Thursday, July 01, 2010

അല്പം കൃഷി ചിന്തകള്‍

ഞാന്‍ എന്റെ ബിരുദപഠനം നടത്തിയത് കേരള കാര്‍ഷീക സര്‍വ്വകലാശാലയില്‍ ആണ്. മണ്ണുത്തിയില്‍ അഞ്ചു വര്ഷം 'ഹോസ്റ്റല്‍ ലൈഫ്' അടിപൊളി ജീവിതം. ശരിക്ക് പറഞ്ഞാല്‍ കൃഷി അല്ല ഞാന്‍ പഠിച്ചത്, കാര്‍ഷീകധനതത്വശാസ്ത്രം (B.Sc. Co-operation & Banking) ആണ്. എന്തായാലും എട്ടിലെ പശു പുല്ലു തിന്നില്ല എന്ന് പറഞ്ഞപോലെ, കൃഷിയോ ധനതത്വശാസ്ത്രമോ ഇന്നും എന്റെ തലയിലില്ല.

എന്റെ അപ്പച്ചന്‍ നല്ലൊരു കൃഷിക്കാരനും കാര്‍ഷീക സ്നേഹിയും ആയിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ആവശ്യത്തിനുള്ള സ്ഥലം ഉണ്ടായിരുന്നില്ല. ഉള്ള സ്ഥലത്ത് അത്യാവശ്യം വഴ, ചേന, ചെമ്പു, പയര്‍ ഇത്യാദി ചെറു കൃഷികളൊക്കെ നടത്തിപോന്നു. അതുകൊണ്ട് വീട്ടില്‍ നിത്യവും വാഴപ്പഴം ഉണ്ടാവും. ഞങ്ങളുടെ കസിന്‍സ് ഒക്കെ വീട്ടില്‍ വന്നാല്‍ ആദ്യം പോകുന്നത് ഊണ് മുറിയുടെ മൂലയ്ക്കല്‍ കെട്ടിത്തൂക്കി ഇട്ടിരിക്കുന്ന വാഴക്കുലയുടെ ചോട്ടിലെക്കാണ്. അങ്ങിനെ പഴം തിന്നവര്‍ ഇന്ന് ന്യൂസിലണ്ടിലും അമേരിക്കയിലും ഒക്കെ എത്തി, എങ്കിലും ആ വാഴപ്പഴത്തിന്റെ സ്വാദ് മറക്കാന്‍ സാധ്യതയില്ല.

അപ്പച്ചന് പ്രധാന ഉപജീവനമാര്‍ഗം തേങ്ങ കച്ചവടം ആയിരുന്നു. അതായത് പച്ച തേങ്ങ വാങ്ങി, പൊതിച്ചു, വെട്ടി, ഉണക്കി കൊപ്രയാക്കി ഓയില്‍ മില്ലുകളില്‍ കൊണ്ടുക്കൊടുക്കും. ചേര്‍ത്തല, അരൂര്‍ എന്നിവിടങ്ങളില്‍ ആയിരുന്നു അന്നൊക്കെ പ്രധാന ഓയില്‍ മില്ലുകള്‍. അരൂര്‍ പാലം വരുന്നതിനു മുന്‍പ് ഞങ്ങളുടെ നാട്ടില്‍ നിന്നും വള്ളം വഴി വേമ്പനാട്ടുകായല്‍ കുറുകെ കടന്നു അരൂര്‍ എത്തിച്ചായിരുന്നു കൊപ്ര കച്ചവടം. കൊപ്ര ചാക്കുകളുമായി വള്ളത്തില്‍ ഒരു മണിക്കൂര്‍ തുഴഞ്ഞു അരൂര്‍ എത്തുന്നത്‌ വളരെ റിസ്ക്‌ ആയിരുന്നു. പിന്നീട് അരൂര്‍-കുമ്പളം പാലം വന്നു, ജീപ്പില്‍ പോകാന്‍ തുടങ്ങി. ഇടക്കാലത്ത് മണ്ടരി രോഗം മൂലം തേങ്ങ വരവ് കുറഞ്ഞു. പ്രധാനമായും പിറവം, കൂത്താട്ടുകുളം (ഇടക്കട്ടുവയാല്‍, അഞ്ചല്പെട്ടി, പാഴൂര്‍, മുളക്കുളം ...) മേഖലകളില്‍ നിന്നായിരുന്നു തേങ്ങ എടുത്തിരുന്നത്. ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത്, വിനോദ സഞ്ചാരം നടത്തിയിരുന്നത് ഈ സ്ഥലങ്ങളിക്കാണ്. അപ്പച്ചന്‍ പറയുമായിരുന്നു: 'എടാ, അഞ്ചല്‍പെട്ടിയും, തിരുമാരാറാടിയും കണ്ടിട്ട് മതി ഊട്ടിയും കൊടേക്കനാലും ഒക്കെ.' അതായത് തേങ്ങ കയറ്റാനും ഇറക്കാനും ആയി ഞാനും കൂടെ പോകുമായിരുന്നു. (അതെ, എന്റെ പ്രഥമ ജോലി അത് തന്നെ (Loading & Unloading) - പക്ഷെ നോക്ക് കൂലി വാങ്ങിയിരുന്നില്ല, ട്ടോ!) മണ്ടരിമൂലം തേങ്ങാ വരവ് കുറഞ്ഞൂ. പിന്നെ തേങ്ങ പോതിക്കുന്നത് (പൊളിക്കുന്നത്) ഒരു വല്യ മല്ലുള്ള പണിയാണ്. കഠിനാധ്വാനം വേണം, അതിനു രണ്ടുപേര്‍ സ്ഥിരമായി വരുമായിരുന്നു. അന്ന് ഒരു തേങ്ങ പൊതിക്കുന്നതിന് പതിനഞ്ചു പൈസ ആയിരുന്നു എന്നാണെന്റെ ഓര്മ. കുഞ്ഞുമോന്‍ എന്നയാള്‍ ഒരു ദിവസം രണ്ടായിരം വരെ പൊതിക്കുമായിരുന്നു. (ഇത് 1990-കളിലെ കഥയാണ്) പിന്നീട് തേങ്ങാ പൊതികാരെ കിട്ടാതായി, അപ്പച്ചന് പ്രായമായി സ്വയം എല്ലാ പണിയും ചെയ്യാന്‍ വയ്യാതായി, അങ്ങിനെ തേങ്ങ കച്ചവടവും നിന്നു . ഞങ്ങളും (ഞാനും അനുജത്തിയും) വളര്‍ന്നു വലിയ കുട്ടികള്‍ ആയി. തേങ്ങ വെട്ടും പണിയും ഒക്കെ അത്ര സ്റ്റാറ്റസ് ഇല്ലാത്ത ഒരു പണിയായി തോന്നി, അന്ന് (ഞങ്ങള്‍ കുട്ടികള്‍ക്ക്). എന്തായാലും ഞാനും എന്റെ അനിയത്തിയും പഠിച്ചതും വളര്‍ന്നതും ഈ തേങ്ങ/കൊപ്ര കച്ചവടത്തില്‍ നിന്നുള്ള ഉപജീവനത്തിലൂടെയാണ്.

ഞാന്‍ പറഞ്ഞല്ലോ, ഞങ്ങള്‍ക്ക് കുറച്ചു ഭൂമിയെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴും, 18 സെന്റ്‌ സ്ഥലം ഉള്ളൂ, അതില്‍ വീടിരിക്കുന്നു, ബാക്കി സ്ഥലത്ത് എന്ത് കൃഷി നടത്താന്‍? എന്നാല്‍ അപ്പച്ചന്‍ വെറുതെ ഇരിക്കാന്‍ ആഗ്രഹിക്കാത്ത ആളാണ്‌. അതിനാല്‍ വാഴയും കപ്പയും ചേനയും ചെമ്പും ഉള്ള സ്ഥലത്ത് ഉള്ള പോലെ കൃഷി ചെയ്യുന്നു. ഇപ്പോഴും വീട്ടില്‍ വാഴപ്പഴം സുലഭം. കഴിഞ്ഞ ആഴ്ച തെക്കന്‍ പറവൂര്‍ പള്ളിയില്‍ പയര് പെരുന്നാള്‍ ആയിരുന്നു. അതായത് ഞാറ്റുവേലയ്ക്കു മുന്‍പ് നടക്കുന്ന പെരുന്നാള്‍ ആയതു കൊണ്ട് അവിടെ പയര്‍ വിത്ത് കച്ചവടത്തിന് വരും. എന്നാല്‍ ഇത്തവണ അപ്പച്ചന്‍ പെരുന്നാളിന് മുന്‍പേ തന്നെ എവിടെന്നോ പയര്‍ സംഘടിപ്പിച്ചു, അടുത്തുള്ള ഒരു പറമ്പ് പാട്ടത്തിനെടുത്ത് അവിടെ കിളച്ചു പയറിട്ട്, ശുശ്രൂഷിച്ചു വരുന്നു. പാട്ടം എന്ന് പറയാന്‍ കഴിയില്ല. കാരണം ഇത് ഞങ്ങളുടെ തൊട്ടടുത്തുള്ള ഒരു അയല്‍വക്കം ആണ്. കളത്തൂര്‍ വീട് (കൃഷ്ണന്‍കുട്ടി മേനോന്‍)- പഴയ നായര്‍ തറവാട് ആണ്, പാരമ്പര്യവും പ്രശസ്തിയും ഉള്ള വീട്ടുകാര്‍. അദ്ദേഹം അപ്പച്ചനോടുള്ള സ്നേഹം മൂലം കുറച്ചു സ്ഥലത്ത് പയര്‍ കൃഷി നടത്തികൊള്ളാന്‍ അനുവദിച്ചതാണ്. എന്തായാലും വെറുതെയിരിക്കുന്ന അപ്പച്ചന് അത് വല്യ കാര്യം ആയി. അവരുടെ വെറുതെ കിടക്കുന്ന പറമ്പില്‍ കുറച്ചു പച്ചപ്പും ആയി.

ഞാന്‍ പറഞ്ഞു വന്നത് നമ്മുടെ കേരളത്തില്‍ ഇന്ന് യോജ്യമായത് 'ചെറുകിട കൃഷിരീതികള്‍' ആണ്. റബ്ബര്‍ ഒഴികെ വന്‍കിട കൃഷിരീതികള്‍ പിന്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല, പ്രത്യേകിച്ച് നെല്‍കൃഷിയില്‍. കാരണം ഇന്നത്തെ അവസ്ഥയില്‍ കേരളത്തില്‍ കൃഷിപ്പണിക്കാരെ കിട്ടാനില്ല. അതുകൊണ്ട്, ചെറുകിട കൃഷിരീതികള്‍ - പൂന്തോട്ട കൃഷി, അടുക്കള കൃഷി, മട്ടുപ്പാവ് കൃഷി, പശു വളര്‍ത്തല്‍, എന്നിങ്ങനെ സ്വയം ചെയ്തു ജീവിക്കാവുന്ന കൃഷിരീതികള്‍ അന്ന് നന്ന്. ഓരോ വീട്ടിലും അവരവര്‍ക്ക് വേണ്ട പച്ചക്കറി /ഫല വര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്‌താല്‍ നാം ഇങ്ങിനെ തമിഴ്നാടിനെ ആശ്രയിച്ചു ജീവിക്കുന്നത് ഒഴിവാക്കാം. നമ്മുടെ വീട്ടില്‍ തന്നെ നമുക്ക് നിത്യവും ആവശ്യത്തിനുള്ള കായ്‌-കറികള്‍ വിളയിക്കാം. പഴങ്ങളും അതുപോലെ തന്നെ - പപ്പായ, വാഴപ്പഴം, ചക്കപ്പഴം, മാങ്ങാ ....മുതലായവ. വെറുതെ എന്തിനു കടയില്‍ നിന്നും വിഷം കയറ്റിയ പഴങ്ങള്‍ കൂടിയ വിലക്ക് വാങ്ങി ഭക്ഷിക്കണം

നമ്മുടെ തരിശു കിടക്കുന്ന നെല്‍വയലുകള്‍ ഇപ്രകാരം നികത്തിയോ /അല്ലാതെയോ ഉപയോഗിച്ച് കൂടേ??. നെല്‍വയലുകളില്‍ പണിയെടുക്കാന്‍ കൃഷിപ്പണിക്കാരെ കിട്ടാനില്ലല്ലോ.പിന്നെന്തിനാണ് നെല്‍കൃഷി സ്നേഹവുമായി നടക്കുന്നത്. പ്രമേഹം മൂലം ഇപ്പോള്‍ കൂടുതല്‍ മലയാളികള്‍ അരിഭക്ഷണത്തില്‍ നിന്നും ഓടി അകലുകയാണ്. അടുക്കളതോട്ടം പോലുള്ള ചെറുകൃഷി സംരംഭങ്ങള്‍ക്ക്‌ സര്‍ക്കാര്‍ പ്രോത്സാഹനം കൊടുക്കണം. വിത്തും വളവും സാങ്കേതികസഹായവും കൃഷിഭവന്‍ വഴി നല്‍കണം. അതുവഴി കേരളത്തിലെ എല്ലാ വീട്ടിലും ഒരു വാഴക്കുലയെങ്കിലും വിളയട്ടെ!!

കുറച്ചു കൃഷിചിത്രങ്ങള്‍ ഇവിടെ.