Monday, November 08, 2010

വാക്കുകള്‍ കൂട്ടിചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ...

കുട്ടികള്‍ എപ്പോള്‍ എങ്ങിനെ പെരുമാറുമെന്ന് ആര്‍ക്കും നിശ്ചയിക്കാനാവില്ല. ക്ഷമയുടെ നെല്ലിപ്പലക കാണിച്ചു തരാന്‍ അവര്‍ക്ക് നല്ല കഴിവുണ്ട്. എനിക്ക് ഇത്രനാളും വലിയ കോപമോ ദേഷ്യമോ ആരോടും തോന്നാറില്ലായിരുന്നു. ഞാന്‍ പൊതുവേ ശാന്ത സ്വഭാവക്കാരനും ഷിപ്രകോപം വരാത്ത മൃദുസ്വഭാവിയും ആയി കരുതിയിരുന്നു.പക്ഷെ ഇന്നെനിക്കു തോന്നുന്നു, എന്റെ ശാന്ത സ്വഭാവം സ്ഥായി അല്ലായിരുന്നു എന്ന്. അത് എന്റെ ബാലഹീനതയുടെ /ശേഷിക്കുറവിന്റെ ഭാഗമായിരുന്നിരിക്കാം. കാരണം ഇപ്പോള്‍ എന്റെ പുത്രന്‍ എന്നെ ക്ഷമയുടെ അതിര്‍വരമ്പുകള്‍ കാണിച്ചു തരുന്നു. തുറന്നു പറയുകയാണെങ്കില്‍ പലപ്പോഴും അവന്റെ വാശിപിടുത്തവും ദുശ്ശാ:ട്യവും എന്റെ തനി സ്വഭാവം പുറത്തു കൊണ്ടുവരുന്നുണ്ട്.
പണ്ട് പലപ്പോഴും അച്ഛനമ്മമാര്‍ കുട്ടികളോട് ദേഷ്യപ്പെടുന്നതും ശകാരിക്കുന്നതും തല്ലുന്നതും കാണുമ്പോള്‍ ഞാന്‍ ഉപദേശിക്കുമായിരുന്നു. എന്നാല്‍ ഇന്ന് സത്യമായിട്ടും ഞാന്‍ അറിയുന്നു, ആരുടേയും നിയന്ത്രണം തെറ്റിപോകും, ചില കുട്ടികളുടെ പിടിവാശി കണ്ടാല്‍. എനിക്ക് ദേഷ്യം വരുമ്പോള്‍ ഞാന്‍ മോന്റെ കൈവിരല്‍ 'ഞെട്ടഒടിക്കുകയോ' അല്ലെങ്കില്‍ ചെവി പിടിച്ചു കിഴുക്കുകയോ അല്ലെക്നില്‍ തുടയില്‍ പിച്ചി വേദനിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. പിന്നീട് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുമുണ്ട്. കുട്ടികളുടെ കുസൃതിക്കു മുന്‍പില്‍ ശാന്തമായി നില്‍ക്കാന്‍ ക്ഷമ ശീലിക്കാന്‍ വളരെയധികം ആത്മബലം വേണമെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നുണ്ട്.
-----
പണ്ട് ഞങ്ങളുടെ അമ്മായി ഇളയ മകന് ചായ ഉണ്ടാക്കി കൊടുത്ത ഒരനുഭവം ഞങ്ങള്‍ ഇപ്പോഴും പറഞ്ഞു ചിരിക്കാറുണ്ട്. അവനു അന്ന് 4 വയസ്സ് പ്രായം കാണും. രാവിലെ ചായ ഉണ്ടാക്കി 'മോനെ.. പാലേ...' എന്നൊക്കെ വിളിച്ചു പുറകെ നടന്നു കൊടുക്കാന്‍ ശ്രമിക്കുന്നു. ആദ്യം അവന്‍ ചായ മേടിച്ചു 'ചൂട് കൂടുതലാണെന്ന്' പറഞ്ഞു തിരിച്ചു കൊടുത്തു. അമ്മായി അത് വാങ്ങി ഒരു പാത്രത്തില്‍ വെള്ളമൊഴിച്ച് വേറൊരു പാത്രത്തില്‍ 'പാല്ച്ചായ' വച്ച് തണുപ്പിച്ചു. പിന്നെയും മോന്റെ പിറകെ നടന്നു, കുടിക്കു മോനെ, പാലേ, ചക്കരേ... എന്നൊക്കെ വിളിച്ചു. അവന്‍ പത്രം വാങ്ങി 'ഇത് ചൂടില്ല... എനിക്ക് ചൂടാക്കി തരണം എന്ന് പറഞ്ഞു കിണുങ്ങാന്‍ തുടങ്ങി. അപ്പോള്‍ മുട്ടത്തു വെയില്‍ വന്നു തുടങ്ങിയിരുന്നു. അമ്മായി ആ 'ചായ' മുറ്റത്തേക്ക് നീട്ടി ഒഴിച്ചിട്ടു മകനോട്‌ പറഞ്ഞു, ഇപ്പൊ ചൂടാവും ട്ടോ.. ആവുമ്പോ മോന്‍ കുടിച്ചോ എന്ന്!! കാരണം അരമണിക്കൂറിലേറെയായി അവര്‍ ആ പത്രവും പിടിച്ചു അവന്റെ പിറകെ നടക്കുന്നു. അതാണ്‌ ഞാന്‍ പറഞ്ഞത് അസാമാന്യ ക്ഷമ വേണം എന്ന്.
------
എന്നെ പറ്റിയും കേട്ടിട്ടുണ്ട് ഒരു കഥ. ഒരിക്കല്‍ ഞങ്ങളുടെ പള്ളിയില്‍ പെരുന്നാളിന് പോയി തിരികെ വരുമ്പോള്‍ അപ്പച്ചന്‍ ഒരു കരിമ്പിന്‍ തണ്ടും വാങ്ങിയിരുന്നു. വീട്ടിലെത്തിയാലുടന്‍ അത് മുറിച്ചു തരണമെന്ന് ഞാന്‍ വഴി നീളെ വാശി പിടിച്ചു കൊണ്ടിരുന്നു. വീട്ടിലെത്തിയപ്പോള്‍ തന്നെ അത് മുറിച്ചു കഷണങ്ങളാക്കി എനിക്കും അനിയത്തിക്കുമായി നല്‍കി. അപ്പോള്‍ എന്റെ മട്ടുമാറി. എനിക്കാ കരിമ്പിന്‍ കഷണങ്ങള്‍ വലിയ തണ്ട് തന്നെയാക്കി കിട്ടണം!! ഞാന്‍ കിടന്നു വാശി പിടിച്ചു കരയാന്‍ തുടങ്ങി. അപ്പച്ചന്‍ അതോടെ കലികയറി (ആരായാലും തോറ്റുപോകും, അല്ലെ?) ആ കഷണങ്ങള്‍ എല്ലാം എടുത്തു പറമ്പിലേക്ക് എറിഞ്ഞിട്ടു പറഞ്ഞു: നാളെ രാവിലെ വലിയ തണ്ടായി മുളച്ചു വരും, അപ്പോള്‍ തിന്നാം എന്ന്.
-------
എവിടെയോ വായിച്ചതോര്‍ക്കുന്നു. അമേരിക്കയില്‍ സംഭവിച്ചതാണ്. ഒരാള്‍ തന്റെ സ്വപ്നമായിരുന്ന 'ബെന്‍സ്‌ കാര്‍' വാങ്ങി രണ്ടു ദിവസം കഴിഞ്ഞു ഒരു സുപ്രഭാതത്തില്‍ മുറ്റത്ത്‌ വന്നു നോക്കുമ്പോള്‍ തന്റെ കൊച്ചുമകന്‍ കാറിന്റെ ബോണറ്റില്‍ ഒരു ചുറ്റിക കൊണ്ട് ആണികള്‍ തറച്ചു കൊണ്ടിരിക്കുന്നു!! അയാള്‍ ഓടിയെത്തി അവനെ തട്ടിയെറിഞ്ഞു,, ആ ചുറ്റിക വാങ്ങി അവന്റെ കൈവിരലുകള്‍ അടിച്ചു ചതച്ചു. കുറച്ചു നിമിഷങ്ങള്‍ മാത്രം, അയാള്‍ ഒരു മൃഗമായി മാറുകയായിരുന്നു. കോപം ആറി തണുത്തു, അയാള്‍ തന്നെ സ്വന്തം മകനെ വാരിയെടുത്ത് ആശുപത്രിയിലേക്ക് പാഞ്ഞു. കൈവിരലുകളില്‍ ശസ്ത്രക്രിയ ചെയ്തു, ബോധം തെളിഞ്ഞപ്പോള്‍, ആ കുട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു: "ദയവായി എന്നോട് ക്ഷമിക്കൂ,, ഡാഡി... എന്റെ ഈ വിരലുകള്‍ എപ്പോ ശരിയാവും?" അയാള്‍ ആശുപത്രിയില്‍ നിന്നും നേരെ വീട്ടിലേക്കു വണ്ടിയോടിച്ചു, പോയി ആത്മഹത്യ ചെയ്തു. കാരണം ആ കുഞ്ഞിന്റെ കൈവിരലുകള്‍ എന്നെന്നേക്കുമായി മുറിച്ചു കളഞ്ഞിരുന്നു! നോക്കൂ, കോപം മനുഷ്യനെ എവിടെയാണ് കൊണ്ട് ചെന്നെത്തിക്കുന്നത്. നാമറിയാതെ നമ്മുടെ കോപത്തിന്റെ 'സ്പീഡോ മീറ്റര്‍' അതിവേഗത്തില്‍ അമിതവേഗത താണ്ടി അപകടങ്ങളിലേക്ക് പോകുന്നു.
-------------
ഇത്രയും എഴുതിയത് ഒരു കൊച്ചു സംഭവത്തില്‍ നിന്നാണ്. കഴിഞ്ഞ ദിവസം ഞാന്‍ ഒരു ചെറിയ മൊബൈല്‍ വാങ്ങി. അധികം വിലയില്ലാത്ത ഒരു സാധാ മോഡല്‍. അത് നല്ല തിളങ്ങുന്ന പുറം ചട്ടയോടെ ആയിരുന്നു. ഞാന്‍ കടക്കാരനോട് ചോദിച്ചു, എനിക്ക് ഇത്ര തിളക്കം വേണ്ട 'മാറ്റ് ഫിനിഷ്' മോഡല്‍ വല്ലതും ഉണ്ടോ എന്ന്. കാരണം കുറച്ചു കഴിയുമ്പോള്‍ അവിടെയും ഇവിടെയും ഉരഞ്ഞു അതിന്റെ തിളക്കം പോകുമല്ലോ. ഏതായാലും രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പുത്രന്‍ അതെടുത്തു നിലത്തു വച്ച് നന്നായി ഉറച്ചു 'മറ്റ് ഫിനിഷ്' വരുത്തി തന്നു!! എല്ലാ ഭാഗത്ത്‌ ഒരേപോലെ നന്നായി തന്നെ അവന്‍ അത് ചെയ്തു. എന്റെ മനസ്സ് വായിച്ച പോലെ. ഇനി എനിക്ക് ആ ഫോണ്‍ കൂളായി കൊണ്ട് നടക്കാം. പോറും എന്ന് പേടിക്കാതെ!
------------
വാക്കുകള്‍ കൂട്ടിചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ

ദീര്‍ഘ ദര്‍ശനം ചെയ്യും ദൈവജ്ഞാരല്ലോ നിങ്ങള്‍!!

(വൈലോപ്പള്ളി ശ്രീധരമേനോന്‍)