Wednesday, December 31, 2008

പ്രതീക്ഷ + പ്രണയം + പ്രശംസ = ജീവിതം

പ്രതീക്ഷ(Hope) + പ്രണയം(Love) + പ്രശംസ(Inspiration) = ജീവിതം (Life)
കഴിഞ്ഞ ദിവസം 'സാന്ത്വന'യില്‍ കൌണ്സിലിംഗ് ഫോറം മാസം തോറും നടത്താറുള്ള യോഗം ഉണ്ടായിരുന്നു. മി.സ്ടീഫെന്‍ ആണ് വിളിച്ചു പറഞ്ഞത്. 21-)o തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് തുടങ്ങി. 10 പേര്‍ ഉണ്ടായിരുന്നു. പ്രത്യേക അജണ്ട ഒന്നും ഇല്ല. അനുഭവങ്ങളും അറിവുകളും ചിന്തകളും പന്കുവയ്ക്കാന്‍ ഒരു വേദി. അത്രമാത്രം. യാതൊരു ഔപചാരികതകളും ഇല്ലാത്ത ഒരു കൂടിച്ചേരല്‍... നന്നായിരുന്നു.

പുതുശ്ശേരി (Fr.Varghese Puthussery) അച്ചനും ഇടയ്ക്ക് വന്നു. കേക്ക് മുറിച്ചു. ക്രിസ്തുമസ് സന്ദേശം നല്കി. 'ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം' ഇതാണല്ലോ ക്രിസ്തുമസ് നല്കുന്ന സന്ദേശം. സമാധാനം എങ്ങിനെ വളര്‍ത്താം - എന്നതായിരുന്നു ഇന്നത്തെ ചിന്താവിഷയം. അച്ചന്‍ ഒരു കഥ പറഞ്ഞു:അടുത്ത വീട്ടില്‍ വലിയ ഒച്ചപ്പാടും ബഹളവും നടക്കുന്നത് കേട്ടു ഭാര്യ ഭര്‍ത്താവിനോട് ചോദിച്ചു. മനുഷ്യ അപ്പുറത്തെ വീട്ടില്‍ വല്യ ബഹളം കേട്ടില്ലേ, നിങ്ങള്‍ക്കൊന്നു പോയി നോക്കികൂടെ. അയാള്‍ ഗൌനിച്ചില്ല. ഭാര്യ വീണ്ടും വീണ്ടും ചോദ്യം ആവര്‍ത്തിച്ചു.

ഒടുവില്‍ അയാള്‍ വാ തുറന്നു: "എടീ ഞാന്‍ അവിടെ പോയിരുന്നു; അതാ ഈ കേള്‍ക്കുന്ന ബഹളത്തിനു കാരണം".

സമാധാനം സ്ഥാപിക്കുന്നതില്‍/വളര്‍ത്തുന്നതില്‍ കൂടുതല്‍ അന്യന്റെ സമാധാനം കെടുത്തുന്നതില്‍ നമ്മുടെ പങ്കെന്താണ്??
മറ്റുള്ളവര്‍ക്ക് സമാധാനം നല്‍കുന്നതിലൂടെ മാത്രമെനമുക്കും സമാധാനം ലഭിക്കൂ. "കൊടുക്കുവിന്‍; നിങ്ങള്‍ക്കും നല്‍കപ്പെടും" എന്ന് യേശു ദേവന്‍ പറഞ്ഞതു ഈ അര്‍ത്ഥത്തിലാണ്.

മുകളില്‍ കൊടുത്ത സമവാക്യം നാരായണന്‍ കുട്ടി സര്‍ (ബാങ്ക് ഓഫ് ബറോഡ) പങ്കുവച്ചതാണ്. 3 പ്ര = ജീവിതം. നല്ല ആശയമായി തോന്നി. ഈ 'പ്ര' കള്‍ ഇല്ലാത്തതാണോ ഇന്നു കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യകള്‍ക്ക് കാരണം?

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍!!!