Thursday, July 04, 2013

മൊബൈൽ ഫോണ്‍ ശല്യമാവുമ്പോൾ!

ദിവസവും രാവിലെ പത്രമെടുത്താല്‍ കൊലപാതകം,പീഡനം തുടങ്ങിയ വാര്‍ത്തകള്‍ തന്നെ മുന്‍പേജില്‍.. ഇതിലെല്ലാം ഒരു സ്ഥിരം വില്ലനായിരിക്കുന്നു 'സെല്‍ ഫോണ്‍' ?വിവര സാങ്കേതികവിദ്യയുടെ ഏറ്റവും നല്ല സംഭാവനയാണ് മൊബൈല്‍ സാങ്കേതിക വിദ്യ. എന്നാല്‍ വൈദ്യുതിയുമായി  വളരെ ശ്രദ്ധാപൂര്‍വ്വം  ഇടപഴകിയില്ലെങ്കില്‍ ഷോക്ക് ഏല്‍ക്കുകയും ഒരുപക്ഷെ ജീവന്‍ വരെ നഷ്ടപെട്ടേക്കാമെന്നപൊലെ മൊബൈല്‍ ഫോണും വളരെ അപകടകാരിയായി മാറിക്കൊണ്ടിരിക്കുന്നു. 

പല അവിഹിതബന്ധങ്ങള്‍ക്കും തുടര്‍ന്ന് കൊലപാതങ്ങള്‍ക്കും ഇന്ന് മൊബൈല്‍ ഫോണ്‍ വഴിമരുന്നിടുന്നു. ഒരു മിസ്സ്ഡ് കോളില്‍ തുടങ്ങി സ്വന്തം കുടുംബത്തെയും കുട്ടികളെയും മറന്നു അന്യ പുരുഷന്റെ /സ്ത്രീയുടെ കൂടെ ഒരു സുപ്രഭാതത്തില്‍ ഇറങ്ങിപോകാന്‍ വിവാഹിതരും കുടുംബസ്ഥരും  തുനിയുന്നത് മനുഷ്യന്റെ മാനസീക ചാപല്യത്തെയും മൂല്യച്ച്യുതിയേയും സൂചിപ്പിക്കുന്നു 

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി പോലെ ഇന്ന് കാമുകനെയും കാമുകിയും തോന്നുമ്പോള്‍ തോന്നുമ്പോള്‍ മാറുന്നത് ഒരു ഫാഷന്‍ ആയി വിദ്യാര്‍ത്ഥികളും കൌമാരക്കാരും കരുതുന്നു എന്നാല്‍ അതിശയം കുടുംബവും കുട്ടികളും ഉള്ള സംസ്കര സമ്പന്നരും വിദ്യാസമ്പന്നരും ഈ 'മൊബൈല്‍'
ചതികുഴികളില്‍ വീണു പോകുന്നു എന്നതാണ് .

ബീഹാറിലെ സുന്ദര്‍ബാരി ഗ്രാമത്തില്‍ ഈ കഴിഞ്ഞ മാസം സ്ത്രീകള്‍ മൊബൈല്‍ ഉപയിക്കുന്നത് ഗ്രാമസഭ വിലക്കേര്‍പ്പെടുത്തുകയുണ്ടായി. പാറ്റ്ന യില്‍ നിന്നും 400 കിമി അകലെയുള്ള ഈ ഗ്രാമത്തില്‍ യുവതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെടുകയും പിടിക്കപെടുകയും ചെയ്‌താല്‍ 10000 രൂപയാണ് പിഴ. വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രം വീടിനുള്ളില്‍ നിന്ന് ഫോണ്‍ ചെയ്യാനുള്ള അനുവാദം ഉണ്ട് .എന്നാല്‍ പൊതുസ്ഥലത്ത് മൊബൈല്‍ ഉപയോഗിച്ചാല്‍ അവര്‍ക്കും പിഴയുണ്ട് . 2000 രൂപ.

സ്ത്രീവിമോചന പ്രവര്‍ത്തകരും പുരോഗമന പ്രസ്ഥാനക്കാരും ഈ നിയമങ്ങള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഗ്രാമ മുഖ്യര്‍ ഈ നിയമവുമായി മുന്‍പോട്ടു പോകുകയാണ് . അവര്‍ പറയുന്ന കരങ്ങള്‍ ഇവയാണ്. വിവാഹേതര ബന്ധങ്ങളും വിവാഹബാഹ്യ അവിഹിത ബന്ധങ്ങളും കൂടുന്നു, അതിലെല്ലാം ഒരു പ്രധാന വില്ലന്‍ മൊബൈല്‍ ഫോണ്‍ ആണ് . വിവാഹിതരും അവിവാഹിതരും ആയ യുവതികളെ കാണാതാകുന്നു . ഒരു മിസ്ഡ് കോളില്‍ പരിചയപ്പെട്ട പുരുഷനുമായി ഒളിച്ചോടുന്ന യുവതികള്‍     ദുരുപയോഗിക്കപ്പെട്ട ശേഷം ഉപേക്ഷിക്കപെടുന്നു .അവസാനം ആത്മഹത്യകളില്‍ അവസാനിക്കുന്ന, ഈ ദുരന്ത കഥകള്‍. ബീഹാര്‍ പോലെ സാക്ഷരതയും വിദ്യാഭ്യാസവും വികസനവും കുറഞ്ഞ നാട്ടില്‍ മാത്രമല്ല, കേരളത്തിലെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള കുടുംബങ്ങളിലും ആവര്‍ത്തിക്കുന്നത് നാം നിത്യേന പത്രമാധ്യമങ്ങളില്‍ കൂടി അറിയുന്നു 

മൊബൈല്‍ ഫോണിന്‍റെ അമിതമായ ഉപയോഗവും അനാവശ്യമായ ഉപയോഗവും കൂടി വരുന്നു. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട സാമാന്യ മര്യാദകള്‍ സകലരും കാറ്റില്‍ പറത്തുന്നു. യാതൊരു തത്വദീക്ഷയും ഇല്ലാതെ മരണവീട്ടിലും ദേവാലയത്തിലും പൊതുസ്ഥലങ്ങളിലും ഈ സാധനം ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്നു. ഒരു മനുഷ്യന്‍റെ സുപ്രധാന അവയവങ്ങളായ തലച്ചോര്‍, ഹൃദയം, പുനരുല്പദന അവയവങ്ങള്‍  തുടങ്ങിയവ മൊബൈല്‍ ഫോണിന്‍റെ റേഡിയേഷന്‍ ഏറ്റുവാങ്ങി ക്രയശേഷി കുറഞ്ഞു , മൃത്യുവിലേയ്ക്ക് നമ്മെ നയിക്കുന്നു. ലാന്‍ഡ്‌ ഫോണ്‍ കൂടുതലായി ഉപയോഗിച്ച് ഈ ദൂഷ്യത്തില്‍ നിന്നും നമുക്ക് കുറച്ചൊക്കെ രക്ഷനേടാം. കട്ടിലില്‍ കിടന്നു മൊബൈല്‍ കാതില്‍ വയ്ക്കുമ്പോള്‍ സംസാരിച്ചു സമയം പോകുന്നത് അറിയുന്നേയില്ല . മറിച്ച്  ലാന്‍ഡ്‌ ഫോണ്‍ ഉപയോഗിച്ചാല്‍ നാം സംസാര ദൈര്‍ഘ്യത്തെ ക്കുറിച്ച് കുറേക്കൂടി ബോധവാന്മാരായിരിക്കും.             

ഗര്‍ഭകാലത്ത് മൊബൈല്‍ ഫോണില്‍ അധികസമയം സംസാരിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന് ദോഷമുണ്ടാക്കുമെന്നു പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. വളരെ വ്യക്തമായിരിക്കുന്ന ഒരു കാര്യമാണ് കുട്ടിയുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ (ഗര്‍ഭിണിയുടെ) മൊബൈല്‍  ഉപയോഗം ബാധിക്കുന്നുവെന്നത്. അങ്ങിനെ പിറക്കുന്ന കുട്ടികളില്‍ ശ്രദ്ധക്കുറവ്, പിരിപിരുപ്പന്‍ സ്വഭാവം, പഠന വൈകല്യങ്ങള്‍, അമിതവാശി തുടങ്ങിയ പെരുമാറ്റ വികലതകള്‍ കൂടുതലായി കണ്ടുവരുന്നു. ഭര്‍ത്താവ് പുകവലിച്ചാല്‍ ഗര്‍ഭിണിയുടെ      ശ്വസനത്തിലൂടെ കുട്ടിക്ക് ദോഷം ഭാവിക്കുന്നതുപോലെയോ അതിലധികമായോ അമ്മയുടെ ഫോണ്‍ വിളി ഉദരത്തിലെ ശിശുവിനു ദോഷകരമായി ഭവിക്കുന്നു.

ഈയിടെ ഒരു ആശുപത്രിയിൽ നവജാത ശിശു വാർഡിൽ ചെന്നപ്പോൾ കണ്ടത് ഓരോ ബെഡിലും തലയണയ്ക്കടുത്ത് തന്നെ മൊബൈൽ ഫോണ്‍ വച്ചിരിക്കുന്നതാണ്. അതായത് കുഞ്ഞിൽ നിന്നും ഏതാനും ഇഞ്ചു മാത്രം ദൂരെയായി! എത്ര മാരകമാണ് ഇതെന്ന് അമ്മമാർ അറിയുന്നില്ല, ആശുപത്രി അധികാരികളും ശ്രദ്ധിക്കുന്നില്ല? നമ്മുടെ കുഞ്ഞുങ്ങളിൽ  ADHD -യുടെ ലക്ഷണങ്ങൾ ആയ, കൂടിയ തരത്തിലുള്ള പിരുപിരപ്പാൻ സ്വഭാവം, ബഹളം , വാശിപിടുത്തം, ശ്രദ്ധക്കുറവ്  തിടങ്ങിയവ കാണുന്നുണ്ടെങ്കിൽ, ചിന്തിച്ചു നോക്കൂ നാം എത്ര അശ്രദ്ധമായിട്ടാണ് ഗർഭാവസ്ഥയിലും പിന്നീടും മൊബൈൽ ഉപയോഗിച്ചിരുന്നതെന്ന്.       

ഓർക്കുക നിങ്ങളുടെ അടുത്ത് ഒരു ലാൻഡ്‌ ഫോണ്‍ ഉണ്ടെങ്കിൽ അതുപയോഗിക്കാൻ ശ്രമിക്കുക, മൊബൈൽ  ഉപയോഗം പരമാവധി കുറയ്ക്കുക. ഓഫീസിലും വീട്ടിലും തീർച്ചയായും ലാൻഡ്‌ ഫോണ്‍ ഉണ്ടാവും, പക്ഷെ നാം സൌകര്യത്തിനു വേണ്ടി എപ്പോഴും മൊബൈൽ ഫോണ്‍ തന്നെ ഉപയോഗിക്കുന്നു.

രാത്രി 9 മണികഴിഞ്ഞ് മൊബൈൽ ഫോണ്‍ ഓഫ്‌ ചെയ്തുവയ്ക്കുക, പ്രത്യേകിച്ച് കുട്ടികൾ ഉപയോഗിക്കുന്നവ ആണെങ്കിൽ. സ്കൂൾ / കോളേജ് കുട്ടികൾ ഒറ്റയ്ക്ക് മുറിയിലും കുളിമുറിയിലും ഇരുന്നു ശബ്ദം കുറച്ചു പതിയെ സംസാരിക്കുന്നതു ശ്രദ്ധയിൽ പെട്ടാൽ വിലക്കുക.


ഏതു നേരവും മൊബൈൽ അടിച്ചാൽ എടുക്കണം എന്ന നിർബന്ധം ഒഴിവാക്കുക. പ്രത്യേകിച്ച് ഭക്ഷണം കഴിക്കുമ്പോഴും പ്രാർത്ഥിക്കുമ്പോഴും ഒക്കെ, മൊബൈൽ ഒഴിവാക്കി പിന്നീട് തിരികെ വിളിച്ചാൽ മതിയാവും.    മൊബൈൽ ഫോണ്‍  ഒഴിവാക്കണം എന്നല്ല പറയുന്നത്, മറിച്ച് അതുപയോഗിക്കുമ്പോൾ സ്വയം കുറച്ചു   നിയന്ത്രണം നല്ലതാണ്.