍ ജനിക്കുന്നതിനും 6 വര്‍ഷം മുന്‍പ്!! ഈശ്വരാ... എന്നിട്ടും ഈ ഗാനം എന്നെ പിടിച്ചു നിര്‍ത്തിയല്ലോ. ശ്രീകുമാരന്‍ തമ്പിയുടെ രചനയാണോ എം.ബി.ശ്രീനിവാസന്റെ ഈണമാണോ എന്നെ പിടിച്ചിരുത്തിയത് എന്ന് ചോദിച്ചാല്‍ കുഴഞ്ഞു പോകും. അതിലെ വരികള്‍ തന്നെയാണ് എന്നെ ആകര്‍ഷിച്ചത് എന്ന് തോന്നുന്നു. ആ വരികളിലെ ഫിലോസഫി, ഇമ്മാതിരി ഒരു ഗാനമായി ചിട്ടപ്പെടുത്തിയ തമ്പി സാറിന് നമോവാകം.
ഓഫീസിലേക്കുള്ള വഴിയില്‍, ചിന്തിക്കുമ്പോള്‍ ഇങ്ങനെ തോന്നി. നമുക്ക് മറ്റുള്ളവരുടെ സന്തോഷത്തില്‍ പങ്കുചേരാന്‍ സാധിക്കും, എന്നാല്‍ ദുഃഖത്തില്‍?? മറ്റുള്ളവരോടൊപ്പം നമുക്കും ദുഃഖം ഉണ്ടെന്ന് അഭിനയിക്കാനേ സാധിക്കൂ. അപരന്റെ ദുഃഖത്തില്‍ പങ്കുചേരാന്‍ സാധിക്കില്ല. ഓരോരുത്തരും സ്വന്തം ദുഃഖം അനുഭവിച്ചു തന്നെ തീര്‍ക്കണം. (ഇത് ശരിയാണോ?) ചിലപ്പോള്‍ നാം വളരെ ദു:ഖിച്ചു, വിഷമിച്ചു, നിരാശനായി ഇരിക്കുമ്പോള്‍ ഒരു സുഹൃത്തിനെ, (വ്യക്തിയുടെ) സാമീപ്യം നമുക്ക് വളരെ വളരെ സന്ത്വനമായ്, ആശ്വാസമായ്... തോന്നിയിട്ടില്ലേ? അവന്‍/അവള്‍ അരികിലുണ്ടായിരുന്നെങ്കില്‍ എന്ന്,, പിന്നെ എങ്ങിനെ 'കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം' എന്ന് പാടും? സത്യത്തില്‍ ആ സാമീപ്യം ദുഃഖത്തെ അകറ്റുന്നില്ലേ?ചിന്തിച്ചു ചിന്തിച്ചു ആകെ 'കണ്‍ഫ്യൂഷന്‍' ആയല്ലോ, ദൈവമേ.. ഒരു പാട്ട് വരുത്തി വച്ച വിനകള്‍! എന്തായാലും നമുക്കാ വരികള്‍ ഒന്നുകൂടി വായിച്ചു നോക്കാം.
ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍
ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെക്കരയാന്‍
നിന്‍ നിഴല്‍ മാത്രം വരും
നിന്‍ നിഴല്‍ മാത്രം വരും
സുഖമൊരു നാള്‍ വരും വിരുന്നുകാരന്‍
സുഖമൊരു നാള്‍ വരും വിരുന്നുകാരന്‍
ദുഖമോ പിരിയാത്ത സ്വന്തക്കാരന്‍
(ചിരിക്കുമ്പോള്‍)
കടലില്‍ മീന്‍ പെരുകുമ്പോള്‍
കരയില്‍ വന്നടിയുമ്പോള്‍
കഴുകനും കാക്കകളും പറന്നു വരും
കടല്‍ത്തീരമൊഴിയുമ്പോള്‍
വലയെല്ലാമുണങ്ങുമ്പോള്‍
അവയെല്ലാം പലവഴി പിരിഞ്ഞു പോകും
അവയെല്ലാം പലവഴി പിരിഞ്ഞു പോകും
കരഞ്ഞു കരഞ്ഞു കരള്‍ തളര്‍ന്നു ഞാനുറങ്ങുമ്പോള്‍
കഥ പറഞ്ഞുണര്‍ത്തിയ കരിങ്കടലേ...
കരിങ്കടലേക
നിവാര്‍ന്നു നീ തന്ന കനകത്താമ്പാളത്തില്‍
കണ്ണുനീര്‍ച്ചിപ്പികളോ നിറച്ചിരുന്നൂ
കണ്ണുനീര്‍ച്ചിപ്പികളോ നിറച്ചിരുന്നൂ...
(ചിരിക്കുമ്പോള്‍)
“Laugh, and the world laughs with you;Weep, and you weep alone" - Ella Wheeler